This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, നെവില്‍ (1869 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, നെവില്‍ (1869 - 1940)

Chamberlain, Neville

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്യതന്ത്രജ്ഞനും. 1869 മാ. 18-ന് ബര്‍മിങ്ഹാമില്‍ ഫാരിയറ്റ് കെന്റിക്കിന്റെയും ജോസഫ് ചേംബര്‍ലെയ്ന്റെയും പുത്രനായി ജനിച്ചു. ബര്‍മിങ്ഹാമിലെ മേസണ്‍ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1911-ല്‍ ബര്‍മിങ്ഹാം സിറ്റി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1915-ല്‍ ബര്‍മിങ്ഹാമിലെ മേയര്‍ ആയി. 1916-ല്‍ ബര്‍മിങ്ഹാമില്‍ ആരംഭിച്ച മുനിസിപ്പല്‍ സേവിങ് ബാങ്ക് ചേംബര്‍ലെയ്ന്റെ ശ്രമഫലമായിരുന്നു. ഇതേ വര്‍ഷം അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് ലോയ്ഡ് ജോര്‍ജ് ചേംബര്‍ലെയ്നെ നാഷണല്‍ സര്‍വീസിന്റെ ഡയറക്ടര്‍ ജനറല്‍ ആയി നിയമിച്ചു. എന്നാല്‍ അധികാരത്തെ സംബന്ധിച്ച് പ്രധാനമന്ത്രിയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് ഏഴുമാസം കഴിഞ്ഞപ്പോള്‍ ആ പദവി രാജിവച്ചു.

1918-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് യാഥാസ്ഥിതിക കക്ഷിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെ ചേംബര്‍ലെയ്ന്‍ ദേശീയ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയനായി. ഡേവിഡ് ലോയ്ഡ് ജോര്‍ജിന്റെ ഗവണ്‍മെന്റ് നിലംപതിച്ചതിനെത്തുടര്‍ന്ന് ആന്‍ഡ്രൂ ബോണാര്‍ലോ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി. ഇദ്ദേഹം 1922 ഒക്ടോബറില്‍ ചേംബര്‍ലെയ്നെ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ആയി നിയമിച്ചു. 1923-ല്‍ ആരോഗ്യവകുപ്പ് മന്ത്രിയായി നിയമിതനായ ചേംബര്‍ലെയ്ന്‍ സ്റ്റാന്‍ലി ബാള്‍ഡ്വിന്‍ ഗവണ്‍മെന്റില്‍ ധനകാര്യവകുപ്പു മന്ത്രിയായി അവരോധിക്കപ്പെട്ടു. 1924-ല്‍ സ്റ്റാന്‍ലി ബാള്‍ഡ്വിന്‍ ഗവണ്‍മെന്റ് നിലംപതിച്ചതിനെത്തുടര്‍ന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തില്‍ വരികയും ചേംബര്‍ലെയ്ന്‍ വീണ്ടും ആരോഗ്യവകുപ്പുമന്ത്രിയായി നിയമിതനാവുകയും ചെയ്തു. 1929 വരെ ഇദ്ദേഹം ഈ പദവിയില്‍ത്തുടര്‍ന്നു. 1930-ല്‍ ചേംബര്‍ലെയ്ന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ചെയര്‍മാനായി ഉയര്‍ന്നു.

1931 ആഗസ്റ്റില്‍ റാംസേ മാക്ഡൊണാള്‍ഡിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട നാഷണല്‍ ഗവണ്‍മെന്റില്‍ ഇദ്ദേഹം ആരോഗ്യവകുപ്പുമന്ത്രിയായി സേവനം അനുഷ്ഠിച്ചു. പൊതു തിരഞ്ഞെടുപ്പിനുശേഷം 1931 ഒക്ടോബറില്‍ നാഷണല്‍ ഗവണ്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ ചേംബര്‍ലെയ്ന്‍ ധനകാര്യവകുപ്പുമന്ത്രിയായി. ബ്രിട്ടന്റെ സാമ്പത്തികരംഗത്ത് സന്തുലിതാവസ്ഥ ഉളവാക്കിയത് ചേംബര്‍ലെയ്ന്റെ നേട്ടമായി അംഗീകരിക്കപ്പെട്ടു. 1937 മേയ് 28-ന് ചേംബര്‍ലെയ്ന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിപദം ഏറ്റെടുത്തു. ഹിറ്റ്ലറുടെ ജര്‍മനി യൂറോപ്പിലാകമാനം ആക്രമണം അഴിച്ചുവിട്ട കാലഘട്ടമായിരുന്നു അത്.

ജര്‍മനിയുടെ യൂറോപ്പിലെ ആക്രമണ ഭീഷണി നേരിടാന്‍ നയതന്ത്രപരവും സമാധാനപരവുമായ മാര്‍ഗമാണ് ചേംബര്‍ലെയ്ന്‍ സ്വീകരിച്ചത്. പ്രീണനം എന്ന ആരോപണത്തിന് കാരണമായ ഇതിന്റെ ഭാഗമായി 1938 സെപ്. 16-ന് ആംഗ്ലോ-ഇറ്റാലിയന്‍ ഉടമ്പടിയും ജര്‍മനി ചെക്കസ്ളോവാക്യയെ ആക്രമിക്കുന്നത് ഒഴിവാക്കാന്‍ സെപ്. 30-ന് മ്യൂണിക് കരാറും ഇദ്ദേഹം ഒപ്പുവച്ചു. 1939 മാ. 15-ന് ഹിറ്റ്ലര്‍ ചെക്കസ്ളോവാക്യയെ ആക്രമിച്ചപ്പോള്‍ ചേംബര്‍ലെയ്ന്‍ സമാധാനശ്രമങ്ങള്‍ ഉപേക്ഷിക്കുകയും ജര്‍മനിക്കെതിരെ യുദ്ധത്തിന് തയ്യാറെടുപ്പ് നടത്തുകയും ചെയ്തു. 1939 സെപ്. 1-ന് ഹിറ്റ്ലര്‍ പോളണ്ടിനെ ആക്രമിച്ചതിനെത്തുടര്‍ന്ന് സെപ്. 3-ന് ഗ്രേറ്റ് ബ്രിട്ടന്‍ പോളണ്ടിനുവേണ്ടി ജര്‍മനിയോട് യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിന്റെ ഭാഗമായി 1940-ല്‍ നോര്‍വെയിലേക്കുള്ള സായുധ മുന്നേറ്റത്തില്‍ ബ്രിട്ടന് പരാജയം സംഭവിച്ചു. ഇത് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചേംബര്‍ലെയ്നെതിരെ നിശിതമായ വിമര്‍ശനത്തിന് കാരണമായി; സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങള്‍ കൂറുമാറുകയും ചെയ്തു. ഇതേത്തുടര്‍ന്ന് 1940 മേയ് 10-ന് ചേംബര്‍ലെയ്ന്‍ പ്രധാനമന്ത്രിപദം രാജിവച്ചു. തുടര്‍ന്ന് അധികാരത്തില്‍വന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഗവണ്‍മെന്റില്‍ ചേംബര്‍ലെയ്ന്‍ ലോഡ് പ്രസിഡന്റ് ഒഫ് ദ് കൗണ്‍സില്‍ ആയി സ്ഥാനമേറ്റെങ്കിലും അനാരോഗ്യത്തെത്തുടര്‍ന്ന് സെപ്. 30-ന് ആ പദവിയും യാഥാസ്ഥിതിക കക്ഷി നേതൃസ്ഥാനവും രാജിവച്ചു. ഇന്‍ സര്‍ച്ച് ഒഫ് പീസ് (1939) എന്ന ഒരു ഗ്രന്ഥം ഇദ്ദേഹം രചിച്ചിട്ടുണ്ട്. 1940 ന. 9-ന് റീഡിങ്ങിനടുത്തുള്ള ഹെക്ഫീല്‍ഡില്‍ ചേംബര്‍ലെയ്ന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍