This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോളകല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോളകല

ചോളഭരണകാലം തമിഴകത്തെ കലാരംഗത്തിനു നല്കിയ മുഖ്യമായ സംഭാവനകളില്‍ അധികവും ക്ഷേത്രവാസ്തുവിദ്യയുടെയും പ്രതിമാനിര്‍മാണകലയുടെയും രംഗങ്ങളിലായിരുന്നു. ഈ മേഖലകളില്‍ പല്ലവപാരമ്പര്യത്തെ പരിഷ്കരിക്കുവാനും സ്വന്തം ശൈലിക്കു ജന്മം നല്കുവാനും ചോളകലാകാരന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

പുതുക്കോട്ടയിലും സമീപപ്രദേശങ്ങളിലുമുള്ള ശിലാക്ഷേത്രങ്ങളാണ് ആദ്യകാല ചോള മാതൃകകള്‍. അവയില്‍ ഏറ്റവും പഴക്കമേറിയവ തിരുക്കട്ടള്ളൈയിലെ സുന്ദരേശ്വരക്ഷേത്രവും നാര്‍ത്താമലയിലെ വിജയാലയക്ഷേത്രവുമാണ്. ഇവ രണ്ടും 9-ാം ശതകത്തിലാണ് നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. പുതുക്കോട്ട പ്രദേശത്തെ മറ്റു മുഖ്യ ദേവാലയങ്ങള്‍ മുകുന്ദേശ്വരക്ഷേത്രം, കദംബര്‍ക്ഷേത്രം, ബാലസുബ്രഹ്മണ്യക്ഷേത്രം എന്നിവയാണ്. ഇവയെല്ലാം ചെറിയ ക്ഷേത്രങ്ങളാണെങ്കിലും ചോളകലയുടെ സവിശേഷതകളുള്ളവയാണ്.

തഞ്ചാവൂരിലെ ബൃഹദീശ്വരക്ഷേത്രം

ചോളകാലഘട്ടത്തിലെ ക്ഷേത്രവാസ്തുവിദ്യയുടെ ഏറ്റവും മികച്ച മാതൃകയായി കണക്കാക്കപ്പെടുന്നത് കൊരംഗനാഥക്ഷേത്രമാണ്. തൃശ്ശിനാപ്പള്ളി ജില്ലയിലെ ശ്രീനിവാസനല്ലൂരിലുള്ള ഈ ക്ഷേത്രം പരാന്തകചോളന്‍ ക--ന്റെ കാലത്താണ് (907-949) പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു. 15 മീ. മാത്രം നീളമുള്ള ഈ ക്ഷേത്രത്തിന്റെ ഗര്‍ഭഗൃഹം 7.5 മീറ്ററിലധികമുള്ള ചതുരാകാരത്തിലാണ് പണികഴിച്ചിട്ടുള്ളത്. മുന്‍വശത്തെ മണ്ഡപം 7.5 x 6 മീ.അളവില്‍ ദീര്‍ഘചതുരാകൃതിയിലാണ്. അകത്ത് ഗര്‍ഭഗൃഹത്തിലേക്കുനയിക്കുന്ന നാലു തൂണുകളോടുകൂടിയ ചെറിയ ശാലയും അതിനോടനുബന്ധിച്ച് മുഖശാലയും ഉണ്ട്. ആദ്യകാലശൈലിയില്‍ നിന്നും വ്യത്യസ്തമായി ഇവിടെ അലങ്കാരങ്ങളുടെ ആധിക്യം ഒഴിവാക്കിയിരിക്കുന്നു. ചുവരിനോടു യോജിപ്പിച്ച അര്‍ധസ്തംഭങ്ങളാല്‍ ചുവരിന്റെ പുറവശം വിഭജിച്ച്, ഓരോ വിഭാഗത്തിലും പ്രതലത്തില്‍ നിന്നും എഴുന്നു നില്ക്കുന്ന കൊത്തുപണികള്‍ കൊണ്ടു മോടിപിടിപ്പിക്കുക എന്ന ചോളരീതിയുടെ ആരംഭവും ഇവിടെ കാണാം. അകത്തെ തൂണുകള്‍ പല്ലവശൈലിയില്‍ നിന്ന് വിഭിന്നമായവയാണ്. സ്തംഭശീര്‍ഷം മേല്പലകയുമായി ചേരുന്നിടം സവിശേഷമായ വാര്‍പ്പുപണിയിലൂടെ കലശാകൃതിയിലുള്ള പുതിയഭാഗമായിത്തീര്‍ന്നിട്ടുണ്ട്. മേല്പലകയ്ക്കു വിസ്താരം കൂടുതലാണ്. താമരദളങ്ങളുടെ ആകൃതിയിലുള്ള ഭാഗത്താല്‍ താങ്ങിനിര്‍ത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. വിമാനത്തിന്റെ ചുവരുകളില്‍ ഗോഥിക് ദേവാലയങ്ങളിലെ ശില്പകലയെ അനുസ്മരിപ്പിക്കുന്ന കൊത്തുപണികളുണ്ട്. ഇടത്ത് സരസ്വതിയോടും വലത്ത് ലക്ഷ്മിയോടും കൂടിയിരിക്കുന്ന ദക്ഷിണരൂപം ധരിച്ച കാളിയുടെ പ്രതിമ അക്കൂട്ടത്തില്‍ മികച്ചതാണ്. അസുരനാലും ഗാനദേവതകളാലും പരിസേവിതനായ ദക്ഷിണാമൂര്‍ത്തിയുടെ ശില്പവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.

നിരവധി ഉപദേവാലയങ്ങളുടെ ഇടയിലുള്ള മൂന്നു വിമാനങ്ങള്‍ ഉള്‍ക്കൊള്ളുന്ന മൂവര്‍ക്കോവില്‍ ചോളകലയുടെ വികസ്വരഘട്ടത്തെ പ്രതിനിധാനം ചെയ്യുന്നു. 10-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ചോളപരാന്തകന്‍ II-ന്റെ സാമന്തനായിരുന്ന ഭൂതിവിക്രമകേസരിയാണ് ഇതു പണികഴിപ്പിച്ചത്. നിലകളിലും ക്രിയകളിലും മുഖഭാവങ്ങളിലുമുള്ള വൈവിധ്യം കൊണ്ട് കമനീയമായ ചിത്രവല്ലരിയാണ് ഇവിടത്തെ മുഖ്യ ആകര്‍ഷണം. വിമാനങ്ങളുടെ മതിലുകളിലും ഇപ്പോള്‍ ഇളകിക്കിടക്കുന്ന ഫലകങ്ങളിലുമായി ശില്പവൈദഗ്ധ്യത്തിന്റെ ഉത്തമ നിദര്‍ശനങ്ങളായ ഒനവധി ശിലാരൂപങ്ങളുണ്ട്. അര്‍ധനാരീശ്വരന്‍, വീണാധര ദക്ഷിണാമൂര്‍ത്തി, ഗജാരി, അന്തകാരസുരസംഹാരമൂര്‍ത്തി, കിരാതമൂര്‍ത്തി, ഗംഗാധരന്‍, ഹരിഹരന്‍, ചന്ദ്രശേഖരന്‍ എന്നിങ്ങനെ വിവിധ രൂപങ്ങളിലുള്ള ശിവന്റെ ശില്പങ്ങള്‍ അക്കൂട്ടത്തിലെ മികച്ച മാതൃകയാണ്.

കല്യാണസുന്ദരശിവന്‍ ലോഹം

ചോളരാജാക്കന്മാരില്‍ ക്ഷേത്രവാസ്തുവിദ്യയ്ക്കു കൂടുതല്‍ പരിപോഷണം നല്കിയവര്‍ രാജരാജന്‍ I-ഉം പുത്രന്‍ രാജേന്ദ്ര ചോളനുമായിരുന്നു. രാജരാജകാലത്തു നിര്‍മിച്ച ക്ഷേത്രങ്ങളില്‍ ശില്പവേലകളാല്‍ സമ്പന്നമായ ഒന്നാണ് തിരുനെല്‍വേലി ജില്ലയിലെ ബ്രഹ്മദേശത്തുള്ള തിരുവാലീശ്വരക്ഷേത്രം. ചതുരാകൃതിയിലുള്ള ഗര്‍ഭഗൃഹം, മൃഗങ്ങളുടെ പൂര്‍ണരൂപം കൊത്തിയ ചിത്രവല്ലരി എന്നിവ ഇവിടത്തെ സവിശേഷതകളാണ്. പ്രാകാരശിഖരത്തിന്റെ താഴെയുള്ള ചിത്ര പരമ്പരയില്‍ നൃത്തസംഗീതഹാസ്യങ്ങളുടെ ലയഭംഗി പ്രകടമാണ്.

വലുപ്പം, അഭികല്പനയുടെ ഗുണമേന്മ, സാങ്കേതികത, അലങ്കാരങ്ങള്‍ എന്നീ കാര്യങ്ങളില്‍ ദക്ഷിണേന്ത്യയിലെ വിമാനവാസ്തുവിദ്യയുടെ ഉച്ചാവസ്ഥയെക്കുറിക്കുന്ന മാതൃകകളാണ് തഞ്ചാവൂരിലെയും ഗംഗൈകൊണ്ടചോളപുരത്തെയും ബൃഹദീശ്വരക്ഷേത്രങ്ങള്‍. ഇവ യഥാക്രമം രാജരാജഭരണകാലത്തും (985-1014) രാജേന്ദ്രന്റെ ഭരണകാലത്തും (1014-44) നിര്‍മിച്ചവയാണ്.

ഇന്ത്യന്‍ ക്ഷേത്രങ്ങളില്‍ ഏറ്റവും വലുതും ഉയരം കൂടിയതുമാണ് തഞ്ചാവൂര്‍ രാജരാജേശ്വരക്ഷേത്രം, വാസ്തുവിദ്യ, കല്ലിലും ചെമ്പിലുമുള്ള ശില്പകല, ചിത്രകല, നൃത്തം, സംഗീതം, ആഭരണം, രത്നങ്ങള്‍ തുടങ്ങിയവയുടെയെല്ലാം സമൃദ്ധമായ വിനിയോഗം കൊണ്ടുണ്ടായ സൗന്ദര്യപൂര്‍ണത ഇവിടെക്കാണാം. സംസ്കൃതത്തിലും തമിഴിലുമുള്ള അനവധി ശിലാലേഖനങ്ങള്‍ ഇവിടെയുണ്ട്. അവയിലേറെയും ദേവനു സമര്‍പ്പിച്ച ലോഹശില്പങ്ങളുടെ രൂപ വിവരണങ്ങള്‍ അടങ്ങിയവയാണ്. ഗര്‍ഭഗൃഹത്തിനു മുകളിലായുള്ള അതിഗംഭീരമായ വിമാനമാണ് ഈ ക്ഷേത്രത്തിന്റെ മുഖ്യ സവിശേഷത. അതിന് 65 മീറ്ററോളം ഉയരമുണ്ട്. 15 മീ. ഉയരവും 25 മീ. വശങ്ങളോടുകൂടിയതുമായ ചതുരലംബപീഠത്തിനു മുകളിലെ സൂചിസ്തംഭാകാരമായ ഈ വിമാനത്തിന്റെ കണ്ഠത്തിലെ അകത്തോട്ടുള്ള വളവ് ആകര്‍ഷകമായ ഒരു നൂതന ശൈലിയെ ഉദാഹരിക്കുന്നു. മുകളറ്റത്തെ വീതി താഴത്തെ വീതിയുടെ മൂന്നിലൊന്നാകത്തക്കവിധം ക്രമേണ ചുരുങ്ങുന്ന 13 തട്ടുകള്‍ ഇതിനുണ്ട്. അതിനും മുകളിലായി 4 ചുവരുകളോടുകൂടിയ വൃത്താകാരത്തിലുള്ള കുംഭഗോപുരവുമുണ്ട്.

ഗര്‍ഭഗൃഹത്തിനു ചുറ്റുമുള്ള പ്രദക്ഷിണവീഥിയുടെ അകത്തേ ഭിത്തിയിലും തട്ടിനടിയിലുമായി ഒട്ടനേകം ചുവര്‍ ചിത്രങ്ങളുണ്ട്. ഇത് ചോളകാലത്തെ ചിത്രകലാസംഭാവനകളില്‍ ഏറ്റവും മികച്ചതാണ്. ത്രിപുരാന്തകനായ ശിവന്റെ ചിത്രമാണ് ഇതില്‍ പ്രാധാന്യത്തോടെ വരച്ചിട്ടുള്ളത്. ശൈവസന്ന്യാസിയായ സുന്ദരമൂര്‍ത്തി നയനാരുടെ കഥപറയുന്ന പാനലും ചിദംബരക്ഷേത്രത്തില്‍ പൂജ നടത്തുന്ന ചേരരാജാക്കന്മാരുടെ ചിത്രവും ഇവിടെയുണ്ട്. നര്‍ത്തകരുടെയും സംഗീതജ്ഞരുടെയും പക്ഷിമൃഗാദികളുടെയും ഉള്‍പ്പെടെ അനേകം ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ചുവര്‍ ചിത്രസങ്കേതം ഇന്ത്യന്‍ ചുവര്‍ ചിത്രകലയിലെ ഒരു കുതിച്ചുച്ചാട്ടത്തെയാണ് വെളിപ്പെടുത്തുന്നത്. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ വിവിരിച്ചിട്ടുള്ള വിവിധ കരണങ്ങള്‍ വ്യക്തമാക്കുന്ന 108 ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പര ഇവിടത്തെ മറ്റൊരു ആകര്‍ഷണമാണ്. അജന്തയും സിട്ടണ്ണവാസലും കഴിഞ്ഞാല്‍ ചുവര്‍ ചിത്രകലയില്‍ മുന്‍നിരയില്‍ നില്ക്കുന്നത് ഇവിടമാണ്.

തഞ്ചാവൂര്‍ ക്ഷേത്രത്തിലെ ശില്പങ്ങള്‍ ചോള കാലഘട്ടത്തിലെ സമ്പന്നമായ കലാവൈദഗ്ധ്യത്തിന്റെ രേഖകളാണ്. ഗര്‍ഭഗൃഹത്തിലേക്കുള്ള ഏഴു വാതിലുകളിലും ഇരുവശത്തുമായി സു. 5.5 മീ. ഉയരമുള്ള ദ്വാരപാലകരുണ്ട്. 4 മീ. ഉയരവും 6 മീ. നീളവും 2.5 മീ. വീതിയുമുള്ള നന്ദിവിഗ്രഹം പ്രസിദ്ധമാണ്. അത് അവിടെ എങ്ങനെ എത്തിച്ചുവെന്നും പ്രതിഷ്ഠിച്ചുവെന്നുമുള്ള വിസ്മയം ഇന്നും നിലനില്ക്കുന്നു.

തഞ്ചാവൂര്‍ ക്ഷേത്രം നിര്‍മിച്ചശേഷം സു. രണ്ടു ദശകങ്ങള്‍ കഴിഞ്ഞ് (1030) ഏതാണ്ട് അതേ മാതൃകയില്‍ നിര്‍മിച്ച ക്ഷേത്രമാണ് ഗംഗൈക്കൊണ്ടചോളപുരത്തുള്ളത്. തഞ്ചാവൂര്‍ മാതൃകയിലുള്ള വിമാനം തന്നെയാണ് ഇവിടെയുള്ളത്. എന്നാല്‍ 8 തട്ടുകള്‍ മാത്രമേ ഇതിനുള്ളൂ. തഞ്ചാവൂരിലെയും ഇവിടത്തെയും വിമാനങ്ങളെ ആത്മാവിനെപിടിച്ചെടുത്ത ദൈവീകത്വത്തിന്റെ അനുശാസനങ്ങള്‍ എന്നാണ് ഭാരതീയ വാസ്തുവിദ്യയെക്കുറിച്ച് ഗഹനമായ പഠനങ്ങള്‍ നടത്തിയിട്ടുള്ള പെഴ്സിബ്രൌണ്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

ചോളകാലഘട്ടം ശിലാശില്പങ്ങള്‍ക്കും വെങ്കലപ്രതിമകള്‍ക്കും പേരുകേട്ടതായിരുന്നു. തഞ്ചാവൂര്‍ ലിഖിതങ്ങളില്‍ ശൈവമതത്തിലെ പുണ്യകഥകള്‍ ചിത്രീകരിക്കുന്ന ധാരാളം വെങ്കല മൂര്‍ത്തിസമൂഹങ്ങളെപ്പറ്റി പറയുന്നുണ്ട്. നിരവധി ശൈവസിദ്ധാന്തന്മാരുടെ പ്രതിമകളും ഇക്കാലത്തുണ്ടായിരുന്നു. അവയില്‍ പ്രധാനം ജ്ഞാനസംബന്ധരുടേതാണ്. ഇന്നു നിലനില്ക്കുന്ന മറ്റു ശില്പങ്ങളില്‍ എണ്ണത്തിലും ഗുണമേന്മയിലും മുന്നില്‍ നില്ക്കുന്നത് വിവിധരൂപങ്ങളിലുള്ള ശിവന്റെ ശില്പങ്ങളാണ്. ബ്രഹ്മാവ്, സപ്തമാതാക്കള്‍, വിഷ്ണു, ലക്ഷ്മി, ഭൂമിദേവി, രാമന്‍ തുടങ്ങിയ ദേവതകളെയും കാളിയമര്‍ദനം പോലെയുള്ള ദിവ്യമുഹൂര്‍ത്തങ്ങളും ഇക്കാലത്തെ ശില്പികള്‍ ശിലയിലേക്കും ലോഹത്തിലേക്കും ആവാഹിച്ചിട്ടുണ്ട്. ഭാവരൂപങ്ങളുടെ സജീവതയും സമന്വയവും കൊണ്ട് വിശ്വവിഖ്യാതമായിത്തീര്‍ന്ന, 'ജ്വലിക്കുന്ന പ്രഭാവലയത്തിനുള്ളില്‍ നടനം ചെയ്യുന്ന പരമശിവ'ന്റെ ശില്പം ചോളശില്പകലയുടെ പരകോടിയെ വെളിപ്പെടുത്തുന്ന ഒന്നാണ്. ചിദംബരം ക്ഷേത്രത്തിലെ ആയിരംകാല്‍മണ്ഡപം ചോളകാലഘട്ടത്തിന്റെ സംഭാവനയായാണ് കരുതിപ്പോരുന്നത്. രാജരാജന്റെ കാലത്ത് കിടയറ്റ പൗരുഷത്തിന്റെ മാതൃകകളായ ശില്പങ്ങള്‍ക്കായിരുന്നു പ്രാമുഖ്യം. രാജേന്ദ്രന്റെ കാലമായപ്പോള്‍ അത് സ്ത്രീത്വത്തിന്റെ ലാവണ്യവും മാദകത്വവും അതിലേറെ വിഷയാസക്തിയും ചിത്രീകരിക്കുന്നതിലേക്ക് വഴിമാറിത്തുടങ്ങി.

രാജേന്ദ്രചോളനുശേഷം കലാരംഗത്ത് പുത്തന്‍ ചുവടുവയ്പുകള്‍ നടത്താന്‍ ചോളരാജവംശത്തിനായില്ല. രാജരാജന്‍-കക ധാരാസുരത്ത് പണികഴിപ്പിച്ച ഐരാവതേശ്വരക്ഷേത്രവും കുലോത്തുങ്ഗ ചേളന്‍-III കുംഭകോണത്തിനടുത്തുള്ള ത്രിഭുവനത്തില്‍ സ്ഥാപിച്ച കബഹരേശ്വരക്ഷേത്രവും ചോളശൈലിയുടെ അപരാഹ്നദശയെയാണ് പ്രതിനിധാനം ചെയ്യുന്നത്. വൈകാതെ പാണ്ഡ്യശൈലി തമിഴകത്ത് ആധിപത്യം നേടി. എങ്കിലും ചോളഭരണകാലം ദ്രാവിഡ വാസ്തുവിദ്യയ്ക്കും ശില്പകലയ്ക്കും നല്കിയ സംഭാവനകള്‍ അനശ്വരമാണ്. ഇതോടൊപ്പം ഇതര കലകളുടെ നവോത്ഥാനത്തിനും അവര്‍ പശ്ചാത്തലമൊരുക്കി. ഇങ്ങനെ ക്ഷേത്രനിര്‍മാണത്തിലും അതുവഴി കലാരംഗത്തിന്റെ പരിപോഷണത്തിലും ബദ്ധശ്രദ്ധരായിരുന്ന ഒരു രാജവംശത്തിലെ അംഗങ്ങളായ ചോളരാജാക്കന്മാരെ 'ക്ഷേത്രസ്രഷ്ടാക്കള്‍' എന്ന ബഹുമതി ചേര്‍ത്തു വിശേഷിപ്പിച്ചുപോരുന്നു.

(പി. ഗോപകുമാര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%8B%E0%B4%B3%E0%B4%95%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍