This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറുകിട വ്യവസായങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറുകിട വ്യവസായങ്ങള്‍

പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന വ്യവസായങ്ങള്‍. ചെറുകിട വ്യവസായങ്ങളെ വന്‍കിട-ഇടത്തരം വ്യവസായങ്ങളില്‍ നിന്നു വേര്‍തിരിക്കുന്നത് മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ്. യന്ത്രങ്ങള്‍ക്കും മറ്റു സാമഗ്രികള്‍ക്കും കൂടി 60 ലക്ഷം രൂപയില്‍ കവിയാത്ത മൂലധനം ആവശ്യമായി വരുന്ന വ്യവസായങ്ങളെ ചെറുകിട വ്യവസായങ്ങളായി പരിഗണിക്കുന്നു. ചെറുകിട വ്യവസായങ്ങളില്‍ അധികവും പട്ടണങ്ങളിലാണു സ്ഥിതി ചെയ്യുന്നത്.

തൊഴില്‍സേനയുടെ സമ്മര്‍ദം കൂടുതലുള്ള അവികസിത രാജ്യങ്ങളില്‍, പ്രാഥമികമേഖലയായ കാര്‍ഷിക രംഗം കഴിഞ്ഞാല്‍ പ്രാധാന്യമര്‍ഹിക്കുന്നതു ചെറുകിട-കുടില്‍ വ്യവസായങ്ങളാണ്. ഇന്ത്യയെപ്പോലുള്ള ഒരു വികസ്വരരാജ്യത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്കു വളരെയധികം പ്രാധാന്യമുണ്ട്.

മൂലധന മുതല്‍മുടക്ക് കുറവായതിനാല്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് സാമ്പത്തികമായി വികാസം പ്രാപിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ വികസന സാധ്യതകള്‍ കൂടുതലുണ്ട്. പ്രാദേശികമായി ലഭ്യമാകുന്ന അസംസ്കൃത സാധനങ്ങളുടെ മെച്ചപ്പെട്ട രീതിയിലുള്ള ചൂഷണത്തില്‍ ചെറുകിട വ്യവസായങ്ങള്‍ക്കു മുന്‍കൈയെടുക്കുവാന്‍ കഴിയുന്നു. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും ദേശീയ വരുമാനം വര്‍ധിപ്പിക്കുന്നതിനും ചെറുകിട വ്യവസായങ്ങള്‍ക്ക് അനല്പമായ സാധ്യതകളാണുള്ളത്.

ഗ്രാമവ്യവസായങ്ങള്‍, കൈത്തൊഴിലുകള്‍ എന്നിവയില്‍ നിന്നും വിഭിന്നങ്ങളാണ് ചെറുകിട വ്യവസായങ്ങള്‍. ഗ്രാമവ്യവസായങ്ങള്‍ പ്രാദേശിക വിപണിയുടെ ആവശ്യങ്ങള്‍ പ്രാഥമികമായി നിറവേറ്റുന്ന പരമ്പരാഗത വ്യവസായങ്ങളാണ്. ശില്പഭംഗിയും മൂല്യവുമുള്ള ഇനങ്ങള്‍ ഉത്പാദിപ്പിക്കുന്ന വ്യവസായങ്ങളോടു ബന്ധപ്പെട്ടതാണ് കൈത്തൊഴില്‍. ഇപ്പറഞ്ഞ വ്യവസായങ്ങളും കൈത്തറി, കയര്‍, റബ്ബര്‍, പട്ട് തുടങ്ങിയ മറ്റു വ്യവസായങ്ങളും ചെറുകിട വ്യവസായങ്ങളില്‍ പെടുന്നില്ല. അഖിലേന്ത്യാ കൈത്തറി ബോര്‍ഡ്, അഖിലേന്ത്യാ കരകൗശല ബോര്‍ഡ്, കയര്‍ ബോര്‍ഡ്, റബ്ബര്‍ ബോര്‍ഡ്, കേന്ദ്ര സില്‍ക്ക് ബോര്‍ഡ്, ഖാദി ഗ്രാമ വ്യവസായ കമ്മിഷന്‍ തുടങ്ങിയവയുടെ അധികാര അതിര്‍ത്തിയില്‍ പെടുന്ന ഇനങ്ങളെ ചെറുകിട വ്യവസായങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അഖിലേന്ത്യാ ചെറുകിട വ്യവസായ ബോര്‍ഡാണ് ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനുള്ള കേന്ദ്രസമിതി.

വളരെ വ്യാപ്തിയേറിയ ഒരു പ്രവര്‍ത്തനമേഖലയാണു ചെറുകിട വ്യവസായങ്ങള്‍ക്കുള്ളത്. എന്‍ജിനീയറിങ് വ്യവസായങ്ങള്‍, ഇലക്ട്രോണിക് വ്യവസായങ്ങള്‍, വൈദ്യുതസാമഗ്രികളുടെ ഉത്പാദനം, ചെരിപ്പുനിര്‍മാണം, തുന്നല്‍യന്ത്രനിര്‍മാണം തുടങ്ങിയ ഒട്ടനവധി വ്യവസായങ്ങള്‍ ചെറുകിട വ്യവസായങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു.

ചെറുകിട വ്യവസായങ്ങളുടെ പ്രധാന മെച്ചങ്ങള്‍ ഇവയാണ്:

1. വന്‍കിട-ഇടത്തരം വ്യവസായങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാന്‍ ചെറുകിട വ്യവസായങ്ങള്‍ക്കു സാധിക്കുന്നു.

2. ചെറുകിട വ്യവസായങ്ങളില്‍ മൂലധന മുതല്‍മുടക്ക് വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. വില കൂടിയ യന്ത്രങ്ങളോ കൂറ്റന്‍ ഫാക്ടറിക്കെട്ടിടങ്ങളോ ഇവയ്ക്കു വേണ്ടി വരുന്നില്ല.

3. രാജ്യത്തിന്റെ ഏതുഭാഗത്തും ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിക്കുവാന്‍ കഴിയും. വന്‍കിട വ്യവസായങ്ങളാകട്ടെ ചില തെരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളില്‍ മാത്രമേ സ്ഥാപിക്കാനാവൂ. വ്യവസായ വികേന്ദ്രീകരണത്തിനും വിവിധ പ്രദേശങ്ങളുടെ സന്തുലിത വികസനത്തിനും സഹായകമായി വര്‍ത്തിക്കുന്നത് ചെറുകിട വ്യവസായങ്ങളാണ്. ചെറുകിട വ്യവസായങ്ങള്‍ വഴി വരുമാനം കൂടുതല്‍ സന്തുലിതമായ രീതിയില്‍ വിതരണം ചെയ്യുവാന്‍ കഴിയുന്നു.

4. ചെറുകിട വ്യവസായങ്ങള്‍ക്കു സങ്കീര്‍ണസ്വഭാവമുള്ള യന്ത്ര സാമഗ്രികള്‍ ആവശ്യമില്ലാത്തതുകൊണ്ട് അവയുടെ നടത്തിപ്പിന് വളരെ മികച്ച വൈദഗ്ധ്യം നേടിയ ആളുകള്‍ വേണ്ടി വരുന്നില്ല.

5. ചെറുകിട വ്യവസായങ്ങളുടെ രൂപീകരണം കാര്‍ഷികരംഗത്തുള്ള തൊഴിലാളി സമ്മര്‍ദം കുറയ്ക്കുവാന്‍ സഹായകമായിത്തീരുന്നു. കാര്‍ഷികമേഖലയില്‍നിന്നും തൊഴിലാളികള്‍ ചെറുകിട വ്യവസായങ്ങളിലേക്കു ആകര്‍ഷിക്കപ്പെടുന്നതു നിമിത്തം സമ്പദ്ഘടനയില്‍ മെച്ചപ്പെട്ട തൊഴില്‍സേനാ വിതരണം സാധ്യമാകുന്നു.

6. കഴിവുള്ളവര്‍ക്കു സ്വയംതൊഴില്‍ നേടാനുള്ള അവസരം ചെറുകിട വ്യവസായമേഖല നല്കുന്നു. ഇത്തരം ആളുകള്‍ക്കു പ്രോത്സാഹനം നല്കുന്നതോടൊപ്പം ചെറുകിട വ്യവസായ മേഖല അഭിവൃദ്ധിപ്പെടുകയും ചെയ്യുന്നു.

മേല്പറഞ്ഞ പല മെച്ചങ്ങള്‍ ചെറുകിട വ്യവസായങ്ങള്‍ക്കുണ്ടെങ്കിലും അവയ്ക്കും നിരവധി പ്രശ്നങ്ങളെ നേരിടേണ്ടി വരുന്നുണ്ട്. ചെറുകിട വ്യവസായങ്ങളെ അലട്ടുന്ന മുഖ്യപ്രശ്നങ്ങള്‍ ഇവയാണ്:

1. അസംസ്കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം ചെറുകിട വ്യവസായങ്ങളെ അഭിമുഖീകരിക്കുന്ന രൂക്ഷമായ പ്രശ്നങ്ങളിലൊന്നാണ്.

2. മറ്റൊരു പ്രധാന പ്രശ്നം മൂലധനത്തിന്റെ കുറവാണ്. അതിനാല്‍, സ്ഥിരമൂലധനത്തിനും പ്രവര്‍ത്തനമൂലധനത്തിനും വേണ്ടിയുള്ള വായ്പാസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്ന ഒരു കാര്യമാണ്.

3. ഇന്ത്യയിലെ ചെറുകിട വ്യവസായങ്ങള്‍ ഒട്ടുമുക്കാലും പഴഞ്ചന്‍ ഉത്പാദന രീതികളാണു പിന്തുടരുന്നത്. അതിനാല്‍, ഇത്തരം വ്യവസായങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ മേന്മ കുറയുന്നു.

4. ഇറക്കുമതി വഴി ലഭ്യമാകുന്ന ഉത്പന്നങ്ങളും വന്‍കിട വ്യവസായങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളും ചെറുകിട വ്യവസായങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് ഒരു ഭീഷണിയായി മാറുന്നു.

5. ചെറുകിട വ്യവസായങ്ങള്‍ ഉത്പാദിപ്പിക്കുന്ന സാമഗ്രികളുടെ മേല്‍ പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങള്‍ വര്‍ധിച്ച നികുതി ചുമത്തുന്നു. ഇത് ഈ വ്യവസായങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്.

ചെറുകിട വ്യവസായങ്ങളും കരകൗശലപ്പണികളും ഇന്ത്യയില്‍ ശതാബ്ദങ്ങള്‍ക്കു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു. എന്നാല്‍ 19-ാം ശ.-ന്റെ ആരംഭം മുതല്‍ ഈ വ്യവസായങ്ങള്‍ അധഃപതിക്കുവാന്‍ തുടങ്ങി. ബ്രിട്ടീഷ് ആധിപത്യവും ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ വ്യവസായ നയങ്ങളുടെ പോരായ്മകളും ഇംഗ്ളണ്ടിലെ വ്യവസായ വിപ്ലവത്തെ തുടര്‍ന്ന് വ്യവസായ ഉത്പന്നങ്ങള്‍ അനിയന്ത്രിതമായി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതുമാണ് ഇവിടത്തെ ചെറുകിട വ്യവസായങ്ങള്‍ അധഃപതിക്കുവാന്‍ കാരണം. ഇന്ത്യയുടെ ദേശീയമായ വ്യവസായ വികസനത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമായിരുന്നില്ല ബ്രിട്ടീഷുകാരുടേത്. ലോകവിപണിയില്‍ ശ്രദ്ധേയസ്ഥാനമുണ്ടായിരുന്ന ഇന്ത്യന്‍ പുരത്തിത്തുണി വ്യവസായം തകരുന്നത്, ലങ്കാഷയറിലും മാഞ്ചസ്റ്ററിലും ആധുനിക തുണി വ്യവസായം വികസിക്കുന്നതിനു സമാന്തരമായിട്ടാണ് എന്ന വസ്തുത സ്മരണീയമാണ്. സ്വാതന്ത്ര്യ ലബ്ധിക്കുശേഷം-പ്രത്യേകിച്ചും പഞ്ചവത്സരപദ്ധതികളുടെ ആവിര്‍ഭാവത്തോടുകൂടിയാണ് ചെറുകിട വ്യവസായ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിയുകയും അവ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടാവുകയും ചെയ്തത്. ചെറുകിട വ്യവസായങ്ങളുടെ വികസനത്തില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചുവരുന്നു. ചെറുകിട വ്യവസായങ്ങളുടെ വികസന ച്ചുമതല പ്രധാനമായും സംസ്ഥാന ഗവണ്‍മെന്റുകളിലാണ് നിക്ഷിപ്തമായിരിക്കുന്നത്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ കേന്ദ്രഗവണ്‍മെന്റും കൂടി കൈക്കൊള്ളണമെന്ന് 1948-ലെ വ്യവസായ നയം നിര്‍ദേശിച്ചു. സംസ്ഥാന ഗവണ്‍മെന്റുകളുടെ ശ്രമങ്ങളെ പിന്‍താങ്ങുന്ന രീതിയിലായിരിക്കണം കേന്ദ്ര ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് ആസൂത്രണക്കമ്മിഷനും ഉപദേശിക്കുകയുണ്ടായി. ഈ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഇന്ത്യാഗവണ്‍മെന്റ് പഞ്ചവത്സരപദ്ധതികളില്‍ ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനാവശ്യമായ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചു. ഫോര്‍ഡ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഒരു വിദഗ്ധ പഠനസംഘം 1954-ല്‍ ഇന്ത്യ സന്ദര്‍ശിച്ച് ചെറുകിട വ്യവസായങ്ങളുടെ വികസനത്തെ സംബന്ധിച്ച് വിലയേറിയ ശിപാര്‍ശകള്‍ നല്കി. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി പല സൗജന്യ വ്യവസ്ഥകളും കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഇന്ന് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളില്‍ സ്ഥലം; ഹയര്‍ പര്‍ച്ചേസ് വ്യവസ്ഥയില്‍ യന്ത്രസാമഗ്രികള്‍, അസംസ്കൃത വസ്തുക്കള്‍; കുറഞ്ഞ പലിശയ്ക്ക് പ്രവര്‍ത്തനമൂലധനം; സൗജന്യമായി സാങ്കേതിക ഉപദേശം, പ്രോജക്റ്റ് റിപ്പോര്‍ട്ടുകള്‍ എന്നിവ ലഭ്യമാക്കാനുള്ള ഏര്‍പ്പാടുകള്‍ ഇപ്പോല്‍ തന്നെയുണ്ട്. യന്ത്രസാമഗ്രികള്‍ക്കു വേണ്ടിവരുന്ന മൂലധനത്തിന്റെ 20 ശ.മാ. മാത്രം മുടക്കിക്കൊണ്ട് ആധുനിക ചെറുകിട വ്യവസായങ്ങളില്‍ ഏര്‍പ്പെടാന്‍ താത്പര്യമുള്ളവര്‍ക്കു സാധിക്കും. ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനുപരിയായി അവയുടെ ആധുനികവത്കരണവും വ്യവസായമേഖലയിലെ നയങ്ങളിലൊന്നാണ്.

ചെറുകിട വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിനും അവയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ചെറുകിട വ്യവസായ ബോര്‍ഡ്, ദേശീയ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ ധനസഹായം നല്കുന്നതിന് സംസ്ഥാന ധനകാര്യ കോര്‍പ്പറേഷനുകള്‍, സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ എന്നീ ധനസഹായ സ്ഥാപനങ്ങളെ സജ്ജമാക്കി. ഇതിന് അനുയോജ്യമായ വിധത്തില്‍ റിസര്‍വ് ബാങ്ക് നിയമത്തില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. 1969-ലെ ബാങ്ക് ദേശസാത്കരണത്തിനുശേഷം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പാസഹായത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. എല്ലാ ദേശസാത്കൃത ബാങ്കുകളും ചെറുകിട വ്യവസായങ്ങള്‍ക്ക് ധനസഹായം ലഭ്യമാക്കുന്നതു സംബന്ധിച്ച പരിശീലനം ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ക്കു നല്കുന്നുണ്ട്. ചെറുകിട വ്യവസായങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ചും ഗവണ്‍മെന്റ് ചില തീരുമാനങ്ങള്‍ കൈക്കൊണ്ടു. അല്പം വില കൂടുതല്‍ ഉണ്ടെങ്കില്‍ തന്നെയും ഒരു നിശ്ചിത ശതമാനം ഉത്പന്നങ്ങള്‍ ചെറുകിട വ്യവസായങ്ങളില്‍ നിന്നും ഗവണ്‍മെന്റ് വാങ്ങണമെന്നതാണ് തീരുമാനം.

സാമ്പത്തിക പരാധീനതയാണു ചെറുകിട വ്യവസായങ്ങളുടെ പുരോഗതിയെ തടസ്സപ്പെടുത്തുന്ന പ്രധാന ഘടകം. വര്‍ധിച്ചുവരുന്ന നിക്ഷേപാവശ്യങ്ങളോടു പൊരുത്തപ്പെടാത്ത സമ്പാദ്യ നിരക്കാണ് ഈ പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നത്. സമ്പദ്മേഖലയില്‍ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള പങ്ക് മുഖ്യമായതിനാല്‍ ഗവണ്‍മെന്റ് ധനസഹായം വളരെയധികം വര്‍ധിക്കേണ്ടതുണ്ട്. വ്യവസായ സഹകരണസംഘങ്ങള്‍, വാണിജ്യ ബാങ്കുകള്‍ എന്നീ സ്ഥാപനങ്ങള്‍ ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ വായ്പകള്‍ നല്കുന്നുണ്ടെങ്കിലും വ്യവസായമേഖലയ്ക്കു നല്കുന്ന മൊത്തം വായ്പയുടെ ചെറിയൊരു പങ്കു മാത്രമാണ് ചെറുകിട വ്യവസായ മേഖലയില്‍ എത്തിച്ചേരുന്നത്. സംസ്ഥാന ഗവണ്‍മെന്റുകള്‍ 'സ്റ്റേറ്റ് എയ്ഡ് ടു ഇന്‍ഡസ്ട്രീസ് ആക്റ്റുകള്‍' പ്രകാരമാണ് ചെറുകിട വ്യവസായങ്ങള്‍ക്കു വായ്പകള്‍ കൊടുക്കുന്നത്. കര്‍ക്കശമായ നടപടിക്രമങ്ങളും തുച്ഛമായ വായ്പത്തുകയും ഇത്തരം വായ്പകളുടെ പൊതുസ്വഭാവമാണ്. അതിനാല്‍ സംസ്ഥാന ഗവണ്‍മെന്റ് വായ്പകള്‍ കൊണ്ട് ഉദ്ദേശിച്ചത്ര ഫലം സിദ്ധിക്കുന്നില്ല. 1960 ജൂലായ് മുതല്‍ ചെറുകിട വ്യവസായങ്ങള്‍ക്കായി ഇതരബാങ്കുകളും ധനസഹായസ്ഥാപനങ്ങളും നല്കുന്ന വായ്പത്തുകകള്‍ക്ക് റിസര്‍വ ബാങ്ക് ഉറപ്പു നല്കി വരുന്നു. ഈ പദ്ധതിയുടെ പരിധിയില്‍ സംസ്ഥാന ധനകാര്യ കോര്‍പ്പറേഷനുകള്‍, വാണിജ്യ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ ഇരുന്നൂറിലധികം സ്ഥാപനങ്ങളുണ്ട്.

ചെറുകിട മേഖലയിലെ വളര്‍ച്ച. ഇന്ത്യയുടെ ഉദാരവത്കരണ പരിപാടി ചെറുകിട വ്യവസായ മേഖലയ്ക്ക് വേണ്ടത്ര ഉത്തേജനം നല്കിയതായി കാണുന്നു. 1993-94, 1994-95 വര്‍ഷങ്ങളില്‍ ചെറുകിട മേഖലയിലെ ഉത്പാദന വര്‍ധന മൊത്തം വ്യാവസായികോത്പാദനത്തിലെ വര്‍ധനയെക്കാള്‍ മികച്ചതാണ്. 1993-94-ല്‍ ചെറുകിട വ്യവസായ മേഖല 7.1 ശ.മാ. വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ വ്യവസായമേഖലയിലെ വര്‍ധനയാകട്ടെ 6 ശ.മാ. മാത്രമായിരുന്നു. 1994-95-ല്‍ ഈ നിരക്കുകള്‍ യഥാക്രമം 10.1 ശ.മാനവും 8.6 ശ.മാനവുമായിരുന്നു. 1991 അവസാനം ഇന്ത്യയില്‍ 20.82 ലക്ഷം ചെറുകിട യൂണിറ്റുകളാണുണ്ടായിരുന്നത്. 1994 ഡിസംബര്‍ അവസാനം ഇത് 25.71 ലക്ഷമായി ഉയര്‍ന്നു. 1993-94-ല്‍ ചെറുകിട വ്യവസായമേഖലയിലെ ഉത്പാദനം 1,78,699 കോടിരൂപയായിരുന്നത് 1994-95-ല്‍ 2,93,990 കോടിരൂപയായി ഉയര്‍ന്നു. പ്രതിവര്‍ഷം 17-18 ശ.മാ. വര്‍ധന. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ ഏകദേശം 40 ശ.മാ. നല്കുന്ന ചെറുകിട വ്യവസായമേഖല ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ സുപ്രധാന പങ്കാണ് വഹിക്കുന്നത്. 1995-96-ലെ 'എക്കണോമിക് സര്‍വേ'യിലെ കണക്കുകളനുസരിച്ച് 1991-92 മുതല്‍ 1994-95 വരെയുള്ള കാലയളവില്‍ ചെറുകിട മേഖലയിലെ തൊഴില്‍ വര്‍ധന 1.7 ദശലക്ഷമാണ്. 1991-92-ല്‍ ചെറുകിട വ്യവസായങ്ങളിലെ തൊഴില്‍സേന 12.98 ദശലക്ഷമായിരുന്നത് 1994-95-ല്‍ 14.65 ദശലക്ഷമായി ഉയര്‍ന്നു. കയറ്റുമതിരംഗത്തും ചെറുകിട വ്യവസായമേഖലയ്ക്ക് പ്രധാന പങ്കുണ്ട്. വ്യാവസായികോത്പന്നങ്ങളുടെ മൊത്തം കയറ്റുമതിയുടെ 34 ശ.മാനവും ചെറുകിട വ്യവസായ മേഖലയുടെ സംഭാവനയാണ്.

ഇപ്പോള്‍ 836 ഉത്പന്നങ്ങളാണ് ചെറുകിട വ്യവസായങ്ങള്‍ക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സംവരണം ചെയ്യപ്പെട്ടിട്ടുള്ള 39 ഇനങ്ങളുടെ ഉത്പാദനത്തിലാണ് 80 ശ.മാ. ചെറുകിട യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നത്. ഈ സംവരണനയത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ 68 ഇനങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചെറുകിട വ്യവസായങ്ങളാണ്. 1967-ല്‍ സംവരണനയം ആരംഭിച്ചപ്പോള്‍ ചെറുകിട വ്യവസായങ്ങളിലെ 47 ഇനങ്ങള്‍ക്കു മാത്രമാണ് ഈ തത്ത്വം ബാധകമായിരുന്നത്.

ആധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളാന്‍ ഉതകുമാറ് ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ പരിധി ഉയര്‍ത്തണമെന്ന ആവശ്യത്തിന് ഇപ്പോള്‍ പ്രസക്തി ഏറിവരുന്നുണ്ട്. ഇപ്പോഴത്തെ 60 ലക്ഷം രൂപ എന്ന പരിധി 1.5 കോടി രൂപയായി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദേശം. പാര്‍ലമെന്റിന്റെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ 49-ാം റിപ്പോര്‍ട്ടില്‍ ഈ പരിധി ഒരു കോടി രൂപയായിട്ടെങ്കിലും ഉയര്‍ത്തണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്. ദേശീയ ചെറുകിയ വ്യവസായ കോര്‍പ്പറേഷന്‍ ഈ പരിധി 2 കോടി രൂപയാക്കണമെന്നാണ് ശിപാര്‍ശ ചെയ്തിട്ടുള്ളത്. ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ അന്തിമതീരുമാനമായിട്ടില്ല.

വ്യവസായ എസ്റ്റേറ്റ്. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി ഇന്ത്യയില്‍ നിരവധി എസ്റ്റേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വ്യവസായവത്കരണം ഗ്രാമപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുക, ഗ്രാമപ്രദേശങ്ങളിലെ തൊഴിലില്ലായ്മയ്ക്കു പരിഹാരം കാണുക, അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് വ്യവസായ എസ്റ്റേറ്റുകളുടെ രൂപവത്കരണത്തിനു പിന്നിലുള്ളത്. ഇത്തരം എസ്റ്റേറ്റുകളില്‍ ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ സ്ഥലസൗകര്യം, വിദ്യുച്ഛക്തി, വെള്ളം, ഗതാഗതം, വായ്പ എന്നിവ ലഭ്യമാക്കുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയുടെ അവസാന ഘട്ടത്തിലാണ് വ്യവസായ എസ്റ്റേറ്റുകളെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്. രണ്ടാം പഞ്ചവത്സരപദ്ധതിയുടെ ആരംഭം മുതല്‍ ചെറുകിട-ഇടത്തരം വ്യവസായങ്ങളും ഉപവ്യവസായങ്ങളും ആരംഭിക്കുവാനുള്ള ഫലപ്രദമായ മാധ്യമം എന്ന നിലയില്‍ വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിതമായി. ബ്രിട്ടനിലെ വ്യവസായ എസ്റ്റേറ്റുകളുടെ ചുവടുപിടിച്ചുകൊണ്ടാണ് ഇന്ത്യയില്‍ അവ സ്ഥാപിച്ചത്. നോര്‍വെ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലും വ്യവസായ എസ്റ്റേറ്റുകള്‍ വളരെക്കാലമായി നിലവിലുണ്ട്. പല വ്യവസായങ്ങള്‍ അടുത്തടുത്ത് പ്രവര്‍ത്തിക്കുന്നത് അവയുടെ പരസ്പര വളര്‍ച്ചയ്ക്കു സഹായകരമാണ്. ചെറുകിട വ്യവസായികളെ വ്യവസായരംഗത്തേക്കു സ്വാഗതം ചെയ്യുവാന്‍ വേണ്ടി നിശ്ചിതരൂപത്തിലുള്ള കെട്ടിടങ്ങള്‍, വൈദ്യുതി, തൊഴില്‍സേന, സാമ്പത്തികസഹായം, തൊഴിലാളികള്‍ക്കുള്ള സാങ്കേതിക പരിശീലനം തുടങ്ങിയ ഘടകങ്ങള്‍ ഇത്തരം എസ്റ്റേറ്റുകളിലൂടെ ലഭ്യമാക്കുന്നു. ചെറുകിട വ്യവസായ സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരം നല്കും വിധമാണ് വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ സംവിധാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരം വ്യവസായ എസ്റ്റേറ്റുകള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ഈ പദ്ധതി വേണ്ടത്ര വിജയകരമായി പുരോഗമിച്ചിട്ടുണ്ടെന്നു പറയാനാവില്ല. വ്യക്തമായ ലക്ഷ്യബോധവും സംവിധാനവും ഇല്ല എന്നതാണ് ഇതിനു കാരണം. വ്യവസായ വികസനത്തിന്റെ വികേന്ദ്രീകരണത്തിനോ താരതമ്യേന കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ തൊഴില്‍സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുന്നതിനോ ഈ പരിപാടി സഹായകമായിട്ടില്ല.

അനുബന്ധ വ്യവസായങ്ങള്‍. ഇന്ത്യയുടെ വ്യവസായനയം വന്‍കിട വ്യവസായങ്ങള്‍ക്കും ചെറുകിട വ്യവസായങ്ങള്‍ക്കും തുല്യപ്രാധാന്യം നല്കുന്നു. വ്യവസായനയത്തിന്റെ ലക്ഷ്യങ്ങള്‍ പ്രധാനമായും രണ്ടാണ്: (1) രാജ്യത്തെ എത്രയും വേഗം വ്യവസായവത്കരിക്കുക, (2) വ്യവസായവത്കരണത്തിന്റെ ഫലങ്ങള്‍ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുക. ഈ രണ്ടു ലക്ഷ്യങ്ങളും നേടണമെങ്കില്‍ ഉത്പാദനരംഗത്ത് ചെറുകിട വ്യവസായമേഖലയ്ക്കു ഗണ്യമായ പങ്ക് ഉണ്ടാകേണ്ടതാണ്. വന്‍കിട വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളില്‍ ചെറുകിട വ്യവസായങ്ങള്‍ക്കും പ്രസക്തിയുണ്ട്. വന്‍കിട വ്യവസായങ്ങളുടെ അനുബന്ധ വ്യവസായങ്ങളായോ വന്‍കിട വ്യവസായങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്കാവശ്യമായ ഉപഭോക്തൃ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവയായോ ഇവയ്ക്കു പ്രവര്‍ത്തിക്കാവുന്നതാണ്. 1956-ലെ വ്യവസായ നയത്തില്‍ ചെറുകിട വ്യവസായങ്ങളുടെ വികസനത്തിനു മുന്‍ഗണന നല്കണമെന്നും ഇത്തരം വ്യവസായങ്ങള്‍ വന്‍കിട വ്യവസായമേഖലയുമായി സംയോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കണമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വന്‍കിട വ്യവസായത്തിന് അതിനാവശ്യമായ എല്ലാ ഘടകസാമഗ്രികളും ഉത്പാദിപ്പിക്കാന്‍ കഴിയുകയില്ല. അതിനാല്‍ ചെറുകിട വ്യവസായ മേഖലയെ ഒരളവുവരെ ആശ്രയിക്കേണ്ടിവരുന്നു. വന്‍കിട വ്യവസായങ്ങള്‍ അതിന്റെ മുഖ്യവശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ചെറുകിട വ്യവസായങ്ങള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന ഇത്തരം രംഗങ്ങളില്‍ അവയ്ക്കു പ്രാധാന്യം നല്കി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടത്. യു.എസ്. പോലെ സാമ്പത്തിക വികാസം പ്രാപിച്ചിട്ടുള്ള രാജ്യങ്ങള്‍ ഇത്തരമൊരു സമീപനമാണ് അനുവര്‍ത്തിച്ചിട്ടുള്ളത്. ഇലക്ട്രോണിക് ഉപകരണങ്ങള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന ജപ്പാനിലും ഉപഘടകങ്ങള്‍ ചെറുകിട മേഖലയെ ആശ്രയിക്കുന്ന പ്രവണത വളരെയധികമായി കണ്ടുവരുന്നു. വന്‍കിട ഇലക്ട്രോണിക് വ്യവസായശാലകള്‍, ആവശ്യമുള്ള ഘടകവസ്തുക്കളുടെ പത്ത് ശതമാനത്തോളം മാത്രമേ നേരിട്ട് ഉത്പാദിപ്പിക്കുന്നുള്ളൂ. ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ മെഷീന്‍ ടൂള്‍സ്, ഹെവി ഇലക്ട്രിക്കല്‍സ്, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയ പൊതുമേഖലാ വ്യവസായശാലകള്‍ ഈ സമ്പ്രദായം സ്വീകരിച്ചിട്ടുള്ളതായി കാണാം. എസ്കോര്‍ട്ട്സ് തുടങ്ങിയ ചില സ്വകാര്യവ്യവസായശാലകളെയും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ചില വന്‍കിട പൊതുമേഖലാ സംരംഭങ്ങള്‍ സ്വകാര്യവ്യവസായികളെ പല ഉപഘടകങ്ങളുടെയും ഉത്പാദനച്ചുമതല നല്കി പ്രോത്സാഹിപ്പിച്ചുവരുന്നുണ്ട്. വികേന്ദ്രീകരണം ലക്ഷ്യമാക്കിക്കൊണ്ട് പല പൊതുമേഖലാ വ്യവസായങ്ങളെ ചുറ്റിയും അനുബന്ധവ്യവസായങ്ങള്‍ സ്ഥാപിക്കുവാന്‍ കേന്ദ്രഗവണ്‍മെന്റ് മുന്‍കൈയെടുത്തുവരുന്നു. അനുബന്ധ വ്യവസായങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ നല്ലൊരു ശതമാനം പൊതുമേഖലാ സംരംഭങ്ങള്‍ വാങ്ങുമെന്ന് ഉറപ്പു നല്കിയിട്ടുണ്ട്.

കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍. ഒരു ചെറുകിട വ്യവസായം തുടങ്ങുന്നതിന് ആദ്യപടിയായി താലൂക്കു വ്യവസായ ആഫീസില്‍ നിന്നും താത്കാലിക രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്. ബാങ്കുകള്‍, കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള ധനസഹായം, വ്യവസായ വകുപ്പ് നല്കുന്ന ആനുകൂല്യങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള അനുമതിപത്രം, വൈദ്യുതി, വെള്ളം എന്നിവയ്ക്കുള്ള കണക്ഷന്‍ തുടങ്ങിയവയ്ക്ക് താത്കാലിക രജിസ്ട്രേഷന്‍ ഉപകരിക്കുന്നു. ലൈസന്‍സ് നടപടി ക്രമങ്ങള്‍ ഇപ്പോള്‍ വളരെയധികം ലഘൂകരിച്ചിട്ടുണ്ട്. ഒരു വ്യവസായ സംരംഭകന്‍ കെട്ടിടം പണിയുന്നതിനും മെഷിനറി സ്ഥാപിക്കുന്നതിനും വേണ്ട ലൈസന്‍സിന് അതത് പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷനില്‍ അപേക്ഷ നല്കണം. ഇത്തരം അപേക്ഷകളില്‍ 30 ദിവസത്തിനകം തീരുമാനമെടുക്കേണ്ടതാണ്. ചെറുകിട വ്യവസായത്തിന്റെ മുതല്‍ മുടക്ക് ചില വ്യവസായങ്ങള്‍ക്ക് 75 ലക്ഷം രൂപ വരെ ആകാം. മൂന്നാം വര്‍ഷത്തോടെ വാര്‍ഷികോത്പാദനത്തിന്റെ 30 ശതമാനമെങ്കിലും കയറ്റുമതി ചെയ്യുന്നവ, ഉത്പാദിപ്പിക്കുന്ന യന്ത്രഭാഗങ്ങള്‍, ഘടകങ്ങള്‍ മുതലായവയില്‍ 50 ശതമാനമെങ്കിലും മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കു നല്കുന്നവ, സേവനം (സര്‍വീസ്) നടത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ 50 ശതമാനമെങ്കിലും മറ്റു വ്യവസായ സ്ഥാപനങ്ങള്‍ക്കു നല്കുന്നവ-ഇത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുള്ള മൂലധന നിക്ഷേപ പരിധി 75 ലക്ഷം രൂപയാണ്. 5 ലക്ഷം രൂപ വരെ യന്ത്രോപകരണങ്ങള്‍ക്കു മുതല്‍മുടക്കുള്ള ചെറുകിട സേവന-വ്യാപാരസ്ഥാപനങ്ങള്‍ക്കും വ്യവസായ വകുപ്പില്‍ നിന്നും രജിസ്ട്രേഷന്‍ ലഭിക്കും. വര്‍ക്ക്ഷോപ്പുകള്‍, ഫോട്ടോസ്റ്റാറ്റ്, ടെലിപ്രിന്റര്‍, ഫാക്സ് സര്‍വീസ്, ബ്ലു പ്രിന്റിങ്, അഡ്വാര്‍ടൈസിങ് ഏജന്‍സികള്‍ എന്നിവ ഉദാഹരണങ്ങളാണ്.

1991-ല്‍ ഇന്ത്യാഗവണ്‍മെന്റ് ആവിഷ്കരിച്ച ഉദാരവത്കരണനയംമൂലം ചെറുകിട വ്യവസായങ്ങള്‍ ഏതു വിഭാഗത്തിലും തുടങ്ങുവാന്‍ സാധിക്കും. ഒട്ടുമുക്കാലും വ്യവസായസംരംഭങ്ങള്‍ക്കു ലൈസന്‍സ് ആവശ്യമില്ല. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും സ്ഥിതി ചെയ്യുന്ന വ്യവസായ എസ്റ്റേറ്റ്/വികസന ഏരിയാ/വികസന പ്ലോട്ടുകളില്‍ തുടങ്ങുന്ന സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് ലൈസന്‍സ് ആവശ്യമില്ല. കെട്ടിടം പണിയുകയോ മെഷിനറി സ്ഥാപിക്കുകയോ ചെയ്യുന്നതിനു മുമ്പ് നിശ്ചിത ലൈസന്‍സ് ഫീസ് അടയ്ക്കുകയും പ്രതിജ്ഞാപത്രം നല്കുകയും ചെയ്താല്‍ മതി. മലിനീകരണ വസ്തുക്കള്‍ പുറം തള്ളാത്ത വ്യവസായങ്ങള്‍ക്കു മലിനീകരണ ബോര്‍ഡിന്റെ ക്ളിയറന്‍സ് ആവശ്യമില്ല. ചെറുകിട വ്യവസായങ്ങള്‍ക്കാവശ്യമായ ഹൈ ടെന്‍ഷന്‍-ലോ ടെന്‍ഷന്‍ ലൈനുകള്‍ വലിക്കുക, ട്രാന്‍സ് ഫോര്‍മറുകള്‍ സ്ഥാപിക്കുക തുടങ്ങിയവ മിനിമം ഗ്യാരണ്ടി അടിസ്ഥാനത്തില്‍ വിദ്യുച്ഛക്തി ബോര്‍ഡ് ചെയ്തു കൊടുക്കുന്നു. മിനിമം ഗ്യാരണ്ടി എന്നത്, ലൈന്‍ വലിക്കുവാന്‍ വേണ്ടി വരുന്ന മുതല്‍മുടക്കിന്റെ കുറഞ്ഞത് 15 ശ.മാ. പത്തു വര്‍ഷത്തേക്ക് ഉപഭോക്താവ് ബോര്‍ഡില്‍ അടച്ചുകൊള്ളാമെന്ന നിബന്ധനയാണ്. ഉത്പാദനം ആരംഭിച്ചു കഴിഞ്ഞാല്‍ സ്ഥാപനത്തിന് വ്യവസായ വകുപ്പില്‍നിന്നും സ്ഥിരം രജിസ്ട്രേഷന്‍ ലഭിക്കുവാന്‍ അപേക്ഷ നല്കാവുന്നതാണ്. വ്യവസായ സംരംഭകന്‍ മുടക്കേണ്ട തുകയുടെ 50 ശ.മാ. മാര്‍ജിന്‍ മണി (സീഡ് കാപ്പിറ്റല്‍) വായ്പ ലഭിക്കുന്നു. ഇതിനു പദ്ധതി ചെലവിന്റെ 20 ശ.മാ. അഥവാ ഒരു ലക്ഷം രൂപ എന്ന പരിധി നിര്‍ണയിച്ചിട്ടുണ്ട്. ഈ വായ്പയ്ക്ക് 6 ശ.മാ. പലിശ മാത്രമാണ് ഈടാക്കുന്നത്. കൂടാതെ ടേം ലോണ്‍ നല്കുന്ന ബാങ്ക്/സാമ്പത്തിക സ്ഥാപനം വഴി നാഷണല്‍ ഇക്വിറ്റി ഫണ്ടില്‍ നിന്നും ഒന്നര ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നു. ഈ വായ്പ എട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതിയാകും.

1991 സെപ്. 23-നുശേഷം പ്രവര്‍ത്തനമാരംഭിച്ച ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ 15 ശ.മാ. (പരമാവധി 15 ലക്ഷം രൂപ വരെ) സബ്സിഡി ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇലക്ട്രോണിക്സ്, റബ്ബര്‍ ഉത്പന്നങ്ങള്‍, ഭക്ഷ്യ സംസ്കരണം, ലഘു എന്‍ജിനീയറിങ്, മരുന്നുത്പാദനം, തുകല്‍ ഉത്പന്നങ്ങള്‍, കളിമണ്ണ്, സിലിക്കാ എന്നിവയെ ആധാരമാക്കിയ വ്യവസായങ്ങള്‍, വസ്ത്രനിര്‍മാണം (ത്രസ്റ്റ് ഇന്‍ഡസ്ട്രീസ്) എന്നീ വ്യവസായങ്ങള്‍ക്ക് സബ്സിഡിക്കുള്ള പരിധി 20 ലക്ഷം രൂപയാണ്. നിലവിലുള്ള വ്യവസായങ്ങളുടെ വിപുലീകരണം/വൈവിധ്യവത്കരണം/ആധുനികവത്കരണം എന്നിവയ്ക്കും മുമ്പു പറഞ്ഞ നിരക്കില്‍ സബ്സിഡി ലഭിക്കും. ജനറേറ്റര്‍ സെറ്റുകള്‍ സ്ഥാപിക്കുന്നതിനു മുടക്കുന്ന തുകയുടെ 15 ശ.മാ. (പരമാവധി 5 ലക്ഷം രൂപ വരെ) സബ്സിഡിക്കുള്ള അര്‍ഹതയുണ്ട്. ഈ തോതിലുള്ള സബ്സിഡി പരിസര മലിനീകരണ നിയന്ത്രണ ഉപകരണങ്ങളുടെ മുടക്കു തുകയ്ക്കും ലഭ്യമാണ്. പുതുതായി ആരംഭിക്കുന്ന ചെറുകിട വ്യവസായ യൂണിറ്റുകളെ ഏഴുവര്‍ഷത്തേക്ക് എല്ലാവിധ സംസ്ഥാന നികുതികളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതുകൂടാതെ നികുതി നിരക്കിലുള്ള ഒട്ടനവധി സൗജന്യങ്ങള്‍ വ്യവസായങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. പുതിയ വ്യവസായങ്ങള്‍ക്കു പവര്‍ കട്ടുള്ള കാലങ്ങളിലും വൈദ്യുതി കണക്ഷന്‍ നല്കുകയും ആദ്യത്തെ 5 വര്‍ഷം പവര്‍ കട്ടില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. എന്നാല്‍ ഇത് പലപ്പോഴും പ്രാവര്‍ത്തികമാക്കാറില്ല. പവര്‍ കട്ട് മൂലം പല ചെറുകിട വ്യവസായങ്ങളും ഗുരുതരമായ പ്രതിസന്ധിയെ നേരിടേണ്ടിവരുന്നു. വനിതാ വ്യവസായ സംരംഭകര്‍ക്കും വനിതകള്‍ തന്നെ നടത്തുന്ന വ്യവസായങ്ങള്‍ക്കും ചില പ്രത്യേക ആനുകൂല്യങ്ങളും അനുവദിച്ചിട്ടുണ്ട്. കൂടാതെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സംരംഭകര്‍ക്കുള്ള പരിശീലനപരിപാടി, പീഡിത വ്യവസായ പുനരുദ്ധാരണ പദ്ധതി, അസംസ്കൃത പദാര്‍ഥങ്ങള്‍ ലഭ്യമാക്കല്‍, ഗുണനിലവാര നിയന്ത്രണം, വിപണന സൗകര്യങ്ങള്‍ ലഭ്യമാക്കല്‍, പട്ടികജാതി പട്ടിക വര്‍ഗവ്യവസായ സംരംഭകര്‍ക്കുള്ള പ്രത്യേക പദ്ധതി, സ്വയംതൊഴില്‍ പദ്ധതി എന്നിവയിലൂടെയും ചെറുകിട വ്യവസായങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാണ്.

സംഘടിതവും അസംഘടിതവുമായ മേഖലകളിലായി ഇന്ന് ഒരു ലക്ഷത്തിലേറെ രജിസ്റ്റര്‍ ചെയ്ത ചെറുകിട വ്യവസായ യൂണിറ്റുകള്‍ കേരളത്തിലുണ്ട്. ഇവയില്‍ പകുതിയിലധികവും പരമ്പരാഗത മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നവയാണ്. സംസ്ഥാനത്തിന്റെ മൊത്തം വ്യാവസായികോത്പാദനത്തിന്റെ ഏറിയ പങ്കും നല്കുന്നത് ചെറുകിട ഘടകങ്ങളാണ്. 1995 മാര്‍ച്ചവസാനം സംസ്ഥാനത്ത് 1367 കോടി രൂപ നിക്ഷേപമുള്ള 1,26,220 ചെറുകിട വ്യവസായങ്ങളാണുണ്ടായിരുന്നത്. ഈ വ്യവസായ യൂണിറ്റുകളിലെ തൊഴില്‍ശേഷി 7.03 ലക്ഷമായിരുന്നു. കേരളത്തിലെ ചെറുകിട വ്യവസായമേഖല ഇനിയും വളരെയേറെ പുരോഗമിക്കേണ്ടിയിരിക്കുന്നു. അസംസ്കൃത സാധനങ്ങളുടെ ദൗര്‍ലഭ്യം, ഇതര വ്യവസായ യൂണിറ്റുകളില്‍നിന്നുള്ള അനാരോഗ്യകരമായ മത്സരം, വിപണിയെപ്പറ്റി വേണ്ടത്ര പഠനം നടത്താതെയുള്ള ഉത്പാദനം എന്നിവ ചെറുകിട വ്യവസായമേഖലയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ്. സംസ്ഥാനത്തിന് അനുയോജ്യമായ വ്യവസായങ്ങളെന്തൊക്കെയാണെന്നു ഗാഢമായി ചിന്തിക്കേണ്ടിയിരിക്കുന്നു. ഭക്ഷ്യസംസ്കരണം, രാസവ്യവസായങ്ങള്‍, എന്‍ജിനീയറിങ് വ്യവസായങ്ങള്‍, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് കേരളത്തില്‍ നല്ല സാധ്യതകളാണുള്ളത്. ഇലക്ട്രോണിക്സ് വ്യവസായമേഖലയില്‍ ചെറുകിട വ്യവസായങ്ങളുടെ ഒരു ശൃംഖല ഉണ്ടായാല്‍ ടെലിവിഷന്‍, റേഡിയോ, ടെലികമ്യൂണിക്കേഷന്‍ എന്നിവയ്ക്കു വേണ്ട ഭാഗങ്ങളും മറ്റും നിര്‍മിക്കാന്‍ കഴിയും. രാസവസ്തുക്കള്‍, വളം, റബ്ബര്‍ ഉത്പന്നങ്ങള്‍, സസ്യയെണ്ണകള്‍ തുടങ്ങിയ വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ അസംസ്കൃത സാധനങ്ങള്‍ കേരളത്തിനകത്തു തന്നെ ലഭിക്കുന്നതിനാല്‍ ഇവയ്ക്ക് സംസ്ഥാനത്ത് നല്ല വികസന സാധ്യതയുണ്ട്. ചെറുകിട മേഖലയിലെ എന്‍ജിനീയറിങ് വ്യവസായങ്ങള്‍ വന്‍കിട എന്‍ജിനീയറിങ് വ്യവസായങ്ങളെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഗൃഹോപകരണങ്ങള്‍, ഓട്ടോമൊബൈല്‍ സാമഗ്രികള്‍ തുടങ്ങിയവ നിര്‍മിക്കാനും നിരവധി എന്‍ജിനീയറിങ് വ്യവസായങ്ങള്‍ ആവശ്യമാണ്.

കേരളത്തിലെ ചെറുകിട വ്യവസായമേഖല നേരിടുന്ന പ്രശ്നങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ചെറുകിട വ്യവസായങ്ങള്‍ സ്ഥാപിച്ചതുകൊണ്ടുമാത്രം സംസ്ഥാനത്തിന്റെ ത്വരിതവികസനം സാധിക്കുകയില്ലെന്നു മനസ്സിലാക്കാം. ഇടത്തരവും വന്‍കിടയുമായ അനവധി വ്യവസായങ്ങള്‍ കൂടി സ്ഥാപിച്ചെങ്കില്‍ മാത്രമേ സംസ്ഥാനത്തിന്റെ വ്യവസായമേഖലയെ ചൈതന്യപൂര്‍ണമാക്കാന്‍ കഴിയുകയുള്ളൂ. വന്‍കിട വ്യവസായമേഖലയും ചെറുകിട വ്യവസായമേഖലയും തമ്മില്‍ സഹകരണാത്മകമായ ഏകോപനം ഉണ്ടായിരിക്കണം. ഉയര്‍ന്ന ജനസാന്ദ്രതയുള്ള കേരളത്തില്‍ ഒരു പ്രദേശം വ്യാവസായികമായി പ്രാധാന്യം നേടുമ്പോള്‍ ചെറുകിട മേഖലയില്‍ വ്യവസായ ശൃംഖലകള്‍ വളരുവാനുള്ള സാധ്യതകളുണ്ട്. പഞ്ചാബ് മാതൃകയില്‍ ചെറുകിട വ്യവസായങ്ങളെ 'അടുക്കള വ്യവസായ'ങ്ങളായി രൂപാന്തരപ്പെടുത്തുവാനുള്ള സാധ്യതയും കേരളത്തില്‍ ധാരാളമുണ്ട്. 'ഓരോ ഭവനവും ഓരോ ചെറുകിട വ്യവസായസ്ഥാപനം' എന്ന മുദ്രാവാക്യം പ്രായോഗികമാക്കുന്നതിനെക്കുറിച്ച് ഗാഢമായി ചിന്തിക്കേണ്ടതാണ്. ഇതിനുവേണ്ടി കേരളീയര്‍ ഏതു കായികാധ്വാനവും ചെയ്യാന്‍ തയ്യാറാകേണ്ടിയിരിക്കുന്നു. പ്രയത്നശാലികളായതുകൊണ്ടാണ് പഞ്ചാബികള്‍ ഈ രംഗത്തു മുന്‍പന്തിയില്‍ നില്ക്കുന്നത്. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ആഗോളവത്കൃതമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍, ലോകവിപണിയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍ക്കനുസൃതമായി വികസന പദ്ധതികള്‍ വിഭാവന ചെയ്യാന്‍ കഴിയണം. വന്‍കിട ഫാക്ടറികളെ പിന്‍തള്ളിക്കൊണ്ട്, വികേന്ദ്രീകൃതവും ചെറുകിട സ്വഭാവമുള്ളതുമായ ഉത്പാദന യൂണിറ്റുകള്‍ പ്രാമുഖ്യത്തിലേക്കുയരുന്ന പ്രവണതയാണ് ആഗോളസമ്പദ്ഘടനയില്‍ കണ്ടുവരുന്നത്. ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയെ ആശ്രയിച്ചുള്ള ഉത്പാദനം കുടുംബങ്ങള്‍ക്കുതന്നെ നിര്‍വഹിക്കാവുന്നതാണ്. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും സാങ്കേതിക വൈദഗ്ധ്യവും ഇതിന് അത്യന്താപേക്ഷിതമാണ്. വൈദഗ്ധ്യമാര്‍ന്ന മനുഷ്യവിഭവം കൊണ്ട് അനുഗൃഹീതമായ കേരളത്തിന്, വന്‍തോതിലുള്ള മുതല്‍ മുടക്കില്ലാത്തതും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഇലക്ട്രോണിക്സ് അധിഷ്ഠിത വ്യവസായങ്ങളുടെ വിപുലമായൊരു ശൃംഖല തന്നെ സൃഷ്ടിക്കാവുന്നതാണ്. അത്യന്താധുനികമായ സാങ്കേതിക വിപ്ലവത്തിലൂടെ ചെറുകിട വ്യവസായമേഖലയെ, ആഗോളവിപണിയുമായി സംയോജിപ്പിക്കുന്ന സമീപനമാണ് ആവശ്യമായിട്ടുള്ളത്. ദീര്‍ഘവീക്ഷണത്തോടെയുള്ള ഇത്തരമൊരു സമീപനത്തിലൂടെ മാത്രമേ, ഒരു 'ആഗോളഗ്രാമ'(global village)മായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത്, കേരളത്തിന്റെ സ്ഥാനം സുരക്ഷിതമായി നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍