This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുകൊന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുകൊന്ന

ചെറുകൊന്ന

സ്റ്റെര്‍ക്കുലിയേസി (Sterculiaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറിയ മരം. ശാസ്ത്രനാമം: റ്റീറോസ്പേര്‍മം അസിറിഫോളിയം. (Pterospermum acerifolium). മലന്തുടലി എന്നും ഇതിനു പേരുണ്ട്. കേരളത്തിലെ നിത്യഹരിത വനങ്ങളില്‍ ചിലയിടങ്ങളില്‍ ഇവ കാണാം. ഇന്ത്യയിലെ ആയിരം മീ. വരെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇവ വളരുന്നുണ്ട്. ഹിമാലയന്‍ മലഞ്ചരിവുകളിലും ബംഗാള്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലും ചെറുകൊന്ന ധാരാളമായി വളരുന്നു. ചെറുകൊന്നയുടെ മാര്‍ദവമുള്ള തൊലിക്കു ചാരനിറമാണ്. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ ലഘുവാണ്. ഇലകള്‍ക്ക് 22-35 സെ.മീ. നീളവും ഏതാണ്ട് അത്രയും തന്നെ വീതിയും കാണും. മൃദുലോമങ്ങള്‍ നിറഞ്ഞ ഇലയുടെ അടിവശത്തിനു മങ്ങിയ വെള്ളനിറമായിരിക്കും. ഇലയുടെ മേല്‍വശത്തിനു കടുംപച്ചനിറമാണ്. ഇലഞെടുപ്പിന് 10-30 സെ.മീ. നീളമുണ്ടായിരിക്കും. അനുപര്‍ണങ്ങളുണ്ട്.

മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണു പുഷ്പിക്കുന്ന കാലം. ഇലകളുടെ കക്ഷ്യങ്ങളില്‍ ഒറ്റയ്ക്കോ ജോടിയായോ പുഷ്പങ്ങളുണ്ടാവുന്നു. രാത്രിയില്‍ വിടരുന്ന ഈ പുഷ്പങ്ങള്‍ക്കു തൂവെള്ള നിറവും സുഗന്ധവുമുണ്ട്. ഇതിന്റെ ദ്വിലിംഗ പുഷ്പങ്ങള്‍ക്കു ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചുവീതമാണുള്ളത്. പുഷ്പങ്ങള്‍ വിടരുമ്പോള്‍ ബാഹ്യദളങ്ങള്‍ പുറകോട്ടു വളയുന്നു. കേസരങ്ങള്‍ 20 എണ്ണമുള്ളതില്‍ അഞ്ചെണ്ണം വന്ധ്യമായിരിക്കും. ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണിതിന്; അണ്ഡാശയത്തിന് അഞ്ച് അറകളുണ്ട്. ഓരോ അറയിലും 12-20 ബീജാണ്ഡങ്ങളുണ്ടായിരിക്കും. 10-15 സെ.മീ. നീളമുള്ള കാപ്സ്യൂളാണ് ഫലം. ഫലങ്ങള്‍ക്ക് അഞ്ചു കോണുകളുണ്ടായിരിക്കും. ഫലങ്ങളുടെ പുറഭാഗം മുഴുവന്‍ ലോമിലമായിരിക്കും. വിത്തുകള്‍ അണ്ഡാകൃതിയിലാണ്. വിത്തുകള്‍ക്കു നേരിയ ചിറക് ഉണ്ട്. പാകമായ ഫലങ്ങള്‍ വൃക്ഷത്തില്‍ തന്നെ ഏറെക്കാലം നില്ക്കും.

പുഷ്പങ്ങളുടെയും മരത്തൊലിയുടെയും ചാറ് ചവര്‍പ്പുള്ളതാണ്. കൃമിനാശിനിയായും വിരേചക ഔഷധമായും ഉപയോഗിക്കുന്നു. വസൂരി, കഫം, രക്തസംബന്ധമായ രോഗങ്ങള്‍, വയറുവേദന, വിരശല്യം, വ്രണം, കുഷ്ഠം, മൂത്രാശയ രോഗങ്ങള്‍ എന്നിവയ്ക്ക് ഔഷധങ്ങളുണ്ടാക്കാനുപയോഗിക്കുന്നു. ഇലയുടെ ചാറ് മുറിവുകളില്‍ നിന്നുള്ള രക്തസ്രാവത്തെ തടയുന്നു.

തടിയുടെ കാതലിനു മഞ്ഞകലര്‍ന്ന ചുവപ്പു നിറമാണുള്ളത്. പാക്കിങ് പെട്ടി, പ്ളൈവുഡ് തുടങ്ങിയവയുണ്ടാക്കാനുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍