This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരമാന്‍ പെരുമാള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരമാന്‍ പെരുമാള്‍

മഹോദയപുരം (കൊടുങ്ങല്ലൂര്‍) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരസാമ്രാജ്യത്തിലെ അവസാനത്തെ ഭരണാധികാരി എന്നു വിശ്വസിക്കപ്പെടുന്ന രാജാവ്. ചേരമാന്‍ പെരുമാളിനെപ്പറ്റിയുള്ള വിവരണങ്ങളില്‍ 'മിത്തും' ചരിത്രവും ഇഴപിരിക്കാനാകാത്ത വിധം ഇഴുകിച്ചേര്‍ന്നിരിക്കുന്നു. മിത്തിന്റെ അടിത്തറയിന്മേല്‍ വാര്‍ത്തെടുത്ത ഒരു ചരിത്രവ്യക്തിയാണോ ഇദ്ദേഹം എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ രണ്ടു ധ്രുവങ്ങളിലാണിപ്പോഴും. ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം, മതപരിവര്‍ത്തനം എന്നിവയെക്കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. എന്തായാലും ചേരമാന്‍ പെരുമാള്‍ എന്ന മിത്തില്‍ ചരിത്രത്തിന്റെ വെള്ളിരേഖകള്‍ ഉണ്ടെന്നു പല ചരിത്രപണ്ഡിതന്മാരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചേരമാന്‍ പെരുമാളിനെ കേന്ദ്രബിന്ദുവാക്കി നിരവധി കെട്ടുകഥകള്‍ കേരളത്തിലുണ്ട്. ഇത്തരം ഐതിഹ്യങ്ങള്‍ ആദ്യകാല ഇതിഹാസകൃതികളിലും ചരിത്രപുസ്തകങ്ങളിലും സ്ഥാനം പിടിച്ചിരുന്നു. 18-ാം ശതകത്തില്‍ രചിക്കപ്പെട്ട കേരളോത്പത്തിയും 20-ാം ശതകത്തില്‍ എഴുതപ്പെട്ട ഐതിഹ്യമാലയുമാണ് ചേരമാന്‍ പെരുമാള്‍ കഥ പ്രതിപാദിക്കുന്ന ആദ്യകാല മലയാളകൃതികള്‍. എന്നാല്‍ ഇവയെക്കാള്‍ പഴക്കമുള്ള പഴന്തമിഴ് പാട്ടുകള്‍ ചേരന്മാരുടെ നാടിനെക്കുറിച്ചു പരാമര്‍ശിക്കുന്നു. കുറിഞ്ഞിയും മരുതവും നെയ്തലും ഉള്‍പ്പെട്ടതായിരുന്നു ചേരദേശമെന്ന് ഈ പാട്ടുകളില്‍ പറയുന്നുണ്ട്. 1500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കേരളത്തിന്റെ ചരിത്രം വ്യക്തമാക്കുന്നതും ആദിചേരന്മാരെ വാഴ്ത്തുന്നതുമായ പതിറ്റുപ്പത്തില്‍ ചേരനാട്ടിലെ തിണകളെക്കുറിച്ചും ജനങ്ങളെക്കുറിച്ചും വര്‍ണിച്ചിരിക്കുന്നു. തമിഴില്‍ പ്രസിദ്ധമായ പെരിയപുരാണത്തിലും ചേരമാന്‍ പെരുമാള്‍ പരാമൃഷ്ടനായിട്ടുണ്ട്.

ചേരമാന്‍ പെരുമാളിനെക്കുറിച്ചുള്ള ഒന്നാമത്തെ രേഖ ഇബ്നു ബത്തുത്തയുടെതാണ്. 1517-ല്‍ ബാര്‍ബോസ എഴുതിയ എ ഡിസ്ക്രിപ്ഷന്‍ ഒഫ് കോസ്റ്റ്സ് ഒഫ് ഈസ്റ്റ് ആഫ്രിക്ക ആന്‍ഡ് മലബാര്‍ എന്ന ഗ്രന്ഥത്തിലും പെരുമാള്‍ കഥ വിവരിക്കപ്പെടുന്നു. മൂന്നാമത്തെ വിവരണം അറബി ഗ്രന്ഥങ്ങളിലാണ്. 16-ാം ശതകത്തില്‍ രചിക്കപ്പെട്ട മുഹമ്മദ് ഷേക് സൈനുദീന്റെ തുഹ്ഫത്തൂല്‍ മുജാഹിദീനിലും മുഹമ്മദ് സുഹ്റവര്‍ധിയുടെ റിഹ്ലത്തുല്‍ മൂലൂക്കിലും ചെറിയ വ്യത്യാസങ്ങളോടെ പെരുമാള്‍ ചരിതം കാണാം. ലോഗന്‍ മലബാര്‍ മാനുവലിലും ഇന്‍ഡിസ് മലബാര്‍ ഡിസ്ട്രിക്ട് ഗസറ്റിയറിലും ചേരമാന്‍ പെരുമാളിനെ ചരിത്രപുരുഷനായി ചിത്രീകരിച്ചിരിക്കുന്നു.

'പെരുമാള്‍' എന്ന പദം വിശകലനം ചെയ്തുകൊണ്ട് ചരിത്രപണ്ഡിതനായ ഇളംകുളം കുഞ്ഞന്‍പിള്ള രേഖപ്പെടുത്തുന്നു: 'സംഘകാലത്തെ ചേരരാജാക്കന്മാര്‍ക്ക് പെരുമാള്‍ സ്ഥാനമോ കുലശേഖരബിരുദമോ ഉണ്ടായിരുന്നില്ല. ക്രി.പി. 8-ാം ശതകത്തിന്റെ അന്തിമപാദം മുതല്‍ 1102 വരെ മഹോദയപുരം വാണിരുന്ന രണ്ടാം ചേരസാമ്രാജ്യത്തില്‍പ്പെട്ട രാജാക്കന്മാരെയാണ് കുലശേഖരപെരുമാള്‍, പെരുമാള്‍ എന്നീ പദങ്ങള്‍ കൊണ്ടു വിശേഷിപ്പിച്ചിരുന്നത്. പാണ്ഡ്യരാജ്യത്തില്‍പ്പെട്ട ചില രാജാക്കന്മാര്‍ 15-ഉം 16-ഉം ശതകങ്ങളില്‍ പെരുമാള്‍ എന്നു പ്രയോഗിച്ചിരുന്നു. ചേരമാന്‍ പെരുമാള്‍ക്ക് കേരളചക്രവര്‍ത്തി എന്നു മാത്രമേ അര്‍ഥമുള്ളു. രാജാവ്, അധീശന്‍ എന്ന അര്‍ഥത്തിലും 'പെരുമാള്‍' ശബ്ദം പ്രയോഗിക്കുക മലയാളത്തില്‍ സാധാരണമാണ്'.

14-ാം ശതകത്തില്‍ കേരളം വാണിരുന്ന കുലശേഖരന്മാരെ 'പെരുമാള്‍' ശബ്ദം കൊണ്ട് തിരുവാലൂര്‍ ശാസനത്തിലും മറ്റും വിവരിച്ചിട്ടുണ്ട്. പെരുമാള്‍ എന്നതിനു പകരം പെരുമാനടികള്‍ എന്നും വിശേഷിപ്പിച്ചിരുന്നതായി കുഞ്ഞന്‍പിള്ള രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 11-ാം ശതകത്തിനുശേഷം രണ്ടാം ചേരസാമ്രാജ്യത്തിലെ രാജാക്കന്മാരെ ബഹുമാനാര്‍ഥം സൂചിപ്പിക്കുവാന്‍ പ്രചാരത്തില്‍ വന്ന പദമാണു 'പെരുമാള്‍'.

ഇസ്ലാം മതം സ്വീകരിച്ച അവസാനത്തെ ചേരമാന്‍ പെരുമാളിന്റെ കാലഘട്ടത്തെക്കുറിച്ചും ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ട്. കേരളോത്പത്തിയില്‍ പെരുമാക്കന്മാരെ സംഘകാലത്തോ കൊല്ലവര്‍ഷാരംഭത്തിലോ കല്പിച്ചിട്ടുള്ളത് വിചിത്രമാണെന്നാണു കുഞ്ഞന്‍പിള്ളയുടെ മതം. 16-ാം ശതകത്തില്‍ ജീവിച്ചിരുന്ന കൃഷ്ണദേവരായരെ 16-ാം ശതകത്തില്‍ നിന്നും 15-ാം ശതകത്തിലേക്കു മാറ്റി എന്നത് ചരിത്രവൈചിത്യ്രം തന്നെയാണ്. കേരളോത്പത്തിപ്രകാരം കൃഷ്ണദേവരായരാണ് ചേരമാന്‍ പെരുമാളിനെ കേരളത്തില്‍ അയച്ചത്. 1090 മുതല്‍ 1103 വരെ കേരളം വാണ ഒടുവിലത്തെ പെരുമാളിനെ, ചേരമാന്‍ രാമവര്‍മ എന്ന് കേരളോത്പത്തിയില്‍ പറയുന്നതിന്റെ സാംഗത്യവും കുഞ്ഞന്‍പിള്ള ചോദ്യം ചെയ്യുന്നു. കേരളോത്പത്തിക്കഥയനുസരിച്ച് പെരുമാള്‍ താജുദീന്‍ എന്ന പേരു സ്വീകരിച്ച് മക്കയിലേക്കു പോയത് 355-ാമാണ്ടാണ്. ചേരമാന്‍ പെരുമാള്‍ മക്കയിലേക്കു യാത്രതിരിച്ചതിന്റെ സ്മരണ നിലനിര്‍ത്താനാണ് കൊല്ലവര്‍ഷം തുടങ്ങിയത് എന്നും ഒരു വിശ്വാസമുണ്ട് (എ.ഡി. 825).

കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ വെളിച്ചം കണ്ട രേഖകളില്‍ നിന്ന് 11-ാം ശതകം വരെ ശക്തമായ ഒരു സാമ്രാജ്യം കേരളത്തില്‍ നിലനിന്നിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. 60-ാമാണ്ടുവരെ രവിവര്‍മ, 92 വരെ രാമവര്‍മ, 137 വരെ ഇന്ദുകോതവര്‍മ എന്നിവര്‍ മഹോദയപുരം ആസ്ഥാനമാക്കി വേണാടു മുതല്‍ കോലത്തുനാടുവരെയുള്ള ദേശങ്ങള്‍ അടക്കിവാണിരുന്നതായി കൊല്ലം മുതല്‍ തിരുനെല്ലി വരെയുള്ള സ്ഥലങ്ങളില്‍ കാണുന്ന ഇവരുടെ ശാസനങ്ങളില്‍ നിന്നു ഗ്രഹിക്കാം, കൊ.വ. 203-നുശേഷം മഹോദയപുരം പെരുമാക്കന്മാരുടെ സാമ്രാജ്യം ഛിന്നഭിന്നമായെങ്കിലും 277 വരെ (1102) അവര്‍ മഹോദയപുരത്തുതന്നെ വാഴുന്നുണ്ട്. അതുകൊണ്ട് കുഞ്ഞന്‍പിള്ളയുടെ അഭിപ്രായത്തില്‍ പെരുമാള്‍ രാജ്യം വിഭജിച്ചുകൊടുത്തിട്ട് ബുദ്ധമതമോ ഇസ്ലാംമതമോ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് 12-ാം ശതകത്തിനു മുമ്പാകുകയില്ല. ഈ നിഗമനം ശരിയാവുകയും ചേരമാന്‍ പെരുമാള്‍ അവസാനത്തെ രാജാവായിരിക്കുകയും ആണെങ്കില്‍, അദ്ദേഹത്തിന്റെ കാലഘട്ടം 203-നു മുമ്പായിരിക്കണം. മാടായിയില്‍ ആദ്യമായി ഒരു മുസ്ലിം പള്ളി പണി കഴിപ്പിച്ചത് ഇസ്ലാംമതം സ്വീകരിച്ച പെരുമാളിന്റെ ശിപാര്‍ശയനുസരിച്ചാണെന്നു കരുതാമെങ്കില്‍ അതും മേല്പറഞ്ഞ കാലഘട്ടത്തിനേ യോജിക്കുകയുള്ളു. പള്ളിയുടെ പണി പൂര്‍ത്തിയായത് 1124-ല്‍ (ഹിജ്റ 578) ആണെന്ന് ഇവിടെയുള്ള ലിഖിതത്തില്‍ നിന്നും വ്യക്തമാകുന്നു. തുഹ്ഫത്തുല്‍ മുജാഹിദീനില്‍ 822-ലാണ് പെരുമാളുടെ മതംമാറ്റമെന്നു സൂചിപ്പിക്കുന്നു. രാജ്യം പങ്കിടല്‍ നടന്നിട്ടുണ്ടെങ്കില്‍ അത് 1102-നു മുമ്പായിരിക്കില്ല എന്നാണ് കുഞ്ഞന്‍പിള്ളയുടെ വാദം. മതം മാറിയ പെരുമാള്‍ വാഴ്ച ഒഴിഞ്ഞതോടെ, പങ്കിട്ടുകൊടുത്തതില്‍ ഒരു രാജവംശമാകണം കൊടുങ്ങല്ലൂരില്‍ ഭരിച്ചിരുന്നത് എന്ന് ഏതാണ്ടൂഹിക്കാമെന്നും ഇത് 9-ാം ശതകത്തിലാകുമെന്നുമാണ് താരാചന്ദിന്റെ നിഗമനം. 8-ാം ശതകത്തിന്റെ പ്രഥമാര്‍ധത്തിലായിരിക്കണം ചേരമാന്‍ പെരുമാള്‍ ഭരണം നടത്തിയിരുന്നത് എന്നാണ് കേരളചരിത്രത്തില്‍ പ്രതിപാദിക്കുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രണ്ടാം ചേരസാമ്രാജ്യത്തിലെ രാജാവായിരുന്ന സ്ഥാണുരവിവര്‍മയുടെ കാലം ഏറെക്കുറെ സൂക്ഷ്മമായി തിട്ടപ്പെടുത്തിയിട്ടുണ്ട്. അത് 844-നും 885-നും ഇടയ്ക്കാണ്. കുലശേഖരപ്പെരുമാളും ചേരമാന്‍ പെരുമാളും സ്ഥാണുരവിക്കു മുമ്പ് കേരളം വാണിരുന്ന രാജാക്കന്മാരായിരുന്നു എന്നതില്‍ സംശയമില്ല. കേരളോത്പത്തിയനുസരിച്ച് ചേരമാന്‍ പെരുമാള്‍ അധികാരമേല്ക്കുന്നത് കലിയുഗവര്‍ഷം 3445-ല്‍ (എ.ഡി. 345) ആണ്.

ഇസ്ലാംമതം ഹിജ്റാ വര്‍ഷാരംഭത്തില്‍ത്തന്നെ ജനനസ്ഥലത്തുനിന്ന് ദക്ഷിണേന്ത്യയുടെ പടിഞ്ഞാറെ തീരത്തുള്ള ചേരരാജ്യത്ത് എത്തിയിരുന്നതായാണു വിശ്വാസം. കൊടുങ്ങല്ലൂരിലുള്ള ചേരമാന്‍ ജുമാ മസ്ജിദ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ പള്ളിയാണെന്നു കരുതപ്പെടുന്നു. ഈ പ്രസ്താവം ശരിയാണെങ്കിലും പ്രവാചകന്റെ കാലത്തുതന്നെ ഇസ്ലാംമതം കേരളത്തില്‍ എത്തി എന്നു കരുതാമെങ്കിലും ചേരമാന്‍ പെരുമാളിന്റെ ഭരണകാലഘട്ടം പ്രവാചകന്റെ കാലഘട്ടത്തിലായിരുന്നുവെന്ന് അനുമാനിക്കാം. 8-ഉം 9-ഉം ശതകങ്ങളില്‍ ഇസ്ലാമിന് കേരളത്തിലുണ്ടായ വളര്‍ച്ചയെ പ്രതിപാദിക്കുന്ന അറബിഗ്രന്ഥങ്ങളായ റിഹ്ലത്തൂല്‍ മൂലൂക്കിന്റെയും തുഹ്ഫത്തൂല്‍ മുജാഹിദീന്റെയും കാലം ചേരമാന്‍ പെരുമാളിന്റെ കാലഘട്ടത്തോട് അടുത്തു വരുന്നുണ്ട്.

ചേരമാന്‍ പെരുമാള്‍ ബുദ്ധമതം സ്വീകരിച്ച ബാണപ്പെരുമാളാണെന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ഈ നിഗമനം ശരിയല്ലെന്നു ചരിത്രവസ്തുതകള്‍ രേഖപ്പെടുത്തുന്നു. ചേരമാന്‍ പെരുമാളിനും കുലശേഖരപ്പെരുമാളിനും നാലു തലമുറകള്‍ക്കു മുമ്പു ജീവിച്ചിരുന്ന ഒരു രാജാവായിരുന്നു പള്ളിബാണപ്പെരുമാളെന്ന് ഒരു കേരളോത്പത്തിക്കഥയില്‍ പ്രസ്താവിക്കുന്നുണ്ട്. കോട്ടയം ടൌണിന് തെക്കു പടിഞ്ഞാറ് വേമ്പനാട് കായലിന്റെ കിഴക്കേക്കരയില്‍ നീലമ്പേരൂര്‍ എന്നൊരു ഗ്രാമമുണ്ട്. ഇവിടത്തെ ഭഗവതിക്ഷേത്രം പള്ളിബാണപ്പെരുമാള്‍ നിര്‍മിച്ചതാണെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് മതിലിനരുകില്‍ കാണപ്പെടുന്ന ശവകുടീരം ബുദ്ധമതം സ്വീകരിച്ച ബാണപ്പെരുമാളിന്റേതാണെന്നു വിശ്വസിക്കപ്പെടുന്നു.

ചേരമാന്‍ പെരുമാളിന്റെ മതംമാറ്റവും മക്കാ യാത്രയുമാണ് കൊല്ലവര്‍ഷത്തിന്റെ ആരംഭത്തിനു നിദാനമായതെന്നു ചില ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. കൊല്ലവര്‍ഷത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് രണ്ടരശതകത്തിനു മുമ്പ് വിഷര്‍ രേഖപ്പെടുത്തുന്നുണ്ട്. ചേരമാന്‍ പെരുമാള്‍ രാജ്യം വിട്ടിട്ട് കാശിക്കോ മക്കയ്ക്കോ പോയത് പന്തലായനിക്കൊല്ലത്തു നിന്നായതുകൊണ്ടാണ് കൊല്ലവര്‍ഷം എന്ന പേര്‍ സിദ്ധിച്ചതെന്നാണു വാദം. ഇതിനെപ്പറ്റിയുള്ള ആദ്യരേഖയും വിഷറിന്റേതാണെന്നു വിശ്വസിക്കപ്പെടുന്നു. ബി.സി. 1176-ല്‍ കൊല്ലവര്‍ഷം ആരംഭിച്ചു എന്ന മലബാറിലും തുളുനാട്ടിലും ദീര്‍ഘമായി സഞ്ചരിച്ച ബുക്കാനന്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ബര്‍ണലിന്റെ അഭിപ്രായത്തില്‍ 824 സെപ്.-ല്‍ ആണ് കൊല്ലവര്‍ഷം ആരംഭിച്ചത്. വേണാടും കോലത്തുനാടും സ്വാതന്ത്ര്യം പ്രാപിച്ച ചിങ്ങം ഒന്ന്, കന്നി ഒന്ന് എന്നീ തീയതികളെ ആധാരമാക്കി അന്നു മുതല്‍ തെക്കും വടക്കും പുതിയ ആണ്ടു തുടങ്ങി എന്നു ലോഗന്‍ അഭിപ്രായപ്പെടുന്നു.

ചേരമാന്‍ പെരുമാളിന്റെ രാജ്യം, ഭരണരീതി, മതം, അക്കാലത്തെ സംസ്കാരം മുതലായവയെ സംബന്ധിച്ച പ്രഥമ പരാമര്‍ശം പ്രാചീന തമിഴ് സാഹിത്യങ്ങളിലാണു കണ്ടെത്തുവാന്‍ കഴിയുന്നത്. സാഹിത്യം സാംസ്കാരിക ചരിത്രത്തിന്റെ ദര്‍പ്പണമാകയാല്‍ ഇത് ആ കാലഘട്ടത്തിലെ ചരിത്രത്തിലേക്കു വെളിച്ചം വീശുന്നു. സംഘകാല തമിഴ് സാഹിത്യകൃതികള്‍ അക്കാലത്തെ ചരിത്രത്തിന്റെ ചെപ്പേടുകള്‍ തുറക്കുന്നവയാണ്. തമിഴില്‍ പ്രസിദ്ധമായ പെരിയപുരാണത്തില്‍ കൊടുങ്ങല്ലൂരിനടുത്തു തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി താമസിച്ചിരുന്ന മകോതയര്‍ എന്ന ഒരു ചേരരാജാവിനെക്കുറിച്ച് പറയുന്നുണ്ട്. ഇദ്ദേഹം ദീര്‍ഘകാലം മലനാട് (മലയാളരാജ്യം) വിജയകരമായി ഭരിച്ചിരുന്നതായും പ്രസ്താവം കാണാം. കൊടുങ്ങല്ലൂര്‍ പ്രദേശത്ത് ഈ രാജാവിന്റെ ഓര്‍മയ്ക്കായി മകോതയര്‍ എന്നൊരു പട്ടണം സ്ഥാപിച്ചിരുന്നതായും ഈ കൃതി രേഖപ്പെടുത്തുന്നു.

കേരളചരിത്രത്തിലേക്കു വെളിച്ചംവീശുന്ന കേരളോത്പത്തി യില്‍ പറയുന്ന പെരുമാള്‍ക്കഥയില്‍ കാലവൈരുധ്യം കാണപ്പെടുന്നുണ്ട്. ബ്രാഹ്മണരുടെ ആവശ്യപ്രകാരം ആനകുണ്ടി കൃഷ്ണദേവരായര്‍ ചേരമാന്‍ പെരുമാളിനെ കേരളത്തിലേക്ക് അയച്ചു എന്നത്രേ ഇതിലെ പ്രസ്താവം. ഇദ്ദേഹം വളര്‍പട്ടണത്തിനടുത്ത് ചേരമാന്‍കോട്ട പണിതു. അവസാനത്തെ പെരുമാള്‍ 36 വര്‍ഷം രാജ്യം വാണു. ചേരമാന്‍ പെരുമാള്‍ താജുദീന്‍ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ച് എ.ഡി. 355-ല്‍ മക്കയിലേക്കുപോയി എന്നും മറ്റും കേരളോത്പത്തിയില്‍ പറയുന്നു. മാലിക് ബിന്‍ ദിനാറുടെ സഹോദരി റുഖിയാത്തിനെ അദ്ദേഹം വിവാഹം കഴിച്ചു. ഈ കഥ കാലപരമായി ശരിയല്ല. 428-ല്‍ ഭരണം തുടങ്ങിയ ചേരമാന്‍ പെരുമാള്‍ 355-ല്‍ ഇവിടം വിട്ടുപോയി എന്നാണ് കലിയുഗദിനസംഖ്യയുടെ അടിസ്ഥാനത്തില്‍ കാണുന്നത്. കാലക്രമത്തിലെ ഈ വൈരുധ്യം കാരണം 632-ല്‍ അന്തരിച്ച നബിയെ പെരുമാള്‍ ചെന്നു കണ്ടു എന്ന സൂചന സ്വീകരിക്കാന്‍ നിര്‍വാഹമില്ല. 16-ഉം 18-ഉം ശതകങ്ങളില്‍ രചിക്കപ്പെട്ട അറബി ഗ്രന്ഥങ്ങളായ റിഹ്ലത്തുല്‍ മൂലൂക്കും തുഹ്ഫത്തുല്‍ മുജാഹിദിനും 8-ഉം 9-ഉം ശതകങ്ങളില്‍ കേരളത്തില്‍ ഇസ്ലാമിനുണ്ടായ വളര്‍ച്ച ഏതാണ്ട് സമാനമായി രേഖപ്പെടുത്തുന്നു. ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനത്തെയും അറേബ്യയില്‍ വച്ച് അന്തരിച്ച പെരുമാള്‍ നല്കിയ കത്തുമായി കേരളത്തിലെത്തിയ മാലിക്ബിന്‍ ദിനാര്‍ നയിച്ച ദൗത്യസംഘത്തെയും കുറിച്ച് രണ്ടു ഗ്രന്ഥങ്ങളിലും പരാമര്‍ശമുണ്ട്. ഷേക് സൈനുദീന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീനില്‍, മാലിക് ദിനാര്‍ ആദ്യമായി കൊടുങ്ങല്ലൂരിലാണ്-ധര്‍മടത്തല്ല വന്നിറങ്ങിയതെന്നു രേഖപ്പെടുത്തിയിരിക്കുന്നു. അന്തരിച്ച പെരുമാളുടെ എഴുത്തുപ്രകാരം ഈ സംഘത്തില്‍ ഉണ്ടായിരുന്നവരെ ഭരണാധികാരി ബഹുമാനപുരസ്സരം സ്വീകരിക്കുകയും പള്ളി പണിയാന്‍ ഒരു സ്ഥലം അനുവദിച്ചുകൊടുക്കുകയും ചെയ്തു എന്നാണ് രേഖ.

രണ്ടാം ചേരസാമ്രാജ്യത്തിലെ ചേരരാജാവായ സ്ഥാണുരവിയുടെ (844-855) സഹകാരിയായ വേണാട്ടെ അയ്യനടികളുടെ തരിസാപ്പള്ളി ചെപ്പേടാണ് കേരളത്തിലെ അറബിമുസ്ലിങ്ങളെക്കുറിച്ച് വിവരം നല്കുന്ന ഏറ്റവും പുരാതനമായ ചരിത്രരേഖ. നിരവധി അവകാശങ്ങളോടുകൂടി കൊരക്കേണിക്കൊല്ലത്തെ കൊല്ലം തരിസാപ്പള്ളിക്ക് ഭൂമി ദാനം ചെയ്തെന്നാണ് ഈ ചെപ്പേടിന്റെ ഉള്ളടക്കം. ഈ ലിഖിതത്തിന്റെ കാലഘട്ടം 849 ആണെന്നു കരുതപ്പെടുന്നു.

കേരളത്തിലേക്കുള്ള ഇസ്ലാമിന്റെ കുടിയേറ്റം അവസാന ചേരരാജാവായിരുന്ന ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനത്തനവുമായി ബന്ധപ്പെടുത്തി ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിക്കാണുന്നു. ഒട്ടുമിക്ക എഴുത്തുകാരും സഞ്ചാരികളും ഇതു വിവരിച്ചിട്ടുണ്ട്. ഷേക് സൈനുദീന്‍ തുഹ്ഫത്തുല്‍ മുജാഹിദീനില്‍ ഇസ്ലാംമതം പൂകിയ ചേരമാന്‍ പെരുമാളിനെക്കുറിച്ച് സവിസ്തരം വിവരിക്കുന്നു. സുഹ്റവര്‍ധിയുടെ റിഹ്ലത്തുല്‍ മൂലൂക്കിലും ചെറിയ വ്യത്യാസങ്ങളോടെ ഈ കഥ വര്‍ണിച്ചിട്ടുണ്ട്. കേരളോത്പത്തിയിലും ലോഗന്റെ മലബാര്‍ മാനുവലിലും ഡിസ്ട്രിക്ട് ഗസറ്റിയറിലും പെരുമാളിന്റെ മതപരിവര്‍ത്തനത്തെക്കുറിച്ച് പരാമര്‍ശം കാണാം.

ചേരമാന്‍ പെരുമാളിന്റെ മതപരിവര്‍ത്തനം ഹിജ്റാ വര്‍ഷാരംഭത്തിന് 200 വര്‍ഷം ശേഷമാണെന്ന് ഷേക് സൈനുദീന്‍ പറയുന്നു. പ്രവാചകന്റെ കാലത്താണ് മതപരിവര്‍ത്തനം ചെയ്തതെന്നു കേരളോത്പത്തിയില്‍ പറയുന്നുണ്ട്. രാജ്യം പകുത്തുകൊടുത്തശേഷം പെരുമാള്‍ കപ്പലില്‍ അറേബ്യയിലേക്കു പോകുകയും ഷുഹ്ര്‍ എന്ന സ്ഥലത്ത് ഇറങ്ങുകയും ചെയ്തു. അവിടെ നിന്ന് ഇദ്ദേഹം ജിദ്ദയിലേക്കു പോയി. അവിടെ വച്ച് ഇദ്ദേഹം പ്രവാചകനെ നേരില്‍ കണ്ട് താജുദീന്‍ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ചു. അതിനുശേഷം ഷബീബുദ്ദീന്‍ എന്ന അറബി രാജാവിന്റെ സഹോദരിയെ വിവാഹം കഴിച്ച് 5 കൊല്ലം അവിടെ താമസിച്ച പെരുമാള്‍ അതിനുശേഷം മതപ്രചാരണാര്‍ഥം കേരളത്തിലേക്കു മടങ്ങവേ മരണപ്പെട്ടു.

ഉമര്‍ ബിന്‍ മുഹമ്മദ് സുഹ്റവര്‍ധിയുടെ റിഹ്ലത്തുല്‍ മൂലൂക്കില്‍ വിവരിക്കുന്ന മതംമാറ്റകഥയ്ക്ക് കേരളോത്പത്തിയിലെ പെരുമാള്‍ക്കഥയോടു സാമ്യമുണ്ട്. മധ്യപൂര്‍വദേശങ്ങളിലെ മുസ്ലിങ്ങളുമായി വ്യാപാരബന്ധമുണ്ടായിരുന്ന മഹല്‍ദ്വീപിലെ (മാലിദ്വീപുകള്‍) രാജാവിന്റെ സ്വാധീനം മൂലമാണ് കേരളത്തിലെ ഒരു രാജാവിന്റെ മതപരിവര്‍ത്തനം നടന്നതെന്നത്രേ ഇതില്‍ പറയുന്നത്.

അസംഗഢിലെ ഷീബ്ലി അക്കാദമിയുടെ ഡയറക്ടറും മതപണ്ഡിതനുമായിരുന്ന സയ്യദ് സുലൈമാന്‍ നഖ്വി, മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളെ അഭിസംബോധനചെയ്തു നടത്തിയ പ്രസംഗത്തില്‍ പ്രസ്താവിച്ച വസ്തുത ചിന്തനീയമാണ്. ഇസ്ലാംമതത്തിലേക്കു പരിവര്‍ത്തനം ചെയ്ത് ഗുലാം മുഹമ്മദ് എന്ന പേര്‍ സ്വീകരിച്ച കേരളീയനായ ഒരു ഹിന്ദു മാന്യന്‍, ചേരമാന്‍ പെരുമാളുടെ മതപരിവര്‍ത്തനം സംബന്ധിച്ച വിവരങ്ങളടങ്ങിയ സംസ്കൃതഗ്രന്ഥത്തിന്റെ കൈയെഴുത്തുപ്രതി തന്റെ നാട്ടിലെ പുരാലിഖിതശേഖരത്തില്‍ കണ്ടതായി നഖ്വിയോട് പ്രസ്താവിക്കുകയുണ്ടായത്രേ. 1921-ലെ മലബാര്‍ ലഹളയെപ്പറ്റി അന്വേഷിക്കുവാന്‍ നിയോഗിക്കപ്പെട്ട കമ്മിഷന്റെ നേതാവായ ഒരു പഞ്ചാബി ഹിന്ദുവും ഈ സംഗതി സ്ഥിരീകരിച്ചതായി നഖ്വി പറയുന്നു.

അറയ്ക്കല്‍ കൊട്ടാരത്തില്‍ നിന്നു കണ്ടെടുത്തതും തടിയില്‍ കൊത്തിയതുമായ ഒരു അറബി പദ്യത്തില്‍ ചേരമാന്‍ പെരുമാള്‍ താജുദീന്‍ എന്ന പേര്‍ സ്വീകരിച്ചതായും മക്കയില്‍ നിന്നുള്ള മടക്കയാത്രയില്‍ അന്തരിച്ചതായും പറയുന്നുണ്ട്. അറയ്ക്കല്‍ കൊട്ടാരത്തില്‍ നിന്നു തന്നെ ലഭിച്ചിട്ടുള്ള മറ്റൊരു അപൂര്‍വ കൈയെഴുത്തുപ്രതിയിലും ചേരമാന്‍ പെരുമാളിന്റെ മക്കാ സന്ദര്‍ശനവും അദ്ദേഹത്തിന്റെ ഇസ്ലാംമതപരിവര്‍ത്തനവും പരാമൃഷ്ടമായിട്ടുണ്ട്.

കേരളോത്പത്തിയില്‍ കൊടുത്തിരിക്കുന്ന വിവരണം അതിശയകരവും നിലനില്പില്ലാത്തതുമാണങ്കിലും, 'യാഥാര്‍ഥ്യത്തിന്റെ അടിത്തട്ടിന്മേലാണ് അതു പണിതുയര്‍ത്തിയിരിക്കുന്ന'തെന്നാണ് പി.കെ.എസ്. രാജയുടെ അഭിപ്രായം.

രാജാക്കന്മാര്‍ക്കിടയില്‍ നിലനിന്നിരുന്ന ചില പ്രത്യേക ആചാരങ്ങളും വിശ്വാസങ്ങളും ചേരമാന്‍ പെരുമാളിന്റെ ഇസ്ലാം മതപരിവര്‍ത്തനത്തിനു തെളിവു നല്കുന്നുണ്ട്. ലോഗന്‍ മലബാര്‍ മാനുവലില്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു: 'മക്കയിലേക്കു പോയ അമ്മാവന്‍ മടങ്ങിവരുന്നതുവരെ ഞാന്‍ ഈ വാള്‍ സുരക്ഷിതമായി സൂക്ഷിക്കും' എന്ന് അധികാരം കൈയേല്ക്കുന്ന സന്ദര്‍ഭത്തില്‍ തിരുവിതാംകൂറിലെ രാജാക്കന്മാര്‍ക്കു പ്രതിജ്ഞയെടുക്കേണ്ടതുണ്ടായിരുന്നു. അറേബ്യയില്‍ നിന്നുള്ള പെരുമാളിന്റെ വരവും കാത്ത് സിംഹാസനത്തിലിരിക്കുന്ന ഒരു വൈസ്രോയി മാത്രമായാണ് സാമൂതിരിയെ ഗണിച്ചിരുന്നത്. ഈ ആചാരങ്ങള്‍ തീര്‍ച്ചയായും മതപരിവര്‍ത്തന കഥയെ ബലപ്പെടുത്തുന്നു. ഇതിനു പുറമേ, പരമ്പരാഗതമായി നിലവിലുള്ള മറ്റൊരു ആചാരവും പെരുമാളുടെ മതംമാറ്റകഥയിലേക്കു വിരല്‍ ചൂണ്ടുന്നതാണ്. ഖാദിര്‍ ഹുസൈന്‍ ഖാന്‍ എഴുതിയിട്ടുള്ളത് ഇപ്രകാരമാണ് 'സാമൂതിരിയുടെ സ്ഥാനാരോഹണച്ചടങ്ങില്‍ അദ്ദേഹത്തിന്റെ തല മുണ്ഡനം ചെയ്യുകയും ഒരു മുസല്‍മാനെപ്പോലെ വേഷം കെട്ടിക്കുകയും ചെയ്യുക ഒരു ആചാരമാണ്. ഒരു മാപ്പിളയായിരിക്കും അദ്ദേഹത്തെ കിരീടമണിയിക്കുക'. പെരുമാള്‍ കഥയില്‍ എന്തെങ്കിലും സത്യമില്ലെങ്കില്‍ ഈ ആചാരങ്ങളൊന്നും നടപ്പില്‍ വരുമായിരുന്നില്ല.

ചേരസാമ്രാജ്യത്തിലെ ഏറ്റവും ഒടുവിലത്തെ ഭരണാധികാരി ഇസ്ലാംമതം സ്വീകരിച്ചതായി മറ്റു ചില ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നുണ്ട്. മുസ്ലിങ്ങളുടെ ഇതിഹാസഗ്രന്ഥങ്ങളില്‍ മാത്രമല്ല, ഹിന്ദു-ബ്രാഹ്മണ ഇതിഹാസകൃതികളായ കേരളോത്പത്തി പോലുള്ള ഗ്രന്ഥങ്ങളിലും പെരുമാള്‍ക്കഥ കാണുന്നതുകൊണ്ട് അവസാനത്തെ ചേരരാജാവ് ഇസ്ലാംമതം സ്വീകരിച്ച് മക്കയിലേക്കുപോയി എന്നു വിശ്വസിക്കാതെ തരമില്ലെന്ന അഭിപ്രായം പരിഗണനാര്‍ഹമാണ്. മാടായിപ്പള്ളിയില്‍ നിന്നു കിട്ടിയ രേഖകള്‍ ഇതിന് ഉപോദ്ബലകമാണ്. മാടായി പഴയ പള്ളിയിലുള്ള ആ പള്ളി ഹിജ്റ 518-ല്‍ (എ.ഡി. 1124) നിര്‍മിച്ചതാണെന്നാണു കാണിക്കുന്നത്. അതായത് അവസാനത്തെ ചേരരാജാവ് ഭരണരംഗത്തു നിന്നു നിഷ്കര്‍ഷിച്ച് രണ്ടുകൊല്ലം മാത്രം കഴിയുമ്പോഴാണ് ഈ പള്ളിയുടെ പണി നടന്നത്.

അതിനു പുറമേ 'ആയിര'ത്തിന്റെ(പെരുമാളുടെ സൈന്യത്തിന്റെ) സ്വഭാവവും പെരുമാള്‍ മക്കയില്‍പോയി ഇസ്ലാംമതം സ്വീകരിച്ചിരിക്കുവാനുള്ള സാധ്യതയാണു കാണിക്കുന്നത്. പെരുമാളിന്റെ ആയിരം വിശ്വസ്തരായ സ്നേഹിതന്മാരാണ്. ഈ സൈന്യത്തിലുണ്ടായിരുന്നത് ഈ സൈന്യത്തിന്റെ നായകന്‍ പില്ക്കാലത്ത് അസാധാരണമായ ചുറ്റുപാടുകളില്‍ അപ്രത്യക്ഷനാകുകയുണ്ടായി. അയാള്‍ക്കു പകരം പിന്നീടൊരാളെ നിയമിക്കുകയുണ്ടായില്ല. ചേരകാലഘട്ടത്തിലെ ആയിരം പിന്നീട് കുറേക്കാലം കൂടി 'ഒന്നു കുറെ ആയിരം'-ഒന്നു കുറച്ച് ആയിരം-എന്ന പേരില്‍ നിലനില്ക്കുകയുണ്ടായി. (കൊടുങ്ങല്ലൂരില്‍ 'ഒന്നു കുറെ ആയിരം' യോഗം, ഇപ്പോഴും നിലവിലുണ്ട്) ഇതില്‍ ഒന്നു കുറച്ചു വന്നത് ആയിരം പടയാളികളുടെ നായകന്റെ തിരോധാനം കൊണ്ടാണെന്നു വ്യാഖ്യാനിക്കപ്പെടുന്നു. ഇതൊരുപക്ഷെ അയാള്‍ അറേബ്യയിലേക്കു പോയതുകൊണ്ടാകാം.

ആല്‍രാബിരിയുടെ പാരഡൈസ് ഒഫ് വിസ്ഡം എന്ന ഗ്രന്ഥത്തില്‍ നബിയെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ പതിനേഴുദിവസം കഴിച്ചുകൂട്ടിയ ഒരു ചേരമാന്‍ പെരുമാളിനെപ്പറ്റി പരാമര്‍ശമുണ്ട്. പ്രവാചകന്റെ കാലത്തുതന്നെയാണെങ്കിലും രാജാവ് മതപരിവര്‍ത്തനമാണ് ആദ്യം നടത്തിയതെന്നും അതിനുശേഷമാണ് അറേബ്യയിലേക്കു തിരിച്ചതെന്നുമാണ് ഫരിഷ്തയുടെ അഭിപ്രായം.

കേരളത്തിലെ ഏതെങ്കിലും ഒരു ഭരണാധികാരി ഇസ്ലാംമതം സ്വീകരിക്കുകയും മക്കയില്‍ പോവുകയും ചെയ്തിട്ടുണ്ടെങ്കില്‍ അത് കേരളോത്പത്തിയിലും അറയ്ക്കല്‍ കൊട്ടാരത്തിലെ ലിഖിതങ്ങളിലും പറയുന്നതുപോലെ പ്രവാചകന്റെ കാല (എ.ഡി. 628) ത്തോ റിഹ്ലത്തുല്‍ മൂലൂക്കില്‍ കൊടുത്തിരിക്കുന്നതുപോലെ 8-ാം (എ. ഡി. 701) ശതകത്തിലോ ഷേക് സൈനുദീന്‍ തുഹ്ഫത്തൂല്‍ മുജാഹിദീനില്‍ പ്രസ്താവിക്കുന്നപോലെ 9-ാം (എ.ഡി. 822) ശതകത്തിലോ ഇളംകുളം കുഞ്ഞന്‍പിള്ളയും മറ്റുചില ചരിത്രകാരന്മാരും നടത്തിയ ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളതുപോലെ 12-ാം ശതകാരംഭത്തിലോ ആണെന്ന് അനുമാനിക്കാവുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍