This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോമനദുഡി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോമനദുഡി

പ്രസിദ്ധമായ കന്നഡ നോവല്‍. ഡോ. കെ. ശിവറാമ കാരന്ത് എഴുതിയ ഈ കൃതി 1933-ല്‍ പ്രസിദ്ധീകരിച്ചു. തെക്കന്‍ കര്‍ണാടകത്തിലെ മാരിപ്പുലയര്‍ അനുഭവിക്കുന്ന കൊടിയ ചൂഷണത്തിന്റെ ആര്‍ദ്രമായ അക്ഷര സാക്ഷാത്കാരമാണ് ഇത്. ചോമന്‍ ആണ് നായകന്‍. ചോമന്റെ സങ്കടങ്ങളുടെയും കനവുകളുടെയും അടരുകള്‍ ഒന്നൊന്നായി കാട്ടിത്തരുന്ന രീതിയിലാണ് ഇതിവൃത്തത്തിന്റെ പുരോഗതി. ചോമന് ഉടയോന്റെ ഇല്ലത്തുനിന്നു കിട്ടുന്ന ഇടങ്ങഴി അരി കള്ളുഷാപ്പിലെത്തുമ്പോള്‍ മുന്നാഴിയാകുന്നത്, കാപ്പിത്തോട്ടത്തിലെ കങ്കാണിയോടു വാങ്ങുന്ന അഞ്ചുരൂപ ഇരുപത്തഞ്ചായി പെരുകുന്നത്, വെള്ളത്തില്‍ വീണ് ചോമന്റെ ഇളയമകന്‍ മരണവെപ്രാളപ്പെടുമ്പോള്‍ സവര്‍ണര്‍ അതു നോക്കി നിശ്ചലരായി നില്ക്കുന്നത്, പുര നിറഞ്ഞു നില്ക്കുന്ന മകളില്‍ വനപാലകരുടെ കാമക്കണ്ണുകള്‍ പതിയുന്നത്, പരദേവതയില്‍ വിശ്വസിക്കുന്നതുകൊണ്ട് ക്രിസ്തീയസഭ വച്ചു നീട്ടിയ പ്രലോഭനം ചോമന്‍ തിരസ്കരിക്കുന്നത് ഇങ്ങനെ ഒട്ടനവധി ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങള്‍ ഈ നോവലിലുണ്ട്.

ചോമദുഡിയിലെ ഒരു രംഗം

മാരിപ്പുലയരുടെ ചൂഷണത്തിന്റെ കഥ അതീവ വ്യക്തതയോടെ അവതരിപ്പിക്കുന്നുവെങ്കിലും സഹനത്തിന്റേതല്ലാത്ത, പ്രതിഷേധത്തിന്റെ ശബ്ദം ചോമനില്‍ നിന്നുയരുന്നതായി നോവലിലില്ല. ചോമന് തന്റെ സങ്കടങ്ങളില്‍ നിന്ന് ഇടയ്ക്കൊന്ന് കരകയറാന്‍ ഒരു മാര്‍ഗമേയുള്ളൂ; തുടികൊട്ടല്‍. ഭോഗഗ്രാമത്തിലെ രാവിന്റെ നിശ്ശബ്ദതയില്‍ ചിറകടിച്ചു പറക്കുന്ന ആ തുടിമുഴക്കങ്ങള്‍ ചോമന്റെ ഹൃദയത്തുടിപ്പുകള്‍ തന്നെയെന്ന പ്രതീതി ഉളവാക്കത്തക്ക തരത്തിലാണ് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുള്ളത്. ആ തുടിമുഴക്കങ്ങളില്‍ തന്നെയാണ് കാരന്ത് പ്രതിഷേധത്തിന്റെ ശബ്ദവും വിന്യസിച്ചിട്ടുള്ളത്.

കെ.വി. കുമാരന്‍ 1978-ല്‍ ഈ കൃതി മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പ്രശസ്ത കന്നഡ ചലച്ചിത്രകാരനായ ബി.വി. കാരന്ത് ഇത് ഇതേപേരില്‍ ചലച്ചിത്രമാക്കി. നിരവധി ദേശീയപുരസ്കാരങ്ങള്‍ നേടിയ ഈ ചിത്രം കന്നഡ ചലച്ചിത്രരംഗത്തുമാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഒരു നാഴികക്കല്ലാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍