This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൈനക്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൈനക്കടല്‍

China Sea

ചൈനയുടെ തീരത്തിനടുത്തായി വരുന്ന പസിഫിക് സമുദ്രഭാഗം. ചൈനയുടെ കിഴക്കന്‍ തീരത്തായി സ്ഥിതിചെയ്യുന്ന കിഴക്കന്‍ ചൈനക്കടലും തെക്കന്‍ തീരത്തായുള്ള തെക്കന്‍ ചൈനക്കടലും 160 കി.മീറ്ററോളം വീതിയുള്ള ഫോര്‍മോസ കടലിടുക്കുവഴി ബന്ധപ്പെട്ടിരിക്കുന്നു.

ചൈനക്കടല്‍

1. കിഴക്കന്‍ ചൈനക്കടല്‍. ചൈനയുടെ കിഴക്കന്‍തീരത്ത് മഞ്ഞക്കടല്‍ (Yellow Sea) മുതല്‍ തെക്കന്‍ തൈവാന്റെ വടക്കു പടിഞ്ഞാറുവരെ കിഴക്കന്‍ ചൈനക്കടല്‍ വ്യാപിച്ചിരിക്കുന്നു. വിസ്തീര്‍ണം: 12,56,000 ച.കി.മീ.; ആഴം: 30-180 മീ. (റിയൂക്യൂ ദ്വീപിനടുത്ത ഭാഗങ്ങളൊഴികെ). റിയൂക്യൂ ദ്വീപിനടുത്ത ഭാഗങ്ങളില്‍ 2750 മീറ്ററോളം ആഴമുണ്ട്. അതിരുകള്‍: പടിഞ്ഞാറ് ചൈന; വടക്കും വടക്കു കിഴക്കും-കൊറിയ; കിഴക്ക്-കിയൂഷു, റിയൂക്യു എന്നീ ദ്വീപുകള്‍; തെക്ക്-ഫോര്‍മോസ. ജപ്പാന്റെ വടക്കു കിഴക്കു ഭാഗത്ത് കൊറിയ, സുഷിമാ എന്നീ കടലിടുക്കുകള്‍ കിഴക്കന്‍ ചൈനക്കടലിനെയും ജപ്പാന്‍ കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ചൈനാതീരത്തുള്ള നാന്‍റ്റോങ്, ഷങ്ഹൈ, നിങ്ബോ, വെന്‍ഷൌ, ഫൈജോ, തൈവാനിലെ ചീലുങ്, ജപ്പാനിലെ നാഗസാകി എന്നിവയാണ് കിഴക്കന്‍ ചൈനക്കടലിന്റെ തീരത്തുള്ള പ്രധാന തുറമുഖങ്ങള്‍.

2. തെക്കന്‍ ചൈനക്കടല്‍. ചൈനയ്ക്കും തായ്ലന്‍ഡിനും കിഴക്കായി തെക്കന്‍ ചൈനക്കടല്‍ സ്ഥിതി ചെയ്യുന്നു. അതിരുകള്‍: വടക്കു-ചൈന, തൈവാന്‍; കിഴക്ക്-ഫിലിപ്പീന്‍സ്; തെക്ക് ബോര്‍ണിയോ; പടിഞ്ഞാറും തെക്കു പടിഞ്ഞാറും-മലായ് ഉപദ്വീപ്, ഇന്തോ-ചൈന. വിസ്തീര്‍ണം: 23,20,000 ച.കി.മീറ്റര്‍. തെക്കന്‍ ചൈനക്കടല്‍ തൈവാന്‍ മുതല്‍ വിയറ്റ്നാം, കാംബോഡിയ, തായ്ലന്‍ഡ്-മലായ് ഉപദ്വീപുവരെ തെക്കു കിഴക്കായി വ്യാപിച്ചിരിക്കുന്നു. ഇതിലാണ് 4,300 മീറ്ററോളം ശരാശരി ആഴമുള്ള 'ചൈനാത്തടം' സ്ഥിതിചെയ്യുന്നത്. ചില ഭാഗങ്ങളില്‍ ചൈനാത്തടത്തിന് 5,000 മീറ്ററിലധികം ആഴമുണ്ട്. തെക്കന്‍ ചൈനക്കടലിന്റെ തെക്കു പടിഞ്ഞാറന്‍ ഭാഗങ്ങളിലായി 'സുന്ദാത്തിട്ട്' (Sundashelf) സ്ഥിതിചെയ്യുന്നു. ബോര്‍ണിയോ, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കിടയിലായി കാണുന്ന ഇതിന്റെ ശരാശരി ആഴം 100 മീറ്ററാണ്. നദീതാഴ്വാരങ്ങളുടേതിനു സദൃശമായ ഭൂപ്രകൃതിയാണ്. 'സുന്ദാത്തിട്ടി'ന്റെ മുകള്‍ഭാഗത്തുള്ളത്. ഇത് കടലിലാഴ്ന്നുപോയ നദീതടങ്ങളാണെന്ന് ഭൂമിശാസ്ത്രജ്ഞര്‍ കരുതുന്നു.

തായ് ലന്‍ഡ് ഉള്‍ക്കടല്‍, ടോങ്കിന്‍ എന്നിവ തെക്കന്‍ ചൈനക്കടലിന്റെ രണ്ടു പ്രധാനശാഖകളാണ്. തെക്കന്‍ ചൈനക്കടലിന്റെ കിഴക്കുഭാഗത്തായി വരുന്ന ലൂസണ്‍ കടലിടുക്ക് ഇതിനെ ഫിലിപ്പൈന്‍സ് കടലുമായും മിന്‍ഡോറോ, ബ്യൂലാബക് കടലിടുക്കുകള്‍ സുലു കടലുമായും തെക്കന്‍ കരിമാറ്റ കടലിടുക്ക് ജാവാകടലുമായും തെക്കു പടിഞ്ഞാറ് ഭാഗത്തായി വരുന്ന മലാക്കാ കടലിടുക്ക് ആന്‍ഡമാന്‍ കടലുമായും ബന്ധിപ്പിക്കുന്നു. തെക്കന്‍ ചൈനക്കടലിന്റെ തെക്കുഭാഗത്ത് ആഴം കുറവാണ്. ശരാശരി ആഴം 180 മീ. മാത്രമുള്ള ഈ ഭാഗങ്ങള്‍ വന്‍കരത്തിട്ടിനു മുകളിലായി സ്ഥിതിചെയ്യുന്നു. വടക്കന്‍ ഭാഗങ്ങളില്‍ ആഴം 4,600 മീറ്ററോളമുണ്ട്. തായ്ലന്‍ഡ് ഉള്‍ക്കടലിന് ഉദ്ദേശം 70 മീ. ആഴമേയുള്ളൂ.

തെക്കന്‍ ചൈനക്കടലിലെ ഉപരിതല പ്രവാഹങ്ങള്‍ മണ്‍സൂണ്‍ കാറ്റുകളെ ആശ്രയിച്ചുള്ളതാണ്. മഞ്ഞുകാലത്ത് തെക്കു കിഴക്കും വേനല്‍ക്കാലത്ത് വടക്കു പടിഞ്ഞാറും ദിശകളാണ് ഇവയ്ക്കുള്ളത്. ധാരാളം ദ്വീപുകളും കടല്‍പ്പുറ്റുകളും ഉള്ള ഈ കടലില്‍ ഇടയ്ക്കിടെ ശക്തിയേറിയ കൊടുങ്കാറ്റുകള്‍ ഉണ്ടാകുന്നു. ചുവപ്പു നദി എന്നറിയപ്പെടുന്ന സോങ്-ഹുവോങ്, സീ-ചിയാങ്, മീക്കോങ് എന്നിവയാണ് തെക്കന്‍ ചൈനക്കടലില്‍ പതിക്കുന്ന പ്രധാന നദികള്‍. മത്സ്യ സമ്പന്നമാണ് തെക്കന്‍ ചൈനക്കടല്‍. ചൈനാതീരത്തുള്ള സ്വാതൗ, ഷെന്‍സെന്‍, ഹോങ്കോങ്, കാന്റന്‍, ഷൂഹായ്, മകാവോ, ഷാങ്ജിയാങ്, ബേഹായ്, തായ്വാന്‍ തീരത്തുള്ള കാവോസിയാങ്, വിയറ്റ്നാമിലുള്ള ഹൈഫോങ്, ഹോചീ-മിന്‍ (സൈഗണ്‍), തായ്ലന്‍ഡിലെ ബാങ്കോക്ക്, സിംഗപ്പൂര്‍, മനില എന്നിവയാണ് തെക്കന്‍ ചൈനക്കടല്‍ തീരത്തുള്ള പ്രധാന തുറമുഖങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍