This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെവി

Ear

ജീവികളില്‍ ശ്രവണത്തിനായുള്ള സംവേദകാംഗം. ജീവിക്ക് ശ്രവണശേഷി പ്രദാനം ചെയ്യുന്നതോടൊപ്പം മറ്റു ചില കര്‍മങ്ങള്‍ കൂടി ഈ സംവേദകാംഗം നിര്‍വഹിക്കുന്നുണ്ട്. ജീവികളുടെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്തുന്നതിലും ചെവി അഥവാ കര്‍ണത്തിന് ഒരു പ്രധാന പങ്കുണ്ട്. ശബ്ദതരംഗങ്ങളെ നാഡീആവേഗങ്ങളാക്കി മാറ്റുന്നതുവഴിയാണു കര്‍ണം ജീവിക്കു ശ്രവണം സാധ്യമാക്കുന്നത്. ഇപ്രകാരം മാറ്റപ്പെടുന്ന നാഡീആവേഗങ്ങള്‍ മസ്തിഷ്കത്തില്‍ ഇതിനായി പ്രത്യേകം സജ്ജീകരിക്കപ്പെട്ട ഭാഗത്ത് എത്തിച്ചേരുന്നു. അവിടെ ഈ ആവേഗങ്ങളെ വ്യാഖ്യാനിച്ചു ശബ്ദമായി അനുഭവപ്പെടുത്തുകയാണു ചെയ്യുന്നത്.

പരിണാമശ്രേണിയില്‍ താഴെപ്പടിയിലുള്ള അകശേരുകികളില്‍ ചെവി എന്ന പ്രത്യേക ശരീരാംഗം കാണപ്പെടുന്നില്ല. എങ്കിലും കീടങ്ങളില്‍ ചുറ്റുപാടും ഉണ്ടാകുന്ന പ്രകമ്പനങ്ങളെ തിരിച്ചറിയാനുള്ള വിശേഷവത്കൃത ശരീരഭാഗങ്ങളുണ്ട്. അതുപോലെതന്നെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താനുതകുന്ന ചില ഭാഗങ്ങളും ചിലയിനം അകശേരുകികളില്‍ കാണപ്പെടുന്നു.

ശ്രവണശക്തി ഏതാണ്ടു പൂര്‍ണാവസ്ഥയില്‍ മനുഷ്യനില്‍ വികസിച്ചിരിക്കുന്നു. മനുഷ്യകര്‍ണത്തിന്, ബാഹ്യകര്‍ണം അഥവാ പുറം ചെവി, മധ്യകര്‍ണം, ആന്തരിക കര്‍ണം എന്നിങ്ങനെ മൂന്നു പ്രധാന ഭാഗങ്ങളുണ്ട്. ബാഹ്യകര്‍ണത്തിലൂടെ ഉള്ളില്‍ കടക്കുന്ന ശബ്ദതരംഗങ്ങള്‍ ഒരു കര്‍ണനാളിയിലൂടെ കര്‍ണപട(ear drum)ത്തില്‍ എത്തിച്ചേരുന്നു. കര്‍ണനാളിയുടെ ഉള്ളിലെ അഗ്രത്തില്‍ ഉറപ്പിച്ചിരിക്കുന്ന നേരിയ ചര്‍മപാളിയാണു കര്‍ണപടമെന്ന പേരില്‍ അറിയപ്പെടുന്നത്. കര്‍ണനാളിക്കുള്ളിലെ മര്‍ദത്തില്‍ സംഭവിക്കുന്ന വ്യതിയാനങ്ങള്‍ കര്‍ണപടത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നു. മധ്യകര്‍ണത്തില്‍ അതിലോലങ്ങളായ മൂന്ന് അസ്ഥിശകലങ്ങളുണ്ട്. ഇവ മാലിയസ് (malleus), ഇന്‍കസ് (incus), സ്റ്റേപ്പിസ് (stapes) എന്നീ പേരുകളിലറിയപ്പെടുന്നു. ഈ അസ്ഥിശകലങ്ങള്‍ കര്‍ണപടത്തിലുണ്ടാകുന്ന പ്രകമ്പനങ്ങളെ ആന്തരിക കര്‍ണത്തിലേക്ക് ആവാഹിച്ചെത്തിക്കുന്നു. ഒരു പ്രത്യേക ദ്രാവകം നിറഞ്ഞിരിക്കുന്ന ആന്തരികകര്‍ണത്തെയും വാതകം നിറഞ്ഞിരിക്കുന്ന മധ്യകര്‍ണത്തെയും തമ്മില്‍ ഓവല്‍ വിന്‍ഡോ എന്ന പേരിലുള്ള ഒരു നേരിയ ചര്‍മപാളി വേര്‍തിരിക്കുന്നു. ഈ ചര്‍മപാളിയിലേക്കാണു മധ്യകര്‍ണത്തിലെ അസ്ഥിശകലങ്ങളിലൂടെ ആനയിക്കപ്പെട്ട പ്രകമ്പനങ്ങള്‍ എത്തിച്ചേരുന്നത്. ആന്തരിക കര്‍ണത്തിലെ സര്‍പ്പിലാകൃതിയിലുള്ള കര്‍ണാവര്‍താ (cochlea) എന്ന ഭാഗത്താണു ശ്രവണത്തിനായുള്ള സവിശേഷ അംഗം സ്ഥിതിചെയ്യുന്നത്. ഈ ഭാഗം ഓര്‍ഗന്‍ ഒഫ് കോര്‍ട്ടി എന്നറിയപ്പെടുന്നു. അതിസംവേദനക്ഷമതയുള്ള ബേസിലാര്‍ ചര്‍മം 'ഓര്‍ഗന്‍ ഒഫ് കോര്‍ട്ടി'യുമായി ബന്ധപ്പെട്ടു സ്ഥിതിചെയ്യുന്നു. ബേസിലാര്‍ ചര്‍മം പ്രകമ്പനവിധേയമാകുമ്പോള്‍ ഓര്‍ഗന്‍ ഒഫ് കോര്‍ട്ടിക്കുള്ളിലുള്ള നേരിയ സംവേദകരോമകോശങ്ങള്‍ വളയുന്നു. ഈ കോശങ്ങളുടെ വളയലാണ് നാഡീആവേഗങ്ങളെ മസ്തിഷ്കത്തിലേക്ക് എത്തിക്കാനുള്ള പ്രക്രിയയെ ഉത്തേജിപ്പിക്കുന്നത്. ഇപ്രകാരം മസ്തിഷ്കത്തിലെത്തിച്ചേരുന്ന ആവേഗങ്ങള്‍ അവിടെ വ്യാഖ്യാനിക്കപ്പെടുകയും ശബ്ദമായി അതു ജീവിക്ക് അനുഭവവേദ്യമായിത്തീരുകയും ചെയ്യുന്നു.

തുലനാത്മക ശരീരശാസ്ത്രം (Comparative anatomy). ശ്രവണത്തിനായുള്ള ഒരു അവയവം എന്ന രൂപത്തിലുള്ള ചെവി അകശേരുകികളില്‍ കാണപ്പെടുന്നില്ല. എന്നാല്‍ ശബ്ദതരംഗങ്ങളെ അഭിഗ്രഹണം ചെയ്യാന്‍ പാകത്തിലുള്ള കര്‍ണപടഹാംഗം (tympanic organ) ആണ് ചില അകശേരുകികളില്‍ കാണപ്പെടുന്നത്. പക്ഷേ, ഈ അവയവം ഇവയുടെ തലയിലല്ല സ്ഥിതി ചെയ്യുന്നത്. ഉദരം, വക്ഷസ്, കാലുകള്‍ എന്നിവിടങ്ങളിലായാണ് കര്‍ണപടഹാംഗം ഷട്പദങ്ങളില്‍ കാണപ്പെടുന്നത്. പക്ഷേ, സസ്തനികളുടെ കര്‍ണവുമായി ഇതിനെ താരതമ്യപ്പെടുത്താനുമാവില്ല. ചില അകശേരുകികളില്‍ സന്തുലനപുടി (statocyst) എന്നൊരു പ്രത്യേക ഭാഗം ശരീരത്തിന്റെ സന്തുലിതാവസ്ഥയുടെ നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.

എന്നാല്‍ കശേരുകികളുടെ സ്ഥിതി ഇപ്രകാരമല്ല. ശ്രവണത്തിനായി വ്യക്തമായ അവയവങ്ങള്‍ തന്നെ ഇവയില്‍ കണ്ടുവരുന്നു. മനുഷ്യരിലെ ആന്തരിക കര്‍ണത്തോടു സാമ്യമുള്ള അവയവങ്ങളാണ് മറ്റു കശേരുകികളില്‍ കണ്ടുവരുന്നത്. ഭ്രൂണാവസ്ഥയില്‍ തന്നെ ഈ പ്രത്യേകാവയവം അങ്കുരിക്കുകയും ഭ്രൂണം വളര്‍ച്ച മുഴുമിപ്പിക്കുന്നതോടെ ഇതിനു വ്യക്തമായ രൂപം കൈവരികയും ചെയ്യുന്നു.

മത്സ്യങ്ങള്‍. മത്സ്യങ്ങള്‍ക്കു ബാഹ്യകര്‍ണമോ മധ്യകര്‍ണമോ കാണാറില്ല. ഇവയുടെ ആന്തരിക കര്‍ണത്തിന്റെ പ്രധാന കര്‍മം ശരീര സന്തുലിതാവസ്ഥ നിലനിര്‍ത്തുക എന്നതാണ്. എങ്കിലും ചില മത്സ്യങ്ങള്‍ക്കു ശബ്ദം തിരിച്ചറിയാനുള്ള കഴിവുണ്ടെന്നു പരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പക്ഷേ, വിവിധ ശബ്ദങ്ങളെ ഇവയ്ക്ക് വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ടോ എന്ന കാര്യം സംശയമാണ്. ഏറ്റവും വികാസം പ്രാപിച്ച അസ്ഥി മത്സ്യങ്ങളില്‍ കലാലബിറിന്‍ഥ് എന്നൊരു ഭാഗമുണ്ട്. ഇതിനുള്ളില്‍ അന്തര്‍ലസിക (endolymph) നിറഞ്ഞിരിക്കുന്നു. ഇവയുടെ നാളികളില്‍ ഓട്ടോലിത്ത് എന്ന പേരിലുള്ള ചെറിയ ചുണ്ണാമ്പ് പരലുകളുണ്ട്. ഇവ ഈ മത്സ്യങ്ങളുടെ സന്തുലിതാവസ്ഥാ നിയന്ത്രണത്തില്‍ കാര്യമായ പങ്കുവഹിക്കുന്നു. തരുണാസ്ഥി മത്സ്യങ്ങളില്‍ തലയുടെ ഉപരിതലത്തില്‍നിന്നും ഉള്ളിലേക്കു നീളുന്ന ചില നാളികളുണ്ട്. ഈ നാളികള്‍ കടല്‍ജലം നിറഞ്ഞിരിക്കുന്ന ഒരു അറയിലാണ് അവസാനിക്കുന്നത്. ഇവയില്‍ ചെറിയ മണല്‍ തരികളുമുണ്ട്. ഈ സംവിധാനവും സന്തുലിതാവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നതായാണു കരുതപ്പെടുന്നത്. എല്ലാ തരുണാസ്ഥി മത്സ്യങ്ങള്‍ക്കും അസ്ഥിമത്സ്യങ്ങള്‍ക്കും മൂന്ന് അര്‍ധവൃത്തീയ കനാലുകളും കാണപ്പെടുന്നുണ്ട്.

ഉഭയജീവികളും ഇഴജന്തുക്കളും. ഉഭയജീവികളില്‍ ഗില്‍വിടവുകളില്‍ നിന്നും രൂപമെടുത്തിട്ടുള്ള മധ്യകര്‍ണം കാണപ്പെടുന്നുണ്ട്. ഇതിന്റെ ബാഹ്യദ്വാരത്തെ മൂടിക്കൊണ്ടുള്ള ഒരു കര്‍ണപടവും ഉണ്ട്. കോളുമെല്ല എന്ന പേരിലുള്ള ഒരു നീണ്ട അസ്ഥിശകലം കര്‍ണപടത്തെ ഉള്ളിലെ തളികാരൂപത്തിലുള്ള ഘടനയുമായി ബന്ധിപ്പിക്കുന്നു. ഈ തളിക ആന്തരിക കര്‍ണത്തിന്റെ ദ്വാരത്തിലാണുറപ്പിക്കപ്പെട്ടിട്ടുള്ളത്.

ഇഴജന്തുക്കളില്‍ കര്‍ണപടം തലയോടില്‍ അമര്‍ന്നിരിക്കുന്ന സ്ഥിതിയിലാണുള്ളത്. ഇതിന്റെ ബാഹ്യദ്വാരത്തെ പൊതിഞ്ഞു ശല്ക്കങ്ങളും കാണപ്പെടുന്നു. ചീങ്കണ്ണികളില്‍ സസ്തനികളില്‍ കാണപ്പെടുന്ന കര്‍ണപല്ലവ (pinna)ത്തോടു സാദൃശ്യമുള്ള ഒരു ചെറിയ പാളിയുണ്ട്. ഇവയുടെ ആന്തരികകര്‍ണം സസ്തനികളുടേതുപോലെ സര്‍പ്പിലാകൃതിയിലുള്ളതുമാണ്. പാമ്പിനങ്ങളില്‍ അസ്ഥി വഴിയുള്ള ചാലനത്തിലൂടെയാണു ശബ്ദങ്ങളെ തിരിച്ചറിയുന്നത്. ഇവയുടെ കോളുമെല്ല തലയോടിനോടു നേരിട്ടു ബന്ധിപ്പിച്ചിരിക്കുന്നു.

പക്ഷികള്‍. പക്ഷികള്‍ക്കു തുറന്ന സ്ഥിതിയിലുള്ള ഒരു ബാഹ്യകര്‍ണനാളിയുണ്ട്. ഇതു കര്‍ണപടത്തെ പരിരക്ഷിക്കാനെന്നവണ്ണം വളഞ്ഞാണിരിക്കുന്നത്. ഇവയില്‍ കോളുമെല്ല കര്‍ണപടവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിന് ആന്തരിക കര്‍ണത്തിലേക്ക് ഒരു വാതിലും കാണപ്പെടുന്നു. ഇഴജന്തുക്കളിലേതിലും വികസിതാവസ്ഥയിലുള്ള ശ്രവണാംഗസംവിധാനമാണ് പക്ഷികളിലുള്ളത്.

സസ്തനികള്‍. ഏറ്റവുമധികം വികസിതരൂപത്തിലുള്ള കര്‍ണം സസ്തനികളില്‍ കാണപ്പെടുന്നു. ഇവയില്‍ കര്‍ണപല്ലവം വികസിതമാണ്. കോളുമെല്ലയ്ക്കു പകരം മൂന്നു പ്രത്യേക അസ്ഥിശകലങ്ങളാണ് ഇവയിലുള്ളത്. ഇതു ശബ്ദതരംഗങ്ങളുടെ പ്രകമ്പനങ്ങളെ നല്ലനിലയില്‍ ആന്തരിക കര്‍ണത്തിലേക്കു സംക്രമിപ്പിക്കാന്‍ പര്യാപ്തവുമാണ്. സര്‍പ്പിലാകൃതിയിലുള്ള കര്‍ണാവര്‍താ എന്ന ഭാഗവും ശ്രവണശക്തിക്കു സഹായമേകുന്നതാണ്. വലുപ്പമേറിയ കര്‍ണപല്ലവം, മധ്യകര്‍ണം, അധികസംവേദന ശക്തിയുള്ള കര്‍ണാവര്‍താ എന്നീ ഭാഗങ്ങളുടെ സാന്നിധ്യംമൂലം ഏറ്റവും കുറഞ്ഞ ആവൃത്തിയിലുള്ള ശബ്ദത്തെപ്പോലും ശ്രവണവേദ്യമാക്കുവാന്‍ സസ്തനികള്‍ക്കു കഴിയുന്നുമുണ്ട്.

മനുഷ്യകര്‍ണം-ഘടന. മനുഷ്യരില്‍ ബാഹ്യകര്‍ണം, മധ്യകര്‍ണം, ആന്തരികകര്‍ണം എന്നീ മൂന്നു ഭാഗങ്ങളായി കര്‍ണത്തെ വിഭജിക്കാവുന്നതാണ്.

ബാഹ്യകര്‍ണം. ബാഹ്യകര്‍ണത്തിനു രണ്ടു ഭാഗങ്ങളുണ്ട്. തലയുമായി ബന്ധപ്പെട്ടു വെളിയിലേക്കു തള്ളിനില്ക്കുന്നതും വളയാന്‍ കഴിവുള്ളതുമായ കര്‍ണപല്ലവമാണ് ആദ്യഭാഗം. ഇതിന് ഏതാണ്ട് അണ്ഡാകൃതിയാണുള്ളത്. രണ്ടാമത്തെ ഭാഗം കര്‍ണനാളി (meatus) ആണ്. ഇതു മധ്യകര്‍ണവുമായി ബന്ധപ്പെട്ടിരിക്കുന്നു. കര്‍ണപല്ലവം തന്തുരൂപത്തിലുള്ള തരുണാസ്ഥിയാല്‍ നിര്‍മിക്കപ്പെട്ടതാണ്. ഇതിനെ പൊതിഞ്ഞു തൊലിയുടെ ഒരു പാളിയുമുണ്ട്. മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ചു കര്‍ണപല്ലവത്തിനു സംവേദന ശക്തി അല്പം കുറവാണ്. കുതിര, പട്ടി തുടങ്ങിയ ചില കശേരുകികള്‍ക്കു കര്‍ണപല്ലവത്തെ ശബ്ദത്തിന്റെ പ്രഭവസ്ഥാനത്തേക്ക് തിരിക്കാനുള്ള കഴിവുമുണ്ട്. മനുഷ്യരുടെ കര്‍ണപല്ലവത്തില്‍ പേശികള്‍ കുറവായതിനാല്‍ ഇത്തരത്തിലുള്ള ചലനക്ഷമത കുറവാണ്.

ചിത്രം:Pg181.png

കര്‍ണനാളിക്ക് 25 മി.മീറ്ററോളം നീളമേ ഉള്ളൂ. കര്‍ണപല്ലവത്തിനു സമീപത്തായുള്ള കര്‍ണനാളിയുടെ ഭിത്തികള്‍ തരുണാസ്ഥി നിര്‍മിതമാണ്. പക്ഷേ, ഉള്ളിലേക്കു പോകുന്തോറും ഇത് അസ്ഥിനിര്‍മിതമായി മാറുന്നു. കര്‍ണപടത്തിലാണു കര്‍ണനാളി അവസാനിക്കുന്നത്. ഈ ചര്‍മപാളി ബാഹ്യകര്‍ണത്തെയും മധ്യകര്‍ണത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. കര്‍ണപടം എന്ന ഈ ചര്‍മപാളിയെ കര്‍ണനാളിയുടെ അസ്ഥിഭിത്തിയുമായി തന്തുരൂപകലയുടെ ഒരു വലയം ബന്ധിക്കുന്നു.

മധ്യകര്‍ണം. തലയോടിന്റെ ഭാഗമായ പരന്ന ശംഖാസ്ഥി(temporal bone)യുടെ വായുനിറഞ്ഞ ഇടുങ്ങിയ ഒരു വിടവാണ് മധ്യകര്‍ണമായി അറിയപ്പെടുന്നത്. ഇതു കര്‍ണപടം മുതല്‍ ആന്തരിക കര്‍ണത്തിന്റെ അസ്ഥിനിര്‍മിതഭിത്തിവരെ വ്യാപിച്ചിരിക്കുന്നു. മധ്യകര്‍ണത്തിന് രണ്ടു ബഹിര്‍ദ്വാരങ്ങളുണ്ട്. ഇവയില്‍ ഒന്ന് ശംഖാസ്ഥിയുടെ മാസ്റ്റോയ്ഡ് വായുകോശങ്ങളിലേക്കും മറ്റേത് യൂസ്റ്റേകിയന്‍ (eustachian) നാളിയിലേക്കും തുറക്കുന്നു. മധ്യകര്‍ണവും ബാഹ്യപരിതഃസ്ഥിതിയും തമ്മിലുള്ള വായുമര്‍ദത്തെ സമീകരിക്കുന്ന കര്‍മമാണ് യൂസ്റ്റേകിയന്‍ നാളിക്കുള്ളത്.

മൂന്നു പാളികളാല്‍ നിര്‍മിതമായ വളരെ നേരിയ ഒരു ചര്‍മഭാഗമാണു കര്‍ണപടം. ഇതിനോടു മാലിയസ് എന്ന അസ്ഥിശകലം ബന്ധിപ്പിച്ചിരിക്കുന്നു. മാലിയസ് കര്‍ണപടത്തിന് ഉള്ളിലേക്ക് അല്പം വലിവു നല്കുന്നതിനാല്‍ കര്‍ണപടത്തിനു നേരിയ കോണാകൃതിയാണുള്ളത്. മാലിയസിന്റെ ഉള്ളിലേക്കുള്ള ഉരുണ്ടഭാഗം രണ്ടാമത്തെ അസ്ഥിശകലമായ ഇന്‍കസുമായി ബന്ധിച്ചിരിക്കുന്നു. ഇന്‍കസിന്റെ മറ്റെയഗ്രം കനം കുറഞ്ഞു നീണ്ടു വളഞ്ഞു മൂന്നാമത്തെ അസ്ഥി സ്റ്റേപ്പിസിനെ സ്പര്‍ശിക്കുന്നു. മധ്യകര്‍ണത്തിന്റെയും ആന്തരിക കര്‍ണത്തിന്റെയും അതിര്‍ത്തിയായ ഓവല്‍ വിന്‍ഡോയിലാണ് സ്റ്റേപ്പിസ് അവസാനിക്കുന്നത്.

ആന്തരിക കര്‍ണം. ആന്തരിക കര്‍ണത്തിന് അസ്ഥി ലബിറിന്‍ഥ്, ചര്‍മ ലിബിറിന്‍ഥ് എന്നീ രണ്ടു ഭാഗങ്ങളുണ്ട്. ശംഖാസ്ഥിക്കുള്ളിലെ അറകളുടെ ഒരു ശൃംഖല എന്ന നിലയിലാണ് അസ്ഥി ലബിറിന്‍ഥ് കാണപ്പെടുന്നത്. ഇതിനുള്ളില്‍ പരിലസികാദ്രവം നിറഞ്ഞിരിക്കുന്നു. ഈ ദ്രവത്തിനുള്ളില്‍ പൊങ്ങിക്കിടക്കുന്ന നിലയിലാണ് ചര്‍മ ലബിറിന്‍ഥ് സ്ഥിതിചെയ്യുന്നത്. ഇതു ദ്രവം നിറഞ്ഞ നാളികളുടെ ഒരു ശൃംഖലയാണെന്നു പറയാം. ചര്‍മ ലബിറിന്‍ഥിനു മൂന്നു ഘടകങ്ങളാണുള്ളത്; മൂന്ന് അര്‍ധ വൃത്തീയ കനാലുകളും (semi circular canals) ഒച്ചിന്റെ ആകൃതിയിലുള്ള കര്‍ണാവര്‍താ(cochlea)യും സാക്യൂള്‍, യൂട്രിക്കിള്‍ എന്നീ രണ്ട് സഞ്ചികളും. അര്‍ധവൃത്തീയ കനാലുകള്‍ക്കു ശ്രവണവുമായി ബന്ധമില്ല. ഇവ തലയുടെ ദിശാനിര്‍ണയത്തെ സഹായിക്കുന്ന ഭാഗമാണ്. കര്‍ണാവര്‍തായാണ് ശ്രവണവുമായി നേരിട്ടു ബന്ധമുള്ള കര്‍ണഭാഗം. ഏതാണ്ട് 35 മി.മീ. നീളം വരുന്ന സര്‍പ്പിലാകൃതിയിലുള്ള ഒരു ഭാഗമാണിത്. കര്‍ണാവര്‍തായുടെ മൊത്തം നീളത്തില്‍ ഇതിനെ രണ്ടായി ഭാഗിക്കുന്ന ഒരു ബേസിലാര്‍ ചാര്‍മപാളിയുണ്ട്. ഇതിന്റെ മുകള്‍ പകുതിക്കു വെസ്റ്റിബുലാര്‍ ഗാലറിയെന്നും താഴത്തെ പകുതിക്കു ടിംപാനിക് ഗാലറിയെന്നുമാണു പേര്. ഇതില്‍ വെസ്റ്റിബുലാര്‍ ഗാലറിയെ ഒരു ചര്‍മപാളി വീണ്ടും രണ്ടായി ഭാഗിക്കുന്നുണ്ട്; ഈ ചര്‍മപാളി ഉണ്ടാക്കിയെടുക്കുന്ന വാഹിക സ്കാല മീഡിയ (scala media) എന്ന പേരിലറിയപ്പെടുന്നു. യഥാര്‍ഥ ശ്രവണാംഗമായ ഓര്‍ഗന്‍ ഒഫ് കോര്‍ട്ടി ഈ സ്കാല മീഡിയയ്ക്കുള്ളിലായാണ് കാണപ്പെടുന്നത്. ഓര്‍ഗന്‍ ഒഫ് കോര്‍ട്ടിയും കര്‍ണാവര്‍തായെപ്പോലെ സര്‍പ്പിലാകൃതിയിലുള്ളതാണ്. ഇതിനുള്ളിലൂടെ മുക്കോണോകൃതിയിലുള്ള വാഹികയുണ്ട്. ഇതിന്റെ ഒരു വശത്തായി ഏതാണ്ടു മൂവായിരത്തോളവും മറുവശത്തായി ഇരുപതിനായിരത്തോളവും രോമ കോശങ്ങളുണ്ട്. ഈ രോമകോശങ്ങളുടെ അടിഭാഗത്തുനിന്നും തുടങ്ങുന്ന നാഡീതന്തുക്കള്‍ മസ്തിഷ്കവുമായി ഇവയെ ബന്ധിപ്പിക്കുന്നു.

അതിസങ്കീര്‍ണമായ ഒരു തുടര്‍ പ്രക്രിയയിലൂടെയാണ് ശബ്ദം മനുഷ്യനു ശ്രവണവേദ്യമാകുന്നത്. ബാഹ്യകര്‍ണത്തിലെത്തുന്ന ശബ്ദതരംഗങ്ങള്‍ കുറെ ചിതറിപ്പോകുകയോ പ്രതിഫലിക്കുകയോ ചെയ്യുന്നു. ഈ ശബ്ദതരംഗങ്ങളില്‍ ഒരു ഭാഗം കര്‍ണനാളിയിലൂടെ കര്‍ണപടത്തില്‍ തട്ടും. ഇവിടെ നിന്നും കര്‍ണപടം ശേഖരിക്കുന്ന ഈ ഊര്‍ജം അസ്ഥിശകലങ്ങള്‍ വഴി ഉള്ളിലെത്തുകയും അവസാനം രോമകോശങ്ങളുടെ അടിയിലുള്ള നാഡീതന്തുക്കള്‍ വഴി മസ്തിഷ്കത്തിലെത്തിച്ചേരുകയുമാണു ചെയ്യുന്നത്. ഇപ്രകാരം നാഡീആവേഗങ്ങളായി മാറുന്ന ശബ്ദതരംഗങ്ങള്‍ മസ്തിഷ്കത്തില്‍ വച്ചു വ്യാഖ്യാനിക്കപ്പെട്ട് ലഭ്യമാവും.

ശ്രവണത്തോടൊപ്പം ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിര്‍ത്താനും കര്‍ണം ജീവിക്കു സാഹയകമേകുന്നു. അര്‍ധവൃത്തീയ നാളികളും യൂട്രിക്കിള്‍ (utricle), സാക്യൂള്‍ (saccule)എന്നീ ചെറിയ രണ്ടു സഞ്ചിരൂപ ഭാഗങ്ങളുമാണ് ഇതിനായി പ്രവര്‍ത്തിക്കുന്നത്. ഈ ഭാഗങ്ങള്‍ തലയുടെ ദിശാനിര്‍ണയത്തിനുവേണ്ട വിവരങ്ങള്‍ നല്കുകയും ചെയ്യുന്നു. നോ. കര്‍ണരോഗങ്ങള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B5%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍