This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേരക്കോഴി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേരക്കോഴി

ഒരിനം നീര്‍പക്ഷി; ചക്കിപ്പരുന്തിനോളം വലുപ്പം വരും. പാമ്പിനോടു സാദൃശ്യമുള്ള നീണ്ടു നേര്‍ത്ത കഴുത്താണ് ഈ പക്ഷിയുടെ പ്രത്യേകത. പെലിക്കനി ഫോര്‍മിസ് ഗോത്രത്തിലെ പ്ളോട്ടിനേ (plotinae) ഉപകുടുംബത്തില്‍പ്പെടുന്നു. ശാസ്ത്രനാമം: അനിംഗ റൂഫ മെലനോഗാസ്റ്റര്‍ (Anhinga rufa melanogaster). പ്ളോട്ടസ് മെലനോഗാസ്റ്റര്‍ (plotus melanogaster), ഡാര്‍ട്ടര്‍, ഇന്ത്യന്‍ സ്നേക്ക് ബേര്‍ഡ് എന്നിവയാണു ആംഗലേയനാമങ്ങള്‍.

ചേരക്കോഴി

ചേരക്കോഴിക്കു നീണ്ട കൊക്ക് അടക്കം 90 സെ.മീറ്ററോളം നീളം വരും. പക്ഷിയുടെ ദേഹവും വാലും നല്ല കറുപ്പും തൂവലുകള്‍ തൂവെള്ളയുമാണ്. ചിറകുകളില്‍ ചെറിയ വെള്ള വരകളുണ്ട്. തലയ്ക്കും കഴുത്തിനും തിളക്കമുള്ള തവിട്ടുനിറവും, താടിക്കും തൊണ്ടയ്ക്കും മങ്ങിയ വെളുപ്പു നിറവുമാണ്. തലയുടെ ഇരുവശത്തു നിന്നും തുടങ്ങുന്ന ഒരു വെള്ളപ്പട്ട കഴുത്തിന്റെ പാര്‍ശ്വഭാഗത്തുകൂടി താഴേക്കു പോവുന്നു. നീണ്ട വാലിന്റെ അഗ്രത്തിന് അര്‍ധവൃത്താകൃതിയാണ്. കുറിയ കാലുകളിലെ വിരലുകള്‍ താറാവിന്റേതുപോലെ തോലുകൊണ്ടു ബന്ധിച്ചിരിക്കും. ഇവയ്ക്കു വെള്ളത്തില്‍ നീന്താനും വളരെ വേഗത്തില്‍ പറക്കാനും കഴിയും. മറ്റു ജലപക്ഷികളുടെതുപോലെ ജലം പിടിക്കാത്ത തൂവലുകളല്ലാത്തതിനാല്‍ വിശ്രമിക്കുമ്പോഴൊക്കെ ഇവ ചിറകുകള്‍ നിവര്‍ത്തിപ്പിടിച്ച് ഉണക്കാറുണ്ട്.

ജലത്തില്‍ നിന്നും മത്സ്യം പിടിച്ചു ഭക്ഷിക്കുന്നതിന് നീണ്ടുവളഞ്ഞ കഴുത്ത് വളരെ ഉപകരിക്കുന്നു. കഴുത്തു പെട്ടെന്നു നിവര്‍ത്തി അരിവാളു പോലെയുള്ള കൊക്കുകൊണ്ട് ആഞ്ഞുകൊത്തി മത്സ്യങ്ങളെ പിടിക്കുന്നു. ഇരയെ കൊക്കിനകത്താക്കിയാല്‍ വെള്ളത്തില്‍ നിന്നും പൊന്തി മത്സ്യത്തെ മുകളിലേക്ക് എറിഞ്ഞ്, തല വായില്‍ വരത്തക്കവണ്ണം പിടിച്ചു വിഴുങ്ങുന്നു.

ജലാശയത്തിനു സമീപമുള്ള മരങ്ങളില്‍ ഉണങ്ങിയ കമ്പുകള്‍ ഉപയോഗിച്ചു തട്ടുപോലുള്ള കൂടുകള്‍ നിര്‍മിക്കുന്നു. ഒരു പ്രാവശ്യം മൂന്നോ നാലോ മുട്ടകളിടും. കുഞ്ഞുങ്ങളുടെ നിറം വെളുപ്പാണ്. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പക്ഷിയാണിത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍