This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പകശ്ശേരി രാജ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പകശ്ശേരി രാജ്യം

കുടമാളൂര്‍, അമ്പലപ്പുഴ, കുട്ടനാട് താലൂക്ക് എന്നിവ ഉള്‍പ്പെട്ട പഴയ നാട്ടുരാജ്യം. 12-ാം ശതകമാണ് ഇതിന്റെ കാലഘട്ടം. യൂറോപ്യന്‍ രേഖകളില്‍ 'പെര്‍ക്ക' എന്നറിയപ്പെട്ടിരുന്ന പുറക്കാടാണ് ചെമ്പകശ്ശേരി രാജ്യം എന്നറിയപ്പെട്ടിരുന്നത്. അമ്പലപ്പുഴ രാജ്യം എന്നും ഇതറിയപ്പെട്ടിരുന്നു. ഭരണാധികാരികളായിരുന്ന പുളിക്കല്‍ ചെമ്പകശ്ശേരിമഠത്തിലെ നമ്പൂതിരിമാര്‍ 'ദേവനാരായണന്മാര്‍' എന്നു വിഖ്യാതരായിരുന്നു. 12-ാം ശതകത്തില്‍ മലബാറില്‍ നിന്നു വന്ന നായര്‍ യോദ്ധാക്കള്‍ ചെമ്പകശ്ശേരി ഇല്ലത്തെ ഒരു ഉണ്ണിനമ്പൂതിരിക്ക് വെട്ടിപ്പിടിച്ചു നല്കിയ രാജ്യമാണ് ചെമ്പകശ്ശേരി രാജ്യം എന്നാണ് ഐതിഹ്യം. ചെമ്പകം എന്ന ഒരുതരം വഞ്ചി ഉപയോഗിച്ചിരുന്നതിനാലാണ് പുറക്കാടിനെ ചെമ്പകശ്ശേരി എന്നു വിശേഷിപ്പിച്ചു തുടങ്ങിയതെത്രേ.

16-ാം ശതകത്തില്‍ ചെമ്പകശ്ശേരി ഒരു നാട്ടുരാജ്യമായിത്തീര്‍ന്നു. 1528-ല്‍ പോര്‍ച്ചുഗീസുകാര്‍ പുറക്കാട് കൊള്ളയടിച്ചതോടെ ചെമ്പകശ്ശേരിയുടെ രാജധാനി വേമ്പനാട്ടു രാജാവില്‍ നിന്നു പിടിച്ചെടുത്ത് അമ്പലപ്പുഴയ്ക്കു മാറ്റി അവിടെ കൊട്ടാരം പണിതുയര്‍ത്തി. 1540 ആയപ്പോഴേക്കും പോര്‍ച്ചുഗീസുകാര്‍ ചെമ്പകശ്ശേരിയുമായി സന്ധിയിലായി. ചെമ്പകശ്ശേരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ തമ്പുരാന്‍ (1566-1622) സാഹിത്യത്തിനും വിജ്ഞാനത്തിനും നല്കിയ പ്രോത്സാഹനം അനുപമമായിരുന്നു. മേല്പത്തൂര്‍ നാരായണഭട്ടതിരി, കുഞ്ചന്‍ നമ്പ്യാര്‍ എന്നിവരൊക്കെ ചെമ്പകശ്ശേരി കൊട്ടാര സദസ്സിലെ അമൂല്യരത്നങ്ങളായിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തില്‍ കൃഷ്ണനെ പ്രതിഷ്ഠിച്ചത് ഇദ്ദേഹമാണ്. ചെമ്പകശ്ശേരി രാജാക്കന്മാര്‍ ക്രിസ്ത്യാനികളായ പ്രജകളോട് അനുഭാവപൂര്‍വമാണ് പെരുമാറിയത്. മാത്രവുമല്ല, നാട്ടില്‍ ധാരാളം പള്ളികള്‍ പണിയാനും ഇദ്ദേഹം അവരെ അനുവദിച്ചു.

പോര്‍ച്ചുഗീസുകാരുമായുള്ള ചെമ്പകശ്ശേരി രാജാവിന്റെ ബന്ധം വ്യവച്ഛേദിക്കാനാവാത്ത തരത്തിലായിരുന്നു. രാജാവ് സൗകര്യം പോലെ പോര്‍ച്ചുഗീസുകാരെയും അവരെ എതിര്‍ത്ത പ്രാദേശിക ശക്തികളെയും ഇടവിട്ടു സഹായിച്ചുകൊണ്ടിരുന്നു. പുറക്കാട്ടരചന്റെ നേതൃത്വത്തിലുള്ള ഒന്നാന്തരമൊരു കപ്പല്‍പ്പട രാജാവിനുണ്ടായിരുന്നത് ആ കാലഘട്ടത്തിലെ ഒട്ടേറെ യുദ്ധങ്ങളില്‍ ചെമ്പകശ്ശേരിക്ക് നിര്‍ണായകസ്ഥാനങ്ങള്‍ നേടിക്കൊടുത്തു. ഡച്ച് ഈസ്റ്റ് ഇന്ത്യാക്കമ്പനി കേരളത്തില്‍ നടത്തിയ വാണിജ്യത്തില്‍ ചെമ്പകശ്ശേരിയുടെ പങ്ക് ഗണ്യമായിരുന്നു. 1746-ല്‍ ചെമ്പകശ്ശേരി രാജാവ് കായംകുളത്തെ സഹായിച്ചു എന്ന പേരില്‍ മാര്‍ത്താണ്ഡവര്‍മ ഇവിടം ആക്രമിച്ചു കീഴടക്കി തിരുവിതാംകൂറിനോടു ചേര്‍ത്തു.

17-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ കേരളക്കരയിലെ പോര്‍ച്ചുഗീസ് വാണിജ്യ താത്പര്യങ്ങള്‍ക്കു ഗുരുതരമായ ഭീഷണിയായി ഉയര്‍ന്നുവന്ന ഡച്ചുകാര്‍ ക്രമേണ തങ്ങളുടെ ശ്രദ്ധ ഉത്തരകേരളത്തില്‍ നിന്ന് മധ്യകേരളത്തിലേക്കു തിരിച്ചുവിട്ടു. അവര്‍ മധ്യകേരളത്തിലെ ചെറിയ നാടുവാഴികളുമായി കരാറുണ്ടാക്കി. 1642 മേയില്‍ കുരുമുളകിന്റെയും ഇഞ്ചിയുടെയും ശേഖരണത്തെ സംബന്ധിച്ച് ചെമ്പകശ്ശേരി രാജാവുമായി ഒരുടമ്പടിയുണ്ടാക്കി. പുറക്കാട്ട് ഒരു ഫാക്ടറി നിര്‍മിക്കാനുള്ള അനുവാദവും ഡച്ചുകാര്‍ക്കു കിട്ടി. 1643-ല്‍ പുറക്കാട്ടെയും കായംകുളത്തെയും രാജാക്കന്മാരുമായി പുതിയ ഉടമ്പടികളില്‍ ഏര്‍പ്പെട്ടു. ഇതിന്‍പ്രകാരം പഞ്ഞി, ഇരുമ്പ്, തകരം, കറുപ്പ്, ചന്ദനത്തടി, കുരുമുളക് തുടങ്ങിയവയുടെ വാണിജ്യക്കുത്തക അവര്‍ പിടിച്ചെടുത്തു. കേരളത്തിലെ ചെറുകിട ശക്തികളുമായി അടുത്തബന്ധം സ്ഥാപിക്കുക എന്ന നയത്തോടെയാണ് അവര്‍ പുറക്കാട്ടെയും കായംകുളത്തെയും രാജാക്കന്മാരുമായി ഉടമ്പടികളുണ്ടാക്കിയത്. 1646-ല്‍ കൊച്ചിയില്‍ നടന്ന 'മൂപ്പിളമത്തര്‍ക്ക'ത്തില്‍ ചെമ്പകശ്ശേരി പള്ളുരുത്തിത്തായ് വഴിയുടെ ഭാഗത്തായിരുന്നു. പൊതുവേ ചെമ്പകശ്ശേരി രാജാവ് ഡച്ചു പക്ഷത്തായിരുന്നെങ്കിലും ഡച്ചുകാര്‍ കൊച്ചി ആക്രമിച്ചപ്പോള്‍ ചെമ്പകശ്ശേരി രാജാവ് പോര്‍ച്ചുഗീസുകാരെയാണ് തുണച്ചത്. 1663-ല്‍ കൊച്ചി ഡച്ചുകാര്‍ക്കധീനമായതോടെ പുറക്കാട്, വടക്കുംകൂര്‍, പറവൂര്‍, ആലങ്ങാട്, ഇടപ്പള്ളി എന്നിവിടങ്ങളിലെ രാജാക്കന്മാര്‍ ഡച്ചുകാരുമായി ഉടമ്പടിയുണ്ടാക്കി. അവരുടെ മേല്‍ക്കോയ്മ സ്വീകരിച്ചു. തങ്ങളുടെ രാജ്യങ്ങളില്‍ കച്ചവടത്തിനുള്ള എല്ലാസൗകര്യങ്ങളും അവര്‍ക്കുണ്ടാക്കിക്കൊടുക്കുകയും ചെയ്തു. 1664-ല്‍ ക്യാപ്റ്റന്‍ ന്യൂഹോഫുമായി കായംകുളം, പുറക്കാട്, മാര്‍ത്ത, കൊല്ലം എന്നിവിടങ്ങളിലെ ഭരണാധികാരികള്‍ ഉണ്ടാക്കിയ ഉടമ്പടികളനുസരിച്ച് അതതു രാജ്യങ്ങളിലെ കുരുമുളകു വ്യാപാരത്തിന്റെ കുത്തകയും മറ്റു വാണിജ്യാവകാശങ്ങളും ഡച്ചുകാര്‍ക്കധീനമായി. 1665 ആയതോടെ പുറക്കാട്ട് ഫാക്ടറിയുണ്ടാക്കുന്നതില്‍ ഇംഗ്ലീഷുകാരും വിജയിച്ചു.

മാര്‍ത്താണ്ഡവര്‍മയുടെ കാലത്തു നടന്ന തിരുവിതാംകൂര്‍-കായംകുളം യുദ്ധത്തില്‍ ചെമ്പകശ്ശേരി രാജാവ് കായംകുളത്തെയാണ് സഹായിച്ചത്. കായംകുളം കൊട്ടാരത്തിലെ ചില ആയുധ ങ്ങളിലും ആയുധപ്പുരകളിലും എഴുതിക്കണ്ട 'ദേവനാരായണന്‍' എന്ന പേര്‍ ഇതിനു വ്യക്തമായ തെളിവാണ്. 1746-ല്‍ കായംകുളം കീഴടക്കിയ മാര്‍ത്താണ്ഡവര്‍മ അമ്പലപ്പുഴയിലേക്കു തിരിഞ്ഞു. മാത്തൂര്‍ പണിക്കരുടെയും തെക്കേടത്തു ഭട്ടതിരിയുടെയും കീഴിലായിരുന്ന അമ്പലപ്പുഴ സൈന്യം തങ്ങളുടെ രാജാവിനെ വിട്ട് തിരുവിതാംകൂറിന്റെ പക്ഷം ചേര്‍ന്നു. തിരുവിതാംകൂര്‍ സേന ഡെലനോയിയുടെ നേതൃത്വത്തില്‍ അമ്പലപ്പുഴ പിടിച്ചടക്കി, രാജാവിനെ തടവുകാരനാക്കി (1746). രാജാവ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടത് ചെമ്പകശ്ശേരി രാജ്യത്തിന്റെ പതനത്തിനും കാരണമായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍