This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പുന്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പുന്ന

സാപ്പിന്‍ഡേസി (Sapindaceae) സസ്യകുലത്തില്‍പ്പെടുന്ന ചെറുമരം. ശാസ്ത്രനാമം: നെഫീലിയം ലോന്‍ഗാന (Nephelium longana), യൂഫോറിയ ലോന്‍ഗാന (Euphoria longana). ഇംഗ്ലീഷില്‍ ദി ലോന്‍ഗന്‍ ഐബാള്‍ ട്രീ എന്ന് അറിയപ്പെടുന്ന ചെമ്പുന്ന ചോളപ്പൂവം, പൊരിപ്പൂവം എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ശ്രീലങ്കയിലും ചൈനയിലും ഇതു നട്ടുവളര്‍ത്തുന്നു. കേരളത്തിലെ 1500 മീറ്ററോളം ഉയരമുള്ള നിത്യഹരിതവനങ്ങളില്‍ ഇവ ധാരാളമായി വളരുന്നു.

9-12 മീ. വരെ ഉയരത്തില്‍ ചെമ്പുന്ന വളരുന്നു. മരത്തൊലി ചെറിയ ശല്ക്കങ്ങളായി പൊളിഞ്ഞിരിക്കും. ഇളം തണ്ടില്‍ നക്ഷത്രാകൃതിയിലുള്ള ലോമങ്ങളുണ്ട്. 10-45 സെ.മീ. വരെ നീളമുള്ള പിച്ഛാകാരസംയുക്തപത്രമാണിതിനുള്ളത്. 5-11 പത്രകങ്ങളുണ്ടായിരിക്കും. പത്രകത്തിന്റെ സീമാന്തം അഖണ്ഡമാണ്. ഏകാന്തരന്യാസത്തിലുള്ള ഇലകള്‍ക്ക് അനുപര്‍ണങ്ങളില്ല.

ജനുവരി അവസാനത്തോടെ പുഷ്പിക്കുന്ന ചെമ്പുന്നയില്‍ ആണ്‍-പെണ്‍ പുഷ്പങ്ങള്‍ വെവ്വേറെ ചെടികളിലാണുണ്ടാവുക. ഇലകളുടെ കക്ഷ്യങ്ങളിലോ ശാഖാഗ്രങ്ങളിലോ പുഷ്പമഞ്ജരിയുണ്ടാകുന്നു. മഞ്ഞനിറമുള്ള പുഷ്പങ്ങള്‍ ചെറുതും സമമിതവും സര്‍വലിംഗി (polygamous) യുമാണ്. ബാഹ്യദളപുടത്തിലും ദളപുടത്തിലും അഞ്ചോ ആറോ ഇതളുകള്‍ വീതം കാണും. 5/10 കേസരങ്ങളുണ്ടാവാറുണ്ട്. കേസരതന്തുക്കളുടെ ചുവടുഭാഗം രോമിലമായിരിക്കും. രണ്ടോ മൂന്നോ അറകളുള്ള ഊര്‍ധ്വവര്‍ത്തി അണ്ഡാശയമാണുള്ളത്. വര്‍ത്തിക നീളം കൂടിയതും വര്‍ത്തികാഗ്രം രണ്ടായി പിരിഞ്ഞ് ഉള്ളിലേക്കു വളഞ്ഞതുമാണ്. ചിരസ്ഥായിയായ ബാഹ്യദളങ്ങള്‍ ഫലത്തിനു താങ്ങായിത്തീരുന്നു. മൂപ്പെത്താത്ത കായ്കള്‍ ഭക്ഷ്യയോഗ്യമാണ്. ചെറിയ മുഴകളുള്ള ഉരുണ്ടു ചുവന്ന ഒരു വിത്തു മാത്രമേയുള്ളു. വിത്തിനു പത്രി (Aril)യുണ്ട്. കറുത്ത തിളക്കമുള്ള ചാറ് വിത്തിനെ പൊതിഞ്ഞിരിക്കും.

ചെമ്പുന്നയുടെ തടി ഈടും കടുപ്പവുമുള്ളതാണ്. പാക്കിങ് കേസുകള്‍ നിര്‍മിക്കാന്‍ ഇത് ഉപയോഗിക്കുന്നു. ഉണക്കിയ വിത്തും വിത്തിന്റെ പത്രികയും ഔഷധ നിര്‍മാണത്തിനുപയോഗിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍