This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്മരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്മരം

മിലിയേസി (Meliaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ചെറുമരം. ശാസ്ത്രനാമം: അഫനാമിക്സിസ് പോളിസ്റ്റാക്കിയ (Aphanamixis polystachya). അമൂര രോഹിതുക (Amoora rohituka) എന്നും ഇത് അറിയപ്പെടുന്നു. മലയ, ശ്രീലങ്ക, മ്യാന്മര്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ധാരാളമായി വളരുന്നുണ്ട്. ഇന്ത്യയിലെ ഈര്‍പ്പമുള്ള നിത്യഹരിത വനങ്ങളില്‍ ഈ ചെറുമരം നന്നായി വളരുന്നു.

ചെമ്മരം:ഒരു ശാഖ

ചെമ്മരം ഏകദേശം 18 മീറ്ററോളം ഉയരത്തില്‍ വളരും. കനം കുറഞ്ഞ മരത്തൊലിക്കു ചാരനിറവും കയ്പുരസവുമാണ്. തടിക്ക് ഇളം ചുവപ്പുനിറമായിരിക്കും. ഇളം തണ്ടുകള്‍ ലോമിലമാണ്. ഇലകള്‍ ഏകാന്തരാന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. അനുപര്‍ണങ്ങളില്ല. അസമ പിച്ഛകസംയുക്തമായ ഇലകള്‍ക്ക് 30-90 സെ.മീറ്ററോളം നീളം വരും. 9-17 പത്രകങ്ങളുള്ളതില്‍ അഗ്രപത്രകം ഒഴികെയുള്ളവ സമ്മുഖമായിരിക്കും. പര്‍ണകത്തിന് 10-20 സെ.മീറ്ററോളം നീളവും 5-8 സെ.മീറ്ററോളം വീതിയുമുണ്ട്. ഇലകള്‍ തിളക്കവും മിനുസവുമുള്ളതാണ്.

ഏപ്രില്‍-മേയ് മാസങ്ങളില്‍ ചെമ്മരം പുഷ്പിക്കും. ആണ്‍-പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ കുലകളിലാണ് ഉണ്ടാകുന്നത്. ഇലയുടെ കക്ഷ്യങ്ങളില്‍ നിന്നു പാനിക്കിള്‍ പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ആണ്‍ പുഷ്പങ്ങളുടെ ഇരട്ടി നീളമുള്ളവയാണ് പെണ്‍ പുഷ്പങ്ങള്‍. ബാഹ്യദളപുടവും ദളപുടവും 3-5 എണ്ണം വീതമായിരിക്കും. ഒറ്റവരിയിലായി 6-10 കേസരങ്ങള്‍ കാണും. ഊര്‍ധ്വവര്‍ത്തി അണ്ഡാശയത്തിനു മൂന്ന് അറകളുണ്ട്. ഓരോ അറയിലും ഒന്നോ രണ്ടോ ബീജാണ്ഡങ്ങളുണ്ടായിരിക്കും. അഞ്ചു സെ.മീറ്ററോളം വ്യാസമുള്ള കാപ്സ്യൂളാണ് ഫലം. ഫലങ്ങള്‍ വിളഞ്ഞു പൊട്ടിയാലും കുറേദിവസം മരത്തില്‍ നില്‍ക്കും. വിളഞ്ഞ ഫലങ്ങള്‍ക്കു മഞ്ഞ നിറവും വിത്തുകള്‍ക്ക് ഓറഞ്ചുനിറവുമാണ്.

തടി സാമാന്യം നല്ല ഈടും ബലവുമുള്ളതാണ്. മുറിക്കാനും പണിയാനും എളുപ്പമാണ്. ഗൃഹോപകരണങ്ങള്‍, പ്ളൈവുഡ് എന്നിവയുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. വിത്തില്‍ നിന്നെടുക്കുന്ന എണ്ണ വാതരോഗത്തിന് ലേപനൌഷധമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍