This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെര്‍ണിഷേവ്സ്കി, നികലായ് ഗബ്രീലവിച്ച് (1828 - 89)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെര്‍ണിഷേവ്സ്കി, നികലായ് ഗബ്രീലവിച്ച് (1828 - 89)

നികലായ് ഗബ്രീലവിച്ച് ചെര്‍ണിഷേവ്സ്കി

റഷ്യന്‍ സാഹിത്യവിമര്‍ശകനും സൈദ്ധാന്തികനും. 1828 ജൂല. 12-ന് സാരറ്റോവില്‍ ഒരു പുരോഹിതന്റെ മകനായി ജനിച്ചു. 1850-ല്‍ സെന്റ് പീറ്റേഴ്സ്ബര്‍ഗ് സര്‍കലാശാലയില്‍ നിന്നു ബിരുദം നേടി. തുടര്‍ന്ന് ദ കണ്‍ടെംപററി എന്ന പത്രത്തിന്റെ പത്രാധിപരായി ജോലി നോക്കുകയുണ്ടായി.

വിദ്യാര്‍ഥിയായിരിക്കെ ഫ്രഞ്ച് സോഷ്യലിസ്റ്റുകളുടെയും ഹെഗലിന്റെയും രചനകള്‍ ചെര്‍ണിഷേവ്സ്കിയെ സ്വാധീനിച്ചിരുന്നു. ലുഡ്വിഗ് ഫ്യൂര്‍ ബാക്കിന്റെ എ സെന്‍സ് ഒഫ് ക്രിസ്റ്റ്യാനിറ്റി എന്ന ഗ്രന്ഥമാണ് ചെര്‍ണിഷേവ്സ്കിയുടെ തത്ത്വചിന്താവീക്ഷണത്തിന് അടിസ്ഥാനം. ചെര്‍ണിഷേവ്സ്കിയെ സ്വാധീനിച്ചിരുന്ന മറ്റൊരു പ്രമുഖനായിരുന്നു ജോണ്‍ സ്റ്റ്യൂവര്‍ട്ട് മില്‍. അദ്ദേഹത്തിന്റെ പ്രിന്‍സിപ്പിള്‍സ് ഒഫ് പൊളിറ്റിക്കല്‍ എക്കോണമി എന്ന ഗ്രന്ഥം 1860-ല്‍ ചെര്‍ണിഷേവ്സ്കി റഷ്യന്‍ ഭാഷയിലേക്കു വിവര്‍ത്തനം ചെയ്തു.

വൈരുധ്യവാദത്തെ കലാതത്ത്വവിചാരത്തില്‍ സമഗ്രമായി വിനിയോഗിച്ചതാണ് സാഹിത്യവിമര്‍ശനരംഗത്ത് ഇദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. ഇദ്ദേഹത്തിന്റെ വിമര്‍ശന സമീപനത്തിന്റെ പ്രകടനപത്രികയാണ് യാഥാര്‍ഥ്യത്തോടു കലയ്ക്കുള്ള സൗന്ദര്യ ശാസ്ത്രപരമായ ബന്ധങ്ങള്‍ എന്ന കൃതി. അത് ആശയവാദപരമായ സൗന്ദര്യശാസ്ത്ര സിദ്ധാന്തത്തിന്റെ അപര്യാപ്തതയെ തുറന്നുകാട്ടുന്നു. സാഹിത്യവിമര്‍ശനരംഗത്തിന് ഇദ്ദേഹം നല്കിയ മറ്റൊരു മികച്ച സംഭാവനയാണ് 'റഷ്യന്‍ സാഹിത്യത്തിലെ ഗൊഗോള്‍ കാലഘട്ടത്തെപ്പറ്റിയുള്ള ഉപന്യാസങ്ങള്‍'.

'ലെനിന്റെ മുന്‍ഗാമി' എന്ന് സോവിയറ്റ് റഷ്യയിലെ ജനങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ട സോഷ്യലിസ്റ്റ് ചിന്തകനാണ് ചെര്‍ണിഷേവ്സ്കി. നിലനിന്നിരുന്ന വ്യവസ്ഥിതിയിലെ വര്‍ഗസ്വഭാവം വിശകലനം ചെയ്തുകൊണ്ട്, അധ്വാനിക്കുന്ന ജനവിഭാഗത്തിനു ചരിത്രത്തില്‍ ഇടം നേടിക്കൊടുക്കുന്ന വര്‍ഗസമരത്തിന്റെ പ്രസക്തി ഉയര്‍ത്തിക്കാട്ടുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ഇദ്ദേഹത്തിന്റെ തത്ത്വചിന്തകള്‍ ഹെര്‍സന്‍, ബെലിന്‍സ്കി എന്നിവരുടെയും ജര്‍മന്‍ ക്ലാസ്സിക്കല്‍ ചിന്തയുടെയും പശ്ചാത്തലത്തിലാണു രൂപം പ്രാപിച്ചത്. എന്നാല്‍ വൈകാതെ ഹെഗലിന്റെ വൈരുധ്യവാദത്തിന്റെ പ്രസക്തി തിരിച്ചറിയുകയും തത്ത്വശാസ്ത്രത്തിന്റെ സാമൂഹികമായ പങ്കിനെപ്പറ്റി ബോധവാനാവുകയും ചെയ്തു. ഇദ്ദേഹം പുരോഗമനപരമായ ഒരു ചിന്താപദ്ധതി വളര്‍ത്തിയെടുത്തു. വൈരുധ്യവാദത്തിലധിഷ്ഠിതമായ ആ ചിന്താപദ്ധതിയെ കലാതത്ത്വവിചാരത്തിലും ചരിത്രത്തിലും സൗന്ദര്യശാസ്ത്രത്തിലും ധനതത്ത്വശാസ്ത്രത്തിലും സൂക്ഷ്മതയോടെ പ്രയോഗിച്ചു. ഇദ്ദേഹത്തിന്റെ തത്ത്വചിന്താപരങ്ങളായ മുഖ്യകൃതികള്‍ തത്ത്വശാസ്ത്രത്തിലെ മാനവശാസ്ത്രപരമായ തത്ത്വങ്ങള്‍, മാനവവിജ്ഞാനത്തിന്റെ സ്വഭാവം എന്നിവയാണ്.

വിപ്ലവത്തെക്കുറിച്ചും വിപ്ലവകാരികളെക്കുറിച്ചും മൌലികമായ സങ്കല്പങ്ങള്‍ രൂപപ്പെടുത്തിയ ഇദ്ദേഹം അവയുടെ സര്‍ഗാത്മകമായ പുനഃസൃഷ്ടി എന്ന രീതിയില്‍ ഒരു നോവലും രചിച്ചിട്ടുണ്ട്. എന്തു ചെയ്യണം എന്ന പ്രസ്തുത കൃതി 1863-ലാണ് പ്രസിദ്ധീകരിച്ചത്.

ചെര്‍ണിഷേവ്സ്കി 1860-കളില്‍ മൌലികമായ റഷ്യന്‍ സോഷ്യലിസ്റ്റ് ചിന്തയുടെ പ്രമുഖ വക്താവായിത്തീര്‍ന്നു. 1862-ല്‍ ഭരണകൂടം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. വിചാരണ കൂടാതെ 1864-ല്‍ സൈബീരിയയിലേക്കു നാടുകടത്തി. ആരോഗ്യം മോശമായതിനെത്തുടര്‍ന്ന് അവസാനകാലഘട്ടത്തില്‍ ജന്മനാടായ സാരറ്റോവിലേക്കു മടങ്ങാന്‍ അനുവദിച്ചു. പിന്നീട് ഏതാനും മാസങ്ങള്‍ മാത്രമേ ഇദ്ദേഹം ജീവിച്ചിരുന്നുള്ളു. 1889 ഒ. 29-ന് ചെര്‍ണിഷേവ്സ്കി അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍