This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെരിപ്പുനിര്‍മാണ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെരിപ്പുനിര്‍മാണ വ്യവസായം

ചെരുപ്പുനിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍

പാദരക്ഷകള്‍ നിര്‍മിക്കുന്ന വ്യവസായം. അതി പുരാതനകാലത്തു തന്നെ മനുഷ്യന്‍ ചെരിപ്പുകള്‍ ഉപയോഗിച്ചിരുന്നു. ശിലായുഗമനുഷ്യന്‍ പാദരക്ഷകള്‍ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്നു. മൃഗങ്ങളെ വേട്ടയാടി ഉപജീവനം നയിച്ചിരുന്ന ഇക്കാലത്തെ മനുഷ്യര്‍ മൃഗത്തോല്‍ ഉപയോഗിച്ചാണ് ചെരിപ്പുകള്‍ ഉണ്ടാക്കിയിരുന്നത്. ഉണക്കിയ തോല്‍ പാദങ്ങളില്‍ പൊതിഞ്ഞു കെട്ടുകയോ തുന്നിപ്പിടിപ്പിക്കുകയോ ആയിരുന്നു പതിവ്. മൃഗക്കൊഴുപ്പും എണ്ണയും മറ്റുമുപയോഗിച്ച് ചര്‍മം സംരക്ഷിക്കാനും കൂടുതല്‍ മാര്‍ദവമുള്ളതാക്കാനും പ്രാചീനമനുഷ്യന്‍ പഠിച്ചിരുന്നതായി ചരിത്രരേഖകളുണ്ട്. പില്ക്കാലത്ത് മെതിയടികളും ഷൂസുകളും നിലവില്‍ വരികയും പാദരക്ഷകള്‍ ധരിക്കുകയെന്നത് അന്തസ്സിന്റെയും കുലീനതയുടെയും പ്രതീകമായി മാറുകയും ചെയ്തു. ഇതോടെ, സമൂഹത്തിന്റെ മേലെത്തട്ടിലുള്ള ആളുകള്‍ മാത്രം ചെരിപ്പു ധരിക്കുന്ന സ്ഥിതി സംജാതമായി. സാധാരണ ജനങ്ങള്‍ നഗ്നപാദരായി ജീവിച്ചു. രാജകീയാധികാരത്തിന്റെ പ്രതീകമായിപ്പോലും 'പാദുകങ്ങള്‍' പരിഗണിക്കപ്പെട്ടിരുന്നു. 14 വര്‍ഷത്തെ കാനനവാസത്തിനായി ശ്രീരാമന്‍ പോയപ്പോള്‍, അദ്ദേഹത്തിന്റെ പാദുകങ്ങള്‍ യഥാര്‍ഥ രാജകീയാധികാരത്തിന്റെ പ്രതീകമെന്നോണം സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് സഹോദരനായ ഭരതന്‍ രാജ്യഭരണം നിര്‍വഹിച്ചിരുന്നത് എന്ന പുരാണ പരാമര്‍ശം പുരാതനകാലത്ത് പാദുകങ്ങള്‍ക്കുണ്ടായിരുന്ന പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

ഒരു അവശ്യവസ്തു എന്നതിനപ്പുറം പാദരക്ഷകള്‍, ഇന്ന് ഒരു ഫാഷന്‍ ഉത്പന്നമാണ്. വസ്ത്രങ്ങളെയും ആഭരണങ്ങളെയുംപോലെ പാദരക്ഷകള്‍ ജീവിതശൈലീ വസ്തുക്കളായി മാറിയിരിക്കുന്നതിനാല്‍, ഉപഭോക്താക്കളുടെ അഭിരുചികള്‍ നിരന്തരം മാറിക്കൊണ്ടിരിക്കുന്നു. പാദരക്ഷകള്‍ നല്കുന്ന പാദസുരക്ഷ, സുഖം എന്നിവയ്ക്കുപുറമേ, അവയുടെ രൂപകല്പന, ബാഹ്യഭംഗി, ഉപയോഗിക്കുന്ന അസംസ്കൃതവസ്തു എന്നിവയൊക്കെ പ്രധാനമാണ്. നിരന്തര നവീകരണങ്ങള്‍ക്കും നൂതന രൂപകല്പനകള്‍ക്കും വിധേയമായ പാദരക്ഷാവ്യവസായത്തിന് ആഡംബരവസ്തു നിര്‍മാണമേഖലയില്‍ സുപ്രധാന സ്ഥാനമാണുള്ളത്.

ആധുനികകാലത്ത് ചെരിപ്പുനിര്‍മാണം വ്യവസായമായി മാറിയതോടെയാണ് പാദരക്ഷകള്‍ സര്‍വസാധാരണമായത്. വിവിധരീതിയിലുള്ള ഷൂസുകള്‍ക്കു പുറമേ ബൂട്ട്സുകള്‍, സാന്‍ഡലുകള്‍, സ്ളിപ്പറുകള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ചെരിപ്പുകള്‍ പ്രചാരത്തിലായി. ജാതിവ്യവസ്ഥയുടെ ഭാഗമായ തൊഴില്‍ വിഭജനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ ചെരിപ്പുനിര്‍മാണം വികസിച്ചുവന്നത്. ഉത്തരേന്ത്യയില്‍ 'ചമര്‍' എന്ന അധഃസ്ഥിത സമുദായമാണ് പരമ്പരാഗതമായി ചെരിപ്പുനിര്‍മാണത്തിലേര്‍പ്പെട്ടിരുന്നത്. ജനങ്ങള്‍ മുഴുവന്‍ ചെരിപ്പുനിര്‍മാണ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന ഗ്രാമങ്ങള്‍ തന്നെയുണ്ട്. പശ്ചിമ ബംഗാളിലെ ബഡിഗ, തമിഴ്നാട്ടിലെ അരുന്ധതീ നഗര്‍, ഉത്തര്‍പ്രദേശിലെ നാഗ്ലാപിരേരു തുടങ്ങിയ ഗ്രാമങ്ങളിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാര്‍ഗം ചെരുപ്പുനിര്‍മാണമാണ്. 19-ാം ശ. വരെയും ഗ്രാമീണരായ കരകൗശലക്കാരുടെ കുടില്‍വ്യവസായമെന്ന നിലയ്ക്കാണ് ചെരിപ്പുനിര്‍മാണ വ്യവസായം നിലനിന്നത്. ആവശ്യത്തിനനുസരിച്ച് വളരെ പരിമിതമായ എണ്ണം മാത്രമേ ഇവര്‍ ഉത്പാദിപ്പിച്ചിരുന്നുള്ളൂ. സസ്യങ്ങളില്‍ നിന്നുത്പാദിപ്പിക്കുന്ന ചായങ്ങളുപയോഗിച്ചാണ് ഇവര്‍ ചെരിപ്പുകള്‍ക്കാവശ്യമായ, പ്രത്യേകിച്ചും ഷൂ നിര്‍മാണത്തിനാവശ്യമായ തുകല്‍ സംസ്കരിച്ചിരുന്നത്. ആധുനികമായ ഡിസൈനുകളോ പരിപൂര്‍ണതയോ ഈ കുടില്‍ വ്യവസായങ്ങളുടെ ഉത്പന്നങ്ങള്‍ക്കുണ്ടായിരുന്നില്ല. തടിയിലും ഇരുമ്പിലും നിര്‍മിച്ച വാര്‍പ്പ്, കത്രിക, ചുറ്റിക, പ്ലയര്‍ തുടങ്ങിയ താരതമ്യേന പ്രാകൃതമായ ഉപകരണങ്ങളാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. 'അപ്പര്‍' എന്നറിയപ്പെട്ടിരുന്ന ഷൂസിന്റെ മുകള്‍ഭാഗം സാധാരണ തയ്യല്‍യന്ത്രത്തിലാണ് തുന്നുന്നത്. ഷൂസിന്റെ തുന്നല്‍പ്പണി മിക്കപ്പോഴും തൊഴിലാളികള്‍ കൈകള്‍ കൊണ്ടുതന്നെ നിര്‍വഹിക്കുന്നു.

രണ്ടാം ലോകയുദ്ധത്തെത്തുടര്‍ന്നാണ് ഇന്ത്യയില്‍ ചെരിപ്പുനിര്‍മാണം വ്യവസായമായി വളര്‍ന്നത്. ചെരിപ്പുകളുടെ ഉപയോഗം വര്‍ധിച്ചതിന്റെ ഫലമായി, കുടില്‍ വ്യവസായങ്ങളുടെ ഉത്പന്നങ്ങള്‍ കമ്പോളത്തില്‍ മതിയാകാത്ത സ്ഥിതി സംജാതമായി. മാത്രവുമല്ല, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന അഭിരുചികള്‍ക്കും ഡിസൈനുകള്‍ക്കും അനുസരിച്ച് കമനീയമായ മാതൃകകളില്‍ ചെരുപ്പുനിര്‍മിക്കുന്ന കാര്യത്തിലും പരമ്പരാഗത ചെരിപ്പുനിര്‍മാണ വ്യവസായം പരാജയപ്പെടുകയാണുണ്ടായത്. ഇതാണ് ചെരിപ്പുനിര്‍മാണരംഗത്ത് ആധുനികവ്യവസായ ശാലകളുടെ ആവിര്‍ഭാവത്തിനു കാരണമായത്. പരമ്പരാഗത വ്യവസായത്തില്‍ ചെരിപ്പുനിര്‍മാണത്തിന്റെ വിവിധഘട്ടങ്ങള്‍ നിര്‍വഹിക്കുന്നത് ഒരേ തൊഴിലാളിതന്നെയാണ്. എന്നാല്‍ ആധുനികചെരിപ്പുനിര്‍മാണ വ്യവസായത്തിന്റെ മുഖമുദ്രതന്നെ വിശേഷവത്കരണമാണ്. ഒരു ആധുനിക ഷൂ കമ്പനിയില്‍, നൂറിലധികം തൊഴിലാളികള്‍ ഒരൊറ്റ ഷൂസിന്റെ നിര്‍മാണത്തിലേര്‍പ്പെടുന്നു. ഷൂ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളില്‍ സവിശേഷവൈദഗ്ധ്യം നേടിയ തൊഴിലാളികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായിട്ടാണ് ആധുനിക ഡിസൈനുള്ള ഒരു ജോടി ഷൂ കമ്പോളത്തിലെത്തുന്നത്. ഷൂവിനു രണ്ടു ഭാഗങ്ങളാണുള്ളത്. 'അപ്പര്‍' എന്ന മുകള്‍ഭാഗവും 'സോള്‍' എന്ന ചവിട്ടുന്ന ഭാഗവും. കട്ടിങ്, ഫിറ്റിങ്, ലാസ്റ്റിങ്, ബോട്ടമിങ് എന്നിവയാണ് ആധുനിക ഷൂ നിര്‍മാണത്തിലെ വിവിധഘട്ടങ്ങള്‍. ഈ നിര്‍മാണജോലികളെല്ലാം ആധുനികയന്ത്രങ്ങളുടെ സഹായത്തോടെയാണ് നിര്‍വഹിക്കുന്നത്. ആധുനിക ചെരിപ്പുഫാക്ടറികളില്‍ ഡിസൈനിങ്ങിനു പ്രത്യേകവിഭാഗം തന്നെയുണ്ട്.

ചെരിപ്പുനിര്‍മാണത്തിനുപയോഗിക്കുന്ന ഏറ്റവും പ്രധാന മാധ്യമം തുകല്‍ ആണ്. അപ്പറിനാവശ്യായ തുകല്‍ ചെന്നൈ, കല്‍ക്കത്ത, കാണ്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നും സോള്‍ ചര്‍മം, കാണ്‍പൂരില്‍ നിന്നും നൂല്‍, സൂചി, റബര്‍സോള്‍ എന്നിവ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്നു. ഉത്തര്‍പ്രദേശിലെ ആഗ്രയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ചെരിപ്പുനിര്‍മാണകേന്ദ്രം. മുഗള്‍ ഭരണകാലത്ത് കൊട്ടാരങ്ങള്‍ക്കും സൈനികര്‍ക്കും വേണ്ടി ആഗ്രയിലെയും ഡല്‍ഹിയിലെയും ചമര്‍ സമുദായക്കാര്‍ ഷൂ നിര്‍മിച്ചിരുന്നു. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാകമ്പനിയുടെ വരവോടെയാണ് പാശ്ചാത്യമാതൃകയിലുള്ള ഷൂ നിര്‍മാണം ആഗ്രയില്‍ പ്രചാരത്തിലായത്. രണ്ടാം ലോകയുദ്ധത്തിനുശേഷം രാജ്യത്തിനകത്തും പുറത്തും ആഗ്രാ ഷൂകള്‍ക്കുള്ള പ്രിയം വര്‍ധിക്കുകയുണ്ടായി. പൂര്‍വ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇറാനിലേക്കും ഇറാക്കിലേക്കും ആഗ്രയില്‍ ഉത്പാദിപ്പിക്കുന്ന ഷൂകള്‍ വന്‍തോതില്‍ കയറ്റി അയയ്ക്കുവാന്‍ തുടങ്ങി.

ഇന്ത്യന്‍ ചെരിപ്പുനിര്‍മാണ വ്യവസായം മുഖ്യമായും ചെറുകിട-കുടില്‍ വ്യവസായ മേഖലയാണ്.

പാദരക്ഷാവ്യവസായം ഇന്ത്യയില്‍. പാദരക്ഷാവ്യവസായം ഇന്ത്യയിലെ വളരെവേഗം വളര്‍ന്നുവരുന്ന വ്യവസായങ്ങളില്‍ ഒന്നാണ്. 4000-ത്തോളം പാദരക്ഷായൂണിറ്റുകള്‍ ഇന്ത്യയിലുണ്ട്. പ്രധാനമായും പശ്ചിമബംഗാള്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പാദരക്ഷാവ്യവസായം കേന്ദ്രീകരിച്ചിട്ടുള്ളത്. പാദരക്ഷാവ്യവസായത്തിന്റെ 70 ശതമാനം അസംഘടിതമേഖലയിലാണ്. 15 ലക്ഷത്തോളംപേര്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നു. അഞ്ച് ലക്ഷംപേര്‍ മാത്രമേ സംഘടിതമേഖലയില്‍ തൊഴിലെടുക്കുന്നുള്ളൂ.

ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്ന പാദരക്ഷകളുടെ 50 ശതമാനം കയറ്റുമതി ചെയ്യുന്നു. ഇന്ത്യയുടെ മൊത്തം പാദരക്ഷാ കയറ്റുമതിയുടെ 79.5 ശതമാനം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്കാണ്. അമേരിക്കന്‍ ഐക്യനാടുകളിലേക്കുള്ള കയറ്റുമതി മൊത്തം കയറ്റുമതിയുടെ 9.22 ശതമാനം വരും.

തുകല്‍ കൊണ്ടുള്ള ചെരിപ്പു കയറ്റുമതിയില്‍ സമീപകാലത്ത് ഗണ്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. റഷ്യയും പൂര്‍വയൂറോപ്യന്‍ രാജ്യങ്ങളുമാണ് ഇന്ത്യന്‍ നിര്‍മിത ചെരിപ്പുകളുടെ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്നത്. മൊത്തം കയറ്റുമതിയുടെ ഏതാണ്ട് 40 ശതമാനവും ഈ രാജ്യങ്ങളിലേക്കുള്ളതാണ്. ഷൂവിന്റെ അപ്പറുകളും സ്ത്രീകളുടെ ചെരിപ്പുകളുമാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ഇനങ്ങള്‍. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് ബ്രസീല്‍, ദക്ഷിണ കൊറിയ, ചൈന, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശക്തമായ മത്സരത്തെ നേരിടേണ്ടിവരുന്നുണ്ട്. യൂറോപ്യന്‍ കയറ്റുമതിയില്‍ ഡെന്മാര്‍ക്കിനാണ് ഒന്നാംസ്ഥാനം; രണ്ടാം സ്ഥാനം ജര്‍മനിക്കും. ഉയര്‍ന്ന ഗുണനിലവാരമുള്ള തുകലിന്റെ ലഭ്യതക്കുറവും തൊഴില്‍കുഴപ്പങ്ങളുമാണ് കയറ്റുമതി നേരിടുന്ന മുഖ്യപ്രശ്നങ്ങള്‍. ലോകത്തെ ഏറ്റവും വലിയ ചെരിപ്പുത്പാദകരായ ഇറ്റലി, ദക്ഷിണകൊറിയ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ലോക ചെരിപ്പു വ്യാപാരരംഗത്ത് ഇന്ത്യയുടെ പങ്ക് തികച്ചും പരിമിതമാണ്. ലോക കമ്പോളത്തിന്റെ ഒരു ശതമാനമേ വരൂ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി. ചെരിപ്പുനിര്‍മാണ രംഗത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന സിന്തറ്റിക് റബറിന്റെയും മറ്റും ലഭ്യതക്കുറവും ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്.

ആധുനികവത്കരണം, വൈവിധ്യവത്കരണം, ഉത്പാദനക്ഷമത എന്നീ രംഗങ്ങളില്‍ ഗുണപരമായ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടു മാത്രമേ, ഇന്ത്യന്‍ ചെരിപ്പു നിര്‍മാണ വ്യവസായത്തിനു ഗണ്യമായ പുരോഗതി കൈവരിക്കാനാവുകയുള്ളൂ. ഈ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി സര്‍ക്കാര്‍ പല സംസ്ഥാനങ്ങളിലും സ്റ്റേറ്റ് ലതര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷനും ഭാരത് ലതര്‍ കോര്‍പ്പറേഷനും ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന കേന്ദ്രഗവണ്‍മെന്റു സ്ഥാപനങ്ങളാണ്. ചെന്നൈ ആസ്ഥാനമായ സെന്‍ട്രല്‍ ലതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഈ വ്യവസായത്തിന്റെ പുരോഗതിക്ക് ഗണ്യമായ സേവനങ്ങള്‍ ചെയ്യുന്നു. എങ്കിലും ഒരു ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഭാവം ചെരിപ്പുനിര്‍മാണ വ്യവസായ മേഖലയുടെ പ്രധാന ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സാങ്കേതികമേന്മയും ആധുനിക മാനേജ്മെന്റ് സമ്പ്രദായവും പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങള്‍ രൂപീകരിക്കേണ്ടത്, അനുക്ഷണവികസ്വരമായ ചെരിപ്പുനിര്‍മാണ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. ലോക കമ്പോളത്തിലുണ്ടാകുന്ന ഫാഷന്‍-ഡിസൈനിങ് പ്രവണതകള്‍ക്കനുസരിച്ച് രൂപാന്തരപ്പെടാനുള്ള നവീകരണക്ഷമത, ചെരിപ്പുനിര്‍മാണം പോലെയുള്ള ആധുനിക ഉപഭോക്തൃ വ്യവസായത്തിന്റെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.

ഇന്ത്യന്‍ പാദരക്ഷാവ്യവസായം വളര്‍ച്ചയുടെ പാതയിലാണ്. ഇടത്തരക്കാരുടെ വര്‍ധിച്ചുവരുന്ന എണ്ണവും അവരുടെ ഉപഭോഗത്തിലുള്ള വര്‍ധനവും അനുകൂല ഘടകങ്ങളാണ്. ഫാഷനോടുള്ള വര്‍ധിച്ചുവരുന്ന പ്രതിപത്തി, ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള വര്‍ധനവ്, വര്‍ധിച്ചുവരുന്ന നഗരവത്കരണം, ഇന്റര്‍നെറ്റ് വഴിയുള്ള വ്യാപാരത്തിന്റെ വ്യാപനം എന്നിവയൊക്കെ പാദരക്ഷാ വ്യവസായത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഇന്ത്യയില്‍ പാദരക്ഷകളുടെ പ്രതിശീര്‍ഷ വാര്‍ഷിക ഉപയോഗം 2004-ല്‍ 1.4 ഷൂസ് ആയിരുന്നത് 2012 ആകുമ്പോഴേക്കും 2.5 ഷൂസ് എന്ന നിലയിലേക്ക് വര്‍ധിച്ചിട്ടുണ്ട്. എങ്കിലും വികസിത രാജ്യങ്ങളിലെ ശരാശരി ഉപഭോഗമായ അഞ്ച് ഷൂസ് എന്ന നിരക്കുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് വളരെ കുറവാണ്.

മുഖ്യമായും പുരുഷന്മാരുടെ പാദരക്ഷകളിലാണ് ഇന്ത്യയിലെ പാദരക്ഷാവ്യവസായം കേന്ദ്രീകരിച്ചുവന്നിരുന്നത്. എന്നാല്‍ സ്ത്രീകളുടെയും കുട്ടികളുടെയും പാദരക്ഷകളുടെ ഒരു പുതിയ വിപണി വളര്‍ന്നുവരുന്നുണ്ട്. മാറിമാറി വരുന്ന ഉപഭോക്തൃ അഭിരുചികളെ തൃപ്തിപ്പെടുത്താനാവുംവിധം ഈ വ്യവസായത്തില്‍ ആധുനീകരണം നടക്കുന്നുണ്ട്. 100 ശതമാനം വിദേശ മുതല്‍മുടക്ക് അനുവദിക്കപ്പെട്ടിട്ടുള്ള വ്യവസായമാണിത്. ഇന്ത്യയിലെ കുറഞ്ഞ ഉത്പാദനച്ചെലവ്, അസംസ്കൃത വസ്തുക്കളുടെയും വിദഗ്ധ തൊഴിലാളികളുടെയും ലഭ്യത, കയറ്റുമതിക്കുള്ള സാധ്യത, സര്‍ക്കാര്‍ പ്രോത്സാഹനം എന്നീ അനുകൂലഘടകങ്ങള്‍ ഈ രംഗത്തേക്ക് കൂടുതല്‍ മുതല്‍മുടക്ക് ആകര്‍ഷിക്കുന്നു. വിദേശത്തെ പ്രമുഖ ബ്രാന്‍ഡുകള്‍ ഇന്ത്യയില്‍ ഉത്പാദന സൌകര്യം ഏര്‍പ്പെടുത്തിവരികയാണ്. ഇത് ഈ രംഗത്തെ മത്സരം വര്‍ധിപ്പിച്ചിട്ടുണ്ട്.

ചെരിപ്പുനിര്‍മാണ വ്യവസായരംഗത്ത് കേരളത്തിന്റെ സംഭാവന പരിമിതമാണ്. തുകല്‍ ചെരിപ്പുകളുടെയും ഷൂസുകളുടെയും മറ്റും നിര്‍മാണം വളരെ കുറവാണ്; ഉള്ളതുതന്നെ ചെറിയ കരകൌശലക്കാരുടെ ഉത്പന്നങ്ങളും. ഗുണത്തിന്റെയും ഡിസൈനിങ്ങിന്റെയും മറ്റും കാര്യത്തില്‍ ഈ ഉത്പന്നങ്ങള്‍ ആധുനിക കമ്പനി ഉത്പന്നങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ്. റബര്‍-പ്ളാസ്റ്റിക് ചെരിപ്പുകളുടെ രംഗത്ത് സമീപകാലത്ത് ഗണ്യമായ വളര്‍ച്ചയുണ്ടായിട്ടുണ്ട്. സ്ളിപ്പറുകളുടെ ഉത്പാദനത്തിലുണ്ടായിട്ടുള്ള വളര്‍ച്ച ശ്രദ്ധേയമാണ്.

(ഡോ. ജോസ് സെബാസ്റ്റ്യന്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍