This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൊക്കലിംഗം, ടി.എസ്. (1899 - 1966)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൊക്കലിംഗം, ടി.എസ്. (1899 - 1966)

തമിഴ്നാട്ടിലെ പ്രശസ്ത പത്രപ്രവര്‍ത്തകന്‍. സാഹിത്യകാരന്‍ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. 1899 മേയില്‍ തിരുനെല്‍വേലി ജില്ലയിലെ തെങ്കാശിയില്‍ ജനിച്ചു. സ്വാതന്ത്യ്രസമരത്തില്‍ ആവേശപൂര്‍വം പങ്കെടുത്തിരുന്ന ശങ്കരലിംഗം പിള്ളയാണ് പിതാവ്. കുടുംബം ഒന്നടങ്കം പുലര്‍ത്തിയിരുന്ന കറകളഞ്ഞ ദേശീയബോധം ചെറുപ്പത്തിലേ തന്നെ ചൊക്കലിംഗം ഉള്‍ക്കൊണ്ടിരുന്നു. 17- ാം വയസ്സില്‍ ദേശീയ വിമോചനസമരത്തില്‍ പങ്കാളിയായി. യുവാവായിരിക്കുമ്പോള്‍ത്തന്നെ വിവാഹജീവിതം സ്വീകരിക്കില്ലെന്നുറച്ച് സബര്‍മതി ആശ്രമത്തില്‍ ചേര്‍ന്നു. രാജ്യത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു ഇദ്ദേഹത്തിന്റേത്. 1917-ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. വൈകാതെ തമിഴ്നാട് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായി.

സ്വദേശമിത്രം എന്ന പത്രത്തില്‍ നിന്നും സ്വാമിവിവേകാനന്ദന്റെ ചിന്തകളില്‍ നിന്നുമാണ് ഇദ്ദേഹം കര്‍മവീര്യം ആര്‍ജിച്ചത്. 1916-ല്‍ ആനന്ദബോധിനിയിലൂടെ പത്രപ്രവര്‍ത്തനരംഗത്തേക്കു പ്രവേശിച്ചു. 1923-ല്‍ തമിഴ്നാട് എന്ന പത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായി. എന്നാല്‍ സത്യഗ്രഹസമരത്തെ പത്രമുടമ എതിര്‍ത്തപ്പോള്‍ ഇദ്ദേഹം ആ സ്ഥാനം രാജിവച്ചു. തുടര്‍ന്ന് ഗാന്ധി എന്ന പേരില്‍ ഒരു ദ്വൈവാരിക തുടങ്ങി. സ്വാതന്ത്യ്രസമരത്തിന് അതിലൂടെ ആവേശം പകര്‍ന്നതിന്റെ പേരില്‍ 6 മാസം ജയില്‍ശിക്ഷ അനുഭവിച്ചു. സദാനന്ദിന്റെ ദിനമണിയുടെ പത്രാധിപരായാണ് ചൊക്കലിംഗം തുടര്‍ന്നു സേവനമനുഷ്ഠിച്ചത്. എന്നാല്‍ പത്രമുടമയോട് തെറ്റിപ്പിരിഞ്ഞ ഇദ്ദേഹം വൈകാതെ ദിനസരി എന്ന പുതിയ പത്രത്തിന്റെ പത്രാധിപരായി. 1952-ല്‍ ആ പത്രം നിലച്ചു. അപ്പോള്‍ ഇദ്ദേഹം ജനയുഗം ദ്വൈവാരിക തുടങ്ങി. 1954-ല്‍ നവശക്തിയുടെ പത്രാധിപര്‍ എന്ന നിലയില്‍ ചൊക്കലിംഗം കുറേക്കൂടി ശ്രദ്ധേയനായി.

പത്രപ്രവര്‍ത്തനത്തെ ദേശീയ സ്വാതന്ത്യ്രസമരത്തിന്റെ കരുത്തുറ്റ ആയുധമാക്കി മാറ്റിയ തമിഴ് പത്രപ്രവര്‍ത്തകരില്‍ ഒരാളാണിദ്ദേഹം. തമിഴ് പത്രങ്ങളില്‍ കാര്‍ട്ടൂണ്‍ അച്ചടിക്കുന്ന പതിവ് ആരംഭിച്ചതും ഇദ്ദേഹമാണ്. പത്രപ്രവര്‍ത്തനരംഗത്തിനു പുറമേ, സാഹിത്യരംഗത്തും ചൊക്കലിംഗം മികച്ച സംഭാവനകള്‍ നല്കിയിട്ടുണ്ട്. പരമാനന്ദന്‍ എന്ന നോവലും മണിമാലൈ എന്ന കൃതിയും ഇതിനുദാഹരണമാണ്. സുഭാഷ്ചന്ദ്ര ബോസിന്റെയും ജവാഹര്‍ലാല്‍ നെഹ്റുവിന്റെയും ജീവചരിത്രങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1937-ല്‍ ചൊക്കലിംഗം മദ്രാസ് ലെജിസ്ളേറ്റീവ് അസംബ്ളിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1966-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍