This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചോദനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചോദനം
Demand
ഒരു നിശ്ചിത കാലയളവില്‍ ഒരു നിശ്ചിത വിലയ്ക്ക് ഉപഭോക്താവ് വാങ്ങാന്‍ തയ്യാറുള്ള ചരക്കിന്റെ അളവ്.
ചരക്ക് വാങ്ങാനുള്ള ആഗ്രഹം ഉണ്ടായാല്‍ മാത്രം ചോദനം ഉണ്ടാവുകയില്ല. അതിനുള്ള കഴിവും ഉണ്ടായിരിക്കണം. നമ്മുടെ അഭിലാഷങ്ങള്‍ ഒരിക്കലും ചോദനമാകുന്നില്ല. ഉപഭോക്താക്കളുടെ ആശയവും ചോദനവും തികച്ചും വ്യതിരിക്തമാണെന്ന് ആഡംസ്മിത്ത് (1723-90) സിദ്ധാന്തിക്കുന്നു. ഒരു നിശ്ചിത വിലയ്ക്ക് യഥാര്‍ഥത്തില്‍ വാങ്ങുന്ന ചരക്കിന്റെ അളവിനെയാണ് ആഡംസ്മിത്ത് ഫലപ്രദമായ ചോദനം (effective demand) എന്നു വിശേഷിപ്പിക്കുന്നത്. മുതലാളിത്ത സമ്പത്ക്രമത്തിലെ സ്വതന്ത്ര വിപണിയില്‍, ഏതെല്ലാം ചരക്കുകള്‍ ഏതെല്ലാം അളവില്‍ ഉത്പാദിപ്പിക്കണമെന്നും ഇതര സാമ്പത്തിക പ്രക്രിയകളുടെ സ്വഭാവം എങ്ങനെയായിരിക്കണമെന്നും നിര്‍ണയിക്കുന്നത് ചോദനമാണ്.
ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രത്തിലെ രണ്ടു സുപ്രധാന പരികല്പനകളാണ് പ്രദാനവും ചോദനവും. ക്ലാസ്സിക്കല്‍ സിദ്ധാന്തത്തിന്റെ ആധാരശിലയെന്നു വിശേഷിപ്പിക്കാവുന്ന 'സേയുടെ നിയമം' [ജീന്‍ ബാപ്റ്റിസ്റ്റ് സേ (1767-1832) ആവിഷ്കരിച്ച ചോദനപ്രദാന നിയമം] അനുസരിച്ചു പ്രദാനം എപ്പോഴും ചോദനത്തിനു തുല്യമായിരിക്കും. പ്രദാനവും ചോദനവും തമ്മില്‍ ഗണ്യമായ അന്തരമുണ്ടാകാത്തതിനാല്‍, കമ്പോളം സന്തുലിതാവസ്ഥയിലായിരിക്കുമെന്ന് ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രജ്ഞര്‍ നിരീക്ഷിക്കുകയുണ്ടായി. പ്രദാനവും ചോദനവും തമ്മില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായാല്‍ത്തന്നെ, അത് താത്കാലികമായിരിക്കുമെന്നാണ് ക്ലാസ്സിക്കല്‍ സിദ്ധാന്തം പറയുന്നത്. വിലയുടെ 'അദ്യശ്യഹസ്തങ്ങള്‍' പ്രദാനവും ചോദനവും തമ്മിലുള്ള താത്കാലിക അന്തരം ഇല്ലാതാക്കുകയും കമ്പോളത്തെ സന്തുലിതാവസ്ഥയിലേക്കു നയിക്കുകയും ചെയ്യുമെന്ന് ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രജ്ഞര്‍ വിശ്വസിച്ചു. ചുരുക്കത്തില്‍, ചോദനവും പ്രദാനവും തമ്മിലുള്ള ബന്ധത്തിന്റെയും കമ്പോള പ്രവര്‍ത്തനങ്ങളുടെയും സ്ഥായിയായ പ്രവണത സന്തുലിതാവസ്ഥയുടേതാണെന്ന് ക്ലാസ്സിക്കല്‍ ധനതത്ത്വശാസ്ത്രം അഭിപ്രായപ്പെടുന്നു..
ചോദനത്തെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍. പ്രധാനമായും ആറു ഘടകങ്ങളാണ് ചോദനത്തെ നിര്‍ണയിക്കുന്നത്:
(1) ചരക്കിന്റെ വില, (2) ചരക്കിന്റെ ഗുണം, (3) ചരക്കുകള്‍ വില്ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്കു ലഭിക്കുന്ന സേവനവും പരിചരണവും, (4) പകരം ഉപയോഗിക്കാവുന്ന ചരക്കുകളുടെ (substitutes) വില, (5) ഉപഭോക്താവിന്റെ വരുമാനം, (6) ഭാവി വരുമാനത്തെയും വിലയെയും സംബന്ധിച്ച ഉപഭോക്താവിന്റെ പ്രതീക്ഷകള്‍.
ഈ ഘടകങ്ങളില്‍ ഏറ്റവും നിര്‍ണായകം ചരക്കിന്റെ വിലയാണ്.
ചോദനനിയമം (Law of demand). മറ്റു പരിതഃസ്ഥിതികള്‍ മാറ്റമില്ലാതെ നിലനിന്നാല്‍ വില കുറയുമ്പോള്‍ ചോദനം വര്‍ധിക്കുകയും വില വര്‍ധിക്കുമ്പോള്‍ ചോദനം കുറയുകയും ചെയ്യുന്ന കമ്പോള പ്രതിഭാസത്തെ ചോദനനിയമം എന്നു പറയുന്നു.
'മറ്റു പരിതഃസ്ഥിതികള്‍ക്കു മാറ്റമില്ല' എന്നതുകൊണ്ടര്‍ഥമാക്കുന്ന ഘടകങ്ങള്‍ ഇവയാണ്: (i) ഉപഭോക്താവിന്റെ വരുമാനത്തില്‍ മാറ്റുമുണ്ടാകുന്നില്ല, (ii) ഉപഭോക്താവിന്റെ അഭിരുചികള്‍ക്ക് മാറ്റം സംഭവിക്കുന്നില്ല, (iii) പകരം ഉപയോഗിക്കാവുന്ന വസ്തുക്കളുടെ വിലയില്‍ മാറ്റം വരുന്നില്ല, (iv) ചരക്ക് കീര്‍ത്തിയോ പ്രമാണിത്തമോ നല്കുന്നതാകാന്‍ പാടില്ല. ഈ ഘടകങ്ങളില്‍ ഏതെങ്കിലുമൊന്നിന് മാറ്റം സംഭവിച്ചാല്‍ ചോദന നിയമം അതേപടി പ്രയുക്തമാകണമെന്നില്ല. ഉപഭോക്തവിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടായാല്‍, ഒരു പക്ഷേ, ഉയര്‍ന്ന വിലയ്ക്കുതന്നെ അയാള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങിയേക്കാം. വരുമാനം കുറയുമ്പോള്‍ അതേ വിലയ്ക്കോ കുറഞ്ഞവിലയ്ക്കോ മുമ്പു വാങ്ങിയത്ര ചരക്കുകള്‍ വാങ്ങിയില്ലെന്നും വരും. ഉപഭോക്താവിന് ഒരു ചരക്കിനോട് പ്രത്യേക താത്പര്യമോ അഭിരുചിയോ തോന്നിയാല്‍, വില കൂടുതലാണങ്കിലും കൂടുതല്‍ ചരക്ക് വാങ്ങാനിടയുണ്ട്. അതുപോലെ തന്നെ, പകരം ഉപയോഗിക്കാവുന്ന ചരക്കുകളുടെ വില കൂടിയാല്‍, ചരക്കിന്റെ ചോദനം വര്‍ധിക്കും. അവയുടെ വില കുറഞ്ഞാല്‍ ചരക്കിന്റെ വിലയില്‍ മാറ്റമുണ്ടായില്ലെങ്കിലും ചോദനം കുറയും. വില വര്‍ധിച്ചാലും അവശ്യവസ്തുക്കളുടെ ചോദനത്തില്‍ ഗണ്യമായ കുറവുണ്ടാകണമെന്നില്ല. ഭാവിയില്‍ വില വീണ്ടും ഉയരുമെന്ന് ആശങ്കയുണ്ടെങ്കില്‍, ഉയര്‍ന്ന വിലയ്ക്കു തന്നെ കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ചെയ്തേക്കാം.
ചോദനപ്പട്ടിക (Demand schedule). ഒരു ഉപഭോക്താവ് ഓരോ നിശ്ചിത വിലയ്ക്കും എത്ര വസ്തുക്കള്‍ വീതം വാങ്ങും എന്നു ചിത്രീകരിക്കുന്ന പട്ടികയെ ചോദനപ്പട്ടിക എന്നു പറയുന്നു. വിലയും ചോദനവും തമ്മിലുള്ള ബന്ധത്തിന്റെ സൂചകമാണ് ഈ പട്ടിക. ഒരു കമ്പോളത്തിലെ മുഴുവന്‍ ഉപഭോക്താക്കളുടെയും ചോദനപ്പട്ടികകളുടെ ആകെത്തുകയാണ് കമ്പോള ചോദനപ്പട്ടിക (Market demand schedule).
ചോദനവക്രം (Demand curve). വിലയും ചോദനവും തമ്മിലുള്ള ബന്ധത്തിന്റെ രേഖാചിത്രത്തെ ചോദനവക്രം എന്നു പറയുന്നു.
ഗോതമ്പിന്റെ ചോദനപ്പട്ടിക ഒരു ഗ്രാഫില്‍ രേഖപ്പെടുത്തുകയും അളവിന്റെ ബിന്ദുക്കള്‍ ഒരു രേഖയായി യോജിപ്പിക്കുകയും ചെയ്താല്‍ ചോദനവക്രം ലഭിക്കും.
ചോദനവക്രത്തിന്റെ പ്രത്യേകത അത് എപ്പോഴും ഇടത്തു നിന്നും വലത്തോട്ടുതാഴ്ന്നു പോകുന്നു എന്നതാണ്. വിലകുറയുന്നതിനനുസരിച്ച് ചോദനം കൂടുകയും വര്‍ധിക്കുന്നതിനനുസരിച്ച് ചോദനം കുറയുകയും ചെയ്യുന്നു എന്ന ചോദനനിയമത്തെയാണ് ഈ പ്രത്യേകത വ്യഞ്ജിപ്പിക്കുന്നത്.
ചോദനനിയമത്തിന്റെ ചില അപവാദങ്ങള്‍
1. യശസ്സ് വര്‍ധിപ്പിക്കുന്നതിനുവേണ്ടിയോ സ്ഥിതിയുടെ പ്രതീകമായോ ഉപയോഗിക്കുന്ന ചില ചരക്കുകളുടെ വില ഉയരുമ്പോഴാണ് ചോദനം വര്‍ധിക്കുന്നത്.
2. ഗിഫന്‍ സാധനങ്ങള്‍ (Giffen goods). താണതരം ചരക്കുകളുടെ വില വര്‍ധിച്ചാല്‍ ചോദനം കൂടുമെന്ന് സര്‍ ആര്‍. ഗിഫന്‍ (1837-1910) സിദ്ധാന്തിച്ചു. ഇത്തരം ചരക്കുകള്‍ ഗിഫന്‍ സാധനങ്ങള്‍ എന്നറിയപ്പെടുന്നു. അവയുടെ വില വര്‍ധിക്കുമ്പോള്‍ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക്, കൂടുതല്‍ വരുമാനം അവയ്ക്കുവേണ്ടി ചെലവാക്കേണ്ടി വരുന്നു. മുന്തിയ ചരക്കുകള്‍ വാങ്ങാനുള്ള ക്രയശേഷി അവര്‍ക്ക് ഇല്ലാതാകുന്നു. മുന്തിയ ചരക്കുകള്‍ വാങ്ങാനുപയോഗിച്ചിരുന്ന വരുമാനം കൂടി താണതരം ചരക്കുകള്‍ വാങ്ങുന്നതിനുവേണ്ടി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാവുന്നു, ഉദാ. വിലകുറഞ്ഞ ഭക്ഷ്യവസ്തുക്കള്‍.
ചോദനത്തിന്റെ ഇലാസ്തികത (Elasticity of demand ). വിലയിലുണ്ടാകുന്ന മാറ്റത്തിന് ആനുപാതികമായി ചോദനത്തിലുണ്ടാകുന്ന പ്രതികരണത്തെ ചോദനത്തിന്റെ ഇലാസ്തികത എന്നു പറയുന്നു. ചോദനത്തിലുണ്ടാകുന്ന ആനുപാതിക വ്യത്യാസത്തെ വിലയിലുണ്ടാകുന്ന ആനുപാതിക വ്യത്യാസം കൊണ്ടു ഹരിച്ചാല്‍ ഇലാസ്തികത ലഭിക്കും. ഉദാ. വിലയില്‍ ഒരു ശതമാനം കുറയുന്നതിന്റെ ഫലമായി ചോദനം രണ്ടു ശതമാനം വര്‍ധിക്കുന്നു എങ്കില്‍ ഇലാസ്തികതയുടെ മൂല്യം രണ്ട് ആണ്. വരുമാനത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് ചോദനത്തിലുണ്ടാകുന്ന വ്യതിയാനത്തെ ചോദനത്തിന്റെ വരുമാന ഇലാസ്തികത (Income elasticity of demand) എന്നു പറയുന്നു.