This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുശ്ശേരി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുശ്ശേരി

കൃഷ്ണഗാഥയുടെ രചയിതാവ്. ഇദ്ദേഹത്തെക്കുറിച്ചുള്ള ജീവചരിത്രപരമായ വിവരങ്ങളൊന്നും ലഭ്യമല്ല. പണ്ഡിതന്മാര്‍ നടത്തിയിട്ടുള്ള അനുമാനങ്ങള്‍ നിസ്തര്‍ക്കമായവയുമല്ല.

പാലാഴിമാതു താന്‍ പാലിച്ചുപോരുന്ന

കോലാധിനാഥനുദയവര്‍മന്‍

ആജ്ഞയെച്ചെയ്കയാലജ്ഞനായുള്ള ഞാന്‍

പ്രാജ്ഞനെന്നിങ്ങനെ ഭാവിച്ചപ്പോള്‍

എന്ന കാവ്യാരംഭത്തിലെ വരികളും

'ആജ്ഞയാ കോലഭൂപസ്യാ

പ്രാജ്ഞസ്യോദയവര്‍മണഃ

കൃതായാം കൃഷ്ണഗാഥായാം'

എന്ന ഓരോ ഖണ്ഡത്തിന്റെയും അവസാനമുള്ള പരാമര്‍ശവും കോലത്തുരാജാവായിരുന്ന ഉദയവര്‍മന്റെ ആശ്രിതനോ സുഹൃത്തോ ആയിരുന്നു ഇദ്ദേഹം എന്ന നിഗമനത്തിനു വഴി തെളിച്ചിട്ടുണ്ട്. ഇക്കാര്യം വെളിപ്പെടുത്തുന്ന ഒരു ഐതിഹ്യത്തിനും വളരെയേറെ പ്രചാരം ലഭിച്ചിട്ടുണ്ട്. അതിങ്ങനെയാണ്:

കോലത്തിരി രാജാവായ ഉദയവര്‍മന്റെ സദസ്യനായിരുന്നു ചെറുശ്ശേരി നമ്പൂതിരി. ഒരിക്കല്‍ രാജാവും ചെറുശ്ശേരിയും കൂടി ചതുരംഗം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ അടുത്ത കരുനീക്കത്തിനു വഴികാണാതെ രാജാവ് ഉഴറി. കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി താരാട്ടുപാടിയുറക്കിക്കൊണ്ടിരുന്ന രാജ്ഞി അതുകണ്ടു. പാടിക്കൊണ്ടിരുന്ന അതേ ഈണത്തില്‍ അവര്‍

ഉന്തുന്തു ഉന്തുന്തു ഉന്തുന്തു ഉന്തുന്തു

ന്തുന്തു.....................ന്താളെയുന്ത്.

എന്നുപാടി കാലാളിനെ നീക്കിവയ്ക്കണമെന്ന് രാജാവിനെ അറിയിച്ചു. അദ്ദേഹം അതനുസരിക്കുകയും കളിയില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്ഞി പാടിയ ഈണത്തില്‍ ഭാഗവതം ദശമസ്കന്ധത്തിലെ കഥ ആവിഷ്കരിക്കുവാന്‍ രാജാവ് ചെറുശ്ശേരിയോട് ആവശ്യപ്പെട്ടു. അങ്ങനെയാണത്രേ കൃഷ്ണഗാഥ രചിക്കാനിടയായത്.

ചെറുശ്ശേരിയാണ് ഗാഥാകര്‍ത്താവെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത് ഭാഷാചരിത്രകര്‍ത്താവായ പി. ഗോവിന്ദപ്പിള്ളയാണ്. ഈ ഐതിഹ്യം ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം അതു പറഞ്ഞത്. പിന്നീടു കവനോദയം മാസികക്കാര്‍ ഗാഥാകാരന്‍ ചെറുശ്ശേരിയല്ലെന്നും പുനം നമ്പൂതിരിയാണെന്നും അഭിപ്രായപ്പെട്ടു. ഈ വാദത്തെ സാഹിത്യപഞ്ചാനനന്‍ ഖണ്ഡിക്കുകയും ചെറുശ്ശേരി തന്നെയാണ് ഗാഥാകര്‍ത്താവെന്ന വാദം പുനഃസ്ഥാപിക്കുകയുമുണ്ടായി. ഇതിനിടെ പൂന്താനമാണു കൃഷ്ണഗാഥ എഴുതിയതെന്നൊരു വാദവും സി.ഐ. രാമന്‍ നായര്‍ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തില്‍ ശ്രദ്ധേയമായ ഗവേഷണം നിര്‍വഹിച്ചത് ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായരാണ്. ഗാഥയെഴുതിയത് പുനത്തില്‍ ശങ്കരന്‍ നമ്പൂതിരിയാണെന്ന നിഗമനത്തിലാണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. 1446-65 വരെ കോലത്തുനാടുവാണിരുന്ന രാജാവ് ഉദയവര്‍മനാണെന്നും അദ്ദേഹത്തിന്റെ കാലത്താണു കൃഷ്ണഗാഥ എഴുതിയതെന്നും ഉള്ളൂര്‍ സമര്‍ഥിക്കുകയുണ്ടായി. ഈ വാദങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ടു ചമ്പൂകാരനായ പുനം തന്നെയാണ് ചെറുശ്ശേരി എന്നൊരു അഭിപ്രായവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഭാഷാപരമായ തെളിവുകള്‍ ഈ വാദത്തിനു നിരക്കുന്നതല്ല.

ഇക്കാര്യത്തില്‍ അവ്യവസ്ഥ നിലനില്ക്കുമ്പോള്‍ത്തന്നെ ഇന്നത്തെ വടകരയില്‍ 15-ാം ശ.-ലുണ്ടായിരുന്ന ചെറുശ്ശേരി എന്ന ഇല്ലത്തെ ഒരു നമ്പൂതിരിയാണ് കൃഷ്ണഗാഥാകാരന്‍ എന്നു പരക്കെ വിശ്വസിച്ചുവരുന്നു. കൃഷ്ണഗാഥയെ അവലംബിച്ച് സമഗ്രമായ ഒരു മലയാളകാവ്യം ചമച്ച ആദ്യത്തെ കവിയായ ഇദ്ദേഹം കേരളത്തിലെ വൈഷ്ണവ ഭക്തിപ്രസ്ഥാനത്തിന്റെ ആദ്യകാല പ്രതിനിധിയായിരുന്നിരിക്കണം. അകളങ്കമായ ഭക്തി, വാത്സല്യം, നര്‍മരസം, ശൃംഗാരരസികത എന്നിവയ്ക്കുടമയായിരുന്നു ഇദ്ദേഹമെന്നും കൃതിയുടെ സവിശേഷതകള്‍ കൊണ്ട് അനുമാനിക്കാവുന്നതാണ്. ഭക്തിയും വൈരാഗ്യവും ജന്മസാഫല്യം നല്കുമെന്നു വിശ്വസിച്ചിരുന്ന സാത്വികനുമായിരുന്നിരിക്കണം ഇദ്ദേഹം.

ഇദ്ദേഹം മറ്റു കൃതികള്‍ രചിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും ഭിന്നാഭിപ്രായങ്ങളാണുള്ളത്. ഭാരതം പാട്ട്, ചെറുശ്ശേരിഭാരതം എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന ഭാരതഗാഥ ഇദ്ദേഹത്തിന്റേതാണെന്നാണ് ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ അഭിപ്രായപ്പെടുന്നത്. ചെറുശ്ശേരിഭാരതം എന്ന പേരിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത് (1911, ചിറയ്ക്കല്‍ രാമവര്‍മ രാജ). സാഹിത്യപഞ്ചാനനനും ഇതു ചെറുശ്ശേരി രചിച്ചതാണെന്നു തന്നെ കരുതുന്നു. എന്നാല്‍ ഉള്ളൂരിന്റെ അഭിപ്രായം 'ദിവാകാരബിംബത്തിനും ദിവാദീപത്തിനും തമ്മിലുള്ള അന്തര'മുള്ള ഈ കൃതികള്‍ ഒരു കാരണവശാലും ഏകകര്‍ത്തൃകമല്ലെന്നാണ്.

പ്രാചീന കവിത്രയത്തില്‍ ഒരാളായിട്ടാണ് ഇന്നു ചെറുശ്ശേരി അറിയപ്പെടുന്നത്. ഗുണ്ടര്‍ട്ടും ബെയ്ലിയും ചെറുശ്ശേരി എന്നതിനെ കൃഷ്ണഗാഥ എന്ന കൃതിയുടെ തന്നെ പേരായിട്ടാണു കണക്കാക്കിയിരുന്നത്. നോ. കൃഷ്ണഗാഥ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍