This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേനത്തണ്ടന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേനത്തണ്ടന്‍

Russels Viper

വൈപെറിഡേ (Viperidae) കുടുംബത്തില്‍പ്പെട്ട ഒരിനം വിഷപ്പാമ്പ്. ശാസ്ത്രനാമം: വൈപ്പെറ റസ്സലൈ (Vipera russelli). ഇന്ത്യയില്‍ ഏതാണ്ട് എല്ലായിടത്തും കാണപ്പെടുന്നു. പെണ്‍പാമ്പിന് 120-140 സെ.മീ. നീളം വരും; ആണ്‍പാമ്പിന് അല്പം നീളം കൂടുതലാണ്. 150 മി.മീ. വരെ വണ്ണം വയ്ക്കാറുള്ള ചേനത്തണ്ടന്റെ ദേഹത്തിന് ഇളം തവിട്ടുനിറമാണ്. ശരീരത്തിലുടനീളം കടും തവിട്ടുനിറത്തിലുള്ള മൂന്നുവരി പാടുകള്‍ ഉണ്ട്. ശരീരത്തിന്റെ മുകള്‍ഭാഗത്ത് നടുവിലൂടെ 37-ഉം ഇതിനിരുവശത്തുമായി 27-ഉം കീഴ്ഭാഗത്തായി 84-ഉം പാടുകളാണ് സാധാരണ കാണപ്പെടുന്നത്.

ചേനത്തണ്ടന്‍

ചേനത്തണ്ടന്റെ തലയ്ക്ക് ത്രികോണാകൃതിയാണ്. തലയുടെ മുകള്‍ഭാഗത്തുള്ള ശല്ക്കങ്ങള്‍ ചെറിയവയാണ്. ഇവ ഒന്നിനുമേല്‍ മറ്റൊന്ന് എന്ന നിലയില്‍ അടുക്കിയിരിക്കുന്നു. ശല്ക്കങ്ങള്‍ക്കെല്ലാം വരമ്പുകളും ഉണ്ട്. തലയിലേതിനെ അപേക്ഷിച്ച് ഉടലിലെ ശല്ക്കങ്ങള്‍ വലുപ്പമേറിയവയാണ്. ഹനുവിന് കോണ്‍ ആകൃതിയാണ്. നാസികാദ്വാരം വളരെ തെളിഞ്ഞു കാണപ്പെടുന്നു. കണ്ണുകള്‍ക്ക് ചുറ്റും ഒരു നേരിയ വെള്ളവരയുണ്ട്. നേത്രപടലം സ്വര്‍ണനിറത്തിലുള്ളതും കൃഷ്ണമണി ദീര്‍ഘവൃത്താകൃതിയിലുള്ളതുമാണ്. കണ്ണിന് ചുറ്റുമായി അനവധി ചെറു ശല്ക്കങ്ങളും കാണപ്പെടുന്നു.

ചേനത്തണ്ടനില്‍ വിഷപ്പല്ലുകളുടെ പരിണാമം ഏതാണ്ട് സമ്പൂര്‍ണാവസ്ഥയിലെത്തിയിരിക്കുന്നു. വലിയ വളഞ്ഞ പല്ലുകളാണിവയ്ക്കുള്ളത്. വിഷപ്പല്ലുകളെ നിവര്‍ത്തി ഉയര്‍ത്താനും സാധിക്കും. ഈ പല്ലുകള്‍ക്ക് ഏതാണ്ട് 10 മി.മീ. നിളം വരും. പല്ലിന്റെ ഉള്ളിലൂടെ വിഷം ഒഴുകാന്‍ പാകത്തിന് നേരിയ ഒരു കുഴലുണ്ട്. വിശ്രമാവസ്ഥയില്‍ വിഷപ്പല്ലുകള്‍ ഹനുവിന്റെ അരികു ചേര്‍ന്നുകിടക്കുന്നു. എപ്പോഴും രണ്ട് വിഷപ്പല്ലുകള്‍ പ്രവര്‍ത്തനനിരതമായിരിക്കും. ഓരോന്നിന്റെയും ചുവടറ്റത്തായി ചെറുമൊട്ടുകളും കാണും. ഒരു വിഷപ്പല്ലിന് കേടുപറ്റിയാല്‍ ചുവടറ്റത്തുള്ള മൊട്ടു വളര്‍ന്ന് പുതിയ ഒരു വിഷപ്പല്ലായി മാറുന്നു. തുടര്‍ച്ചയായി ഉച്ചത്തില്‍ ചേനത്തണ്ടന്‍ ചീറ്റാറുണ്ട്. മുന്നോട്ടും പിന്നോട്ടും തല തിരിച്ച് കടിക്കാനും ഇവയ്ക്കു കഴിവുണ്ട്. കടിക്കാനായി തല ഉയര്‍ത്തി ചീറ്റുമ്പോള്‍ വായ തുറക്കുകയും വിഷപ്പല്ല് ഉറയില്‍നിന്ന് പുറത്തേക്ക് തള്ളിവരികയും ചെയ്യും. അപ്പോള്‍ വിഷഗ്രന്ഥിയില്‍നിന്നും പല്ലിന്റെ ഉള്ളിലെ നാളിയിലൂടെ ഒഴുകി എത്തുന്ന വിഷം ചെറുതുള്ളികളായി തെറിക്കുന്നു. കടിയേല്ക്കുന്ന ഭാഗത്ത് വീക്കവും വേദനയും അനുഭവപ്പെടും. വീക്കം കുറേ ദിവസം നീണ്ടുനില്ക്കാറുണ്ട്. തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ വിഷം മാരകമാവും.

പാറകളും കുറ്റിക്കാടുകളുമുള്ള സ്ഥലങ്ങളിലാണ് ചേനത്തണ്ടന്റെ വാസം. ശരീരനിറവും പാടുകളും ഈ പരിതഃസ്ഥിതിയുമായി നന്നായി ഇണങ്ങിച്ചേരുന്നതിനാല്‍ പാമ്പിനെ വേഗം തിരിച്ചറിയാനാവില്ല. ശരീരം ചുരുട്ടി ചുരുളുകള്‍ക്ക് മധ്യത്തിലായി തലയും വച്ചാണ് ഇവ കിടക്കാറുള്ളത്. കുറ്റിച്ചെടികളിലും ചെറുമരങ്ങളിലും ഇഴഞ്ഞുകയറാറുമുണ്ട്.

എലി, ചുണ്ടെലി എന്നിവയാണ് ചേനത്തണ്ടന്റെ പ്രധാന ആഹാരം. ഓന്തുകള്‍, ചെറുപക്ഷികള്‍ എന്നിവയെയും ഇരയാക്കാറുണ്ട്.

ജൂലായ്-ആഗസ്റ്റ് മാസങ്ങളിലാണ് ഇവ ഇണചേരാറുള്ളത്. പെണ്‍ പാമ്പ് കുഞ്ഞുങ്ങളെ പ്രസവിക്കുന്നു. പ്രസവഘട്ടത്തില്‍ മൂന്നുദിവസംകൊണ്ട് ഒരു പെണ്‍പാമ്പ് 96 കുഞ്ഞുങ്ങളെ വരെ പ്രസവിച്ചതായി രേഖയുണ്ട്. ജനിക്കുന്ന സമയം കുഞ്ഞുങ്ങള്‍ക്ക് 24 സെ.മീ. വരെ നീളവും 14 ഗ്രാം വരെ തൂക്കവും ഉണ്ടാവും. കുഞ്ഞുങ്ങളുടെ ദേഹത്തെ പാടുകള്‍ ഒന്നിച്ച് കൂടിച്ചേര്‍ന്നവിധത്തിലാണ് കാണപ്പെടുന്നത്. ജനിച്ച ഉടനെ തന്നെ കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രാവശ്യം ഉറ ഊരല്‍ നടക്കുന്നു. പിന്നീട് ഒരു മാസത്തിനകം മൂന്ന് പ്രാവശ്യത്തോളം ഉറ ഊരല്‍ നടക്കും. 21 ദിവസം കഴിയുന്നതോടെ കുഞ്ഞുങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ക്കും വിഷമുണ്ടെങ്കിലും വിഷത്തിന്റെ അളവും ശക്തിയും കുറവാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍