This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പന്‍ പാടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പന്‍ പാടി

Bush lark

ചെമ്പന്‍ പാടി

ആറ്റക്കുരുവിയോളം മാത്രം വലുപ്പമുള്ള വാനമ്പാടി വര്‍ഗത്തില്‍പ്പെട്ട ഒരു പക്ഷി. ശാസ്ത്രനാമം: മിറാഫ്റാ അഫിനിസ് (Mirafra affinis). മങ്ങിയ തവിട്ടുനിറമുള്ള ഒരു കുറുവാലന്‍ പക്ഷിയാണിത്. ദേഹം തടിച്ചുരുണ്ടതാണ്. പുറത്തും മാറിടത്തിലും അങ്ങിങ്ങായി കറുത്ത ചെറിയ വരകള്‍ കാണപ്പെടുന്നു. നീളം കുറഞ്ഞ വാല് അല്പം ഉയര്‍ത്തിപ്പിടിച്ചാണ് സാധാരണ ഇരിക്കാറുള്ളത്. ചെറിയ പൊന്തക്കാടുകള്‍, കുറ്റിക്കാടുകള്‍, വയലുകള്‍ എന്നിവിടങ്ങളിലാണ് ചെമ്പന്‍ പാടിയെ കാണാറുള്ളത്. മരക്കൊമ്പുകള്‍, പാറകള്‍, ടെലിഫോണ്‍ കമ്പികള്‍ എന്നിവിടങ്ങളില്‍ ഇരുന്ന് 'ടിരി-രി-രി-രി' എന്നിങ്ങനെ ഈണത്തില്‍ ഇവ പാടാറുണ്ട്. ഇടയ്ക്കിടെ ചിറകു വിടര്‍ത്തി കുത്തനെ മുകളിലേക്ക് പറന്നുയരുകയും തുടര്‍ച്ചയായി ശബ്ദമുണ്ടാക്കുകയും ചെയ്യാറുണ്ട്. പറക്കുന്നതിനിടയില്‍ നേരെ താഴേക്കു പറന്നിറങ്ങുന്ന പ്രത്യേക സ്വഭാവവും ഇവയ്ക്കുണ്ട്.

പുല്‍വിത്തുകളും ധാന്യമണികളുമാണ് ചെമ്പന്‍ പാടിയുടെ ആഹാരം. കൊഴിഞ്ഞുവീഴുന്ന ധാന്യമണികള്‍ മാത്രം കൊത്തിപ്പെറുക്കി ഭക്ഷിക്കുന്ന സ്വഭാവമുള്ള ഇവ കര്‍ഷകര്‍ക്ക് ഉപദ്രവമുണ്ടാക്കാറില്ല. പാറക്കുന്നിന്റെയും മറ്റും സമീപം കല്ലുകള്‍ക്കിടയിലുള്ള ചെറുമാളങ്ങളിലാണിവ കൂടുണ്ടാക്കാറുള്ളത്. നേരിയ പുല്ലുകള്‍ കൊണ്ടുണ്ടാക്കുന്ന കൂടിന് ഒരു പന്തിന്റെ ആകൃതിയാണുള്ളത്. കൂടിന്റെ ഒരു വശത്താണ് പ്രവേശനദ്വാരം.

ചെമ്പന്‍പാടിയുടെ സന്താനോത്പാദനകാലം മാര്‍ച്ചു മുതല്‍ മേയ് വരെയാണ്. ഈ ഘട്ടത്തില്‍ ആണ്‍പക്ഷി നീട്ടിപ്പാടുകയും കൂടെക്കൂടെ ഉയര്‍ന്നുപറന്ന് കസര്‍ത്തുകള്‍ കാണിക്കുകയും ചെയ്യാറുണ്ട്. ഇണയെ ആകര്‍ഷിക്കാനാണിതെന്നു കരുതപ്പെടുന്നു. ഒരു പ്രാവശ്യം പെണ്‍പക്ഷി ഒന്നോ രണ്ടോ മുട്ടകള്‍ മാത്രമേ ഇടാറുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍