This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറി

ചെറി: ഫലത്തോടു കൂടിയ ശാഖ

റോസേസി (Rosaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഫലവൃക്ഷം. യൂറോപ്പിലും ഏഷ്യയിലും വളരുന്ന ഈ വൃക്ഷം ഏറ്റവുമധികം കൃഷി ചെയ്യപ്പെടുന്നതു സമശീതോഷ്ണമേഖലയിലാണ്. ഏകദേശം 1100 ഇനങ്ങളുള്ള ഈ ഫലവൃക്ഷത്തിന്റെ അമേരിക്കന്‍ ചെറിക്കു മാത്രം യാതൊരു വാണിജ്യപ്രാധാന്യവുമില്ല. മധുരമുള്ള ചെറിയുടെ ശാസ്ത്രനാമം: പ്രൂണസ് ഏവിയം (Prunus avium) എന്നാണ്. വളരെ ഉയരത്തില്‍ വളരുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമായ ഒരു മരമാണിത്. ഫലങ്ങള്‍ക്കു മഞ്ഞയോ ഇളം പച്ചയോ നിറമായിരിക്കും. ഇവയുടെ ഏകദേശം 600 ഇനങ്ങളുണ്ട്. മധുരമുള്ള ചെറി കൃഷി ചെയ്യാന്‍ പുളിയുള്ള ചെറി കൃഷി ചെയ്യുന്നതിനെക്കാള്‍ വിഷമമാണ്. കൂടുതല്‍ ജലസേചനവും ഈ മരത്തിന് ആവശ്യമാണ്. ചൂടിനോടുള്ള സഹിഷ്ണുത ഈ മരത്തിന് കുറവായതിനാല്‍ ചൂടുകാലത്ത് ഇവ നശിച്ചുപോകുന്നു. മാത്രമല്ല, ഈ മരത്തിനു കീടശല്യവും താരതമ്യേന കൂടുതലാണ്. വീട്ടാവശ്യത്തിനാണ് അധികവും ഈ ചെറി നട്ടുവളര്‍ത്തുന്നത്. കാനിങ്ങിനും വൈന്‍ ഉണ്ടാക്കുന്നതിനും ഇതിന്റെ പഴങ്ങള്‍ ഉപയോഗിക്കുന്നു.

പുളിയുള്ള ചെറിയുടെ(P.cerasum) മരം ചെറുതും കടുപ്പം കൂടിയ തടിയുള്ളതുമാണ്. ഇതിന്റെ ഫലങ്ങള്‍ക്കു ചുവപ്പുനിറമാണ്. ഏകദേശം 300 ഇനങ്ങളുണ്ടിതിന്. പ്രധാനമായും കാനിങ്ങിന് ഉപയോഗിക്കുന്നു.

മനോഹരങ്ങളായ പുഷ്പങ്ങള്‍ക്കുവേണ്ടി നട്ടുവളര്‍ത്തപ്പെടുന്ന ഇനങ്ങളുമുണ്ട് (P. serrulata). ഒന്റേറിയയിലെയും ഫ്ലോറിഡയിലെയും ഇലകൊഴിയും വനങ്ങളിലും മറ്റു സ്ഥലങ്ങളിലും തടിക്കുവേണ്ടി കാട്ടിനമായ ബ്ലാക്ക് ചെറി (P. serotina) നട്ടു വളര്‍ത്തുന്നു. ഇതിന്റെ തടി പ്രായഭേദമനുസരിച്ച് ഇളം ചുവപ്പുനിറമോ കടുംചുവപ്പുനിറമോ ആയിരിക്കും. തടി നല്ല കടുപ്പമുള്ളതും ധാരാളം 'ഗ്രെയ്ന്‍സ്' ഉള്ളതുമാണ്. ഉപയോഗത്തിനുമുമ്പു തടിയില്‍ ചായം തേയ്ക്കുന്നു. തടിയുടെ മനോഹരനിറവും ദാരുരേഖയുടെ പ്രത്യേകതയും ഫര്‍ണിച്ചറിനും ലബോറട്ടറി ഉപകരണങ്ങള്‍ക്കും മറ്റു പണിത്തരങ്ങള്‍ക്കും ഭംഗി വര്‍ധിപ്പിക്കുന്നു. തടിക്ക് ഔഷധഗുണമുണ്ട്. മൂപ്പെത്തിയ കായ്കള്‍ ലഹരിപദാര്‍ഥങ്ങള്‍ക്കു മണം നല്കാനുപകരിക്കുന്നു.

ചെറിക്കു പല ഉപവിഭാഗങ്ങളുണ്ട്. എല്ലാ ഇനങ്ങളിലും കുലകളായിട്ടു വെളുത്ത പുഷ്പങ്ങളുണ്ടാകുന്നു. കാട്ടുചെറിയില്‍ നിന്നാണ് ഇന്നു കാണുന്ന വിവിധയിനങ്ങള്‍ വളര്‍ത്തിയെടുത്തിരിക്കുന്നത്. മുകുളനം വഴിയും വിത്തുകള്‍ മുളപ്പിച്ചും ചെറി കൃഷി ചെയ്യുന്നു.

നന്നായി പാകമാകുന്നതിനു കുറച്ചുദിവസങ്ങള്‍ക്കു മുമ്പു തന്നെ കായ്കളോടുകൂടിയ ശാഖകള്‍ മുറിച്ചുമാറ്റുന്നു. പറിച്ചെടുക്കുന്ന കായ്കള്‍ ചെറിയ കുട്ടകളിലും പെട്ടികളിലും ആകര്‍ഷണമാംവിധം അടുക്കിവയ്ക്കുന്നു. കാനിങ്ങിനാവശ്യമായ കായ്കള്‍ പോറല്‍പോലുമേല്ക്കാതെയാണ് പറിച്ചെടുക്കുക.

ചെറിപ്പഴങ്ങള്‍ ഭക്ഷിക്കാനുപയോഗിക്കുന്നു. കാനിങ് ചെയ്തു സൂക്ഷിക്കുകയുമാവാം. പഴങ്ങളുടെ നീരില്‍നിന്നു വൈനും ജെല്ലിയും ഉണ്ടാക്കാറുമുണ്ട്. ഉപ്പിലിടാനും ചെറിപ്പഴങ്ങള്‍ ഉപയോഗിച്ചുവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍