This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചോംസ്കി, നോം (1928 -)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചോംസ്കി, നോം (1928 -)

Chomsky, Noam

അമേരിക്കന്‍ ഭാഷാശാസ്ത്രജ്ഞനും മാനവികതയുടെ വക്താവും. രചനാന്തരണ വ്യാകരണം (Transformative Generative Linguistics) ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. 1928 ഡി. 7-ന് ഫിലാഡെല്‍ഫിയയില്‍ ഒരു യഹൂദ പണ്ഡിതന്റെ മകനായി ജനിച്ചു. പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രവും ദര്‍ശനവും പഠിച്ചു. അവിടത്തെ പ്രഗല്ഭനായ ഭാഷാശാസ്ത്രാധ്യാപകനും ഇടതുപക്ഷ അനുഭാവിയുമായ സെല്ലിഗ് ഹരിസിന്റെ സ്വാധീനത്തില്‍ ഭാഷാശാസ്ത്രത്തിലും രാഷ്ട്രീയത്തിലും ആകൃഷ്ടനായി. പിന്നീട് ഹാര്‍വാഡ് സര്‍വകലാശാലയിലും മാസച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലും പഠിച്ചശേഷം ഭാഷാശാസ്ത്രത്തില്‍ ഗവേഷണ ബിരുദം നേടി.

ചോംസ്കിയുടെ ആദ്യ കൃതിയായ സിന്റാക്ടിക് സ്ട്രക്ചേഴ്സ് (1957) ഭാഷാവിജ്ഞാനീയരംഗത്ത് വിപ്ലവമുണ്ടാക്കിയ കൃതിയാണ്. 1965-ല്‍ ആസ്പെക്ട് ഒഫ് ദ് തിയറി ഒഫ് സിന്റാക്സ് പ്രസിദ്ധീകരിച്ചതോടെ ഇദ്ദേഹം ഭാഷാശാസ്ത്രരംഗത്തെ പ്രാമാണിക പദവിയിലേക്കുയര്‍ന്നു. മനുഷ്യന്റെ മാനസിക ഘടനയില്‍ ജൈവശാസ്ത്രപ്രക്രിയയിലൂടെ ഉരുത്തിരിഞ്ഞിട്ടുള്ള ഒരു ഭാഷാശേമുഷി (ലിംഗ്വിസ്റ്റിക് ഫാക്കല്‍റ്റി) ഉണ്ടെന്നാണ് ചോംസ്കിയുടെ മതം. ഇത് മാനവികസത്തയായ സര്‍ഗശക്തി, സ്വാതന്ത്യ്രവാഞ്ഛ എന്നീ ഘടകങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇങ്ങനെ മാനവികതയിലൂന്നിയ ഒരു ഭാഷാദര്‍ശനമാണ് ചോംസ്കിയെ ഇതര ഭാഷാശാസ്ത്രജ്ഞരില്‍ നിന്നും വ്യതിരിക്തനാക്കുന്നത്. ഈ സവിശേഷ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഇദ്ദേഹം ബിഹേവിയറിസത്തെ വിമര്‍ശിക്കുകയുണ്ടായി. മനുഷ്യനെ കംപ്യൂട്ടറെന്ന പോലെ പ്രചോദന-പ്രതികരണപ്രക്രിയയില്‍ വര്‍ത്തിക്കുന്ന നിര്‍മമ ഘടകമായിരിക്കേണ്ട ദര്‍ശനമായിരുന്നു ബിഹേവിയറിസത്തിന്റേത്.

സസൂര്‍, സവീര്‍, ജേക്കബ്സണ്‍ തുടങ്ങിയ ഭാഷാശാസ്ത്രജ്ഞരുടെ സങ്കല്പനങ്ങളെ ചോംസ്കി ചോദ്യം ചെയ്തു. ഘടനാവാദത്തെ എതിര്‍ത്തു തോല്പിക്കുന്നതില്‍ ചോംസ്കിയുടെ വ്യാകരണസിദ്ധാന്തങ്ങള്‍ വലിയൊരു പങ്കും വഹിച്ചിട്ടുണ്ട്. സാര്‍വലൌകികമായ സങ്കല്പനങ്ങളായിരുന്നു ഇദ്ദേഹം അവതരിപ്പിച്ചത്. അവ ഭാഷാശാസ്ത്രസിദ്ധാന്തത്തിലെ സമകാലിക പ്രശ്നങ്ങള്‍, കാര്‍ടിസീഡിയന്‍ ഭാഷാശാസ്ത്രം, ഭാഷയും മനസ്സും, ഭാഷാവിജ്ഞാനത്തിന്റെ പ്രശ്നങ്ങള്‍ തുടങ്ങിയ ഗ്രന്ഥങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഭാഷാശാസ്ത്രജ്ഞനെന്നതിനൊപ്പം തന്നെ മാനവികതയുടെ മഹത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പോരാളി എന്ന പദവിയും ചോംസ്കിക്കുണ്ട്. ലോകത്തെവിടെയുമുണ്ടാകുന്ന മനുഷ്യത്വലംഘനങ്ങള്‍ക്കെതിരെ ഇദ്ദേഹം എഴുതുകയും പ്രസംഗിക്കുകയും തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുകയും ജയില്‍ജീവിതം ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. അമേരിക്കന്‍ ജനാധിപത്യത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് ഇദ്ദേഹം എഴുതിയ ഗ്രന്ഥമാണ് ഡിറ്ററിങ് ഡമോക്രസി (1991). എഡ്വേഡ് ഹെര്‍മനുമായി സഹകരിച്ചെഴുതിയ മാനുഫാക്ചറിങ് കണ്‍സെന്റ് (1988) നവീന മാധ്യമസംസ്കാരം ജനങ്ങളെ അടിമകളാക്കിത്തീര്‍ക്കുന്നതാണെന്ന് വിവരിക്കുന്നതാണ്. അമേരിക്കന്‍ പവര്‍ ആന്‍ഡ് ദ ന്യൂ മന്‍സാറിന്‍സ് (1969) എന്ന കൃതിയില്‍ ഇദ്ദേഹം, പുത്തന്‍ സാങ്കേതികവിദ്യയും വൈജ്ഞാനിക വിസ്ഫോടനവും ന്യൂനപക്ഷം ഭൂരിപക്ഷത്തിമേല്‍ ആധിപത്യം നേടാന്‍ എങ്ങനെ വിനിയോഗിക്കുന്നു എന്നതിനെ വിശദീകരിക്കുന്നു.

ഭാഷാശാസ്ത്രപഠനരംഗത്തെ വഴിത്തിരിവിനു കാരണക്കാരനാവുകയും ഒപ്പം സാംസ്കാരിക പ്രവര്‍ത്തനത്തില്‍ സദാ സന്നദ്ധത പുലര്‍ത്തുകയും ചെയ്യുന്ന ചോംസ്കി അക്കാദമിക് പണ്ഡിതരുടെ കൂട്ടത്തിലെ അസാധാരണ പ്രതിഭയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍