This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേങ്ങില

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേങ്ങില

ഒരു കേരളീയ ഘനവാദ്യം. വൃത്താകൃതിയില്‍ ഓടുകൊണ്ടുണ്ടാക്കിയ കട്ടിയുള്ള തകിടാണ് ചേങ്ങില. ഇതിന്റെ ഒരറ്റത്ത് വളയമിട്ട് തുണി ചുറ്റിയിരിക്കും. അതുപയോഗിച്ച് ചേങ്ങില ഇടതുകൈയുടെ പെരുവിരലില്‍ തൂക്കിയിടുന്നു. വലതുകൈയില്‍ ഒരു ഉരുണ്ട കോലുപയോഗിച്ച് അതുകൊണ്ട് പരന്ന പ്രതലത്തില്‍ മുട്ടിയാണ് ശബ്ദമുണ്ടാക്കുന്നത്. കുലഞ്ഞില്‍ത്തടി ചെത്തിയുരുട്ടിയാണ് ഈ കോല്‍ ഉണ്ടാക്കുന്നത്.

ചേങ്ങില

കഥകളിക്കുപയോഗിക്കുന്ന ഒരു പ്രധാന വാദ്യമാണിത്. പ്രധാനഭാഗവതരായ 'പൊന്നാനി' ചേങ്ങില കൊട്ടിക്കൊണ്ടാണ് പാട്ടുപാടുന്നത്. രംഗകര്‍മങ്ങളുടെ നിയന്ത്രണം ചേങ്ങിലക്കൊട്ടുകൊണ്ടാണ് സാധിക്കുന്നത്. ചൊല്ലിയാടിക്കുന്നതും കലാശം ഇട്ടു കൊടുക്കുന്നതുമെല്ലാം ചേങ്ങില മുട്ടിക്കൊണ്ടാണ്. പാട്ടിന്റെ ശ്രുതിയായും മറ്റുവാദ്യങ്ങള്‍ക്ക് താളമായും നില്ക്കുന്ന ഇതിന്റെ പ്രാധാന്യം വലുതാണ്. കപ്ളിങ്ങാട്ട് നമ്പൂതിരിയാണ് കഥകളിയില്‍ ചേങ്ങിലയ്ക്ക് ഇത്രയധികം പ്രാധാന്യം നല്കിയത്. മാത്തൂര്‍ കുഞ്ഞുപിള്ള എന്ന കളിയാചാര്യന്‍ കഥകളിയുടെ പ്രധാനവാദ്യമായി കണക്കാക്കിയിട്ടുള്ളത് ഇതിനെയാണ്. പല ക്ഷേത്രങ്ങളിലും പൂജയ്ക്കും ശ്രീബലിക്കും ഇതുപയോഗിച്ചുവരുന്നു. പാണി, വിളക്കാചാരം തുടങ്ങിയ താന്ത്രികച്ചടങ്ങുകളിലും ഇതിന് സവിശേഷസ്ഥാനമുണ്ട്. അഷ്ടപദിയില്‍ പാടുന്നയാള്‍ ഇടയ്ക്ക വായിക്കുന്നതിനു പുറമേ, ശിങ്കിടിക്കാരന്‍ ചേങ്ങില കൊണ്ടു താളം പിടിക്കുന്ന പതിവുണ്ട്. കൃഷ്ണനാട്ടം, ചാത്തിരാങ്കം എന്നിവയിലും ചേങ്ങില ഉപയോഗിച്ചുവരുന്നു.

വ്യത്യസ്ത വലുപ്പത്തിലുള്ള ചേങ്ങിലകളാണ് ഓരോ ആവശ്യത്തിനും ഉപയോഗിക്കുക. പാണി തുടങ്ങിയ അനുഷ്ഠാനങ്ങള്‍ക്ക് ഇടത്തരം ചേങ്ങിലയാണ് ഉപയോഗിക്കുന്നത്. കഥകളിയില്‍ ഉപയോഗിക്കുന്ന ചേങ്ങിലയാണ് ഏറ്റവും വലുത്.

തമിഴ്നാട്ടിലും പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഇതിന് സമാനമായ വാദ്യങ്ങള്‍ ഉണ്ട്. തമിഴ്നാട്ടിലെ സമാനമായ വാദ്യം 'ശെമക്കമലം' എന്നും ഉത്തരേന്ത്യയിലുള്ളത് 'താലി' എന്നും അറിയപ്പെടുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%87%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%B2" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍