This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോളം

Maize

ഗ്രാമിനെ (Graminae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു പ്രധാന ധാന്യവിള. മണിച്ചോളമെന്ന് അറിയപ്പെടുന്ന ചോളത്തിന്റെ ശാസ്ത്രനാമം: സോര്‍ഗം വള്‍ഗേര്‍ (Sorghum vulgare). കൂടുതല്‍ ഉയരമുള്ള എന്നര്‍ഥം വരുന്ന സോര്‍ഗാ എന്ന ഇറ്റാലിയന്‍ വാക്കില്‍ നിന്നാണ് സോര്‍ഗം എന്ന പേരു ലഭിച്ചത്. നെല്ല് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ഥലത്തു കൃഷിചെയ്യുന്നത് ചോളമാണ്. വരണ്ട പ്രദേശങ്ങളില്‍ നന്നായി വളരുന്നതുകൊണ്ട് തെക്കേ ഇന്ത്യയിലെയും മധ്യേന്ത്യയിലെയും ഒരു പ്രധാന ധാന്യവിളയുമാണിത്.

ചോളം

ചോളത്തിന്റെ ഉദ്ഭവം എവിടെ നിന്നാണെന്നുള്ളത് ഇന്നും തര്‍ക്കവിഷയം തന്നെയാണ്. ബി.സി. 2000-ത്തിനു മുമ്പുതന്നെ ഇത് ഈജിപ്തില്‍ കൃഷിചെയ്തിരുന്നു എന്നതിന് വ്യക്തമായ തെളിവുകളുണ്ട്. ആഫ്രിക്കയില്‍ നിന്ന് അമേരിക്കയിലേക്ക് അടിമകളെ കൊണ്ടുപോയപ്പോള്‍ ആഹാരത്തിനുവേണ്ടി ചോളവും കൊണ്ടു പോയിരുന്നു. അങ്ങനെയാണ് അമേരിക്കയില്‍ ചോളം കൃഷി ആരംഭിച്ചത്. 19-ാം ശതകത്തിന്റെ അവസാനത്തോടെ അമേരിക്കയിലും ഒരു പ്രധാന വിളയെന്ന സ്ഥാനം ചോളം കരസ്ഥമാക്കി. ഏകവര്‍ഷികളായ സുഡാന്‍ ഗ്രാസ്, ട്യൂണിസ് ഗ്രാസ് തുടങ്ങിയ പുല്ലിനങ്ങളോട് സാമ്യമുള്ളവയാണ് ഇന്നു കൃഷിചെയ്യപ്പെടുന്ന ചോളയിനങ്ങള്‍. കേരളത്തില്‍ പാലക്കാട് ജില്ലയില്‍ മാത്രമേ ചോളം കൃഷിയുള്ളു.

വടക്കേ ആഫ്രിക്കയിലെ സാവന്ന സമതലത്തിലും മധ്യ തെക്കന്‍ ആഫ്രിക്കയിലെ പുല്‍പ്പരപ്പുകളിലും ചോളം വന്‍തോതില്‍ കൃഷിചെയ്യപ്പെടുന്നുണ്ട്. വളരെ കുറഞ്ഞ തോതില്‍ മഴയും ഉയര്‍ന്ന താപനിലയും ഉള്ള സ്ഥലങ്ങളാണ് ഇതിന്റെ കൃഷിക്ക് അനുയോജ്യമായിട്ടുള്ളത്. വളരെയധികം പ്രവര്‍ത്തനക്ഷമതയുള്ള ഇതിന്റെ മൂലവ്യൂഹമാണ് ഇത്തരം പരിതഃസ്ഥിതികളില്‍ വളരാന്‍ ചെടിയെ സഹായിക്കുന്നത്. മുളച്ച് അധികം താമസിയാതെ തന്നെ ഉപരിതലമണ്ണില്‍ വളരെ വിസ്താരത്തില്‍ ഇതിന്റെ വേരുപടലം പടര്‍ന്നു വ്യാപിക്കും. വീതികുറഞ്ഞ ഇലകളാണെങ്കിലും ഇവയുടെ ഉപരിതലത്തിലുള്ള മെഴുക് ആവരണം ഇതിന്റെ വരള്‍ച്ചാപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.

50 സെ.മീ. മുതല്‍ 100 സെ.മീ. വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ മാത്രമായി ഇതിന്റെ കൃഷി ഒതുങ്ങി നില്ക്കുന്നു. മണ്ണില്‍ ജലാംശം കൂടിയിരുന്നാലും തീരെ കുറഞ്ഞാലും അത് ചെടിയുടെ വളര്‍ച്ചയെ കാര്യമായി ബാധിക്കും. രണ്ടോ മൂന്നോ ചാല്‍ ഉഴവ് നടത്തി ഒരു പരുക്കന്‍ മണ്ണൊരുക്കല്‍ മതി ഇതിന്റെ കൃഷിക്ക്. നന്നായി വളം വലിച്ചെടുക്കുന്ന ചോളത്തിന് ചാണകമോ കമ്പോസ്റ്റോ അടിസ്ഥാനവളമായി ചേര്‍ക്കണം. വിത്തു വിതച്ച് രണ്ടാഴ്ചയ്ക്കുശേഷം ആദ്യത്തെ ഇടയിളക്ക് നടത്തണം. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ചോളത്തില്‍നിന്ന് ധാരാളം വയ്ക്കോല്‍ കിട്ടും. മാത്രമല്ല, ഇതിന് സ്വാദും പോഷകാംശവും മറ്റുള്ളവയെക്കാള്‍ വളരെയധികമുള്ളതിനാല്‍ കാലിത്തീറ്റയ്ക്കുവേണ്ടി മാത്രവും ചോളം നട്ടു വളര്‍ത്താറുണ്ട്. വെള്ളച്ചോളം, പച്ചച്ചോളം, പെരിയ മഞ്ചള്‍ ചോളം തുടങ്ങിയവ ധാന്യത്തിനുവേണ്ടിയും ഇറുങ്ങുചോളം കാലിത്തീറ്റയ്ക്കുവേണ്ടിയും കൃഷിചെയ്യപ്പെടുന്നു.

നാലു മീറ്ററോളം ഉയരത്തില്‍ വളരുന്ന ഏകവര്‍ഷിയാണ് ചോളം. വളരെ ഉറപ്പുള്ള തണ്ടുകളാണിതിനുള്ളത്. വിത്തു മുളയ്ക്കുമ്പോഴുണ്ടാകുന്ന ഏകബീജംമൂലം ചെടിയുടെ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തനക്ഷമമായിരിക്കും. തണ്ടിന്റെ ചുവട്ടിലെ പര്‍വങ്ങളുടെ അടിഭാഗത്തുള്ള അധികക്ഷ്യ മുകുളങ്ങളില്‍ (extra axillary buds) നിന്നുണ്ടാകുന്ന അപസ്ഥാനിക മൂലങ്ങള്‍ ചെടിക്കു ചുറ്റും വളര്‍ന്നിറങ്ങി താങ്ങുകളായിത്തീരുന്നു. തണ്ടിന്റെ ചുവട്ടില്‍ നിന്ന് ചിലപ്പോള്‍ ശാഖ(ചിനപ്പുകള്‍)കളുണ്ടാകാറുണ്ട്. ചിലയിനങ്ങളില്‍ ചിനപ്പുകളുണ്ടാകാറില്ല. ആദ്യം പൂങ്കുലയുണ്ടാകുന്നതും ധാന്യം മൂപ്പെത്തുന്നതും പ്രധാന തണ്ടിലാണ്. തണ്ടിന്റെ ചുവട്ടിലുള്ള പര്‍വങ്ങള്‍ക്ക് നീളം കുറഞ്ഞും മുകളിലേക്ക് വരുന്തോറും നീളം കൂടിയും ഇരിക്കും. പര്‍വസന്ധികളില്‍ പര്‍വങ്ങളെക്കാള്‍ വണ്ണം കൂടിയവയാണ്. തണ്ട് നല്ല കട്ടിയുള്ളതും അകത്തെ പിത്തില്‍ ധാരാളം പഞ്ചസാര അടങ്ങിയതുമാണ്. കാലിത്തീറ്റയ്ക്കുവേണ്ടി നട്ടു വളര്‍ത്തുന്ന ഇനങ്ങളില്‍ തണ്ടിന്റെ പഞ്ചസാരയുടെ അളവ് പ്രജനനംമൂലം വര്‍ധിപ്പിച്ചെടുത്തിട്ടുണ്ട്. മണിച്ചോളത്തിന്റെ ഇലയ്ക്ക് സ്തരിതമായ (membraneous) അരികോടുകൂടിയ നീണ്ട ഒരു പത്ര ആച്ഛദം ഉണ്ട്. പര്‍വത്തെക്കാള്‍ നീളമുള്ള പത്ര അച്ഛദം തണ്ടിനെ പൊതിഞ്ഞു സൂക്ഷിക്കുന്നു. ലോലമായ ചെറിയൊരു ലിഗ്യൂള്‍, പത്ര പാളിയെയും പത്ര ആച്ഛദത്തെയും വേര്‍തിരിക്കുന്നു. നീലയും പച്ചയും കലര്‍ന്ന നിറമുള്ള പത്രപാളിക്ക് വളരെ പ്രകടമായ ഒരു നടുഞരമ്പുണ്ട്. പത്രപാളിയുടെ ഉപരിതലം മെഴുകുമയവും ലോമിലവുമാണ്. പത്രാധാരത്തിലുണ്ടാകുന്ന മെഴുകു തണ്ടിനു പുറത്ത് പൊടിപോലെ പറ്റിപ്പിടിച്ചിരിക്കുന്നതു കാണാം. ഏറ്റവും അറ്റത്തുള്ള വിടരാത്ത ഇല വിരിയാത്ത പൂങ്കുലയെ പൊതിഞ്ഞുസൂക്ഷിക്കുന്നു.

ചോളത്തിന്റെ പൂങ്കുല ഒരു സംവൃത പാനിക്കിള്‍ (compact panicle) ആണ്. ഇനഭേദമനുസരിച്ച് പൂങ്കുല വൃന്തത്തിന്റെ നീളം വ്യത്യാസപ്പെട്ടിരിക്കും. പൂങ്കുല ഒട്ടനവധി ശാഖോപശാഖകളായി പിരിഞ്ഞ് അറ്റത്തായി സ്പൈക്കികങ്ങള്‍ (spikelet) ഉണ്ടാകുന്നു. പൂങ്കുലയിലെ ഏറ്റവും അറ്റത്തുള്ള സ്പൈക്കികങ്ങള്‍ ആദ്യം വിടരുകയും ക്രമേണ ചുവട്ടിലുള്ളവ വിരിയുകയും ചെയ്യുന്നു. സ്വപരാഗണമാണ് നടക്കുക. എങ്കിലും പുഷ്പങ്ങള്‍ ദ്വിലിംഗികളായതിനാല്‍ സങ്കരയിനങ്ങള്‍ ധാരാളമായി ഉണ്ടാക്കുന്നുണ്ട്. ധാന്യമണി (കാരിയോപ്സിസ്), സാധാരണ ഉരുണ്ടതാണെങ്കിലും വലുപ്പം, ആകൃതി, നിറം എന്നിവ ഇനഭേദമനുസരിച്ച് വ്യത്യാസപ്പെടും. വിളവെടുപ്പ് കഴിഞ്ഞാലുടനെ വിത്ത് വിതയ്ക്കാവുന്നതാണ്.

മണിച്ചോളത്തിന്റെ പ്രോട്ടീനില്‍ ഗ്ലട്ടൈന്‍ അംശം ഇല്ലാത്തതുകൊണ്ട് ഇതുകൊണ്ടുണ്ടാക്കുന്ന റൊട്ടി അത്ര നന്നല്ല. അതിനാല്‍ ഇത് പാവപ്പെട്ടവരുടെയും കോഴി, കന്നുകാലി തുടങ്ങിയ വളര്‍ത്തു ജന്തുക്കളുടെയും ആഹാരമായിട്ടാണ് ഉപയോഗിക്കുന്നത്. നാടന്‍ ഇനങ്ങളെക്കാള്‍ പോഷകഗുണങ്ങളുള്ളവയാണ് സങ്കരയിനങ്ങള്‍. അരിയെക്കാള്‍ രുചി കുറവാണെങ്കിലും ഇതില്‍ മാംസ്യത്തിന്റെ അംശം കൂടുതലുണ്ട്. ഇതില്‍ നിന്നെടുക്കുന്ന മാള്‍ട്ട് രോഗികള്‍ക്ക് ആഹാരമാണ്. പാകമായ പൂങ്കുല അലങ്കാരവസ്തുവായി ഉപയോഗിക്കുന്നു.

സ്മട്ട് (sumt) പോലെയുള്ള പല രോഗങ്ങളും വിത്തില്‍ക്കൂടി പകരാറുണ്ട്. ഇതു തടയാനായി ഗന്ധകവുമായി കൂട്ടിക്കലര്‍ത്തി വിത്തു വിതയ്ക്കുന്നു. സങ്കരച്ചോളയിനങ്ങളില്‍ (സി.എസ്. എച്ച്-I) ചിലവ വിതച്ച് മൂന്നുനാലു മാസം കഴിഞ്ഞ് കൊയ്തെടുത്തശേഷം അവശേഷിക്കുന്ന വയ്ക്കോല്‍കുറ്റികളില്‍ നിന്ന് വീണ്ടും കടപൊട്ടി ആദ്യത്തേതിനെക്കാള്‍ നല്ലതായ ഒരു വിളകൂടി ലഭിക്കുന്നു. ഇതിന് ശരിക്ക് ഇടയിളക്കി വളമിട്ടു കൊടുക്കണം. ചുരുങ്ങിയ ചെലവില്‍ ഒരു വിളകൂടി ലഭിക്കുമെന്നതാണിതിന്റെ മെച്ചം. ഡക്കാണ്‍ പുല്‍പോന്ത്, തണ്ടുതുരപ്പന്‍ തുടങ്ങിയ കീടങ്ങള്‍ ചോളച്ചെടിയെ ആക്രമിക്കാറുണ്ട്. മൃദുരോമ പൂപ്പുരോഗം, ധാന്യ സ്മട്ട്, ശീര്‍ഷ സ്മട്ട്, നീളന്‍ സ്മട്ട്, അനാവൃത സ്മട്ട് തുടങ്ങിയ രോഗങ്ങള്‍ ചോളത്തെ ബാധിക്കാറുണ്ടെങ്കിലും ഇവയില്‍ മിക്കവയും ഇന്ന് നിയന്ത്രണാധീനമായിക്കഴിഞ്ഞിട്ടുണ്ട്.

മക്കച്ചോളമെന്ന് അറിയപ്പെടുന്ന മറ്റൊരു ഇനം ചോളവുമുണ്ട്. സിയ മെയ്സ് (Zea maize) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. ധാന്യവിളകളില്‍ ഏറ്റവും വലിയ ധാന്യമണികള്‍ മക്കച്ചോളത്തിന്റേതാണ്. മണിച്ചോളത്തിന് ആവശ്യമുള്ളതിനെക്കാള്‍ കൂടുതല്‍ ജലം മക്കച്ചോളത്തിന് ആവശ്യമാണ്. ഇതിന് ചീനപ്പുകളുണ്ടാകാറില്ല. എന്നാല്‍ പര്‍വസന്ധികളില്‍ നിന്നുണ്ടാകുന്ന താങ്ങുവേരുകള്‍ ചെടിയെ ഉറപ്പിച്ചു നിര്‍ത്തുന്നു. മണിച്ചോളത്തിനെപ്പോലെ മക്കച്ചോളത്തിനും പുഷ്പ ഏകകം സ്പൈക്കികങ്ങളാണ്. എന്നാല്‍ വെവ്വേറെ പൂങ്കുലകളിലായി പുംസ്പൈക്കികങ്ങളും (ടാസ്സില്‍), പെണ്‍സ്പൈക്കികങ്ങ ളും (കോബ്, കതിര്) മക്കച്ചോളത്തിനുണ്ട്. കോബ് രൂപാന്തരം പ്രാപിച്ച ഇലകള്‍ കൊണ്ട് പരസ്പരം പൊതിഞ്ഞു സൂക്ഷിക്കുന്നതിനാല്‍ പൊതിച്ചോളം എന്ന മറ്റൊരു പേരും ഇതിനുണ്ട്. ഇനഭേദമനുസരിച്ച് വിത്ത് ഉരുണ്ടതോ ചുളുങ്ങിയതോ ആയിരിക്കും. മക്കച്ചോളം ഒരു മനുഷ്യാഹാരമായിട്ടാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ധാന്യം ശേഖരിച്ച ശേഷമുള്ള സസ്യഭാഗങ്ങള്‍ കാലിത്തീറ്റയ്ക്കും സൈലേജ് നിര്‍മാണത്തിനും ഉപയോഗിക്കുന്നു. സ്റ്റാര്‍ച്ച്, ഗ്ളൂക്കോസ്, ചോളയെണ്ണ തുടങ്ങിയവ ഇതില്‍ നിന്ന് ഉണ്ടാക്കുന്നു. പെയിന്റ്, വാര്‍ണിഷ്, സോപ്പ് തുടങ്ങിയവയുടെ നിര്‍മാണത്തിന് ചോളയെണ്ണ ഉപയോഗിക്കുന്നു. എണ്ണയെടുത്തശേഷമുള്ള ചോളപ്പിണ്ണാക്ക് നല്ലൊരു കാലിത്തീറ്റയാണ്. മക്കച്ചോളത്തിന്റെ ചോറില്‍ നിന്നും തയ്യാറാക്കുന്ന കരി സ്ഫോടക വസ്തുക്കളുടെ നിര്‍മാണത്തിനുപകരിക്കുന്നു. സാധനങ്ങള്‍ പാക്ക് ചെയ്യാനും ചോളച്ചോറ് ഉപയോഗിക്കാറുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%8B%E0%B4%B3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍