This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചേംബര്‍ലെയ്ന്‍, എഡ്വേഡ് (1899 - 1967)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചേംബര്‍ലെയ്ന്‍, എഡ്വേഡ് (1899 - 1967)

Chamberlain, Edward

അമേരിക്കന്‍ ധനതത്ത്വശാസ്ത്രജ്ഞന്‍. 1899 മേയ് 18-ന് വാഷിങ്ടണില്‍ ജനിച്ചു. 1927-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടിയ ചേംബര്‍ലെയ്ന്‍, 1937-ല്‍ അവിടെ പ്രൊഫസറായി ചേര്‍ന്നു. 1966-ല്‍ റിട്ടയര്‍ ചെയ്യുന്നതുവരെ ഇദ്ദേഹം ഹാര്‍വാഡില്‍ തന്നെ തുടരുകയുണ്ടായി. പ്രശസ്തമായ ക്വാര്‍ട്ടര്‍ലി ജര്‍ണല്‍ ഒഫ് ഇക്കണോമിക്സ് (Quarterly Journal of Economics)ന്റെ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1967 ജൂല. 16-ന് മാസച്യുസെറ്റ്സില്‍ നിര്യാതനായി.

ആധുനിക സൂക്ഷ്മസാമ്പത്തികശാസ്ത്ര വിശകലന (micro economic analysis) ചരിത്രത്തില്‍ ഗണനീയസ്ഥാനമലങ്കരിക്കുന്ന ചേംബര്‍ലെയ്ന്‍ 1933-ല്‍ തന്റെ 'കുത്തകാധിഷ്ഠിതമത്സരസിദ്ധാന്തം' (Theory of Monopolistic Competition) എന്ന കൃതി പ്രസിദ്ധീകരിച്ചതോടുകൂടിയാണ് പ്രസിദ്ധിയിലേക്ക് ഉയര്‍ന്നത്. കുത്തക (monopoly)യുടെയും മത്സര(competition)ത്തിന്റെയും മിശ്രിതമാണ് യഥാതഥമായ കമ്പോളഘടനകള്‍ എന്ന വീക്ഷണമാണ് ഈ കൃതിയിലൂടെ ചേംബര്‍ലെയ്ന്‍ ആവിഷ്കരിക്കുന്നത്. കമ്പോളഘടനകളെ ശുദ്ധമത്സര കമ്പോളം അഥവാ പൂര്‍ണമത്സരകമ്പോളം, കുത്തകമത്സര കമ്പോളം എന്നിങ്ങനെ വിപരീത ദ്വന്ദ്വങ്ങളായി വിഭജിക്കുന്ന രീതിയായിരുന്നു 1920-കളില്‍ അക്കാദമിക് ധനതത്ത്വശാസ്ത്രരംഗത്ത് നിലനിന്നിരുന്നത്. ഈ വിഭജനം അയഥാര്‍ഥവും അശാസ്ത്രീയവുമാണെന്ന് ചേംബര്‍ലെയ്ന്‍ വാദിച്ചു. വിഭിന്ന കമ്പോളഘടനകളെക്കുറിച്ചുള്ള സിദ്ധാന്തങ്ങള്‍ സംയോജിപ്പിക്കാനും വാസ്തവികവും സമഗ്രവുമായ ഒരു കമ്പോള ഘടനാസിദ്ധാന്തം ആവിഷ്കരിക്കാനുമാണ് ചേംബര്‍ലെയ്ന്‍ ശ്രമിച്ചത്. ഇതേ കാലയളവില്‍ത്തന്നെ, കമ്പോളഘടനാസിദ്ധാന്തങ്ങളിലൂടെ പ്രശസ്തയായിത്തീര്‍ന്ന ഇംഗ്ളണ്ടിലെ ജോവാന്‍ റോബിന്‍സണിന്റെ പരികല്പനകളില്‍നിന്ന് തന്റെ വീക്ഷണങ്ങള്‍ക്കുള്ള മൌലികമായ വ്യത്യാസം എടുത്തുപറയുന്നതിലും ചേംബര്‍ലെയ്ന്‍ നിഷ്കര്‍ഷ പുലര്‍ത്തിയിരുന്നു.

ധനതത്ത്വശാസ്ത്രരംഗത്ത് ചേംബര്‍ലെയ്ന്റെ ഏറ്റവും വലിയ സംഭാവനയായി ഗണിക്കപ്പെടുന്നത്, ഒളിഗൊപ്പൊളി (oligopoly) യെക്കുറിച്ചുള്ള സിദ്ധാന്തമാണ്. ഏതാനും വില്പനക്കാര്‍ മാത്രമുള്ള കമ്പോളത്തെയാണ് ഒളിഗൊപ്പൊളി എന്നതുകൊണ്ടര്‍ഥമാക്കുന്നത്. വില്പനക്കാരുടെ എണ്ണം കുറവായതിനാല്‍ ഓരോ വില്പനക്കാരനും കമ്പോളത്തെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയും. ചേംബര്‍ലെയ്ന്റെ ഒളിഗൊപ്പൊളിസ്റ്റിക് കമ്പോളഘടനയില്‍ ശുദ്ധമത്സരത്തിന്റെയും കുത്തകമത്സരത്തിന്റെയും കര്‍ശനമായ അതിര്‍വരമ്പുകള്‍ മാഞ്ഞുപോകുന്നു. ഈ രണ്ട് കമ്പോള ഘടനകള്‍ക്കിടയ്ക്കുള്ള ഒരു അനുസ്യൂതിയാണ് ഇദ്ദേഹത്തിന്റെ ഒളിഗൊപ്പൊളി. ഏതാനും വില്പനക്കാര്‍ മാത്രമുള്ളതിനാല്‍, ഓരോരുത്തരുടെയും ഉത്പന്നങ്ങളെ പരസ്പരം വ്യതിരിക്തമാക്കാന്‍ (product differentiation) കഴിയും. ഉത്പന്നവ്യതിരിക്തതയുടെ ഏറ്റവും വലിയനേട്ടം ഉപഭോക്താക്കള്‍ക്ക് ഒന്നിനുപകരം മറ്റൊന്ന് തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു എന്നതാണ്.

ഒളിഗൊപ്പൊളിയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിലൂടെ ചേംബര്‍ ലെയ്ന്‍ ആധുനിക വ്യവസായസംഘടനാവിശകലന(Modern industrial organisation analysis) ത്തിന് ജന്മം നല്കി. പരമ്പരാഗത സൂക്ഷ്മസാമ്പത്തികശാസ്ത്രത്തില്‍നിന്ന് വ്യത്യസ്തമായി ചേംബര്‍ലെയ്ന്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള പഠനത്തിനാണ് പ്രാധാന്യം നല്കിയത്. ഉത്പന്ന വ്യതിരിക്തതയാണ് ഒളിഗൊപ്പൊളിയുടെ പ്രത്യേകതയെന്ന് ചേംബര്‍ലെയ്ന്‍ സിദ്ധാന്തിച്ചു. ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് സ്വന്തം ഉത്പന്നങ്ങളെ ഭിന്ന ഉത്പന്നങ്ങളില്‍നിന്ന് വ്യതിരിക്തമാക്കി നിലനിര്‍ത്താനുള്ള ഒരു സ്ഥാപനത്തിന്റെ ശേഷിയാണ് ഒളിഗൊപ്പൊളിയുടെ അന്തസ്സത്ത. ചേംബര്‍ലെയ്ന്റെ സിദ്ധാന്തമനുസരിച്ച് ഉത്പാദനച്ചെലവിനെപ്പോലെ പ്രാധാന്യമര്‍ഹിക്കുന്ന ഒരു സങ്കല്പമാണ് വില്പനച്ചെലവ് (selling cost). ഉത്പന്നത്തിന്റെ ഗുണം, പ്രത്യേകത എന്നിവയെക്കുറിച്ച് ഉപഭോക്താക്കളുടെ മനസ്സില്‍ സവിശേഷമായ അഭിരുചികള്‍ ജനിപ്പിക്കുന്നതിനുവേണ്ടി നടത്തുന്ന പരസ്യത്തിന്റെ ചെലവിനെയാണ് പ്രധാനമായും വില്പനച്ചെലവ് എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. വിവിധ ഉത്പന്ങ്ങള്‍ ഒരുപോലെയായിരിക്കുന്ന അഥവാ ഏകരൂപമായിരിക്കുന്ന ഒളിഗൊപ്പൊളിസ്റ്റിക് കമ്പോളങ്ങളെക്കുറിച്ചും ചേംബര്‍ലെയ്ന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഉത്പാദകരെ സംബന്ധിച്ചിടത്തോളം ഒളിഗൊപ്പൊളിസ്റ്റിക് കമ്പോളങ്ങളുടെ മേന്മ, കൂട്ടായ തീരുമാനങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി ലാഭമുണ്ടാക്കുവാന്‍ കഴിയുന്നു എന്നതാണ്. നിയോക്ലാസ്സിക്കല്‍ പ്രത്യയശാസ്ത്രത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ചേംബര്‍ലെയ്ന്‍ ആവിഷ്കരിച്ച കമ്പോളസിദ്ധാന്തം, സൂക്ഷ്മ സാമ്പത്തികശാസ്ത്രത്തിന്റെ വികാസത്തില്‍ ശ്രദ്ധേയമായ സ്വാധീനത ചെലുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍