This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേര ഉദയമാര്‍ത്താണ്ഡവര്‍മ (ഭ.കാ. 1383 - 1444)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേര ഉദയമാര്‍ത്താണ്ഡവര്‍മ (ഭ.കാ. 1383 - 1444)

കൊല്ലവര്‍ഷം 558 മുതല്‍ 619 വരെ വേണാടു വാണിരുന്ന രാജാവ്. ആദിത്യവര്‍മ സര്‍വാംഗനാഥനുശേഷം രാജ്യഭാരം ഏറ്റെടുത്ത ഉദയമാര്‍ത്താണ്ഡവര്‍മ വേണാട്ടിലെ മറ്റ് ഏതൊരു രാജാവിനെക്കാളും കൂടുതല്‍ കാലം ഇവിടം ഭരിക്കുകയുണ്ടായി. ശ്രീ വീരകേരളമാര്‍ത്താണ്ഡവര്‍മ, മാര്‍ത്താണ്ഡവര്‍മ, ശ്രീ വീരരവിവര്‍മ എന്നിങ്ങനെ ഈ കാലഘട്ടത്തിലെ രേഖകളില്‍ കാണുന്ന ചില പേരുകള്‍ ഇദ്ദേഹത്തെ ഉദ്ദേശിച്ചായിരുന്നുവെന്ന് നാഗമയ്യാ അഭിപ്രായപ്പെടുന്നു. പാണ്ഡ്യനാട്ടിലെ ചേരമഹാദേവിയായിരുന്നു ഇദ്ദേഹത്തിന്റെ ആസ്ഥാനം. തെക്കേ ഇന്ത്യയില്‍ തമിഴ്നാട്ടിലുള്ള തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രം താലൂക്കില്‍ പെടുന്ന ഒരു പ്രദേശമാണിത്. തമിഴ്നാട്ടിലെ ഒരു ഇടപ്രഭു ഒരിക്കല്‍ വള്ളിയൂര്‍ ആക്രമിക്കുകയും വേണാട് ഇളയരാജാവായിരുന്ന രവിവര്‍മ അയാളെ തോല്പിക്കുകയും ചെയ്തു. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ കരുവേലങ്കുളം ഈ വിജയത്തിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയതാണെന്നു ചരിത്രരേഖകളില്‍ കാണുന്നു. ഉദയമാര്‍ത്താണ്ഡവര്‍മ തന്റെ ആസ്ഥാനം കൊട്ടാരക്കര ഇളയിടത്തേക്കു മാറ്റിയതായി പ്രശസ്ത ചരിത്രകാരനായ ശങ്കുണ്ണിമേനോന്‍ പറയുന്നുണ്ട്. പുരാതന മണിപ്രവാളഗ്രന്ഥമായ ലീലാതിലകം ഇദ്ദേഹത്തിന്റെ കാലത്ത് രചിക്കപ്പെട്ടതായാണു വിശ്വാസം. ശുചീന്ദ്രം ക്ഷേത്രത്തിലെ സഭാമണ്ഡപ സ്ഥാപകന്‍ എന്ന് ലീലാതിലകത്തില്‍ ഇദ്ദേഹത്തെ വാഴ്ത്തുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍