This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെറായി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെറായി

സഹോദരന്‍ അയ്യപ്പന്‍ ജനിച്ച വീട്

എറണാകുളം ജില്ലയ്ക്കു പടിഞ്ഞാറായി വേമ്പനാട്ടു കായലിനും അറബിക്കടലിനുമിടയ്ക്ക് സ്ഥിതിചെയ്യുന്ന വൈപ്പിന്‍ ദ്വീപിലെ ഒരു പ്രദേശം. കൊടുങ്ങല്ലൂരിന്റെ കടലിലേക്കു തള്ളിനില്‍ക്കുന്ന ഭാഗം (അഴി) ഈ ദ്വീപിന്റെ വടക്കുഭാഗത്തും കൊച്ചിയുടേത് തെക്കുഭാഗത്തുമായി സ്ഥിതിചെയ്യുന്നു. നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ടു കിടന്ന വൈപ്പിന്‍ ദ്വീപ് ഇപ്പോള്‍ ചെറായി പാലം മുഖേന പറവൂരുമായി ബന്ധപ്പെട്ടിരിക്കുന്നു. 64 ച.കി.മീ. വിസ്തീര്‍ണമുള്ള ഈ ദ്വീപിലെ മറ്റു പ്രദേശങ്ങള്‍ അഴീക്കല്‍, ഓച്ചന്തുരുത്ത്, മല്ലിപുരം, ഇളംകുന്നപ്പുഴ, ഞാറയ്ക്കല്‍, നായരമ്പലം, ഇടവനക്കാട്, കുഴിപ്പള്ളി, അയ്യമ്പിള്ളി, പള്ളിപ്പുറം എന്നിവയാണ്. സമൃദ്ധമായ തെങ്ങിന്‍തോപ്പുകള്‍ നിറഞ്ഞതാണ് ഈ പ്രദേശങ്ങള്‍.

ജനസാന്ദ്രതയേറിയ വൈപ്പിന്‍-പള്ളിപ്പുറം പ്രദേശങ്ങളെ പ്രധാനകരയുമായി ബന്ധിപ്പിക്കുന്ന ചെറായി പാലം ചക്കരക്കടവു കനാലിനു കുറുകെ പണിതിരിക്കുന്നു. പറവൂര്‍-വരാപ്പുഴ റോഡിനെ വൈപ്പിന്‍-പള്ളിപ്പുറം റോഡുമായി ബന്ധിപ്പിക്കുന്ന പറവൂര്‍-ചെറായി റോഡിലാണ് ഇതിന്റെ സ്ഥാനം. 6.5 ലക്ഷം രൂപയോളം നിര്‍മാണച്ചെലവു വന്ന ഈ പാലം 1960 സെപ്. 29-ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു.

സുബ്രഹ്മണ്യനു സമര്‍പ്പിക്കപ്പെട്ടതെന്നു കരുതപ്പെടുന്ന ഒരു ഗൌരീശ്വരക്ഷേത്രം ചെറായിയിലുണ്ട്. വൈപ്പിന്‍ ദ്വീപിലെ മുഖ്യക്ഷേത്രമാണ് ഇവിടത്തെ ശ്രീവരാഹക്ഷേത്രം. ഇത് ഗൌഡസാരസ്വതബ്രാഹ്മണരുടെ ഉടമസ്ഥതയിലുള്ളതാണ്. പ്രശസ്ത സാമൂഹിക പരിഷ്കര്‍ത്താവും നാരായണഗുരുവിന്റെ ശിഷ്യനുമായിരുന്ന സഹോദരന്‍ അയ്യപ്പന്റെ ജന്മനാടെന്ന പേരിലും ചെറായി പ്രസിദ്ധമാണ്. സഹോദരന്‍ അയ്യപ്പന്റെ ജന്മഗൃഹം കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സഹോദരന്‍ അയ്യപ്പന്‍ സ്മാരകമാക്കി മാറ്റിയിട്ടുണ്ട്. മലയാള സാഹിത്യത്തിന്റെ നവോത്ഥാന ശില്പികളില്‍ പ്രമുഖനായ പി. കേശവദേവിന്റെ ജന്മസ്ഥലവും ചെറായി തന്നെ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍