This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനീസ് തത്ത്വശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചൈനീസ് തത്ത്വശാസ്ത്രം

രണ്ടായിരത്തി അഞ്ഞൂറിലേറെ വര്‍ഷങ്ങളായി വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന ചൈനീസ് തത്ത്വശാസ്ത്രത്തെ നാലു ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. ബി.സി. 221 വരെയുള്ള പുരാതന കാലഘട്ടം; ബി.സി. 221 മുതല്‍ എ.ഡി. 960 വരെയുള്ള കണ്‍ഫ്യൂഷ്യനിസത്തിന്റെ കാലഘട്ടം; 960 മുതല്‍ 1900 വരെയുള്ള നവ കണ്‍ഫ്യൂഷ്യനിസത്തിന്റെ കാലഘട്ടം; 1912 മുതലുള്ള സമകാലീനഘട്ടം എന്നിങ്ങനെയാണ് ആ വിഭജനം.

പുരാതന കാലഘട്ടം

പുരാതന കാലഘട്ടം (ബി.സി. 221 വരെ). കര്‍ഷകര്‍, നയോപായ വിദഗ്ധര്‍, യുദ്ധ വിദഗ്ധര്‍ എന്നീ വിഭാഗങ്ങള്‍ക്കും ഓരോരോ വ്യക്തികള്‍ക്കു തന്നെയും അവരുടേതായ തത്ത്വശാസ്ത്രങ്ങള്‍ ഉണ്ടായിരുന്ന ഒരു കാലമാണിത്. അതുകൊണ്ട് 'നൂറ് ചിന്താപദ്ധതികളുടെ വാക്സമര കാലഘട്ടം' എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഈ ചിന്താപദ്ധതികളെല്ലാം തന്നെ ഒരു വ്യക്തി എന്ന നിലയിലും സമൂഹത്തിലെ അംഗം എന്ന നിലയിലും മനുഷ്യനെ പരിഗണിച്ചിരുന്നു. ചൈനീസ് തത്ത്വശാസ്ത്രം അതിന്റെ തുടക്കം മുതലേ മനുഷ്യ മഹത്ത്വത്തിനു പ്രാമുഖ്യം കല്പിച്ചിരുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നത്.

ചൈനീസ് സംസ്കാരം ആദിമ ഘട്ടത്തില്‍ പ്രകൃത്യതീതശക്തികളെ ഭയത്തോടെയാണ് സമീപിച്ചത്. ഷങ് വംശകാലഘട്ടത്തില്‍ (ബി.സി. 1523-1028) പ്രധാനപ്പെട്ട ഏതൊരു കാര്യവും ചെയ്തതു പ്രകൃത്യതീത ശക്തി (spirits)കളുടെ ആഗ്രഹാഭിലാഷങ്ങള്‍ മനസ്സിലാക്കിയിട്ടുമാത്രമാണ്. ഇതിനായി അന്നത്തെ ജനങ്ങള്‍ ദിവ്യജ്ഞാനസിദ്ധിയാണ് ആശ്രയിച്ചത്. ബി.സി. 1122-ല്‍ ഷങ് വംശത്തെ പരാജയപ്പെടുത്തി ജോ (Chou) വംശം അധികാരത്തില്‍ വന്നതോടെ ഈ സ്ഥിതി മാറി. പുതുതായി പടുത്തുയര്‍ത്തിയ രാജ്യത്തിന്റെ സൃഷ്ടിക്ക് മനുഷ്യന്റെ കഴിവും മിടുക്കും ആവശ്യമായി വന്നു. രാജ്യത്തിനു ഭീഷണി ഉയര്‍ത്തിയിരുന്ന ബാര്‍ബേറിയന്മാരെ യുദ്ധം ചെയ്തു തോല്പിക്കുന്നതിനും മനുഷ്യശക്തിയെത്തന്നെ ആശ്രയിക്കേണ്ടിവന്നു. കൃഷിയുടെ അഭിവൃദ്ധിക്കുവേണ്ട മഴ കിട്ടാന്‍ ഈശ്വര പ്രാര്‍ഥനയല്ല, മാനവശേഷിയുടെ പ്രയോഗമാണ് വേണ്ടത് എന്നു മനസ്സിലായി. തന്റെ ഇംഗിതം അനുസരിച്ച് മനുഷ്യന്റെ ഭാവി നിര്‍ണയിച്ചിരുന്നതായി സങ്കല്പിച്ചിരുന്ന ദൈവമായ 'തി'(ti)യെ തത്സ്ഥാനത്തു നീതിമാനായ 'ത്യെന്‍' (Tien) എന്ന ദൈവത്തെ പ്രതിഷ്ഠിച്ചു. അന്തിമ വിശകലനത്തില്‍ മനുഷ്യന്റെ കഴിവും നന്മയും മാത്രമാണ് ദൈവം പരിഗണിക്കുന്നത് എന്ന വിശ്വാസം ജനങ്ങളില്‍ വളര്‍ത്തി. ഈ വിശ്വാസം മാനുഷികമൂല്യങ്ങളുടെ വില പരമാവധി ഉയര്‍ത്തി. പുരാതന ചൈനയിലെ ചിന്താപദ്ധതികളായ കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം, ദൗ ദര്‍ശനം, മാത്സൂ ദര്‍ശനം, നൈയായിക ദര്‍ശനം, യിന്‍-യങ് ദര്‍ശനം എന്നിവയെല്ലാം തന്നെ മനുഷ്യനു മഹനീയത കല്പിച്ചിരുന്നു.

കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം

ചൈനയില്‍ മനുഷ്യന്റെ മഹത്ത്വം ഏറ്റവും കൂടുതല്‍ ഉയര്‍ത്തിപ്പിടിച്ചത് കണ്‍ഫ്യൂഷ്യസ് (ബി.സി. 551-479) ആയിരുന്നു. ആരാണ് ശ്രേഷ്ഠനായ മനുഷ്യന്‍ ? സുവ്യവസ്ഥിതമായ സമൂഹം എങ്ങനെയായിരിക്കണം? എന്നീ വിഷയങ്ങള്‍ക്കായിരുന്നു കണ്‍ഫ്യൂഷ്യസ് പ്രാമുഖ്യം നല്കിയിരുന്നത്. കണ്‍ഫ്യൂഷ്യസിനു മുമ്പുവരെ പ്രഭുക്കന്മാരെ മാത്രമേ ശ്രേഷ്ഠന്മാരായി കരുതിയിരുന്നുള്ളൂ; ഭരണാധികാരികളുടെ സന്തതികള്‍ തന്നെ ഏറ്റവും ശ്രേഷ്ഠര്‍. അന്നു ചൈനയില്‍ നിലനിന്നിരുന്ന ഫ്യൂഡല്‍ വ്യവസ്ഥിതിക്ക് ഏറ്റവും യോജിച്ചതായിരുന്നു ഇത്തരം സിദ്ധാന്തങ്ങള്‍. കണ്‍ഫ്യൂഷ്യസ് ഇവയെ തിരുത്തിക്കുറിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധിമാനും മനുഷ്യസ്നേഹിയും ധീരനും നീതിമാനും നിസ്വാര്‍ഥനുമാണ് ശ്രേഷ്ഠനായ മനുഷ്യന്‍. അവന്‍ ദൗ (Tao) പഠിക്കുകയും മനുഷ്യനെ സ്നേഹിക്കുകയും ചെയ്യും. ശ്രേഷ്ഠനായ മനുഷ്യനെ സംബന്ധിച്ച് കണ്‍ഫ്യൂഷ്യസ് അവതരിപ്പിച്ച ഈ സിദ്ധാന്തം പില്ക്കാലത്ത് കണ്‍ഫ്യൂഷ്യന്‍ പാരമ്പര്യത്തിന്റെ അവിഭാജ്യഘടകമായിത്തീര്‍ന്നു.

വ്യക്തിയുടെ സ്വഭാവം. ഒരു വ്യക്തിക്ക് എങ്ങനെ 'ശ്രേഷ്ഠനായ മനുഷ്യന്‍' ആകാന്‍ കഴിയും എന്നതിനെക്കുറിച്ച് കണ്‍ഫ്യൂഷ്യസ് അന്വേഷിച്ചില്ല. സത്താപരമായി മനുഷ്യന്‍ നല്ലവനാണെന്നു കണ്‍ഫ്യൂഷ്യസ് കരുതിയിരുന്നിരിക്കണം. അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു. 'അടിസ്ഥാനപരമായി മനുഷ്യരെല്ലാം ഒരു പോലെയാണ്. എന്നാല്‍ ജീവിതചര്യകളില്‍ക്കൂടി അവര്‍ വളരെ ഏറെ വ്യത്യസ്തരായിത്തീരുന്നു'. അടിസ്ഥാനപരമായി മനുഷ്യന്‍ നല്ലവനാണെന്ന് എങ്ങനെ അറിയാം എന്ന ചോദ്യത്തിന് കണ്‍ഫ്യൂഷ്യസ് ഉത്തരം നല്കിയിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ രണ്ടു പ്രമുഖ ശിഷ്യന്മാരില്‍ ഒരാളായ മെന്‍ഷ്യസ് (Mencius) ഇതിനു മറുപടി നല്കിയിട്ടുണ്ട്. മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണെന്നു തെളിയിക്കാന്‍ അദ്ദേഹം നല്കുന്ന വിവരണം ഇപ്രകാരമാണ്: 'കുട്ടികള്‍ക്കെല്ലാം തങ്ങളുടെ മാതാപിതാക്കളെ സ്നേഹിക്കണം എന്നറിയാം. കിണറ്റില്‍ വീഴാന്‍ ഭാവിക്കുന്ന ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ നൈസര്‍ഗികവാസനയാല്‍ വെമ്പുന്നതും മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണെന്നതിന്റെ തെളിവാണ്'. അടിസ്ഥാനപരമായി മനുഷ്യത്വം (jen), ധര്‍മനിഷ്ഠ (i), ഔചിത്യം (ii), ജ്ഞാനം എന്നിങ്ങനെ നാല് നല്ല ഗുണങ്ങള്‍ മനുഷ്യനില്‍ കുടികൊള്ളുന്നു. മനുഷ്യനില്‍ തിന്മ ഉണ്ടാകുന്നത് ജന്മനാ അല്ല, ചുറ്റുപാടുകള്‍ അവനെ തിന്മയിലേക്കു തള്ളുകയാണ്.

'ശ്രേഷ്ഠനായ മനുഷ്യന്‍' എന്ന കണ്‍ഫ്യൂഷ്യന്‍ സിദ്ധാന്തത്തെ അംഗീകരിച്ചുകൊണ്ടു തന്നെ മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണെന്ന മെന്‍ഷ്യസ് സിദ്ധാന്തത്തെ ഷന്‍ ദ്സൂ Hsun Tzu) എതിര്‍ത്തിരുന്നു. ഷന്‍ ദ്സൂവിന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ അടിസ്ഥാന സ്വഭാവം തിന്മയാണ്. ഓരോ മനുഷ്യനും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടിയാണ് യത്നിക്കുക. അവന്‍ അസൂയാലുവാണ്; അതിനാല്‍ കലഹങ്ങളും സംഘട്ടനങ്ങളും സദാ ഉണ്ടായിക്കൊണ്ടിരിക്കും. അവ നിയന്ത്രിക്കുന്നതിനു പല നിയമങ്ങളും ഏര്‍പ്പെടുത്തേണ്ടിവരും. ധര്‍മനിഷ്ഠയും ഔചിത്യബോധവുമൊക്കെ അങ്ങനെയാണ് ആവിര്‍ഭവിച്ചത്.

സമൂഹത്തിന്റെ സ്വഭാവം. ധര്‍മനിഷ്ഠരായ വ്യക്തികള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണകൂടത്തെയാണ് കണ്‍ഫ്യൂഷ്യസ് വിഭാവന ചെയ്തിരുന്നത്. അത്തരം വ്യക്തികള്‍ നിയമങ്ങളോ ശിക്ഷാവിധികളോ കൊണ്ടല്ല ജനങ്ങളെ നല്ലവരാക്കേണ്ടത്; സ്വന്തം മാതൃകകൊണ്ടും ധര്‍മോപദേശം കൊണ്ടുമാണ്. ജനങ്ങളുടെ നന്മയും സാമൂഹിക വ്യവസ്ഥിതിയുടെ സുസ്ഥിരതയും ആയിരിക്കണം ഭരണാധികാരികളുടെ മുഖ്യലക്ഷ്യങ്ങള്‍. മെന്‍ഷ്യസിന്റെ അഭിപ്രായത്തില്‍, ഒരു ഭരണാധികാരി അടിസ്ഥാനപരമായ തന്റെ നല്ല ഗുണങ്ങള്‍ ഭരണ സംവിധാനത്തിലും ദൈനംദിന കാര്യ നിര്‍വഹണത്തിലും ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അയാളുടെ നാട് മനുഷ്യത്വത്തിന് പ്രാമുഖ്യം നല്കുന്ന രാജ്യമായി വളരും. അതാണ് കണ്‍ഫ്യൂഷ്യസ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഷന്‍ ദ് സൂ ഇക്കാര്യത്തില്‍ മെന്‍ഷ്യസുമായി വിയോജിച്ചു. മനുഷ്യനില്‍ അടിസ്ഥാനപരമായി തിന്മ കുടികൊള്ളുന്നതുകൊണ്ട് അവനെ നിയന്ത്രിക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആവശ്യമാണ് എന്നാണ് അദ്ദേഹം വിശ്വസിച്ചത്. ധര്‍മനിഷ്ഠയും ഔചിത്യവും അവനെ പഠിപ്പിക്കുകയും വേണം.

വ്യക്തിയും സമൂഹവും തമ്മിലുള്ള ബന്ധം. സമൂഹവും വ്യക്തിയും തമ്മിലുള്ള സഹകരണവും സൗഹാര്‍ദവും കണ്‍ഫ്യൂഷ്യസിന്റെ ഒരു പ്രധാന ലക്ഷ്യമായിരുന്നു. മഹാബോധനം (The Great Learning) എന്ന ചെറിയ വിശിഷ്ട കൃതിയില്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. ക്രമാനുഗതമായ എട്ടു നടപടികള്‍ ഇതിന് ആവശ്യമാണ്: വസ്തുതകളെ സംബന്ധിച്ചുള്ള അന്വേഷണം, അറിവിന്റെ പ്രായോഗികതലത്തിലുള്ള ഉപയോഗം, വിശ്വാസത്തോടുള്ള ആത്മാര്‍ഥത, മനസ്സിനെ ശുദ്ധീകരിക്കല്‍, സംശുദ്ധമായ സ്വകാര്യ ജീവിതശൈലി സ്വരൂപിക്കല്‍, കുടുംബ ജീവിതം ചിട്ടപ്പെടുത്തല്‍, ദേശീയക്രമം (national order) ആവിഷ്കരിക്കല്‍, ലോകസമാധാനം ഉറപ്പുവരുത്തല്‍ എന്നിവയാണവ. സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ ഒരു ലോകമാണ് ഇതിന്റെ ലക്ഷ്യം; അവിടെ വ്യക്തിയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയും വികാസവും സുഗമമായിരിക്കണം.

വ്യക്തിയും സമൂഹവും തമ്മിലുള്ള സന്തുലനം അടിസ്ഥാനപരമായ പല ഘടകങ്ങളെയും ആശ്രയിച്ചാണ് നില്ക്കുന്നത്. ഇവയില്‍ ഏറ്റവും പ്രധാനമാണ് മനുഷ്യത്വം. കണ്‍ഫ്യൂഷ്യസ് ഏറ്റവുമധികം ചര്‍ച്ച ചെയ്ത വിഷയമാണിത്. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ ചരിത്രത്തിലുടനീളം മനുഷ്യനെക്കുറിച്ചുള്ള ചര്‍ച്ച ദൃശ്യമാണ്. ആദ്യകാലങ്ങളില്‍ ദയാശീലം, ഔദാര്യം, സ്നേഹം തുടങ്ങിയ ഗുണങ്ങള്‍ മനുഷ്യത്വത്തിന്റെ ദ്യോതകങ്ങളായി ഉപയോഗിച്ചിരുന്നു. വ്യക്തിയില്‍ പൊതുവില്‍ അടങ്ങിയിരിക്കുന്ന നന്മയെയാണ് മനുഷ്യത്വം എന്ന പദം കൊണ്ട് കണ്‍ഫ്യൂഷ്യസ് പ്രധാനമായും വിവക്ഷിച്ചത്. ഈ പൊതുനന്മയാണ് മറ്റു നന്മകളുടെയൊക്കെ ഉറവിടം. മനുഷ്യന് യഥാര്‍ഥ മനുഷ്യഭാവം ആര്‍ജിക്കാനുള്ള ധാര്‍മിക സ്വഭാവം-മനുഷ്യത്വം-സ്വന്തം ജീവിതത്തിലും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലും ഉണ്ടായിരിക്കേണ്ടതാണ്. മനുഷ്യത്വം ഉള്ള ഒരു മനുഷ്യന്‍ തന്റെ സ്വഭാവവൈശിഷ്ട്യം പ്രകടമാക്കുകയും മറ്റുള്ളവരുടെ സ്വഭാവം അംഗീകരിക്കുകയും ചെയ്യും.

കണ്‍ഫ്യൂഷ്യസിനെ പിന്തുടര്‍ന്ന മെന്‍ഷ്യസ് മനുഷ്യത്വത്തോടൊപ്പം ധര്‍മനിഷ്ഠയ്ക്കും പ്രാധാന്യം നല്കിയിരുന്നു. മെന്‍ഷ്യസിന്റെ കാലമായപ്പോഴേക്കും നന്മ-തിന്മ, ശരി-തെറ്റ്, ഉചിതം-അനുചിതം എന്നിവയൊക്കെ വസ്തുനിഷ്ഠമായി നിര്‍വചിക്കേണ്ടിവന്നു. മെന്‍ഷ്യസും ഷന്‍ ദ്സൂവും അതിനായി പരിശ്രമിച്ചിരുന്നു.

സമൂഹവും വ്യക്തിയും തമ്മിലുള്ള പരസ്പരബന്ധം സുഗമമാക്കുന്നതിന് ഔദ്യോഗിക സംജ്ഞകളുടെ സംശുദ്ധി (പദവികളും കര്‍മങ്ങളും പൊരുത്തപ്പെടുത്തേണ്ടത്) അനിവാര്യമാണെന്ന് കണ്‍ഫ്യൂഷ്യസ് സിദ്ധാന്തിച്ചു. പദവികളുടെ ഉത്തരവാദിത്തം പൂര്‍ണമായും നിര്‍വചിക്കുക എന്നതായിരുന്നു ഇതുകൊണ്ട് അദ്ദേഹം അര്‍ഥമാക്കിയിരുന്നത്. ഒരുവന്റെ ഹൃദയശുദ്ധീകരണത്തെ അഥവാ ധാര്‍മിക തെറ്റുതിരുത്തലിനെയാണ് ശുദ്ധീകരണം കൊണ്ട് മെന്‍ഷ്യസ് അര്‍ഥമാക്കിയത്. ഷന്‍ ദ് സൂ ആകട്ടെ ശുദ്ധീകരണത്തിനു തര്‍ക്കശാസ്ത്രപരമായ ഒരു വ്യാഖ്യാനമാണ് നല്കിയത്. ഔദ്യോഗിക സംജ്ഞയില്‍ അന്തര്‍ഹിതമായ ആശയങ്ങളും അവയുടെ വസ്തുസ്ഥിതിയും തമ്മിലുള്ള ബന്ധത്തില്‍ വ്യക്തത വരുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പേരുകളുടെ ശുദ്ധീകരണം ഉണ്ടായിക്കഴിഞ്ഞാല്‍ വ്യക്തിയും സമൂഹവും തമ്മിലുള്ള പരസ്പരബന്ധം സുഗമമാകും എന്ന് കണ്‍ഫ്യൂഷ്യസും മെന്‍ഷ്യസും ഷന്‍ ദ്സൂവും വിശ്വസിച്ചിരുന്നു.

ഒരു 'മധ്യമാര്‍ഗം' അവലംബിക്കുകയാണ് സാമൂഹിക സന്തുലനത്തിനുള്ള മൂന്നാമത്തെ ഉപാധി. മനുഷ്യന്റെ പ്രവൃത്തികളെ നിയന്ത്രിത സീമകള്‍ക്കുള്ളില്‍ നിര്‍ത്തുക എന്ന ആശയമാണ് മധ്യമാര്‍ഗം എന്നതുകൊണ്ട് കണ്‍ഫ്യൂഷ്യസ് അര്‍ഥമാക്കിയത്. മധ്യ മാര്‍ഗസിദ്ധാന്തം (The Doctrine of the Mean) എന്ന ഗ്രന്ഥത്തില്‍ മധ്യമാര്‍ഗവും സന്തുലിതാവസ്ഥയും എന്ന വിഷയത്തെ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. കണ്‍ഫ്യൂഷ്യസിന്റെ പൗത്രന്‍ ദ് സൂ സൂ (Tzu-ssu, ബി.സി. 492-431) ആണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവ് എന്നാണ് പരമ്പരീണ വിശ്വാസം. വ്യക്തിയെ സംബന്ധിച്ചിടത്തോളം മധ്യമാര്‍ഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വികാരത്തിനു വിധേയമാകാത്ത മനസ്സിന്റെ സമനിലയാണ്; സന്തുലനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വികാരവിക്ഷോഭത്തില്‍ നിന്നു മുക്തമായ മനസ്സിന്റെ അവസ്ഥയും. ഒരു സമൂഹത്തില്‍ മധ്യമാര്‍ഗവും സന്തുലനവുംകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യബന്ധങ്ങളിലുള്ള പൂര്‍ണമായ യോജിപ്പും പരസ്പരധാരണയുമാണ്. അതി ഭൗതിക ശാസ്ത്രത്തിന്റെ സവിശേഷത ആര്‍ജിച്ച മധ്യമാര്‍ഗസിദ്ധാന്തം നവ-കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയില്‍ പ്രമുഖമായ സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ധാര്‍മികനിഷ്ഠയോടുകൂടി വ്യക്തി പ്രവര്‍ത്തിക്കുകയും സമൂഹം അതിന്റെ ഉചിതമായ രീതിയില്‍ സഞ്ചരിക്കുകയും ചെയ്താല്‍ ശരിയായ മാര്‍ഗം (Tao) നിലവില്‍വരും. മാര്‍ഗം എന്നു പറയുന്നത് ധാര്‍മിക ക്രമമാണ്. സ്വര്‍ഗത്തിലേക്കുള്ള വഴിയും ഇതു തന്നെയാണ്. നവ-കണ്‍ഫ്യൂഷ്യനിസ്റ്റുകളെ സംബന്ധിച്ചിടത്തോളം സ്വര്‍ഗം എന്നു പറയുന്നത് പരമോന്നത ദേവലോകമല്ല; എല്ലാ വസ്തുക്കളുടെയും ഉറവിടമാണ്; പരമമായ സത്യമാണ്. സ്വര്‍ഗത്തിന്റെ സവിശേഷതകള്‍ മാര്‍ഗത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പരമമായ സത്യം എല്ലാറ്റിനെയും നിയന്ത്രിക്കുകയാണ് ചെയ്യന്നത്; മാര്‍ഗത്തെ അതിന്റേതായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ വിടുകയും ചെയ്യുന്നു.

ദൗ (തൗ) ദര്‍ശനം

ദൗ (തൗ) ദര്‍ശനം (Taoist School). കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ ദൗയെ ധാര്‍മിക സത്യങ്ങളുടെ ഒരു പദ്ധതിയും സ്വര്‍ഗവുമായി കരുതിയപ്പോള്‍ ദൗയിസ്റ്റുകള്‍ അതിനെ പ്രകൃതിയായിട്ടാണ് അംഗീകരിച്ചത്. ദൗയിസ്റ്റ് ദര്‍ശനപദ്ധതിയുടെ സ്ഥാപകനായ ലൗ ദ് സൂ (Lao Tzu) ദൗയെ സ്വര്‍ഗത്തോട് (tzu-jan) തുല്യപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം ജീവിച്ചത് സു.ബി.സി. 6-ാം ശതകത്തിലാണ്. ദൗ പരമമായ സത്യമാണ്. അതു ബാഹ്യഹേതുക്കള്‍ കൂടാതെയുള്ളതാണ്; പേരില്ലാത്തതാണ്; അതിനെ വിവരിക്കുക സാധ്യമല്ല. അതേസമയം എല്ലാം അതില്‍ നിന്നാണ് ഉദ്ഭവിക്കുന്നത്; എല്ലാം അതിനെ പിന്തുടരുന്നു. അതിന് അസ്തിത്വം ഇല്ല; എന്നാല്‍ ശൂന്യവുമല്ല. അത് പരിപൂര്‍ണവും നിഗൂഢവുമാണ്. ദൗ ഒരു വസ്തുവിന്റെ ഭാഗമായി മാറുമ്പോള്‍ അത് ആ വസ്തുവിന്റെ സ്വഭാവ(te)ത്തെയും സവിശേഷതകളെയും പ്രതിനിധാനം ചെയ്യും. വ്യക്തികളുടെ മാതൃകാപരമായ ജീവിതം, മാതൃകാപരമായ സമൂഹം, മാതൃകാപരമായ ഭരണം എന്നിവയെല്ലാം തന്നെ ദൗയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്; അത് ഇവയെയെല്ലാം നയിക്കുകയും ചെയ്യുന്നു. ഒരു ജീവിതശൈലി എന്ന നിലയില്‍ ലാഘവം, ബാഹ്യഹേതുക്കളുടെ അഭാവം, പ്രശാന്തത, ദൗര്‍ബല്യം, പ്രവര്‍ത്തനരാഹിത്യം അഥവാ പ്രകൃതിയെ അതിന്റേതായ രീതിയില്‍ പോകാന്‍ അനുവദിക്കല്‍ എന്നിവയാണ് ദൗയുടെ സവിശേഷതകള്‍. ദൗയെക്കുറിച്ചുള്ള ലൗ ദ്സൂവിന്റെ സങ്കല്പം മറ്റു പലരുടേതില്‍നിന്നും വ്യത്യസ്തമായിരുന്നു. അതുമാത്രമാണ് ദൗ ദര്‍ശനം എന്ന പേരില്‍ പ്രശസ്തമായിത്തീര്‍ന്നത്. ഭാരതീയ ദര്‍ശനങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള ബ്രഹ്മത്തോട് ഏറെക്കുറെ സമാനമായിട്ടാണ് ലൗ ദ് സൂ ദൗയെ ചിത്രീകരിച്ചിട്ടുള്ളത്.

ലൗ ദ് സൂവിന്റെ അനുയായിയായ ജൂ അങ് ദ് സൂ (Chuang Tzu) വിന്റെ വീക്ഷണത്തില്‍ അവിരാമം നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനത്തിന്റെ ഹേതുവാണ് ദൗ. ദൗയ്ക്ക് ഒരു ചലനാത്മക സ്വഭാവമാണുള്ളതെന്നു ജൂ അങ് സമര്‍ഥിച്ചു. സദാ മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്ന പ്രപഞ്ചത്തില്‍ എല്ലാ വസ്തുക്കളും നീതിപൂര്‍വം നിലനില്ക്കുന്നത് ദൗയുടെ കഴിവുകൊണ്ടാണ്. ഓരോ വസ്തുവും അതിന്റെ സവിശേഷത അനുസരിച്ചാണ് പരിവര്‍ത്തനത്തിനു വിധേയമാകുന്നത്; അതുകൊണ്ട് ഓരോന്നിന്റെയും തനതായ സ്വഭാവം നിലനിര്‍ത്തേണ്ടതാണ്. പ്രപഞ്ച ഘടനയും വ്യഷ്ടിഘടനയും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും ജൂ അങ് ദ് സൂ സമര്‍ഥിച്ചിരുന്നു. പില്ക്കാല ദൗയിസ്റ്റ് ചിന്താപദ്ധതിയെ ജൂ അങ് ദ് സൂവിന്റെ ഈ ആശയം വളരെയേറെ സ്വാധീനിച്ചിരുന്നു.

കണ്‍ഫ്യൂഷ്യന്‍ തത്ത്വശാസ്ത്രത്തെപ്പോലെ ദൗ ദര്‍ശനവും മനുഷ്യനു പരമമായ സ്ഥാനം കല്പിച്ചു. ഭരണകൂടത്തെപ്പറ്റിയായിരുന്നു ലൗ ദാ സൂ പ്രധാനമായും ചര്‍ച്ച ചെയ്തത്; ജൂ അങ് ദ് സൂ ആത്മീയ സ്വാതന്ത്ര്യവും സമാധാനവും നേടുന്നതിനുള്ള മാര്‍ഗത്തെപ്പറ്റിയും. മനുഷ്യന്റെ നൈസര്‍ഗികതയെയും ഏകഭാവത്തെയും ദൗയിസം അംഗീകരിക്കുന്നു.

മാ ത്സൂ ദര്‍ശനം

ദൗയിസം ശക്തി പ്രാപിക്കുന്നതിനുമുമ്പ് കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയെ എതിര്‍ത്തിരുന്നത് മായിസ്റ്റുകള്‍ ആയിരുന്നു. മാ ത്സൂ (Mo Tzu, ബി.സി. 468-376) ആണ് കണ്‍ഫ്യൂഷ്യനിസത്തെ എതിര്‍ത്തുകൊണ്ട് ഈ ചിന്താപദ്ധതിക്കു രൂപംകൊടുത്തത്. കണ്‍ഫ്യൂഷ്യന്‍ ചിന്താപദ്ധതിയുടെ മുഖ്യസിദ്ധാന്തങ്ങളെയെല്ലാം മായിസ്റ്റുകള്‍ എതിര്‍ത്തിരുന്നു. കണ്‍ഫ്യൂഷ്യനിസം സ്നേഹത്തിനു ശ്രേണികള്‍ നിഷ്കര്‍ഷിച്ചിരുന്നു. ഒരുവന്‍ സഹജീവികളെ മുഴുവന്‍ സ്നേഹിക്കണം. എന്നാല്‍ അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ തുടങ്ങിയവരോടുള്ള സ്നേഹം അതുപോലെയല്ല. അടുത്ത ബന്ധുക്കളോടുള്ള സ്നേഹം മറ്റുള്ളവരോടുള്ളതിനെക്കാള്‍ തീവ്രമായിരിക്കണം എന്ന് കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ നിഷ്കര്‍ച്ചിരുന്നു. മായിസ്റ്റുകള്‍ ഇതിനെ എതിര്‍ക്കുകയും ഒരുവന്‍ എല്ലാവരെയും ഒരുപോലെ സ്നേഹിക്കണം എന്നു സിദ്ധാന്തിക്കുകയും ചെയ്തു. തന്റെ അടുത്ത ബന്ധുക്കളെ സ്നേഹിക്കുന്നതുപോലെ തന്നെ മറ്റൊരുവന്റെ അടുത്ത ബന്ധുക്കളെയും ഒരുവനു സ്നേഹിക്കാവുന്നതാണെന്നു മായിസ്റ്റുകള്‍ വാദിച്ചു. കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ ഇതിനെ ശക്തമായി എതിര്‍ത്തു. അത്തരം ഒരു അവസ്ഥാവിശേഷം കുടുംബ ബന്ധങ്ങളെ താറുമാറാക്കും എന്നായിരുന്നു അവര്‍ അതിനു നല്കിയ ന്യായീകരണം. കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ ആചരിച്ചുപോന്ന മതപരമായ ചടങ്ങുകളും സംഗീതോത്സവവും ധനത്തിന്റെ ദുര്‍വിനിയോഗമാണെന്നു മായിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ ഈ വാദത്തെ എതിര്‍ക്കുകയും മനുഷ്യന്റെ വൈകാരിക ഭാവങ്ങളുടെ പ്രകടനത്തിനും സാമൂഹിക വ്യവഹാരത്തിലെ അച്ചടക്കത്തിനും അവ ആവശ്യമാണെന്നു വാദിക്കുകയും ചെയ്തു.

മനുഷ്യത്വം (jen), ധര്‍മനിഷ്ഠ (i) എന്നിവയെക്കുറിച്ചു കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ പ്രസംഗിച്ചു നടക്കുന്നതിനെയും മായിസ്റ്റുകള്‍ എതിര്‍ത്തു. മനുഷ്യത്വം, ധര്‍മനിഷ്ഠ തുടങ്ങിയ ഗുണങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഉണ്ടായവയാണെന്നുള്ള കണ്‍ഫ്യൂഷ്യന്‍ വിശ്വാസമായിരുന്നു ഇതിനു കാരണം. മനുഷ്യത്വവും ധര്‍മനിഷ്ഠയും പുലര്‍ത്തണമെന്നുള്ളത് സ്വര്‍ഗത്തിന്റെ കല്പന അഥവാ ആജ്ഞയാണ് എന്നതായിരുന്നു മാ ത്സൂവിന്റെ അഭിപ്രായം. ചൈനയിലെ ചിന്താപദ്ധതികളില്‍ സദാചാര നിയമങ്ങള്‍ക്ക് ആദ്യമായി പ്രാമുഖ്യം നല്കിയത് മായിസ്റ്റുകളാണ്.

നൈയായിക ദര്‍ശനം

യുക്തിക്കു മുന്‍തൂക്കം നല്കിക്കൊണ്ട് വസ്തുതകളെ കാണാന്‍ ശ്രമിച്ച ചൈനയിലെ ആദ്യത്തെ വിഭാഗക്കാരാണിവര്‍. സംജ്ഞകളെയും യാഥാര്‍ഥ്യങ്ങളെയും കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്കിയിരുന്നത്. ചൈനീസ് തത്ത്വശാസ്ത്രരംഗത്ത് ഈ ചിന്താപദ്ധതിക്കു വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിരുന്നില്ലെങ്കിലും പുരാതനകാലത്ത് അതിഭൗതികശാസ്ത്രത്തിനു പ്രാധാന്യം നല്കിയിരുന്ന ഒരേ ഒരു പദ്ധതി എന്ന ഖ്യാതി ഇവര്‍ക്ക് അവകാശപ്പെട്ടതാണ്. അസ്തിത്വം, ആപേക്ഷികത, കാലം, ആകാശം, യാഥാര്‍ഥ്യം, കാരണം, ഗുണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഇവര്‍ അര്‍ഥവത്തായ ചര്‍ച്ചകള്‍ നടത്തി. ഈ ചിന്താധാരയുടെ രണ്ടു വക്താക്കളായിരുന്നു ഹേ ഷി (Hui Shih, സു. ബി.സി. 380-300)യും കുങ്-സുങ് ലുങും (Kung-Sung Lung, സു. ബി.സി. 320-250). വസ്തുക്കള്‍ ആപേക്ഷികവും മാറ്റം സ്ഥിരവും എന്നു ഹേ ഷി അഭിപ്രായപ്പെട്ടപ്പോള്‍ കുങ്-സുങ് ലുങ് അഭിപ്രായപ്പെട്ടത് വസ്തുക്കള്‍ കേവലവും അവയുടെ ഗുണങ്ങള്‍ സ്ഥിരവും എന്നാണ്.

യിന്‍-യങ് ദര്‍ശനം

പുരാതന ചൈനയിലെ പല ചിന്താ പദ്ധതികള്‍ക്കും നിലനില്പിനുവേണ്ടി കഠിനയത്നം നടത്തേണ്ടി വന്നപ്പോള്‍ യിന്‍-യങ് ദര്‍ശനം ശക്തമായി നിലനില്ക്കുകയും മറ്റെല്ലാ പദ്ധതികളെയും സ്വാധീനിക്കുകയും ചെയ്തു. ഈ ചിന്താ പദ്ധതിയുടെ ആരംഭത്തെക്കുറിച്ചോ ആദ്യകാല വക്താക്കളെക്കുറിച്ചോ വ്യക്തമായ രേഖകള്‍ ഒന്നും ഇല്ല; ഇവരുടെ ആശയങ്ങള്‍ സരളവും വ്യക്തവുമാണ്. യിന്‍ (Yin) എന്നും യങ് (Yang) എന്നും വിളിക്കപ്പെട്ടിരുന്ന രണ്ടു പ്രപഞ്ചഘടകങ്ങളാണ് ഈ ചിന്തയ്ക്ക് ആധാരം. യിന്‍ നിഷേധാത്മക(അഭാവം)മാണ്, നിഷ്ക്രിയമാണ്, അശക്തമാണ്, അപൂര്‍ണമാണ്; യങ് പരമമായതാണ്, കര്‍മനിരതമാണ്, ശക്തമാണ്, പൂര്‍ണതയുള്ളതാണ്. ഇവ രണ്ടിന്റെയും സംയുക്ത പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് പ്രപഞ്ചത്തിലുള്ള വസ്തുക്കള്‍ എല്ലാം ഉണ്ടായിട്ടുള്ളത്. ഈ തത്ത്വപ്രകാരം ഉണ്ടായിട്ടുള്ള അഞ്ചു ഹേതുക്കളാണ് ലോഹം, തടി, ജലം, അഗ്നി, ഭൂമി എന്നിവ. ഈ അഞ്ചു ഹേതുക്കളും പ്രവര്‍ത്തിക്കുന്നതനുസരിച്ച് വസ്തുക്കള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരിക്കും. യിന്‍-യങ്, ഹേതുക്കള്‍ എന്നിവ ശക്തിയും കാരണവുമാണ്; വസ്തുക്കള്‍ അല്ല. നിശ്ചിത നിയമങ്ങള്‍ അനുസരിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളാണ് നിലനില്പിന് ആധാരം. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഐക്യത്തെ യിന്‍-യങ് ചിന്ത ഊന്നിപ്പറഞ്ഞു. രണ്ടിലും അടങ്ങിയിരിക്കുന്ന പ്രവര്‍ത്തനക്രമം ഒന്നുതന്നെയാണ്. പ്രപഞ്ചം ക്രമബദ്ധവും ഘടനാസമന്വിതവും വ്യവസ്ഥാപിതവും വിശദീകരിക്കാവുന്നതുമാണ്; അതിനെപ്പറ്റി പ്രവചനവും സാധ്യമാണ്. അഞ്ചു ഹേതുക്കള്‍ക്കും ചക്രഗതി ഉള്ളതുപോലെ പ്രപഞ്ചവും സദാ ആവര്‍ത്തനക്രമം പാലിക്കുന്നു. ചൈനയിലെ സാമൂഹികവും ധര്‍മനിഷ്ഠവുമായ ജീവിതക്രമത്തെ ഈ ചിന്ത ഏറെ സ്വാധീനിച്ചിരുന്നു. ചൈനീസ് ജീവിതത്തിന്റെ എല്ലാം അംശങ്ങളിലും ഇതിന്റെ സ്വാധീനത ദൃശ്യമാണ്.

ധര്‍മാനുശാസന വാദികള്‍.

ദാര്‍ശനിക ദൃഷ്ടിയില്‍ ധര്‍മാനുശാസന വാദികള്‍ക്ക് പറയത്തക്ക പ്രസക്തി ഒന്നും ഉണ്ടായിരുന്നില്ല. ചിന്താപരമായി പുതുതായി ഒന്നും സംഭാവന ചെയ്യാനും അവര്‍ക്കു കഴിഞ്ഞിരുന്നില്ല. അധികാര കേന്ദ്രീകരണം, അധികാര വിനിയോഗരീതി, നിയമം നടപ്പിലാക്കുന്ന മാര്‍ഗം, ഭരണതന്ത്രജ്ഞത തുടങ്ങിയ വിഷയങ്ങളെപ്പറ്റിയാണ് അവര്‍ അധികവും ചിന്തിച്ചത്. ഹാന്‍ ഫേയ് ദ് സൂ (Han Fei Tzu, സു. ബി.സി. 280-233) ആയിരുന്നു ഈ ചിന്താപദ്ധതിയുടെ ഏറ്റവും പ്രമുഖനായ വക്താവ്.

അടിസ്ഥാനപരമായി മനുഷ്യന്റെ സ്വഭാവം മോശമാണെന്നും സദാചാരമൂല്യങ്ങള്‍ വഴി മനുഷ്യനെ നന്നാക്കാന്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടു പ്രതിഫലവും കടുത്ത ശിക്ഷയും നല്കി നിയമം കര്‍ശനമായി നടപ്പാക്കണമെന്നുമായിരുന്നു ഇവരുടെ പക്ഷം. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും നിയമത്തിന്റെ ദൃഷ്ടിയില്‍ എല്ലാവരും തുല്യരാണെന്നും ഇവര്‍ വാദിച്ചു. ഇതു ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി പദവിയും യാഥാര്‍ഥ്യവും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനായി ഇവര്‍ പരിശ്രമിച്ചു. മറ്റു ശാഖകളുമായി താരതമ്യം ചെയ്താല്‍ തത്ത്വങ്ങളെക്കാള്‍ ചുറ്റുപാടുകള്‍ക്കും ഭൂതകാലത്തെക്കാള്‍ വര്‍ത്തമാനകാലത്തിനും ഇവര്‍ പ്രാധാന്യം നല്കിയിരുന്നതായി കാണാം.

നാടുവാഴികളുടെ മേധാവിത്വത്തില്‍ ഛിന്നഭിന്നമായി കിടന്ന ചൈനീസ് സമൂഹത്തെ ഉന്മൂലനം ചെയ്ത് (ബി.സി. 221) ചാന്‍ രാജവംശത്തെ ഏകീകൃതമായ അധികാരത്തില്‍ കൊണ്ടുവരാന്‍ ധര്‍മാനുശാസനവാദികള്‍ വമ്പിച്ച സംഭാവനകള്‍ നല്കി. സര്‍വാധിപത്യത്തെ അനുകൂലിച്ച തത്ത്വചിന്തയെ ചാന്‍ ഭരണവംശം അംഗീകരിച്ചു പ്രോത്സാഹിപ്പിച്ചു. ഇതേത്തുടര്‍ന്നു ധര്‍മാനുശാസനവാദികള്‍ മറ്റു ചിന്താരീതികളെ അമര്‍ച്ച ചെയ്യുകയും അവയുടെ ഗ്രന്ഥങ്ങളെ (ബി.സി. 213) ചുട്ടുകരിക്കുകയും ചെയ്തു. 'നൂറു ചിന്താപദ്ധതികളുടെ കാലഘട്ടം' എന്നു വിശേഷിപ്പിച്ചിരുന്ന ചൈനീസ് തത്ത്വചിന്താപദ്ധതികളുടെ അന്ത്യം ഇതോടെ സംഭവിച്ചു.

മധ്യകാലഘട്ടം

മധ്യകാലഘട്ടം (ബി.സി. 221 മുതല്‍ എ.ഡി. 960 വരെ). ചാന്‍ വംശത്തെ മറിച്ചിട്ടുകൊണ്ട് ബി.സി. 206-ല്‍ ഹാന്‍ വംശം ചൈനയില്‍ അധികാരത്തില്‍ വന്നു. ഇതോടുകൂടി ധര്‍മാനുശാസനവാദികളുടെ മേധാവിത്വം അവസാനിച്ചു. അടിച്ചമര്‍ത്തപ്പെട്ടിരുന്ന മറ്റു പല വിചാരധാരകള്‍ പുതിയ ചിന്താപദ്ധതികളുമായി രംഗത്തുവന്നു. എല്ലാ ചിന്താധാരകളിലെയും നല്ല അംശങ്ങള്‍ ഉള്‍ക്കൊണ്ട് പുതിയ ചിന്താപദ്ധതികള്‍ ആവിഷ്കരിക്കുന്നതിനുള്ള ശ്രമങ്ങളും ഇതോടൊപ്പം ആരംഭിച്ചു.

സമ്മിശ്ര കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം

ബി.സി. 136 ആയപ്പോഴേക്കും കണ്‍ഫ്യൂഷ്യനിസം ചൈനയുടെ മുഴുവന്‍ തത്ത്വചിന്തയായിമാറി. ഭരണകൂടത്തിലും സമൂഹത്തിലും വിദ്യാഭ്യാസത്തിലും സാഹിത്യത്തിലും എന്നുവേണ്ട ചൈനീസ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അതിന്റെ സ്വാധീനം പ്രകടമായി. 20-ാം ശ. വരെ ഈ അവസ്ഥ തുടര്‍ന്നു. യിന്‍-യങ് തത്ത്വചിന്തയുടെ വമ്പിച്ച സ്വാധീനം സമ്മിശ്ര (Syncretic) കണ്‍ഫ്യൂഷ്യനിസത്തില്‍ ദര്‍ശിക്കാവുന്നതാണ്. 'മാറ്റത്തിന്റെ പുസ്തക'(The Book of Changes) ത്തിലും തുങ് ജുങ് ഷൂ(Tung Chung Shu)വിന്റെ (ബി.സി. 176-104) തത്ത്വചിന്തയിലും ഇതിന്റെ പ്രകടമായ ലക്ഷണങ്ങളുണ്ട്.

മാറ്റത്തിന്റെ പുസ്തകം. ഒരു കണ്‍ഫ്യൂഷ്യന്‍ ക്ലാസ്സിക് കൃതിയാണിത്. ദൗയിസ്റ്റുകളും ഈ ഗ്രന്ഥം പ്രയോജനപ്പെടുത്തിയിരുന്നു. കണ്‍ഫ്യൂഷ്യസിനുശേഷം പല ശതകങ്ങള്‍ കഴിഞ്ഞു തയ്യാറാക്കിയ ഈ ഗ്രന്ഥത്തില്‍ കണ്‍ഫ്യൂഷ്യസിന്റെ രചനകളും കണ്‍ഫ്യൂഷ്യന്‍ കാലഘട്ടത്തിലെ മറ്റു രചനകളും അടങ്ങിയിട്ടുണ്ട്. 'പരമമായ ഒന്ന്' അഥവാ 'മഹത്സത്ത' (Great Ultimate- t'ai-chi)യില്‍ നിന്നാണ് പ്രപഞ്ചം ഉടലെടുത്തതെന്നാണ് ഈ ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിട്ടുള്ളത്. മഹത്സത്ത വലുതും ചെറുതുമായ നാലു വിധത്തിലുള്ള യിന്‍-യങ്കളെ സൃഷ്ടിച്ചു. ഇവ എട്ടു മൂലകങ്ങള്‍ (pa-kua) സൃഷ്ടിച്ചു. ഈ മൂലകങ്ങള്‍ പരസ്പരം ബന്ധപ്പെട്ടു ഗുണീഭവിച്ച് പ്രപഞ്ചം ഉണ്ടായി. ദൗയിസത്തിന്റെയും യിന്‍-യങ് സ്കൂളിന്റെയും തത്ത്വസംഹിതകള്‍ കണ്‍ഫ്യൂഷ്യനിസത്തില്‍ ലയിച്ചു ചേര്‍ന്നാണ് പ്രപഞ്ചത്തെക്കുറിച്ചുള്ള ഈ വിശ്വാസം ഉടലെടുത്തത്.

മറ്റു ചിന്താധാരകളില്‍ നിന്നു നല്ല അംശങ്ങള്‍ സ്വീകരിക്കുന്ന കണ്‍ഫ്യൂഷ്യന്‍ സ്കൂളിന്റെ ആവേശം മറ്റൊരു കണ്‍ഫ്യൂഷ്യന്‍ വക്താവായ തുങ് ജുങ് ഷൂവിന്റെ കൃതിയിലും ദര്‍ശിക്കാവുന്നതാണ്. യിന്‍-യങ് സ്കൂളിന്റെ ധാര്‍മിക നിഷ്ഠകളെ ഇദ്ദേഹം കണ്‍ഫ്യൂഷ്യന്‍ ചിന്തയുടെ ധാര്‍മിക നിഷ്ഠകളുമായി കൂട്ടിക്കലര്‍ത്തി. ധാര്‍മിക സ്വഭാവത്തിന്റെ രണ്ടു പ്രധാന അംശങ്ങളായ ഉത്കര്‍ഷാഭിവാഞ്ഛ, മനുഷ്യത്വം എന്നിവയെ യിന്‍ യങ്ങുമായി ഇദ്ദേഹം ബന്ധിപ്പിച്ചു. അതുപോലെ മനുഷ്യസ്വഭാവം, വികാരം, നന്മ, തിന്മ എന്നിങ്ങനെയുള്ള എല്ലാറ്റിനെയും ജോടികളായോ അഞ്ചു വീതമുള്ള സമുച്ചയങ്ങളായോ തിരിച്ച് യിന്‍-യങ്, അഞ്ചു ഹേതുക്കള്‍ എന്നിവയോടു താരതമ്യം ചെയ്തു. അന്തിമമായി ഇവയെല്ലാം തുങ് ജുങ് ഷൂ അക്കങ്ങളാക്കി മാറ്റി. ഈ ക്രമീകരണമനുസരിച്ച് ചരിത്രപരമായിട്ടുള്ള കാലഘട്ടങ്ങള്‍ അഞ്ചു ഹേതുക്കള്‍ക്കു സമാനമായും സൂക്ഷ്മപ്രപഞ്ചം അഥവാ മനുഷ്യന്‍ (microcosm) സ്ഥൂല പ്രപഞ്ചത്തിനു (macrocosm) സമാനമായും ചിത്രീകരിക്കപ്പെട്ടു. ഒരേ തരത്തിലുള്ള വസ്തുക്കള്‍ പരസ്പരം ചേര്‍ന്നു പ്രവര്‍ത്തിക്കും എന്ന് ഇദ്ദേഹം സിദ്ധാന്തിച്ചിരുന്നു. പ്രകൃതിയില്‍ പരസ്പരപ്രവര്‍ത്തനം, പരസ്പരസ്വാധീനം എന്നീ പ്രക്രിയകള്‍ അടങ്ങിയിട്ടുണ്ട്. അതു പ്രകൃതിക്ക് സദാ ചലനാത്മക സ്വഭാവവും ജൈവ ചൈതന്യത്തിന്റെ പൂര്‍ണതയും നല്കുന്നു.

നവ ദൗ ദര്‍ശനം

ഹാന്‍ വംശകാലത്തെ ചിന്തകന്മാര്‍ ഗോചര വസ്തുക്കളെ മാത്രമേ അംഗീകരിച്ചിരുന്നുള്ളൂ. എന്നാല്‍ വേയ്ചിന്‍ (Wei-Chin, 220-420) കാലഘട്ടത്തിലെ ചിന്തകന്മാര്‍ ഇതിനപ്പുറം കടന്നുപോകുകയും കാലത്തിനും ആകാശത്തിനും അപ്പുറമുള്ള യാഥാര്‍ഥ്യങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. പ്രത്യക്ഷമായ ഭൗതിക ജീവിതത്തിനപ്പുറമുള്ളതും പരമമായിട്ടുള്ളതും എന്തെന്നറിയാന്‍ അവര്‍ വെമ്പല്‍ കൊണ്ടു. നവ ദൗയിസ്റ്റ് ചിന്തകരില്‍ ഏറ്റവും പ്രമുഖനായ വങ് പി(Wang Pi, 226-249)യുടെ അഭിപ്രായത്തില്‍ പരമമായ സത്യം 'മൗലികമായ അഭാവമാണ്' (original non-being). ഈ അവസ്ഥ ശൂന്യതയല്ല; പരിശുദ്ധമായ വസ്തുവാണ്, യഥാര്‍ഥ വസ്തുവാണ്; എല്ലാ വര്‍ണനകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമാണ്; പൂര്‍ണവും ശക്തവുമാണ്. ഒരു തത്ത്വത്തില്‍ (ഹശ) അധിഷ്ഠിതമായതിനാല്‍ അത് എല്ലായ്പ്പോഴും ശരിയാണ്. പ്രകൃതിനിയമങ്ങള്‍ക്ക് അനുസൃതമായ ഈ പ്രപഞ്ചതത്ത്വം എല്ലാ വസ്തുതകളെയും സംഭവങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്നു. നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ കാതലായ ഈ തത്ത്വം ദൗയിസത്തില്‍ പുതുതായി സ്ഥാനം പിടിക്കുകയാണുണ്ടായത്.

നവ ദൗയിസത്തിന്റെ മറ്റൊരു പ്രമുഖ വക്താവായിരുന്നു കുവ് സീ അങ് (Kuo Hsiang, മ. 312). ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തത്ത്വത്തിലധിഷ്ഠിതമായി വസ്തുക്കള്‍ പരിവര്‍ത്തനത്തിനു വിധേയമാകും; എന്നാല്‍ ഓരോ വസ്തുവിനും അതിന്റേതായ തത്ത്വം ഉണ്ടായിരിക്കും. അതിനാല്‍ പ്രപഞ്ചത്തിലുള്ള ഓരോ വസ്തുവും സ്വയം പര്യാപ്തതയുള്ളതാണ്; എല്ലാറ്റിനെയും ബന്ധിപ്പിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി പരമമായ ഒന്നിന്റെ ആവശ്യമില്ല. ഈ സിദ്ധാന്തം ആവിഷ്കരിക്കുക വഴി വങ്പിയുടെ പരമമായ സത്യം (li) എന്ന ആശയത്തെ ഇദ്ദേഹം തള്ളിപ്പറയുകയാണ് ചെയ്തത്.

ഒരു പ്രസ്ഥാനം എന്ന നിലയില്‍ ദൗയിസത്തിന് അധികകാലം പിടിച്ചുനില്ക്കാന്‍ കഴിഞ്ഞില്ല; എന്നാല്‍ ചൈനീസ് തത്ത്വചിന്താരംഗത്ത് അതിന്റെ സ്വാധീനം വമ്പിച്ചതാണ്. അസ്തിത്വത്തെക്കുറിച്ചും അസ്തിത്വമില്ലായ്മയെക്കുറിച്ചുമൊക്കെയുള്ള ദൗയിസ്റ്റ് ആശയഗതികള്‍ ചൈനീസ് തത്ത്വചിന്തയെയും ബൗദ്ധദര്‍ശനത്തെയും ബന്ധിപ്പിക്കുന്ന കണ്ണിയായി വര്‍ത്തിച്ചു.

ബൗദ്ധ ദര്‍ശനം

3-ാം ശതകത്തിലാണ് ഇന്ത്യയില്‍ നിന്ന് ബൗദ്ധദര്‍ശനം ചൈനയില്‍ എത്തിയത്. തുടക്കത്തില്‍ ഒരു തത്ത്വചിന്ത എന്നതിലുപരി ഒരു ജനകീയ മതമെന്ന നിലയിലാണ് ബൗദ്ധ ചിന്ത പ്രശോഭിച്ചത്. ബുദ്ധമത തത്ത്വങ്ങളെ നവ-ദൗയിസ്റ്റ് സിദ്ധാന്തങ്ങളുമായി പൊരുത്തപ്പെടുത്താനാണ് ബൗദ്ധചിന്തകര്‍ കൂടുതലായി ശ്രദ്ധിച്ചത്. ഇതിനായി നവ ദൗയിസ്റ്റ് ബുദ്ധിജീവികളുമായി ഇവര്‍ കൂടുതല്‍ ബന്ധം പുലര്‍ത്തി. ദൗയിസ്റ്റ് സ്വാധീനത്തിന്റെ ഫലമായി അസ്തിത്വം (being), അഭാവം (non-being) എന്നീ വിഷയങ്ങളെക്കുറിച്ചാണ് ആദ്യകാല ബുദ്ധിസം പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നത്.

മധ്യസിദ്ധാന്തവും ധര്‍മസ്വഭാവവും. 6-ാം ശതകത്തില്‍ രണ്ടു ബൗദ്ധ ചിന്താധാരകള്‍ ചൈനയില്‍ പ്രബലമായിരുന്നു. ഇവയില്‍ ഒന്നാമത്തേത് മധ്യസിദ്ധാന്തം അഥവാ ത്രിസിദ്ധാന്തം (Three Treatises) എന്ന പേരിലും രണ്ടാമത്തേതു ധര്‍മസ്വഭാവം (Dharma Character) അഥവാ ബോധമാത്രം (consciousness only) എന്ന പേരിലും അറിയപ്പെട്ടിരുന്നു. മൂന്നു ഭാരതീയ കൃതികളെ ആസ്പദമാക്കി ചി ദ് സങ് (Chi tsang, 549623) ആണ് മധ്യസിദ്ധാന്തത്തിന് രൂപം നല്കിയത്. നാഗാര്‍ജുനന്റെ മാധ്യമിക ശാസ്ത്രം (Madhyamika Sastra), ദ്വാദശമികായ ശാസ്ത്രം (Dvadasamikaya Sastra), നാഗാര്‍ജുനന്റെ ശിഷ്യനായ ആര്യദേവന്റെ ശതശാസ്ത്രം (Sata Sastra) എന്നിവയാണ് ഈ കൃതികള്‍. അസ്തിത്വം, അഭാവം എന്നിവ പരസ്പര വിരുദ്ധങ്ങളായ രണ്ട് ആശയങ്ങളാണെന്നും സംശ്ളേഷണം, അഥവാ ചിന്തയുടെ വിഭിന്നഘടകങ്ങള്‍ തമ്മിലുള്ള സംയോജനം വഴി യഥാര്‍ഥ മധ്യത്തില്‍ അഥവാ ശൂന്യതയില്‍ എത്തുമ്പോള്‍ രണ്ടും തമ്മിലുള്ള ഭിന്നത ഇല്ലാതാകുമെന്നും ഈ ദര്‍ശനം സിദ്ധാന്തിച്ചു. അതിനാല്‍ ഇതിനെ ശൂന്യതാവാദാധിഷ്ഠിത ദര്‍ശനം എന്നും പറയുന്നു.

ഷ്വാന്‍ ദ് സുങ് ആയിരുന്നു ധര്‍മസ്വഭാവശാഖയുടെ പ്രധാന വക്താവ്. ഈ സിദ്ധാന്തപ്രകാരം പ്രപഞ്ചം യഥാര്‍ഥമാണ്. എന്നാല്‍ അതു പൂര്‍ണമായും യഥാര്‍ഥമല്ല; അതുമിഥ്യയും പരാശ്രയത്വമുള്ളതുമാണ്. ഈ ശാഖ മനസ്സിനെ എട്ട് ബോധതലങ്ങളായി തിരിക്കുന്നു. അവസാനത്തേതില്‍ പൂര്‍വകാല പ്രവൃത്തികളുടെ ഫലം, ഭാവിയിലെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ചിന്തകള്‍ എന്നിവ അടങ്ങിയിരിക്കും. ഭാവിയിലെ ചിന്തകളും പ്രവൃത്തികളും വര്‍ത്തമാനകാല പ്രവൃത്തികളുടെ രൂപാന്തരമാണ്; വര്‍ത്തമാനകാല പ്രവൃത്തികള്‍ ഭൂതകാല പ്രവൃത്തികളുടെ രൂപാന്തരവും. വ്യക്തി പരിപൂര്‍ണജ്ഞാനം കൈവരിക്കുമ്പോള്‍ എല്ലാ മാറ്റങ്ങള്‍ക്കും അതീതനാകും. മാറ്റങ്ങളില്‍ക്കൂടിയാണ് ധര്‍മങ്ങള്‍ ഉണ്ടാകുന്നത്. ഭാവനാസൃഷ്ടങ്ങളുടെ നിലനില്പ് മിഥ്യയാണ്; മറ്റുള്ളവയ്ക്ക് പരസ്പരം ബന്ധപ്പെട്ട നിലനില്പുണ്ട്; എന്തുകൊണ്ടെന്നാല്‍ അവയുടെ ആവിര്‍ഭാവത്തിനു കാരണങ്ങളുണ്ട്. യഥാര്‍ഥ നിലനില്പുള്ളത് പരിപൂര്‍ണ യാഥാര്‍ഥ്യത്തിന്റെ സ്വഭാവത്തിനു മാത്രമാണ്. ധര്‍മങ്ങളെയും ധര്‍മസ്വഭാവത്തെയും ഈ ശാഖ അംഗീകരിക്കുന്നതുകൊണ്ട് ഇതിനെ അസ്തിത്വവാദാധിഷ്ഠിത ശാഖ എന്നു പറയുന്നു.

ത്യാന്‍ തൈ ദര്‍ശനം.

ത്യാന്‍ തൈ ദര്‍ശനം. ജീ-ഹീ (Chi-hi, 538-597) ആണ് ഈ ശാഖയുടെ സ്ഥാപകന്‍. തിയെന്‍-തായ് പര്‍വതനിരകളില്‍ ആരംഭിച്ചതുകൊണ്ടാണ് ഇതിന് ഈ പേരു സിദ്ധിച്ചത്. ഈ ശാഖയുടെ തത്ത്വസംഹിതയനുസരിച്ച് ധര്‍മങ്ങള്‍ (ഉണ്ടാകല്‍) എല്ലാം ശൂന്യമാണ്, എന്തെന്നാല്‍ അവയ്ക്കൊന്നിനും അതിന്റേതായ സ്വഭാവമില്ല. ഉദ്ഭവത്തിന്റെ കാരണത്തെ ആശ്രയിച്ചാണ് അവ നിലനില്ക്കുന്നത്. ഇതിനെ ശൂന്യതയുടെ സത്യം (Truth of Emptiness) എന്നു പറയുന്നു. എന്നാല്‍ ധര്‍മങ്ങള്‍ (വസ്തുക്കളുടെ ഉണ്ടാകല്‍) നടക്കുകയും കാരണത്തെ ആശ്രയിച്ച് താത്കാലിക നിലനില്പ് അവയ്ക്കു സിദ്ധിക്കുകയും ചെയ്യുന്നു. ഇതിനെ താത്കാലിക സത്യത്തിന്റെ സത്യം (Truth of Temporary Truth ) എന്നു പറയുന്നു. അതിനാല്‍ ധര്‍മങ്ങള്‍ ശൂന്യവും എന്നാല്‍ താത്കാലികവുമാണ്. ഇതിനെ മധ്യത്തിന്റെ സത്യം (Truth of the Mean) എന്നു പറയുന്നു. ഈ ഓരോ സത്യത്തിലും മറ്റു രണ്ടു സത്യങ്ങള്‍ കൂടി അടങ്ങിയിരിക്കുന്നു; അതുകൊണ്ട് മൂന്നും ഒന്നാണ്, ഒന്നില്‍ മൂന്നും ഉണ്ട്. ഇങ്ങനെ പരസ്പരമുള്ള തിരിച്ചറിയലാണ് എല്ലാ ധര്‍മത്തിന്റെയും യഥാര്‍ഥ സ്വഭാവം. താത്കാലിക സത്യത്തിന്റെ അഥവാ നാം അനുഭവിച്ചറിയുന്ന ലോകത്തിന്റെ ഏതൊരു അംശത്തിലും പ്രപഞ്ചം മുഴുവന്‍ അടങ്ങിയിട്ടുണ്ട്.

ഹ്വാ യെന്‍ ദര്‍ശനം

ഹ്വാ യെന്‍ ദര്‍ശനം (Hua yen School). ഫാ ദ് സങ് (Fa tsang, 596-664) സ്ഥാപിച്ച ഈ ശാഖ ധര്‍മങ്ങളുടെ സര്‍വസൃഷ്ടികാരണത്തെക്കുറിച്ചാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ധര്‍മങ്ങളുടെ ലോകത്തെ നാലായി തിരിക്കാം: (1) യാഥാര്‍ഥ്യങ്ങളുടെ ലോകം; (2) മൗലിക ഘടകങ്ങളുടെ ലോകം; (3) യാഥാര്‍ഥ്യങ്ങളുടെയും മൗലിക ഘടകങ്ങളുടെയും പരസ്പരസഹവര്‍ത്തിത്വത്തിന്റെ ലോകം; (4) എല്ലാ യാഥാര്‍ഥ്യങ്ങളും പരസ്പരം കോര്‍ത്തിണക്കിയിട്ടുള്ളതും എന്നാല്‍ പരസ്പരം തിരിച്ചറിയാവുന്നതുമായ ലോകം. മൗലിക ഘടകം ശൂന്യമാണ്, നിശ്ചലമാണ്, അജ്ഞാതവും അജ്ഞേയവുമാണ്. യാഥാര്‍ഥ്യങ്ങള്‍ക്ക് സവിശേഷ സ്വഭാവങ്ങളുണ്ട്; അവ ചലനാത്മകമാണ്; അവ ദൃശ്യപ്രപഞ്ചത്തിനു കാരണമാകുന്നു. ഇവ പരസ്പരം ബന്ധപ്പെട്ടും പരസ്പരം യോജിച്ചും പ്രവര്‍ത്തിക്കുക വഴി പരിപൂര്‍ണമായ സന്തുലിതാവസ്ഥ സംജാതമാകുന്നു. ഈ ആശയം 'ഷഷ്ഠി സ്വഭാവസിദ്ധാന്തം' എന്ന തത്ത്വത്തിലധിഷ്ഠിതമാണ്. ഇതനുസരിച്ച് യാഥാര്‍ഥ്യങ്ങള്‍ക്കെല്ലാം പൊതുവില്‍ ആറ് സ്വഭാവങ്ങള്‍ ഉണ്ടായിരിക്കും: പൊതുസ്വഭാവം, വിശേഷസ്വഭാവം, സാമ്യം, വ്യത്യാസം, പൂര്‍ണത, അപൂര്‍ണത. അതായത് ഓരോ ധര്‍മത്തിലും എല്ലാം ഉള്‍പ്പെട്ടിരിക്കുന്നു. അങ്ങനെ ദൃശ്യപ്രപഞ്ചം അതിന്റെ എല്ലാവിധ പ്രൌഢിയോടുംകൂടി സന്തുലിതാവസ്ഥ പുലര്‍ത്തി നിലനില്ക്കുന്നു.

ചാന്‍ ദര്‍ശനം

ചാന്‍ ദര്‍ശനം (Chan School). എട്ടും ഒന്‍പതും ശതകങ്ങളില്‍ ചാന്‍ ബുദ്ധിസം ചൈനയില്‍ പ്രബലമായി. സെന്‍ ബുദ്ധിസം എന്ന പേരിലാണ് ഇതു ജപ്പാനില്‍ പ്രചരിച്ചത്. ധ്യാനമാണ് ഇതിന്റെ മുഖമുദ്ര. ചാന്‍ ബുദ്ധിസത്തിന്റെ പ്രചാരത്തോടെ ചൈനയില്‍ കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയുടെ നിലനില്പു തന്നെ അപകടത്തിലായി.

ഭാരതീയനായ ബോധിധര്‍മന്‍ (460-534) ചൈനയില്‍ എത്തിച്ചതാണ് ചാന്‍ ബുദ്ധിസം. നിരന്തരമായ ധ്യാനത്തില്‍ക്കൂടി പരമമായ സത്യത്തെ അനുഭവിച്ചറിയാം എന്നതായിരുന്നു ഈ ചിന്താപദ്ധതിയുടെ അടിസ്ഥാനപ്രമാണം. മനസ്സിന്റെ ഏകാഗ്രതയില്‍ക്കൂടി ചിന്താശൂന്യമായ ഒരു അവസ്ഥയില്‍ എത്താമെന്നും അതുവഴി ബാഹ്യപ്രപഞ്ചത്തിലുള്ള സര്‍വവിധ ബന്ധങ്ങളെയും വിച്ഛേദിക്കാമെന്നുമാണ് ഇവര്‍ പഠിപ്പിച്ചത്. മനസ്സിനെ യഥാര്‍ഥ മനസ്സെന്നും അയഥാര്‍ഥ മനസ്സെന്നും ഇവര്‍ രണ്ടായി വിഭജിച്ചു. യഥാര്‍ഥ മനസ് ചിന്താശൂന്യവും ബന്ധങ്ങളില്‍പ്പെട്ട് ഉഴലാത്തതുമാണ്; ഇവയൊക്കെ അയഥാര്‍ഥ മനസ്സിന്റെ സ്വഭാവമാണ്. നിരന്തരമായ ധ്യാനമാണ് യഥാര്‍ഥ മനസ്സിനെ സ്വായത്തമാക്കാനുള്ള വഴി.

ചാന്‍ ബുദ്ധിസം ചൈനയില്‍ പ്രബലമായപ്പോള്‍ ഹ്വിനങ് (Huineg, 883-713) അതിനെ എതിര്‍ത്തുകൊണ്ടു രംഗത്തു വന്നു. മനസ് ഒന്നാണെന്നും അടിസ്ഥാനപരമായി അതു പരിശുദ്ധമാണെന്നും അദ്ദേഹം വാദിച്ചു. സൂര്യനെ കാര്‍മേഘങ്ങള്‍ മറയ്ക്കുന്നതുപോലെ തെറ്റായ ചിന്തകളും തെറ്റായ ബന്ധങ്ങളും മനസ്സിനെ മറച്ച് അതിന്റെ നൈര്‍മല്യം ഇല്ലാതാക്കുന്നു. ഇത്തരം ചിന്തകള്‍ ഉന്മൂലനം ചെയ്താല്‍ മനസ്സിന്റെ യഥാര്‍ഥ രൂപം പ്രത്യക്ഷമാകും. അതോടുകൂടി ശരിയായ അറിവ് ഉണ്ടാകും. ധ്യാനത്തില്‍ മുഴുകുന്നതുകൊണ്ട് പ്രയോജനം ഒന്നും ഇല്ല. മന്ത്രങ്ങള്‍ ഉരുവിടുന്നതും ബുദ്ധനെ ആരാധിക്കുന്നതും പ്രയോജനരഹിതം തന്നെ. സ്വാര്‍ഥ താത്പര്യങ്ങളില്‍ നിന്നും നിശ്ചയദാര്‍ഢ്യത്തോടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിനെ മോചിപ്പിച്ച് അതിനെ അതിന്റേതായ വഴിക്കു വിട്ടാല്‍ അത് അതിന്റെ പരിശുദ്ധസ്വഭാവം വെളിപ്പെടുത്തും; അതോടെ ജ്ഞാനോദയം ഉണ്ടാകുകയും ചെയ്യും.

ചൈനീസ് സംസ്കാരം ചാന്‍ ബുദ്ധിസത്തെ വളരെ ഏറെ സ്വാധീനിച്ചിരുന്നു. ബുദ്ധിസം അതിന്റെ എല്ലാ അര്‍ഥത്തിലും ചൈനീസ് സ്വഭാവം ആര്‍ജിക്കുകയും ചൈനയിലാകമാനം അതു വ്യാപിക്കുകയും ചെയ്തു. അതോടെ കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്ത ചൈനയില്‍ ഏറെക്കുറെ അപ്രത്യക്ഷമാകുക തന്നെ ചെയ്തു. ഈ കാലഘട്ടത്തില്‍ ഹാന്‍ യൂ (Han yu) എന്ന ചിന്തകന്‍ രംഗത്തു വരികയും കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയെ ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ബുദ്ധമതഗ്രന്ഥങ്ങളും ദൗയിസ്റ്റ് മതഗ്രന്ഥങ്ങളും ചുട്ടുകരിക്കണം എന്നുപോലും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ മധ്യകാലഘട്ടത്തിന്റെ അവസാനത്തില്‍ കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്തയ്ക്ക് ഉയിര്‍ത്തെഴുന്നേല്ക്കാന്‍ അദ്ദേഹം അവസരം സൃഷ്ടിച്ചു.

ആധുനിക കാലഘട്ടം (960-1912)

ചാന്‍ ബുദ്ധിസത്തിന്റെ വമ്പിച്ച പ്രചാരം, ഹാന്‍ യെന്‍ (Han Yen), ത്യാന്‍ തൈ എന്നിവരുടെ അതിഭൗതികശാസ്ത്രം, ചാന്‍ മനഃശാസ്ത്രം എന്നിവയൊക്കെ വളരെക്കാലമായി നിദ്രാണമായിരുന്ന കണ്‍ഫ്യൂഷ്യനിസത്തെ തട്ടിയുണര്‍ത്തി. സൂങ് രാജവംശത്തിന്റെ ആദ്യകാലഘട്ടത്തില്‍ (960-1279) കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ പുതിയ പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും അതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. പരിവര്‍ത്തനങ്ങളുടെ പുസ്തകം ആയിരുന്നു ഇതിനുള്ള ആധാരഗ്രന്ഥമായി അവര്‍ സ്വീകരിച്ചത്. തത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ മനുഷ്യസ്വഭാവത്തെക്കുറിച്ചും മനുഷ്യന്റെ വിധിയെക്കുറിച്ചും അവര്‍ പഠനങ്ങള്‍ നടത്തി. ഈ പുതിയ നീക്കം നവ-കണ്‍ഫ്യൂഷ്യനിസം എന്ന പേരില്‍ അറിയപ്പെട്ടു.

നവ-കണ്‍ഫ്യൂഷ്യന്‍ ദര്‍ശനം.

ജോ തന്‍ ഈ (Chou Tun-i, 1017-73) ആയിരുന്നു നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ ആദ്യത്തെ പ്രമുഖ വക്താവ്. പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച് പരിവര്‍ത്തനങ്ങളുടെ പുസ്തകത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളെ ഇദ്ദേഹം കുറേക്കൂടി വിപുലീകരിച്ചു. മഹത്സത്ത അഥവാ പരമമായ ഒന്നില്‍ നിന്നും (Great Ultimate) പ്രപഞ്ചം ഉരുത്തിരിഞ്ഞതു ഭൗതിക ശക്തികളായ യിന്‍, യങ് എന്നിവയുടെയും അഞ്ചു ഹേതുക്കളുടെയും സംയുക്ത പ്രവര്‍ത്തന ഫലമായിട്ടാണ് അഞ്ചു ഹേതുക്കള്‍ വസ്തുക്കള്‍ക്ക് വ്യത്യസ്ത സ്വഭാവം പ്രദാനം ചെയ്യുന്നു. യിനും യങും അവയ്ക്കു വാസ്തവികത അഥവാ ഭൗതികാസ്തിത്വം പ്രദാനം ചെയ്യുന്നു. അടിസ്ഥാനപരമായി യിനും യങും ഒന്നായതിനാല്‍ പലതായി കാണുന്നതും അടിസ്ഥാനപരമായി ഒന്നാണ്; ഒന്നു തന്നെയാണ് യഥാര്‍ഥത്തില്‍ പലതായി പ്രത്യക്ഷീഭവിക്കുന്നത്. പ്രപഞ്ചതത്ത്വം അംഗീകരിച്ചാല്‍ വസ്തുക്കളുടെ അവസ്ഥയും മനുഷ്യന്റെ അവസ്ഥയും വിധിയുമൊക്കെ ഓരോന്നിന്റെയും വ്യത്യസ്ത സ്വഭാവത്തില്‍ യഥാവിധി ഭംഗിയായി നടന്നുകൊണ്ടിരിക്കും. ജോ തന്‍ ഈ അവതരിപ്പിച്ച ഈ സിദ്ധാന്തങ്ങള്‍ നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ അടിസ്ഥാനശിലയായി പല നൂറ്റാണ്ടുകള്‍ വര്‍ത്തിച്ചു.

രണ്ടു വ്യത്യസ്ത ദിശകളിലേക്ക് നവ-കണ്‍ഫ്യൂഷ്യനിസം തിരിഞ്ഞു. യുക്തിചിന്തയ്ക്കു പ്രാധാന്യം നല്കിയ തത്ത്വാധിഷ്ഠിത പദ്ധതി (School of principle) ആയിരുന്നു ഇവയില്‍ ഒന്ന്; മറ്റേത് മനസ്സിനു പ്രാധാന്യം നല്കിയ ആത്മീയാധിഷ്ഠിത പദ്ധതിയും (Idealistic school). യുക്തിചിന്തയ്ക്കു പ്രാധാന്യം നല്കിക്കൊണ്ടുള്ള നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തയുടെ പ്രമുഖ വക്താക്കളായിരുന്നു ജങ് ഈ (Ch'eng yi, 1033-1107)യും ജൂ-ഷീ (Chu-Hsi, 1130-1200)യും. ജുങ് ഈ ആവിഷ്കരിച്ച തത്ത്വങ്ങള്‍ക്കും ആശയങ്ങള്‍ക്കും സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തത് ജൂ-ഷീ ആയിരുന്നു.

തത്ത്വത്തെ (li) സംബന്ധിച്ച വിഷയങ്ങളെപ്പറ്റിയാണ് ഈ പദ്ധതി പ്രധാനമായും ചര്‍ച്ച ചെയ്തിരുന്നത്. മഹത്സത്ത, ഭൗതികശക്തി, മനുഷ്യന്റെയും വസ്തുക്കളുടെയും ഘടനയും സ്വഭാവവും, മനുഷ്യന്റെ ധാര്‍മിക നിഷ്ഠയുടെ സവിശേഷതകള്‍ (jen), വസ്തുക്കളെക്കുറിച്ചുള്ള അന്വേഷണം എന്നിവയും ഇവര്‍ പഠനവിധേയമാക്കിയിരുന്നു.

തത്ത്വത്തെ സംബന്ധിച്ച ആശയം ആദ്യകാല കണ്‍ഫ്യൂഷ്യന്‍ ചിന്തകളില്‍ ഉള്‍പ്പെട്ടിരുന്നില്ല; ദൗയിസത്തില്‍ നിന്നും ബുദ്ധിസത്തില്‍ നിന്നുമാണ് ഈ ആശയം നവ-കണ്‍ഫ്യൂഷ്യന്മാര്‍ സ്വായത്തമാക്കിയത്. ബുദ്ധിസത്തെയും ദൗയിസത്തെയും ഫലപ്രദമായി എതിര്‍ക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ദൗയിസത്തിലെ അഭാവം (non-being) എന്ന ആശയവും ബുദ്ധിസത്തിലെ ശൂന്യതാവാദവും കേവലമായ ആശയങ്ങളാണെങ്കില്‍ തത്ത്വത്തെ സംബന്ധിച്ച തങ്ങളുടെ ആശയം മൂര്‍ത്തമായിട്ടുള്ളതാണെന്ന് നവ-കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ വാദിച്ചു. ജങ് ഈയുടെ അഭിപ്രായത്തില്‍ ഒരു വസ്തു നിലനില്ക്കണമെങ്കില്‍ അതിന് ഒരു തത്ത്വം ഉണ്ടായിരിക്കണം; തത്ത്വം അനുസരിച്ചു മാത്രമേ അതു നിലനില്ക്കുകയുള്ളൂ. തത്ത്വം വ്യക്തമാണ്; മൂര്‍ത്തമാണ്; സ്വയം പ്രകടമാണ്; സ്വയം സമ്പൂര്‍ണമാണ്. ഓരോന്നിലും തത്ത്വം അടങ്ങിയിട്ടുണ്ട്. പ്രപഞ്ചത്തില്‍ ഉള്ള വസ്തുക്കളുടെ എണ്ണം അനന്തമായതിനാല്‍ തത്ത്വങ്ങളും അനന്തമാണ്. ഒരു പുതിയ വസ്തു ഉണ്ടാകുമ്പോള്‍ ഒരു പുതിയ തത്ത്വവും ഉയിരെടുക്കുന്നു. പ്രപഞ്ചത്തിന്റെ സൃഷ്ടിയും പുനഃസൃഷ്ടിയും സദാ നടന്നുകൊണ്ടിരിക്കുന്നു. അതിനാല്‍ ഇതും ഒരു തത്ത്വം തന്നെയാണ്. എന്നാല്‍ ആത്യന്തികമായി എല്ലാ തത്ത്വങ്ങളും ഒന്നില്‍ അടങ്ങിയിരിക്കുന്നു; അതാണ് പരമമായ ഒന്ന്. സാരാംശത്തില്‍ പരമമായത് ഒന്നാണെങ്കിലും കര്‍മപഥത്തില്‍ അത് എല്ലാറ്റിലും വര്‍ത്തിക്കുന്നു. എല്ലാ തത്ത്വങ്ങളുടെയും ആകെത്തുകയാണ് പരമമായ ഒന്ന്; അത് ഏകത്വത്തിന്റെ തത്ത്വവുമാണ്.

പരമമായ ഒന്നിന്റെ ആവിഷ്കാരം ഭൗതിക (ദ്രവ്യമയമായ) കാരണങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഭൗതിക കാരണങ്ങളാണ് വസ്തുക്കള്‍ക്ക് ഭൗതികമായ അസ്തിത്വം നല്കുന്നത്. യിനും യങും ആയി പ്രവര്‍ത്തിക്കുന്ന ഇവയാണ് വസ്തുക്കള്‍ക്കു മൂര്‍ത്തഭാവം ആര്‍ജിക്കുന്നതിനുള്ള പദാര്‍ഥം പ്രദാനം ചെയ്യുന്നത്. വസ്തുക്കള്‍ വ്യത്യസ്തമായിരിക്കുന്നത് അവ നിര്‍മിക്കപ്പെട്ടിരിക്കുന്ന പദാര്‍ഥങ്ങളുടെ സവിശേഷതകള്‍ കൊണ്ടാണ്. വസ്തുക്കള്‍ ഒരുപോലെ തോന്നുന്നത് അവയില്‍ അടങ്ങിയിരിക്കുന്ന തത്ത്വത്തിന്റെ സവിശേഷത കൊണ്ടും പരമമായ ഒന്നെന്ന നിലയില്‍ തത്ത്വം ഭൗതികരൂപങ്ങള്‍ക്കു മുമ്പ് തന്നെ ഉണ്ടായിരിക്കും; ഭൗതിക കാരണങ്ങള്‍ ഭൗതികരൂപങ്ങള്‍ക്ക് ശേഷമാണുണ്ടാകുന്നത്. അതായത് തത്ത്വം ഭൗതിക കാരണങ്ങള്‍ക്കു മുമ്പേ ഉണ്ടായിരുന്നെങ്കിലും തത്ത്വവും ഭൗതിക കാരണവും വേര്‍തിരിക്കുക സാധ്യമല്ല. ഭൗതിക കാരണം ഇല്ലാത്ത തത്ത്വം മൂര്‍ത്തമാവുകയോ ശരിയായ രൂപം പ്രാപിക്കുകയോ ചെയ്യില്ല; തത്ത്വം ഇല്ലാതെ ഭൗതികകാരണത്തിനു പ്രവര്‍ത്തിക്കാന്‍ മറ്റു നിയമങ്ങള്‍ ഒന്നും ഇല്ലതാനും. പ്രപഞ്ചത്തില്‍ തത്ത്വം ഇല്ലാതെ ഒരു ഭൗതിക ശക്തിക്കും പ്രവര്‍ത്തിക്കുക സാധ്യമല്ല; ഭൗതികശക്തി ഇല്ലാതെ തത്ത്വത്തിനും നിലനില്പില്ല.

തത്ത്വം മനുഷ്യനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അത് അവന്റെ സ്വഭാവമായിത്തീരുന്നു. തത്ത്വം അടിസ്ഥാനപരമായി നല്ലതായതിനാല്‍ മനുഷ്യന്റെ സ്വഭാവവും യഥാര്‍ഥത്തില്‍ നല്ലതാണ്. മനുഷ്യനില്‍ വികാരം ഉണ്ടാകുമ്പോള്‍ ആണ് അവനില്‍ ദുഷ്ടചിന്ത കടന്നു വരുന്നതും തത്ത്വത്തില്‍ നിന്ന് അവന്‍ വ്യതിചലിക്കുന്നതും. അടിസ്ഥാനപരമായി മനുഷ്യന്‍ നല്ലവനാണെന്നും വികാരങ്ങളാണ് അവനെ മോശമായ പ്രവൃത്തികളിലേക്കു നയിക്കുന്നതെന്നും ഉള്ള ആശയം കണ്‍ഫ്യൂഷ്യന്‍ ചിന്തകളിലും ഉണ്ടായിരുന്നു.

ധാര്‍മികനിഷ്ഠ വളര്‍ത്തിയെടുക്കുക വഴി സ്വാര്‍ഥതാത്പര്യങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനും അതുവഴി തത്ത്വത്തിന്റെ പരിശുദ്ധി വീണ്ടെടുക്കാനും സാധ്യമാണ്. ധാര്‍മികനിഷ്ഠ വളര്‍ത്തിയെടുക്കാനുള്ള ആദ്യ നടപടി വസ്തുക്കളെപ്പറ്റിയുള്ള അന്വേഷണമാണ്. ജങ് ഈയുടെ അഭിപ്രായത്തില്‍ ഓരോ പുല്‍ക്കൊടിയിലും ഓരോ വൃക്ഷത്തിലും തത്ത്വം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് എല്ലാ വസ്തുക്കളും അന്വേഷണത്തിനു വിധേയമാക്കണം. വസ്തുതകളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ഉണ്ടാകുന്ന ജ്ഞാനം അറിവിനെ വികസിപ്പിക്കും; ഇച്ഛയ്ക്ക് ആത്മാര്‍ഥത കൈവരുത്തും; വികാരങ്ങളെ ശരിയായ മാര്‍ഗത്തിലാക്കും; സ്വകാര്യജീവിതത്തെ സംസ്കാര സമ്പന്നമാക്കും. ഇത്രയും ആകുമ്പോള്‍ ഒരുവന്റെ അടിസ്ഥാന സ്വഭാവം വ്യക്തമാകും; അവന്റെ വിധി സാക്ഷാത്തായിത്തീരും

സുങ് കാലഘട്ടത്തിലെ നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ മറ്റു മൂന്നു പ്രമുഖ വക്താക്കളാണ് ജങ് ഈയുടെ അമ്മാവന്മാരായ ജങ് ത്സൈ, ഷൌ യുങ് (Shao Yung) എന്നിവരും മൂത്തസഹോദരനായ ജങ് ഹൗവും. നോ. ജങ് ത്സൈ; ജങ് ഹൗ

ആത്മീയാധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസം. യുക്തിചിന്തയില്‍ അധിഷ്ഠിതമായ നവ-കണ്‍ഫ്യൂഷ്യനിസത്തിനെതിരെ ജൂ-ഷീയുടെ കാലഘട്ടത്തില്‍ത്തന്നെ എതിര്‍പ്പുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇങ്ങനെ എതിര്‍ത്തവരില്‍ ഏറ്റവും പ്രമുഖന്‍ ജൂ-ഷീയുടെ സ്നേഹിതനായ ലൂ ഷ്യന്‍-ഷാന്‍ (Lu Hsiang- shan; Lu chiu-yuan, 1139-93) ആയിരുന്നു. മനസ്സിന്റെ പ്രവര്‍ത്തനമാണ് അടിസ്ഥാന മനുഷ്യ സ്വഭാവം എന്നും മനസ് തത്ത്വവുമായി സാരൂപ്യം ഉള്ളതാണെന്നും ജങ് ഈയും ജൂ-ഷീയും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ലൂവിനെ സംബന്ധിച്ചിടത്തോളം മനസ് തന്നെയാണ് തത്ത്വം. അടിസ്ഥാനപരമായി മനസ് നല്ലതാണ്; നല്ലതിനെപ്പറ്റിയുള്ള അറിവും നല്ലതു ചെയ്യാനുള്ള കഴിവും അതില്‍ നിക്ഷിപ്തമാണ്. ഘടകങ്ങളായി വേര്‍തിരിക്കാന്‍ കഴിയാത്തവണ്ണം മനസ് ഒന്നാണ്. ജൂ-ഷീ പറയുന്നതുപോലെ ധാര്‍മിക മനസ്, ചീത്തയാകാന്‍ സാധ്യതയുള്ള മനസ് എന്നൊന്നും അതിനെ വേര്‍തിരിച്ചു കാണാന്‍ സാധ്യമല്ല. പ്രകൃതി നിയമവും മനുഷ്യന്റെ ആഗ്രഹങ്ങളും നല്ലതാണ്; ജൂ-ഷീ ചിന്തിക്കുന്നതുപോലെ അവ രണ്ടിനെയും വിരുദ്ധമായി കാണുന്നത് ശരിയല്ല. മനസ് പ്രപഞ്ചത്തിലാകെ നിറഞ്ഞു നില്ക്കുന്നു. എല്ലാ കാലത്തും എല്ലാ ദിശയിലും ഉള്ളത് ഒരേ മനസ്സു തന്നെയാണ്. എല്ലാ വസ്തുക്കളുമായും മനസ്സിനു സാരൂപ്യം ഉണ്ട്. മനസ്സിനു പുറത്തു വസ്തുക്കള്‍ ഇല്ല; വസ്തുക്കള്‍ക്ക് പുറത്ത് മനസ്സുമില്ല. ചുരുക്കത്തില്‍ മനസ് തന്നെയാണ് പ്രപഞ്ചം. അതുകൊണ്ടു വസ്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് മനസ്സിനെക്കുറിച്ച് അന്വേഷിച്ചാല്‍ മതി. എല്ലാ തത്ത്വങ്ങളും മനസ്സില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ജങ് ഈയും ജൂ-ഷീയും പറയുന്നതുപോലെ പുറംലോകത്തെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ഇതാണ് ആത്മീയാധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ രത്നച്ചുരുക്കം.

ആത്മീയാധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തില്‍ മെന്‍ഷ്യസിന്റെയും ബുദ്ധിസത്തിന്റെയും സ്വാധീനം പ്രകടമാണ്. എന്നാല്‍ നവ-കണ്‍ഫ്യൂഷ്യനിസ്റ്റുകളെപ്പോലെ ലൂവും ബുദ്ധിസത്തിന്റെ ശക്തനായ വിമര്‍ശകന്‍ തന്നെയായിരുന്നു. ജൂ-ഷീയെ ലൂ വിമര്‍ശിച്ചിരുന്നത് ബുദ്ധിസം പ്രചരിപ്പിക്കാത്തതിനായിരുന്നില്ല, മറിച്ച് കണ്‍ഫ്യൂഷ്യനിസം വേണ്ടവണ്ണം ഉയര്‍ത്തിക്കാട്ടാത്തതിനാണ്. ലൂവിന്റെ അഭിപ്രായത്തില്‍ ജൂ-ഷീയുടെ ചിന്താപദ്ധതി ഭിന്നമായ ഒരു മനസ്സിനെയും ലക്ഷ്യബോധമില്ലാത്ത ജീവിതത്തെയും ഒറ്റപ്പെട്ട ഭക്തിപ്രകടനങ്ങളെയുമാണ് അവതരിപ്പിച്ചത്; ജീവിതത്തെ അതിന് ഒരുവിധത്തിലും സ്വാധീനിക്കാന്‍ കഴിഞ്ഞിരുന്നില്ല. മനുഷ്യന്റെ യഥാര്‍ഥമായിട്ടുള്ള നല്ല സ്വഭാവം ആര്‍ജിക്കുന്നതിനുള്ള ലളിതവും അനായാസവുമായ മാര്‍ഗമാണ് ലൂ അവതരിപ്പിച്ചത്. ഒരുവന്റെ നല്ല ഗുണങ്ങളെ പുനഃസ്ഥാപിച്ചെടുക്കുക എന്ന ശക്തമായ ലക്ഷ്യം ലൂവിന്റെ സിദ്ധാന്തത്തില്‍ അടങ്ങിയിരുന്നു.

ലൂവിന്റെ ആത്മീയാധിഷ്ഠിത സിദ്ധാന്തത്തിന് യുക്തിചിന്താധിഷ്ഠിതമായ നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ വളര്‍ച്ചയെ പറയത്തക്കരീതിയില്‍ തടയാന്‍ കഴിഞ്ഞില്ല; യുക്ത്യധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസം ചൈനയില്‍ അത്രമാത്രം ശക്തമായിരുന്നു. ചൈനയിലെ ബുദ്ധിജീവികളുടെ ഇടയില്‍ പല നൂറ്റാണ്ടുകള്‍ ഇതു ശക്തമായ സ്വാധീനം ചെലുത്തി നിലനിന്നു. 15-ാം ശ.-ത്തോടുകൂടി യുക്ത്യധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ ശക്തി ചൈനയില്‍ ക്ഷയിച്ചു തുടങ്ങി. ജീവിതത്തിന്റെ അടിസ്ഥാനപരമായ പ്രശ്നങ്ങളുമായുള്ള ബന്ധം അതിനു നഷ്ടപ്പെട്ടതായിരുന്നു പ്രധാന കാരണം.

വങ് യങ് മിങ് ദര്‍ശനം

വങ് യങ് മിങ് (Wang Yang Ming). യുക്ത്യധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തെ എതിര്‍ത്തുകൊണ്ടും ആത്മീയാധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും ചൈനീസ് തത്ത്വചിന്താരംഗത്തു ചലനം സൃഷ്ടിച്ച മറ്റൊരു ചിന്തകനാണ് വങ് യങ് മിങ് (1472-1529). ലൂവിന്റെ മിക്ക ആശയങ്ങളെയും അനുകൂലിച്ച വങ് ചില ആശയങ്ങള്‍ക്കു പുതിയ മാനങ്ങള്‍ നല്കി. ലൂവിനെപ്പോലെ മനസ് തന്നെയാണ് തത്ത്വം എന്നും വസ്തുക്കള്‍ മനസ്സിലാണു നിലനില്ക്കുന്നതെന്നും വങ് അംഗീകരിച്ചു; മനസ്സിന്റെ ദിശയ്ക്ക് അദ്ദേഹം പ്രാധാന്യം നല്കി, ഇച്ഛാശക്തിയാണു മനസ്. മനസ് ഉള്‍ക്കൊള്ളാന്‍ ശ്രമിക്കാത്തിടത്തോളം കാലം ഒരു വസ്തുവോ വസ്തുതയോ ഒന്നുമല്ല. ഒരുവന് ഒരു കാര്യം തോന്നി, അതനുസരിച്ച് അവന്‍ പ്രവര്‍ത്തിക്കാത്തിടത്തോളം കാലം പുത്രധര്‍മമെന്നോ മറ്റോ പറയുന്നതുപോലെ ഒന്നുമില്ല. വസ്തുക്കളെപ്പറ്റിയുള്ള അന്വേഷണം മനസ്സിന്റെ തന്നെ അന്വേഷണമാണെന്ന് ലൂവിനെപ്പോലെ വങ്ങും സമ്മതിച്ചിരുന്നു. വങ് ഒരു കാര്യം കൂടി പറഞ്ഞു. മനസ്സിന്റെ ഏറ്റവും പ്രധാന സവിശേഷത ഇച്ഛാശക്തിയായതുകൊണ്ട് ഇച്ഛാശക്തിയുടെ ആത്മാര്‍ഥതയാണ് വസ്തുക്കളെപ്പറ്റിയുള്ള അന്വേഷണത്തിനു മുമ്പേ ഉള്ളത്. ജൂ-ഷീയുടെ അഭിപ്രായത്തിനു നേരെ വിരുദ്ധമാണ് ഈ ആശയം. വസ്തുതകളെപ്പറ്റിയുള്ള അന്വേഷണം ഒരുവന്റെ ഇച്ഛാശക്തിയെ നേരെയാക്കും എന്നാണ് ജൂ-ഷീ പറഞ്ഞിരുന്നത്. നല്ലതു ചെയ്യാനുള്ള വാസന മനുഷ്യനുണ്ട്. സഹജമായ അറിവ് മനുഷ്യനെ കര്‍മനിരതനാക്കും. അറിവും പ്രവൃത്തിയും സാരൂപ്യം ഉള്ളവയാണ്; ഒന്നു തുടക്കവും മറ്റേത് അതിന്റെ പൂര്‍ണതയും. അറിവിനെക്കുറിച്ചും പ്രവൃത്തിയെക്കുറിച്ചുമുള്ള വങ്ങിന്റെ ഈ അഭിപ്രായം ചൈനീസ് തത്ത്വചിന്താരംഗത്ത് പുതിയ മാനങ്ങള്‍ ഉളവാക്കി.

വങ് ഫൂ-ജി (Wang Fu-Chih). സു. 150 വര്‍ഷക്കാലം വങ് യങ് മിങ്ങിന്റെ ആത്മീയാധിഷ്ഠിത തത്ത്വചിന്ത ചൈനയില്‍ ആധിപത്യം നിലനിര്‍ത്തിയിരുന്നു; ജൂ-ഷീയുടെ യുക്ത്യധിഷ്ഠിത തത്ത്വചിന്തയ്ക്കു നിലനില്പിനുവേണ്ടി പോരാടേണ്ടിവന്നു. ഇവ രണ്ടിനെയും സമന്വയിപ്പിക്കാന്‍ ഇതിനിടെ പല ചിന്തകന്മാരും ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. 17-ാം ശ.-ത്തോടുകൂടി വങ്ങിന്റെ ആത്മീയാധിഷ്ഠിത തത്ത്വചിന്ത അപ്രധാനമാവുകയും ജൂ-ഷീയടെ യുക്ത്യധിഷ്ഠിത തത്ത്വചിന്ത ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്തു. എന്നാല്‍ യുക്ത്യധിഷ്ഠിത തത്ത്വചിന്തയ്ക്കു ചൈനയില്‍ വീണ്ടും ആധിപത്യം സ്ഥാപിക്കാനോ പ്രാധാന്യം നേടാനോ കഴിഞ്ഞില്ല. അതിനെതിരെ പ്രസ്ഥാനങ്ങള്‍ ഒന്നൊന്നായി ഉണ്ടായിക്കൊണ്ടിരുന്നു.

യുക്ത്യധിഷ്ഠിത തത്ത്വചിന്തയുടെ ഉയിര്‍ത്തെഴുന്നേല്പിനെതിരെ ശബ്ദമുയര്‍ത്തിയ ആദ്യത്തെ പ്രമുഖന്‍ ആയിരുന്നു വങ് ഫൂ-ജി (1619-92). തത്ത്വം പരമമാണ്, സര്‍വാതിശായിയാണ്, ഭൗതിക കാരണങ്ങള്‍ക്കു മുമ്പുള്ളതാണ് എന്നൊക്കെയുള്ള കണ്‍ഫ്യൂഷ്യന്‍ ചിന്തയുടെ മുഖ്യമായ അംശങ്ങളെ ഇദ്ദേഹം നിരാകരിച്ചു. തത്ത്വവും ഭൗതികശക്തിയും (ഭൗതിക കാരണം) സാരാംശത്തില്‍ ഒന്നാണെന്ന് ഇദ്ദേഹം സിദ്ധാന്തിച്ചു. തത്ത്വം എന്നു പറയുന്നത് എത്തിപ്പിടിക്കാവുന്ന ഒന്നല്ല; വസ്തുക്കളുടെ ക്രമവും ക്രമീകരണവുമാണത്. പരമമായിട്ടുള്ള ഒന്നും സര്‍വാതിശായിയായ അമൂര്‍ത്ത വസ്തുവല്ല; മനസ്സിനോടും വസ്തുക്കളുടെ സ്വഭാവത്തോടുമൊപ്പം ഇവയും ഭൗതികശക്തിയില്‍ അടങ്ങിയിരിക്കുന്നു. വങ് ഫൂ-ജി സധൈര്യം പ്രഖ്യാപിച്ചു: 'പ്രപഞ്ചത്തില്‍ മൂര്‍ത്ത (concrete) വസ്തുക്കള്‍ മാത്രമേയുള്ളൂ'.

തൈ ജെന്‍ (Tai Chen 1723-77). നവ-കണ്‍ഫ്യൂഷ്യനിസ്റ്റുകളുടെ, പ്രത്യേകിച്ചും സൂങ് വംശത്തില്‍പ്പെട്ട നവ-കണ്‍ഫ്യൂഷ്യനിസ്റ്റുകളുടെ തത്ത്വം എന്ന ആശയത്തെ തൈ ജെന്‍ ശക്തിയായി എതിര്‍ത്തു. തത്ത്വത്തെ ഏതോ ഒരു വസ്തുവിനെപ്പോലെയാണ് അവര്‍ നോക്കിക്കാണുന്നത് എന്നു പറഞ്ഞ് ഇദ്ദേഹം അവരെ കളിയാക്കി. തൈ ജെന്റെ അഭിമതത്തില്‍ തത്ത്വം എന്നത് വസ്തുക്കളുടെ ക്രമീകരണം മാത്രമാണ്; വസ്തുക്കള്‍ എന്നു പറയുന്നത് അശനപാനങ്ങള്‍ തുടങ്ങിയ നിത്യജീവിതസംഭവങ്ങളും. ബൗദ്ധിക കാഴ്ചപ്പാടില്‍ക്കൂടിയോ മനസ്സിന്റെ ഉള്‍ക്കാഴ്ച കൊണ്ടോ തത്ത്വത്തെക്കുറിച്ച് അന്വേഷിക്കുന്നതു ശരിയല്ലെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വസ്തുനിഷ്ഠമായ അന്വേഷണമാണ് അതിന് ആവശ്യമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. നവ-കണ്‍ഫ്യൂഷ്യനിസ്റ്റുകള്‍ തത്ത്വത്തിന്റെ പിന്നാലെ നടന്നു മനുഷ്യന്റെ വികാരങ്ങളെയും ആഗ്രഹങ്ങളെയും അവഗണിക്കുകയാണു ചെയ്യുന്നതെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി. വൈകാരിക സംതൃപ്തി ഇല്ലാത്തിടത്ത് തത്ത്വത്തിനു നിലനില്ക്കാന്‍ സാധ്യമല്ല; തത്ത്വം എന്നു പറയുന്നത് തെറ്റ് ചെയ്യാത്ത വികാരം മാത്രമാണ്. നിലയ്ക്കാത്ത ഉത്പാദന പുനരുത്പാദന പ്രക്രിയയാണ് പ്രപഞ്ചം എന്ന നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തയോട് തൈ ജെന്‍ യോജിച്ചിരുന്നു.

കങ് യൂ വേയ് (K'ang Yu-Wei). -19-ാം ശ.-ന്റെ അവസാനത്തോടുകൂടി വങ് യങ് മിങ്ങിന്റെ ആത്മീയാധിഷ്ഠിത തത്ത്വചിന്തയോടുള്ള ആഭിമുഖ്യം വീണ്ടും ശക്തിപ്പെട്ടുവന്നു. ചൈനയിലെ അന്നത്തെ പരിതാപകരമായ അവസ്ഥയില്‍ നിന്നുള്ള മോചനത്തിന് ശക്തവും ലക്ഷ്യബോധവുമുള്ള പ്രവര്‍ത്തനം അനിവാര്യമായിരുന്നു. വങ് യങ് മിങ്ങിന്റെ ആത്മീയാധിഷ്ഠിത ചിന്തകള്‍ക്കു മാത്രമേ അതിനു നേതൃത്വം നല്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ചൈനയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഈ വക മാറ്റങ്ങളെല്ലാം അക്കാലത്തെ ഏറ്റവും വലിയ കണ്‍ഫ്യൂഷ്യനിസ്റ്റു ചിന്തകനായ കങ് യൂ വേയ്ന്റെ ചിന്തകളെ സ്വാധീനിച്ചിരുന്നു. കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ക്കു നവജീവന്‍ നല്കാന്‍ ഇദ്ദേഹം പരിശ്രമിച്ചു. ചൈനയിലെ ആദ്യത്തെയും അവസാനത്തെയും നവോത്ഥാന നേതാവ് കണ്‍ഫ്യൂഷ്യസ് ആണെന്ന് ഇദ്ദേഹം പ്രചരിപ്പിച്ചു. വിഫലമായ ഒരു രാഷ്ട്രീയ നവോത്ഥാനത്തിനും കങ് നേതൃത്വം നല്കിയിരുന്നു (1898). തത്ത്വചിന്താരംഗത്ത് കങ്ങിനു വലിയ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞില്ലെങ്കിലും ചരിത്രദൃഷ്ടിയില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിലപ്പെട്ടതാണ്. 20-ാം ശ.-ന്റെ ആരംഭത്തോടെ ചൈനീസ് തത്ത്വചിന്ത ഒരു വഴിത്തിരിവില്‍ എത്തുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു.

സമകാലീന കാലഘട്ടം

സമകാലീന കാലഘട്ടം (1912 മുതല്‍). 20-ാം ശ.-ന്റെ ആരംഭത്തില്‍ ചൈനീസ് തത്ത്വശാസ്ത്രം കുഴഞ്ഞുമറിഞ്ഞ് ഒന്നും വേര്‍തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലുള്ളതായിരുന്നു. എന്നാല്‍ ചില ചിന്താധാരകള്‍ വ്യക്തമായും ദൃശ്യമായിരുന്നു താനും. ഇവയില്‍ ഏറ്റവും പ്രധാനം യൂറോപ്യന്‍ ചിന്തകന്മാരുടെ ചിന്താധാരകളായിരുന്നു. ആദ്യത്തെ മൂന്നു ദശകങ്ങളില്‍ ഡാര്‍വിന്‍, ഹേക്കല്‍ (Haeckel), നീഷേ (Nietzsche), ഷോപ്പനൌര്‍ (Schopenhauer), ബര്‍ഗ്സണ്‍, കാന്റ്, ദിക്കാര്‍തെ, ജെയിംസ്, ഡ്യൂയി, മാര്‍ക്സ് എന്നിവരുടെ തത്ത്വശാസ്ത്രങ്ങള്‍ക്കു ചൈനയില്‍ പ്രചാരം സിദ്ധിച്ചു. ഈ കാലഘട്ടത്തില്‍ ചൈനയില്‍ ബൗദ്ധിക വിപ്ലവത്തിനു നേതൃത്വം നല്കിയ ഹൂ ഷീ (Hu Shih) പ്രായോഗിക തത്ത്വശാസ്ത്രത്തിന്റെ പ്രചാരകനായിരുന്നതിനാല്‍ ജെയിംസിന്റെയും ഡ്യൂയിയുടെയും തത്ത്വശാസ്ത്രത്തിനു വമ്പിച്ച പ്രചാരം സിദ്ധിച്ചു. എന്നാല്‍ ജനങ്ങളെ ഏറ്റവും ശക്തമായ നിലയില്‍ സ്വാധീനിച്ചത് മാര്‍ക്സിസമായിരുന്നു. അതു ചൈനയിലെ ഔദ്യോഗിക തത്ത്വശാസ്ത്രമായി അംഗീകരിക്കപ്പെടുകയും ചെയ്തു.

നിദ്രയിലാണ്ടു കിടന്ന കണ്‍ഫ്യൂഷ്യന്‍ ചിന്തയെയും ബുദ്ധിസത്തെയും യൂറോപ്യന്‍ തത്ത്വശാസ്ത്രത്തിന്റെ പ്രചാരം തട്ടിയുണര്‍ത്തി. 1930-നുശേഷം കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്ത ചൈനയില്‍ വീണ്ടും പ്രബലമായിത്തീര്‍ന്നു. യുക്ത്യധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ ചുവടുപിടിച്ച് ഫുങ് യൂ ലാന്‍ (Fung Yu-lan,ജ. 1895) പടുത്തുയര്‍ത്തിയ തത്ത്വശാസ്ത്രവും ആത്മീയാധിഷ്ഠിത നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെ ചുവടുപിടിച്ച് ഷ്യൂങ് ഷി-ലീ (Hsiung Shih-li, ജ. 1885) ആവിഷ്കരിച്ച തത്ത്വശാസ്ത്രവുമായിരുന്നു ഇതിനു നിദാനം. ഇതിനിടയിലും ചിലര്‍ പടിഞ്ഞാറന്‍ തത്ത്വചിന്തയ്ക്കു സ്വന്തമായ ശൈലിയില്‍ രൂപം കൊടുക്കാന്‍ ശ്രമിച്ചിരുന്നു. അവരില്‍ പ്രമുഖന്‍ ജങ് ദൂങ്-സുണ്‍ (Chang Tung-Sun, ജ. 1886) ആയിരുന്നു.

ഫുങ് യൂ-ലാന്‍

ഫുങ് യൂ-ലാന്‍ (Fung Yu-lan). കൊളംബിയാ സര്‍വകലാശാല(യു.എസ്.)യില്‍ തത്ത്വശാസ്ത്രപഠനം നടത്തിയ ഫുങ്, നവ-കണ്‍ഫ്യൂഷ്യന്‍ ആശയങ്ങളെ വ്യവഹാര രൂപത്തിലുള്ള ആശയങ്ങളായി രൂപാന്തരപ്പെടുത്തുകയാണ് ചെയ്തത്. ജങ്, ജൂ-ഷീ എന്നിവരുടെ നവ കണ്‍ഫ്യൂഷ്യന്‍ ചിന്താപദ്ധതികളില്‍ നിന്നുമാണ് ഫുങ് തന്റെ നൂതനമായ യുക്ത്യധിഷ്ഠിത ചിന്താപദ്ധതിക്കു രൂപം നല്കിയത്. ഫുങ്ങിന്റെ അഭിപ്രായത്തില്‍ നാല് അതിഭൗതിക തത്ത്വങ്ങളില്‍ അധിഷ്ഠിതമാണ് നവ-യുക്ത്യധിഷ്ഠിത കണ്‍ഫ്യൂഷ്യനിസം. തത്ത്വം, ഭൗതികശക്തി, ദൗയുടെ സത്ത, മഹത്തായ സമ്പൂര്‍ണ സത്ത (Principle, material force, the substance of Tao and the great whole) എന്നിവയാണിവ.

ഓരോ വസ്തുവിനും അതിന്റേതായ പ്രത്യേക തത്ത്വം ഉണ്ട്. ഒരു വസ്തു അതിന്റെ തത്ത്വത്തെ പിന്തുടരും; എന്നാല്‍ തത്ത്വത്തിന്റെ സത്യം ആ വസ്തുവില്‍ക്കൂടി വെളിപ്പെടുന്നതല്ല. തത്ത്വം പൂര്‍ണമായും ഒരു ആശയം മാത്രമാണ്. ജങ് ജു(Cheng Chu)യുടെ ഇത്തരം സിദ്ധാന്തങ്ങളില്‍ നിന്നുമാണ് തത്ത്വത്തെ സംബന്ധിച്ച യുക്തിസഹമായ ആശയത്തിന് ഫുങ് രൂപം നല്കിയത്. ഒരു തത്ത്വം ഉണ്ടെങ്കില്‍ അതിന്റേതായ ഒരു ഭൗതികകാരണം അഥവാ ശക്തി ഉണ്ടായിരിക്കണം എന്ന് ജങ് ജൂ സിദ്ധാന്തിച്ചിരുന്നു. ഈ ഭൗതികശക്തിയാണ് ഒരു വസ്തുവിന്റെ നിലനില്പിന് ആധാരം. യഥാര്‍ഥ ലോകത്തില്‍ അതിനു തനതായ നിലനില്പില്ല താനും. അത് ഒരു ആശയം മാത്രമാണ്. 'പ്രപഞ്ച പ്രവര്‍ത്തനം' അഥവാ 'ദിവസേന പുതുതായി രൂപം പ്രാപിക്കുന്ന പ്രപഞ്ച'ത്തെയാണ് ദൗ എന്ന ആശയം പ്രതിനിധാനം ചെയ്യുന്നത്. അത് അവിരാമം നടന്നുകൊണ്ടിരിക്കുന്ന മാറ്റത്തെ സൂചിപ്പിക്കുന്നു. 'എല്ലാം ഒന്നില്‍ അടങ്ങിയിരിക്കുന്നു, ഒന്ന് എല്ലാത്തിലും ഉണ്ട്' എന്ന ആശയത്തെയാണ് മഹത്തായ സമ്പൂര്‍ണ സത്ത പ്രതിനിധാനം ചെയ്യുന്നത്. ഭാരതീയ തത്ത്വചിന്തയില്‍ പരാമര്‍ശിക്കുന്ന 'ബ്രഹ്മ'ത്തോടും പടിഞ്ഞാറന്‍ തത്ത്വചിന്തയില്‍ പരാമര്‍ശിക്കുന്ന 'അബ്സൊല്യൂട്ട്' (Absolute-കേവലം) എന്ന ആശയത്തോടും മഹാ സമ്പൂര്‍ണതയെ (Great whole) താരതമ്യം ചെയ്യാവുന്നതാണ്.

അടിസ്ഥാനപരമായി ഫുങ്ങിന്റെ തത്ത്വചിന്ത നവ-കണ്‍ഫ്യൂഷ്യനിസത്തിന്റെയും പടിഞ്ഞാറന്‍ തത്ത്വചിന്തയുടെയും തര്‍ക്ക ശാസ്ത്രത്തിന്റെ ഒരു സമ്മിശ്ര രൂപമാണെന്നു കാണാവുന്നതാണ്. 1950-ല്‍ ഫുങ് തന്റെ ചിന്താപദ്ധതിയെ തള്ളിപ്പറയുകയും നിരാകരിക്കുകയും ചെയ്തു. 'പ്രത്യേക വസ്തുക്കളെയും ഭൗതിക പ്രപഞ്ചത്തെയും' അത് അംഗീകരിച്ചിട്ടില്ല എന്ന കുറ്റമാണ് ഇദ്ദേഹം തന്റെ ചിന്താപദ്ധതിയില്‍ ദര്‍ശിച്ച ന്യൂനത. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തിന്റെ സ്വാധീനതയാണ് ഇതിന് ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. എന്നാല്‍ ഫുങ് മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തെ പൂര്‍ണമായും അംഗീകരിച്ചിരുന്നില്ല. കണ്‍ഫ്യൂഷ്യനിസം ആത്മീയവാദത്തില്‍ അധിഷ്ഠിതമാണെന്നും ഭൗതികവാദത്തെ അത് അംഗീകരിക്കുന്നില്ലെന്നും 1957-ല്‍ ഫുങ് അഭിപ്രായപ്പെട്ടിരുന്നു.

ഷ്യുങ് ഷി-ലീ

ഷ്യുങ് ഷി-ലീ (Hsiung Shih-li). നവ-കണ്‍ഫ്യൂഷ്യന്‍ ചിന്തകള്‍ക്ക് അതിഭൗതിക അടിത്തറ നല്കിക്കൊണ്ടുള്ള ഒരു ചിന്താപദ്ധതിയാണ് ഇദ്ദേഹം ആവിഷ്കരിച്ചത്. അവിരാമം തുടര്‍ന്നുകൊണ്ടിരിക്കുന്ന മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ആവിഷ്കരണവും പുനരാവിഷ്കരണവും അഥവാ ഉണ്ടാകലും ഇല്ലാതാകലുമാണ് യഥാര്‍ഥം. യഥാര്‍ഥവസ്തു ഓരോ നിമിഷവും പുതുതായി പുനരാവിഷ്കരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. യാഥാര്‍ഥ്യവും ആവിഷ്കരണവും അഥവാ വസ്തുക്കളും പ്രവര്‍ത്തനവും ഒന്നുതന്നെയാണ്. യഥാര്‍ഥ വസ്തുവിനു പൂര്‍ണത കൈവരിക്കാനുള്ള ഒരു സ്വഭാവമുണ്ട്; അതിന്റെ അനന്തരഫലമാണ് വസ്തുക്കള്‍. അതുപോലെ തന്നെ യഥാര്‍ഥ വസ്തുവിന് അതിന്റെ യഥാര്‍ഥ സ്വഭാവം നിലനിര്‍ത്താനുള്ള വ്യഗ്രതയുമുണ്ട്; അതിന്റെ അനന്തരഫലമാണ് മനസ്. മനസ് എന്നു പറയുന്നതുതന്നെ യഥാര്‍ഥ മനസ്സിന്റെ ഒരു ഭാഗം മാത്രമാണ്; യഥാര്‍ഥ മനസ്സിന്റെ വിവിധ രൂപങ്ങളാണ് മനസ്, ഇച്ഛാശക്തി, ബോധം എന്നിവ.

ജങ് ദൂങ്-സുണ്‍

ജങ് ദൂങ്-സുണ്‍ (Chang Tung-Sun). കാന്റിയനിസത്തിന്റെ വിപരീതമായി കരുതാവുന്ന ജങ് ദൂങ്-സുണ്‍ തത്ത്വചിന്ത രൂപംകൊണ്ടത് 1929-നും 47-നും ഇടയ്ക്കാണ്. യാഥാര്‍ഥ്യത്തെ ഇന്ദ്രിയഗോചരം എന്നും അജ്ഞാതാജ്ഞേയം എന്നും കാന്റ് വേര്‍തിരിച്ചിരുന്നു. ഇതിനെ ജങ് ദൂങ്-സുണ്‍ അംഗീകരിച്ചില്ല. അതുപോലെ തന്നെ അറിവിനെ അതിന്റെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടായി വേര്‍തിരിച്ചുള്ള (a posteriori, a priori) കാന്റിന്റെ വീക്ഷണത്തോടും ജങ് യോജിച്ചിരുന്നില്ല. ജങ്ങിനെ സംബന്ധിച്ചിടത്തോളം അറിവ് പഞ്ചേന്ദ്രിയങ്ങള്‍ നല്കുന്ന വസ്തുതകളുടെ വിശകലനം വഴി ലഭ്യമാകുന്നതാണ്. രണ്ടാം ലോകയുദ്ധകാലഘട്ടത്തില്‍ ജങ് അതിഭൗതിക തത്ത്വശാസ്ത്രത്തില്‍ നിന്നും അകന്നുപോകുകയും സാമൂഹിക ജീവിതസത്യങ്ങളോട് അടുക്കുകയും ചെയ്തു. ഈ മാറ്റം അദ്ദേഹത്തെ മാര്‍ക്സിസത്തോട് ഏറെ അടുപ്പിച്ചു.

മാര്‍ക്സിയന്‍ ദര്‍ശനം

വൈരുധ്യാത്മക ഭൗതികവാദവും വര്‍ഗസമരമാണ് ചരിത്രത്തിന്റെ ചാലകം എന്ന സിദ്ധാന്തവും ആവിഷ്കരിച്ച കാറല്‍ മാര്‍ക്സ് നല്കിയിട്ടുള്ള ദര്‍ശന പദ്ധതിയും ചരിത്ര വ്യാഖ്യാനവും പുഷ്ടിപ്പെടുത്തിയ അനേകം ചിന്തകന്മാര്‍ വികസിപ്പിച്ച ആശയങ്ങളുടെ ആകെത്തുകയാണ് മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രം എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്നത്. 'മാര്‍ക്സിസ്റ്റ് തത്ത്വശാസ്ത്രം' എന്നറിയപ്പെടുംവിധം ഒരു തത്ത്വശാസ്ത്രത്തിനു രൂപം കൊടുക്കാന്‍ മാര്‍ക്സ് ഒരിക്കലും ശ്രമിച്ചിരുന്നില്ല. ചരിത്രപരമായിട്ടുള്ള ഒരു സാമൂഹിക ശാസ്ത്രത്തിനു രൂപം കൊടുക്കുകയാണ് താന്‍ ചെയ്തിട്ടുള്ളതെന്ന് മാര്‍ക്സ് പ്രസ്താവിച്ചിട്ടുണ്ട്. തന്റെ സാമൂഹികശാസ്ത്രം അനുസരിച്ചുള്ള ചരിത്രഗതി തത്ത്വശാസ്ത്രങ്ങളുടെ അന്ത്യംകുറിക്കുമെന്നു മാര്‍ക്സ് കരുതിയിരുന്നു. വിശേഷവത്കൃതമായ തത്ത്വശാസ്ത്രങ്ങള്‍ സാമൂഹിക അസ്വാസ്ഥ്യങ്ങളുടെ ലക്ഷണമാണെന്നും വിപ്ലവം ആരോഗ്യകരമായ ഒരു സാമൂഹികക്രമം ആവിഷ്കരിക്കുമ്പോള്‍ തത്ത്വശാസ്ത്രങ്ങള്‍ ഇല്ലാതാകുമെന്നും മാര്‍ക്സ് സിദ്ധാന്തിച്ചിരുന്നു.

കൂട്ടായ ഉത്പാദനത്തെ മുതലാളി വ്യക്തിഗതമായി സ്വായത്തമാക്കുന്നതാണ് ഈ യുഗത്തിലെ സാമൂഹിക ക്രമത്തിലെ എല്ലാ വൈരുധ്യങ്ങള്‍ക്കും അടിസ്ഥാനം എന്ന മാര്‍ക്സിന്റെ സിദ്ധാന്തം ഫ്യൂഡലിസത്തിന്റെ പിടിയില്‍ നിന്നും മോചനം നേടിയിട്ടില്ലാതിരുന്ന ചൈനയില്‍ വമ്പിച്ച സ്വാധീനം ചെലുത്തി. സാധാരണ ജനങ്ങള്‍ മാര്‍ക്സിസത്തില്‍ ആകൃഷ്ടരാകാനുള്ള പ്രധാന കാരണം ഇതായിരുന്നു. ഭൗതിക ജീവിതത്തിന്റെ ഉത്പാദന സമ്പ്രദായം സാമൂഹികവും രാഷ്ട്രീയവും ബുദ്ധിപരവുമായ ജീവിതത്തിന്റെ സാമാന്യപ്രക്രിയയ്ക്കു കളമൊരുക്കുമെന്ന് മാര്‍ക്സ് സിദ്ധാന്തിച്ചു. യഥാര്‍ഥത്തില്‍ ഉള്ളത് ദ്രവ്യം മാത്രമാണ്. മനുഷ്യരുടെ ബോധമല്ല (consciousness) അവരുടെ അസ്തിത്വം (being) നിര്‍ണയിക്കുന്നത്; മറിച്ച് സാമൂഹികാസ്തിത്വം ബോധത്തെ നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. നോ. മാര്‍ക്സിസം

മാവോയിസം.

കാറല്‍ മാര്‍ക്സിന്റെയും ലെനിന്റെയും കമ്യൂണിസ്റ്റ് ആശയങ്ങളും കര്‍മപരിപാടികളുമാണു മാവോയിസത്തിന്റെ ആധാരശിലകള്‍. ഒരു തത്ത്വചിന്തകന്‍ എന്നതിലുപരി ഒരു രാഷ്ട്രമീമാംസകന്‍ എന്ന നിലയ്ക്കാണ് മാവോ ദ് സെ ദുങ്ങിന്റെ പ്രസക്തി. തന്റെ രാഷ്ട്രമീമാംസയ്ക്ക് ആര്‍ജിക്കാന്‍ കഴിഞ്ഞ വമ്പിച്ച പ്രാധാന്യമാണ് മാവോയെ ഒരു ചിന്തകന്റെ നിലയിലേക്ക് ഉയര്‍ത്തിയത്. തന്റെ ആയുഷ്കാലത്തു ചൈനയിലെ ബഹുഭൂരിപക്ഷം ജനങ്ങളെയും തന്റെ രാഷ്ട്രീയ വീക്ഷണത്തിന്‍ കീഴില്‍ കൊണ്ടുവരുന്നതിനും ലോകത്തിന്റെ ഇതരഭാഗങ്ങളിലുള്ള മറ്റു പല രാഷ്ട്രങ്ങളിലും രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കുന്നതിനും മാവോയ്ക്കു കഴിഞ്ഞു. 1937-ല്‍ പ്രസിദ്ധീകരിച്ച ഓണ്‍ പ്രാക്ടീസ് (On Practice), ഓണ്‍ കോണ്‍ട്രഡിക്ഷന്‍ (On Contradiction) എന്നീ രണ്ടു ലഘു പ്രബന്ധങ്ങളിലാണ് മാവോ ദ് സെ ദുങ്ങിന്റെ തത്ത്വശാസ്ത്ര വീക്ഷണം അടങ്ങിയിട്ടുള്ളത്. അറിവിന്റെ സ്വഭാവത്തെയാണ് ഓണ്‍ പ്രാക്ടീസ് എന്ന ലേഖനത്തില്‍ പ്രധാനമായും പരാമര്‍ശിച്ചിട്ടുള്ളത്. പ്രായോഗിക ചുറ്റുപാടുകളില്‍നിന്നു ലഭിക്കുന്ന ഇന്ദ്രിയാനുഭവങ്ങളില്‍ കൂടിയാണ് അറിവ് ഉണ്ടാകുന്നത്. ഇത്തരം അറിവ് പിന്നീട് യുക്തിചിന്തയ്ക്ക് വിധേയമാക്കുമ്പോള്‍ അറിവിന്റെ സ്വഭാവത്തിനു മാറ്റം സംഭവിക്കുന്നു. ഇങ്ങനെ ഉണ്ടാകുന്ന അറിവ് പ്രപഞ്ചത്തെ മനുഷ്യന് അനുയോജ്യതരമാക്കിത്തീര്‍ക്കാന്‍ ഉപകരിക്കും; അതു പിന്നീട് ഉയര്‍ന്ന തരത്തിലുള്ള അറിവിനും വഴി തെളിക്കും. ചില തരത്തിലുള്ള യുക്തിചിന്തമൂലം ഉണ്ടാകുന്ന അറിവ് ഇന്ദ്രിയാനുഭവങ്ങള്‍ വഴി ഉണ്ടാകുന്ന അറിവില്‍ നിന്നും ഭിന്നമാണെന്നു സ്ഥാപിക്കാനുള്ള ശ്രമം ഈ ലേഖനത്തില്‍ മാവോ ദ് സെ ദുങ് നടത്തിയിട്ടുണ്ട്.

ഒരു കടകവിരുദ്ധത്തില്‍ ഉള്‍ക്കൊള്ളുന്ന വിരുദ്ധവസ്തുക്കളില്‍ ഒന്ന് മറ്റൊന്നില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരിക്കുമെന്നും ഒരുമിച്ചു നിലനില്ക്കുന്ന അവയുടെ അസ്തിത്വം ഒന്നായിരിക്കുമെന്നും ഓണ്‍ കോണ്‍ട്രഡിക്ഷന്‍ എന്ന ലേഖനത്തില്‍ മാവോ ദ് സെ ദുങ് അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് അദ്ദേഹം ജനനം-മരണം എന്ന വൈരുധ്യത്തെ ചൂണ്ടിക്കാട്ടുന്നു. ജനനവും മരണവും ഒരു വൈരുധ്യത്തിലെ രണ്ടു വസ്തുതകളാണ്. ജനനത്തില്‍ തന്നെ മരണവും അടങ്ങിയിരിക്കുന്നു. രണ്ടും ഒരുമിച്ചു നിലനില്ക്കുന്നു. രണ്ടിന്റെയും അസ്തിത്വവും ഒന്നുതന്നെ. ഇതുപോലെ പല വൈരുധ്യങ്ങളെയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്: ഉയര്‍ച്ചയും താഴ്ചയും, ഭാഗ്യവും നിര്‍ഭാഗ്യവും, ഭൂവുടമയും കുടിയാനും, മുതലാളിയും തൊഴിലാളിയും. കടകവിരുദ്ധങ്ങള്‍ തമ്മിലുള്ള നിരന്തര സംഘട്ടനമാണ് ചരിത്രം (വൈരുധ്യാത്മക ഭൗതികവാദം) എന്ന കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തത്തിന് ഒരു പ്രായോഗിക പരിവേഷം നല്കാന്‍ മാവോയ്ക്ക് കഴിഞ്ഞിരുന്നു. നോ. മാവോയിസം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍