This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെസ്റ്റര്‍ട്ടണ്‍, ഗില്‍ബര്‍ട്ട് കീത്ത് (1874 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെസ്റ്റര്‍ട്ടണ്‍, ഗില്‍ബര്‍ട്ട് കീത്ത് (1874 - 1936)

ഗില്‍ബര്‍ട്ട് കീത്ത് ചെസ്റ്റര്‍ട്ടണ്‍

ഇംഗ്ലീഷ് സാഹിത്യകാരനും പത്രപ്രവര്‍ത്തകനും. 1874 മേയ് 24-ന് കെന്‍സിങ്ടണില്‍ ജനിച്ചു. ചിത്രകാരനാകാനായിരുന്നു മോഹം. സ്ലേഡ് സ്കൂളില്‍നിന്ന് ചിത്രരചനയില്‍ പ്രാവീണ്യം നേടി. പക്ഷേ, പത്രപ്രവര്‍ത്തനത്തിലേക്കാണ് ഇദ്ദേഹം എത്തപ്പെട്ടത്. 1905 മുതല്‍ 30 വരെ ദ ലണ്ടന്‍ ഇല്ലസ്ട്രേറ്റഡ് ന്യൂസില്‍ സേവനമനുഷ്ഠിച്ചു. ന്യൂ വിറ്റ്നസ് മാഗസിന്‍ എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇദ്ദേഹം സ്ഥാപിച്ച വാരികയാണ് ജി. കേസ് വീക്ക്ലി. പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും പുസ്തകനിരൂപണങ്ങള്‍ എഴുതിക്കൊണ്ടാണ് ചെസ്റ്റര്‍ട്ടണ്‍ സാഹിത്യരംഗത്തേക്കു പ്രവേശിച്ചത്. 1900-ല്‍ ദ വൈല്‍ഡ് നൈറ്റ് എന്ന കവിതയിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് ഉപന്യാസങ്ങളും വിമര്‍ശനപഠനങ്ങളും നോവലുകളും കവിതകളുമായി നിരവധി രചനകള്‍ നടത്തി അക്കാലത്തെ ശക്തനായ എഴുത്തുകാരനായി മാറി. ഉപന്യാസഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ടവ ഓര്‍ത്തഡോക്സി (1908), ട്രെമന്‍ഡസ് ട്രിഫിള്‍സ് (1909) എന്നിവയാണ്. ഇംഗ്ലീഷ് മെന്‍ ഒഫ് ലെറ്റേഴ്സ് പരമ്പരയ്ക്കു വേണ്ടി ഇദ്ദേഹം തയ്യാറാക്കിയ ബ്രൌണിങ്ങിന്റെയും ഡിക്കന്‍സിന്റെയും സാഹിത്യസംഭാവനകളെക്കുറിച്ചുള്ള പഠനങ്ങള്‍ മികച്ച വിമര്‍ശന പഠനങ്ങളെന്ന നിലയില്‍ ഖ്യാതി നേടി. ഫാദര്‍ ബ്രൌണ്‍ എന്ന കുറ്റാന്വേഷണ വിദഗ്ധന്റെ സാഹസികമായ അന്വേഷണങ്ങളുടെ കഥ പറയുന്ന ക്രൈം-നോവല്‍ പരമ്പര ഇദ്ദേഹത്തെ വമ്പിച്ച പ്രശസ്തിയിലേക്കുയര്‍ത്തി. ദ നെപ്പോളിയന്‍ ഒഫ് നോട്ടിംഗ്ഹില്‍ (1904), ദ മാന്‍ ഹൂ വാസ് തേഴ്സ്ഡെ (1907) എന്നിവയാണ് പ്രധാന നോവലുകള്‍. കാവ്യഗ്രന്ഥങ്ങളില്‍ ദ ബാലഡ് ഒഫ് വൈറ്റ് ഹോഴ്സ് ഇദ്ദേഹത്തിന്റെ പരിപക്വമായ കാവ്യശൈലിയെ പ്രതിനിധീകരിക്കുന്നു. ഇദ്ദേഹത്തിന്റെ മറ്റൊരു സംഭാവന ആത്മകഥയാണ്.

പരഭാഗശോഭ പരത്തുന്നതിലല്ല, ആന്തരികശോഭ അന്വേഷിച്ചറിയുന്നതിലാണ് ഇദ്ദേഹത്തിന്റെ രചനകള്‍ ലക്ഷ്യം വച്ചിട്ടുള്ളത്. കരുത്തുറ്റതും മൌലികവുമായ ശൈലി ഇദ്ദേഹത്തിന്റെ രചനകളെ ദീപ്തമാക്കിയിരുന്നു. ശൈലിയിലെ സവിശേഷതയെ പ്രകീര്‍ത്തിച്ച് 'ദ പ്രിന്‍സസ് ഒഫ് പാരഡോക്സ്' എന്നൊരു കീര്‍ത്തിമുദ്രയും ജനങ്ങള്‍ ഇദ്ദേഹത്തിനു നല്കിയിരുന്നു. 1936 ജൂണ്‍ 14-നു ചെസ്റ്റര്‍ട്ടണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍