This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോളവേങ്ങ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോളവേങ്ങ

ചോളവേങ്ങ

യുഫോര്‍ബിയേസി (Euphorbiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന വന്‍വൃക്ഷം. ശാസ്ത്രനാമം: ബിഷോഫിയ ജാവാനിക്ക (Bishofia javanica). ബിഷപ്പ് വുഡ്, വിനിഗര്‍ വുഡ് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ഇന്ത്യ, ശ്രീലങ്ക, മലയ എന്നീ രാജ്യങ്ങളില്‍ രണ്ടായിരം മില്ലിമീറ്ററോളം മഴ ലഭിക്കുന്ന സ്ഥലങ്ങളില്‍ ഈ വൃക്ഷം നന്നായി വളരും. കേരളത്തിലെ ജലാംശമുള്ള നിത്യഹരിത വനങ്ങളില്‍ ഇത് ധാരാളമായി വളരുന്നുണ്ട്. ഇല കൊഴിയും ഈര്‍പ്പ വനങ്ങളില്‍ അവിടവിടെയായി ഇവ കാണാം. ധാരാളം ശാഖോപശാഖകളോടെ വളരുന്ന ഈ വൃക്ഷത്തിന്റെ ഇല ഏകാന്തര ത്രിപത്രകമാണ്. 7-15 സെ.മീ. നീളവും 3-8 സെ.മീ. വീതിയുമുള്ള പത്രകത്തിന്റെ സീമാന്തം ദന്തുരമായിരിക്കും. ഫെബ്രുവരി-മാര്‍ച്ചില്‍ പുഷ്പിക്കുന്നു. ആണ്‍ പുഷ്പവും പെണ്‍പുഷ്പവും വെവ്വേറെ വൃക്ഷങ്ങളിലാണുണ്ടാവുക. പുഷ്പമഞ്ജരി പാനിക്കിളാണ്. ആണ്‍പുഷ്പം വളരെച്ചെറുതും പെണ്‍പുഷ്പം അര സെ.മീ. വ്യാസമുള്ളതുമാണ്. അഞ്ചു ബാഹ്യദളങ്ങളുണ്ടെങ്കിലും ദളങ്ങളില്ല. അഞ്ചു കേസരങ്ങളുണ്ട്. അണ്ഡാശയം ഊര്‍ധ്വവര്‍ത്തിയാണ്. ഒക്ടോബര്‍-ജനുവരിയില്‍ കാലയളവില്‍ വിളയുന്ന ഡ്രൂപ്പാണ് പഴം.

തടിക്ക് ഇളം ചുവപ്പുനിറമാണ്. കാതലിനു വിനാഗിരിയുടെ മണമുണ്ട്. സാമാന്യം നല്ല ബലവും കടുപ്പവും ഉണ്ടെങ്കിലും തടിക്ക് ഈട് കുറവാണ്. വളരെക്കാലം കേടുകൂടാതെ വെള്ളത്തില്‍ കിടക്കാന്‍ കഴിയുന്ന ഇതിന്റെ തടി പാലം പണിയാന്‍ ഉപയോഗിക്കാറുണ്ട്. പാക്കിങ് പെട്ടി, കാരം ബോര്‍ഡ് ഇവയുണ്ടാക്കാനും ഇതിന്റെ തടി ഉപയോഗിക്കുന്നു. തടിയുടെ പള്‍പ്പു കൊണ്ട് പേപ്പര്‍ നിര്‍മിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍