This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്മുള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്മുള്ളി

അസ്ക്ളിപിയഡേസി (Asclepiadaceae) സസ്യകുടുംബത്തില്‍പ്പെടുന്ന കുറ്റിച്ചെടി. ശാസ്ത്രനാമം: അസ്ക്ളിപിയാസ് കുറസ്സാവിക്ക (Asclepias curassavica). ഇംഗ്ലീഷില്‍ വൈല്‍ഡ് പെക്കാക്വന, വെസ്റ്റ് ഇന്ത്യന്‍ പെക്കാക്വന എന്നീ പേരുകളില്‍ ഇത് അറിയപ്പെടുന്നു.

ചെമ്മുള്ളി ഒരു ശാഖ

ഇന്ത്യയില്‍ എല്ലായിടങ്ങളിലും വളരുന്നുണ്ട്. ഒന്നര മീറ്ററോളം ഉയരത്തില്‍ വളരുന്ന ഈ കുറ്റിച്ചെടിയുടെ തണ്ടില്‍ പാലുപോലെയുള്ള ലാറ്റക്സ് ഉണ്ട്. ഇലകള്‍ക്കു സമ്മുഖ വിന്യാസക്രമമാണുള്ളത്. ഇവയ്ക്ക് 7.5-10 സെ.മീ. നീളവും ഏകദേശം 2.5 സെ.മീ. വീതിയുമുണ്ട്. വളരെ കനം കുറഞ്ഞ ഈ ഇലകളുടെ രണ്ടറ്റങ്ങള്‍ക്കും വീതി കുറവാണ്.

ഇലകളുടെ കക്ഷ്യങ്ങളില്‍ വര്‍ണശബളമായ പൂങ്കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ഓറഞ്ചു നിറമുള്ള പുഷ്പങ്ങള്‍ക്ക് രണ്ടര മി.മീ. മാത്രം നീളമുള്ള അഞ്ചു ബാഹ്യദളങ്ങളുണ്ടായിരിക്കും. ദളങ്ങള്‍ക്ക് ആറു മി.മീറ്ററോളം നീളമേ വരൂ. കേസരകിരീടത്തില്‍ രൂപാന്തരം പ്രാപിച്ച അഞ്ചു കോറോണകളുണ്ട്. ഇതിന് കടും ഓറഞ്ചുനിറമാണ്. കേസരനാളത്തിന് ഒരു പ്രത്യേക സ്റ്റൈപ്പ് (stipe) തന്നെയുണ്ട്. പരാഗകോശങ്ങള്‍ക്ക് ഉള്ളിലേക്ക് മടങ്ങിയ നേര്‍ത്ത അഗ്രങ്ങളാണുള്ളത്. ഗ്രാഹിതലം വര്‍ത്തികാഗ്രത്തിന്റെ അടിഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഓരോ പരാഗകോശദളത്തിലെയും പരാഗങ്ങള്‍ യോജിച്ചു പരന്ന ഒരു സഞ്ചിയുടെ രൂപത്തിലായിരിക്കുന്നു.

ബിംബക(Follicle)ങ്ങളായാണ് ഫലങ്ങളുണ്ടാകുന്നത്. കായ്കള്‍ക്ക് ഏഴര സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ഇരുവശവും കൂര്‍ത്ത് അണ്ഡാകൃതിയും തവിട്ടുനിറവുമുള്ളവയാണ് വിത്തുകള്‍.

വേരിന്റെ ചാറ് ചവര്‍പ്പുള്ളതാണ്. ഇത് ഒരു വിരേചനൌഷധമായി ഉപയോഗിക്കുന്നു. മൂലക്കുരുവിനും ഗൊണേറിയയ്ക്കും ല്യൂക്കോറിയയ്ക്കും പ്രതിവിധിയായും പ്രയോജനപ്പെടുത്താറുണ്ട്. ഇലച്ചാറ് കൃമിയെ നശിപ്പിക്കുന്നു. ഇത് രക്തസ്രാവത്തെ തടയുന്നതായും കരുതപ്പെടുന്നു. ചെടിയുടെ ലാറ്റക്സ് കാലിലെ ആണിരോഗത്തിന് ഔഷധമാണ്. പൊടിച്ച ഇലയും പുഷ്പവും മുറിവ് ഉണക്കാനുതകുന്നു. ക്ഷയരോഗത്തിന് ഔഷധമായുപയോഗിക്കാറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍