This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുമര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുമര്‍

കേരളത്തിലെ ഒരു കര്‍ഷക തൊഴിലാളി വിഭാഗം. ഹൈന്ദവരായ ഇവര്‍ക്ക് ജാതിശ്രേണിയുടെ അടിത്തട്ടിലാണു സ്ഥാനം നല്കിയിരുന്നത്. കേരളത്തിലെ ചില പ്രദേശങ്ങളില്‍ 'പുലയര്‍' എന്നറിയപ്പെടുന്ന ചെറുമര്‍ക്കിടയില്‍ പുലച്ചെറുമര്‍, ഊരാളര്‍, കൂടാന്‍ തുടങ്ങിയ അവാന്തര വിഭാഗങ്ങളുണ്ട്. ഈ വിഭാഗങ്ങള്‍ക്കിടയിലും ജാതീയ-ഉച്ചനീചത്വങ്ങളായ തീണ്ടലും തൊടീലും നിലവിലുണ്ട്.

ചെറുമര്‍ അഥവാ ചേരമക്കള്‍ എന്നാല്‍ മണ്ണിന്റെ മക്കള്‍ എന്നാണര്‍ഥം. കൊച്ചുകുട്ടികള്‍ എന്നര്‍ഥം വരുന്ന 'ചെറിയ മക്കള്‍' എന്ന പദത്തില്‍നിന്നാണ് 'ചെറുമര്‍' നിഷ്പന്നമായത് എന്നു കരുതുന്നു. 'ചേരനാട്ടു മക്കള്‍' എന്ന പദത്തില്‍ നിന്നാണു 'ചെറുമര്‍' എന്ന വാക്കുണ്ടായതെന്നു ചില ചരിത്രകാരന്മാര്‍ പറയുന്നു. തീണ്ടല്‍ എന്നര്‍ഥം വരുന്ന പുല എന്ന വാക്കില്‍ നിന്നാണ് 'പുലയന്‍' ഉണ്ടായതെന്നും ഒരഭിപ്രായമുണ്ട്. പുരാതനകാലത്തു പുലയര്‍ക്കു രാജാധികാരം ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നു. ഉത്തര മലബാറിലെ പുലയരുടെ ആരാധനാമൂര്‍ത്തിയായ 'ഐക്കര യജമാനന്‍' പുരാതന പുലയരാജാക്കന്മാരുടെ വംശത്തില്‍പ്പെട്ടതാണെന്നാണു വിശ്വാസം. ഐക്കരനാട്, കുന്നത്തുനാട് തുടങ്ങിയ താലൂക്കുകള്‍ പ്രാചീന പുലയരാജാക്കന്മാരുടെ ഭരണ കേന്ദ്രങ്ങളാണെന്നും തിരുവനന്തപുരം ജില്ലയിലെ പുലയനാര്‍കോട്ട, പുരാതനകാലത്ത് ഒരു പുലയരാജാവിന്റെ ആസ്ഥാനമായിരുന്നുവെന്നും കരുതുന്നു.

കേരളത്തില്‍ ജാതീയ ഉച്ചനീചത്വം ശക്തമായിത്തീര്‍ന്നതോടെ പുലയരുടെ ജീവിതം സാമൂഹികമായും സാമ്പത്തികമായും തികച്ചും ദുരിതപൂര്‍ണമായി മാറി. കേരളത്തിലെ പല പ്രദേശങ്ങളിലും ചെറുമരെ അടിമകളായി ക്രയവിക്രയം നടത്തുകയും ചെയ്തിരുന്നു. ചെറുമരുടെ അധ്വാനത്തിനു പ്രതിഫലമായി 'വള്ളി' അഥവാ 'നെല്ല്' നല്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. 1862-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് അടിമസമ്പ്രദായം നിരോധിച്ചതിനുശേഷവും 'വള്ളി' നല്കുന്ന രീതി തുടരുകയുണ്ടായി. പാലക്കാട് ജില്ലയില്‍ സമീപകാലം വരെയും പൊതുകമ്പോളത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും പുലയരെ വിലക്കിയിരുന്നു.

ചെറുമരുടെ ഭവനങ്ങള്‍ കുടില്‍ എന്നര്‍ഥം വരുന്ന 'ചാള' എന്നാണറിയപ്പെട്ടിരുന്നത്. പാടങ്ങളുടെ കരയിലാണ് സാധാരണയായി പുലക്കുടിലുകള്‍ സ്ഥിതി ചെയ്തിരുന്നത്. ദക്ഷിണകേരളത്തില്‍ പുലയക്കുടിലുകള്‍ 'മാടം' എന്നാണറിയപ്പെടുന്നത്. ചെറുമികള്‍ മാറ് മറച്ചിരുന്നില്ല. ജാത്യാചാരത്തിനു വിരുദ്ധമായി ചെറുമികള്‍ വസ്ത്രധാരണം ചെയ്തുകാണപ്പെട്ടാല്‍ അവരെ ശിക്ഷിക്കാന്‍ സവര്‍ണര്‍ക്ക് അധികാരമുണ്ടായിരുന്നു. കറുപ്പുനിറക്കാരായ ചെറുമര്‍ക്ക് പൊതുവേ പൊക്കം കുറവാണ്. കോല്‍ക്കളി, വട്ടക്കളി, തട്ടിന്‍മേല്‍ക്കളി തുടങ്ങിയവയാണ് ചെറുമരുടെ പരമ്പരാഗത കലാരൂപങ്ങള്‍. മക്കത്തായമാണു ചെറുമരുടെ ദായക്രമം. ഇന്നു ചെറുമര്‍ വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പുരോഗതി ആര്‍ജിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെ ജോലി സംവരണ നിയമങ്ങളും മറ്റും നിമിത്തം ഇവരില്‍ പലരും ഇപ്പോള്‍ ഉന്നതമായ ഔദ്യോഗിക സ്ഥാനങ്ങള്‍ അലങ്കരിക്കുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍