This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെര്‍ട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെര്‍ട്ട്

സാന്ദ്രതയേറിയ ക്വാര്‍ട്സിന്റെ അതിസൂക്ഷ്മപരലുകളുടെ രൂപത്തിലോ ചാല്‍സിഡണിയുടെ രൂപത്തിലോ സ്വതന്ത്ര സിലിക്ക അടങ്ങിയ അവസാദശില. കളിമണ്‍പാത്രത്തിന്റെ ദ്യൂതി, 'മോ'സ്കെയിലില്‍ കാഠിന്യം 7, ശംഖാഭമാര്‍ന്ന ശിലാവിഭംഗപ്രതലം എന്നിവയാണ് ചെര്‍ട്ടിന്റെ ഭൗതികഗുണങ്ങള്‍. ചെര്‍ട്ട് പല നിറങ്ങളില്‍ കാണപ്പെടുന്നു. ശിലയില്‍ അടങ്ങിയിരിക്കുന്ന അശുദ്ധ പദാര്‍ഥങ്ങളുടെ അളവിലെ വ്യത്യാസമാണ് ഈ വര്‍ണഭേദത്തിനു കാരണം. ചെര്‍ട്ട് സാധാരണയായി ഇളം നിറങ്ങളിലാണു കാണപ്പെടുന്നത്. വെള്ള, മഞ്ഞകലര്‍ന്ന വെള്ള, ചാരം, കറുപ്പ് എന്നിവയാണ് ചെര്‍ട്ടിന്റെ പതിവുനിറങ്ങളെങ്കിലും മഞ്ഞയും ചുവപ്പും തവിട്ടും ഒട്ടും അപൂര്‍വമല്ല.

ഗൂഢ-ക്രിസ്റ്റലീയ സിലിക്കയും ഓപ്പലുമാണ് പൊതുവേ അഫനിറ്റിക-പാറയായ ചെര്‍ട്ടിന്റെ പ്രധാന ഘടകങ്ങള്‍. കാല്‍സൈറ്റ്, ഡോളമൈറ്റ്, തേഞ്ഞുരഞ്ഞ (detrital) ക്വാര്‍ട്സ്, കളിമണ്‍ ധാതുക്കള്‍ എന്നിവയും വളരെ ചെറിയ തോതില്‍ അടങ്ങിയിരിക്കും. സിലിക്കാമയകവചധാരികളായ റേഡിയൊലേറിയ, ഡയാറ്റം, സ്പഞ്ചുകള്‍ മുതലായ ജീവികളുടെ കടുപ്പമേറിയ ശരീരഭാഗങ്ങളും ചെര്‍ട്ടില്‍ അടങ്ങിയിരിക്കുന്നു.

ചെര്‍ട്ടിന്റെ രാസസംയോഗം കാലപ്പഴക്കത്തിനനുസരിച്ചു വ്യത്യാസപ്പെടുന്നതായി കോര്‍ സാമ്പിളുകളുടെ പഠനം വ്യക്തമാക്കുന്നു. ഇപ്രകാരമാണ് ടെര്‍ഷ്യറി ചെര്‍ട്ടില്‍ ഓപ്പലും ഇതിലും പഴക്കമേറിയ നിക്ഷേപങ്ങളില്‍ ചാല്‍സിഡണിയും കാണപ്പെടുന്നതെന്നാണ് പെട്രോളജിസ്റ്റുകളുടെ മതം.

പ്രധാനമായും രണ്ടുതരം ചെര്‍ട്ട് നിക്ഷേപങ്ങളുണ്ട്: പര്‍വകങ്ങളും (nodules) സംസ്തരിത ശിലാസമൂഹങ്ങളും. പര്‍വകരൂപത്തിലുള്ള ചെര്‍ട്ട് ചുണ്ണാമ്പുകല്ലിലും ഡോളമൈറ്റിലും ശിലാപാളികള്‍ക്കു സമാന്തരമായി പല വലുപ്പത്തിലും ആകൃതിയിലും കാണപ്പെടുന്നു. ഇവയുടെ വ്യാസം ഏതാനും സെ.മീ. മുതല്‍ അനേകം മീ. വരെയാണ്. കൂടാതെ ആതിഥേയ ശിലയുടെയും ഉള്‍ക്കൊണ്ടിരിക്കുന്ന പര്‍വകങ്ങളുടെയും സംസ്തരണപ്രതലങ്ങള്‍ വിടവുകളെന്യേ സംയോജിച്ചാണിരിക്കുക. ഇവയില്‍ ഫോസിലുകളും കാണപ്പെടാറുണ്ട്.

ദശമീറ്റര്‍ കണക്കിലും ശതമീറ്റര്‍ കണക്കിലുമാണ് സംസ്തരിത ശിലാസമൂഹത്തിന്റെ സ്ഥൂലതയും വ്യാപ്തിയും കണക്കാക്കാറുള്ളത്. സെന്റിമീറ്ററുകളോളം കനത്ത നിരവധി. പാളികളില്‍ ചെര്‍ട്ടിനു പുറമേ അന്തരാസംസ്തരിതമായി (inter-bedded) ഷേലോസിഡെറൈറ്റോ, ഹേമറ്റൈറ്റോ കാണുക പതിവാണ്. പാളികളായി കാണപ്പെടുന്ന ചെര്‍ട്ടിന്റെ പ്രായം പൂര്‍വ-പ്രീകാംബ്രിയന്‍ മുതല്‍ ഓലിഗോസീന്‍ വരെയാണ്. അന്റാര്‍ട്ടിക്ക ഒഴികെയുള്ള എല്ലാ വന്‍കരകളിലും ഇതിന്റെ നിക്ഷേപമുണ്ട്.

ചെര്‍ട്ടിന്റെ ഉദ്ഭവത്തെക്കുറിച്ചു പ്രതിപാദിക്കുന്ന പ്രധാനപ്പെട്ട രണ്ടു സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. മൂലകാത്സിയമയദ്രവ്യങ്ങളുടെ പ്രതിസ്ഥാപനമാണ് (replacement) ഇതിലൊന്ന്. ഒരു നിക്ഷേപണ പരിതഃസ്ഥിതിയിലെ (depositional environment) ജലത്തില്‍ നിന്നും സിലിക്കയുടെ പ്രാഥമിക ഘനീഭവിക്കലിന്റെ ഫലമായിട്ടാണ് ചെര്‍ട്ട് രൂപം കൊള്ളുന്നതെന്നാണ് രണ്ടാമത്തെ സിദ്ധാന്തം.

വിള്ളലുകള്‍, സംസ്തരണ പ്രതലങ്ങള്‍ എന്നിവയിലൂടെ സിലിക്കാലായനികള്‍ ആതിഥേയശിലയില്‍ പ്രവേശിച്ച് പ്രതിസ്ഥാപനം നിര്‍വഹിക്കുന്നു. തത്ഫലമായി മൂലശില സിലിക്കാമയമായി രൂപാന്തരം പ്രാപിക്കുന്നു. പ്രതിസ്ഥാപനരാസപ്രവര്‍ത്തനത്തെ ചെറുത്തുനില്ക്കുന്ന മൂലശിലാഭാഗങ്ങളുമുണ്ട്. സിലിക്കാമയ ഫോസിലുകളുടെ സാന്നിധ്യം, പര്‍വകങ്ങളുടെ ക്രമരഹിതമായ ആകൃതി, ആതിഥേയ ശിലയിലെയും പ്രതിസ്ഥാപനരംഗത്തിലെയും സംസ്തരണങ്ങളുടെ (bedding) ഏകീകൃതസംയോജനം, സിലിക്കാമയ ഊവലൈറ്റുകളുടെ സമൃദ്ധി എന്നിവ അവക്ഷേപസിദ്ധാന്തത്തിന് ഉപോത്ബലകമായ തെളിവുകളാണ്. മൂലശിലയില്‍ ചിന്നിച്ചിതറി കിടക്കുന്ന റേഡിയൊലേറിയ, ഡയാറ്റം, സ്പഞ്ച് എന്നീ ജീവികളുടെ ഫോസിലുകളാണ് സിലിക്കയുടെ ഉറവിടമെന്നു കരുതപ്പെടുന്നു. രാസപ്രക്രിയ മൂലം ഇവയിലെ സിലിക്ക അലിഞ്ഞുണ്ടാകുന്ന ലായനികളാണ് പ്രതിസ്ഥാപന പ്രക്രിയയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. പര്‍വകരൂപത്തിലുള്ള ചെര്‍ട്ടുകള്‍ ഉണ്ടാകുന്നത് അവക്ഷേപപ്രക്രിയ മുഖേനയാകുന്നു.

സംസ്തരിത ചെര്‍ട്ടിന്റെ ഉദ്ഭവപ്രക്രിയയെ പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. ആധുനിക സമുദ്രജലത്തിലെ അമോര്‍ഫസ് സിലിക്കയായ ഓപ്പല്‍ അവപൂരിതമാണ്. മാത്രമല്ല, അപൂര്‍വം ചിലചൊഴിച്ചാല്‍ ആധുനിക സമുദ്രജലത്തില്‍ നിന്നുമുദ്ഭവിച്ചിട്ടുള്ള എല്ലാ സിലിക്കാമയ നിക്ഷേപങ്ങളും ജൈവജനിതവുമാണ്. അതുകൊണ്ട് ചില പ്രത്യേക പരിതഃസ്ഥിതികളില്‍ പ്രാഥമിക സിലിക്കയുടെ അവക്ഷേപണം സംഭവ്യമെങ്കിലും വ്യാപകമായ തോതിലുള്ള സംസ്തരിത ചെര്‍ട്ടിന്റെ ഉദ്ഭവം ഇത്തരത്തിലാണെന്നു സങ്കല്പിക്കാന്‍ വിഷമമുണ്ട്.

ചെര്‍ട്ടിന്റെ ഉദ്ഭവത്തെപ്പറ്റി മറ്റൊരു ആധുനികാഭിപ്രായവുമുണ്ട്. അഗ്നിപര്‍വത പ്രവര്‍ത്തനഫലമായി ചെര്‍ട്ട് ഉണ്ടാകാം എന്നതാണിത്. എന്നാല്‍ ചെര്‍ട്ട് നിക്ഷേപങ്ങളും അഗ്നിപര്‍വത പ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം പൂര്‍ണമായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടില്ല. മാത്രമല്ല, ചില ചെര്‍ട്ട് നിക്ഷേപങ്ങള്‍ക്ക് അഗ്നിപര്‍വത പ്രവര്‍ത്തനങ്ങളുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലതാനും. എന്നാല്‍ അഗ്നിപര്‍വത പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ടു കാണപ്പെടുന്ന ചെര്‍ട്ട് നിക്ഷേപങ്ങളിലെ സിലിക്കയുടെ ഉയര്‍ന്ന കേന്ദ്രീകരണം അഗ്നിപര്‍വത വാതകങ്ങളുടെ ജലവിശ്ളേഷണം മൂലം ഉണ്ടായതാണെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍