This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൗധരി, തൃദീപ് (1911 - 97)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൗധരി, തൃദീപ് (1911 - 97)

ഇന്ത്യയിലെ രാഷ്ട്രീയ നേതാവ്. ഗണേശ് ഗോവിന്ദയുടെ മകനായി ഢാക്കയില്‍ 1911 ഡി. 13-ന് ജനിച്ചു. കല്‍ക്കത്താ സര്‍വകലാശാലയില്‍ നിന്ന് എം.എ. ബിരുദം എടുത്തു. അനുശീലന്‍ സമിതിയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തു വിപ്ലവകാരിയെന്നാരോപിച്ച് അറസ്റ്റു ചെയ്ത് ഇദ്ദേഹത്തെ വിചാരണ കൂടാതെ 1931 മുതല്‍ 37 വരെ ജയിലില്‍ പാര്‍പ്പിച്ചു.

കോണ്‍ഗ്രസ്സിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലും പ്രവര്‍ത്തിച്ച ഇദ്ദേഹം 1940-ല്‍ രൂപീകൃതമായ റവല്യൂഷണറി സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപകാംഗവും ജനറല്‍ സെക്രട്ടറിയുമായി. യുണൈറ്റഡ് ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ വൈസ് പ്രസിഡന്റു പദവിയും ഇദ്ദേഹം വഹിച്ചു. 1940 മുതല്‍ 46 വരെ ചൗധരി ജയില്‍വാസം അനുഭവിച്ചു. 1952-ല്‍ ഇദ്ദേഹം ലോക്സഭാംഗവും ആര്‍.എസ്.പി.യുടെ സഭാനേതാവുമായി. പോര്‍ച്ചുഗീസുകാരില്‍ നിന്നു ഗോവ മോചിപ്പിക്കുന്നതിനായി സത്യഗ്രഹമനുഷ്ഠിച്ചതിനെ തുടര്‍ന്ന് ഗോവയിലെ പോര്‍ച്ചുഗീസ് അധികാരികള്‍ ഇദ്ദേഹത്തെ 1955 ജൂലായ് മുതല്‍ 57 ജനുവരി വരെ തടവില്‍ പാര്‍പ്പിച്ചു. പാര്‍ലമെന്റിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി ഇദ്ദേഹം 1974-ല്‍ രാഷ്ട്രപതി സ്ഥാനത്തേക്കു മത്സരിച്ചിരുന്നു. 1984 വരെ ചൌധരി ലോക്സഭാംഗമായിത്തുടര്‍ന്നു. 1987-ലും 93-ലും ഇദ്ദേഹം രാജ്യസഭാംഗമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്- എ ക്രിട്ടിക് ഒഫ് സി.പി.ഐ. (1948), സ്വിങ് ബാക്ക് (1951), സിന്‍ഡിക്കേറ്റ് വേഴ്സസ് ഇന്‍ഡിക്കേറ്റ് (1970) എന്നീ ഇംഗ്ലീഷ് കൃതികളും ചില ബംഗാളി കൃതികളും രചിച്ചിട്ടുണ്ട്. 1997 ഡി. 21-ന് ന്യൂ ഡല്‍ഹിയില്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍