This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെമ്പകരാമന്‍ പിള്ള (1891 - 1934)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെമ്പകരാമന്‍ പിള്ള (1891 - 1934)

ചെമ്പകരാമന്‍ പിള്ള

ഇന്ത്യന്‍ വിപ്ലവകാരി. ഒന്നാം ലോകയുദ്ധകാലത്ത് ബര്‍ളില്‍ കമ്മിറ്റി സംഘടിപ്പിച്ചും കാബൂളില്‍ സ്വതന്ത്രഭാരതപ്രവാസി സര്‍ക്കാര്‍ സ്ഥാപിച്ചും മറ്റും ഇന്ത്യന്‍ സ്വതന്ത്ര്യസമരത്തിന് ആഗോളവ്യാപ്തി നല്കിയ പ്രമുഖ ദേശാഭിമാനി എന്ന നിലയിലാണ് ഇദ്ദേഹത്തിന്റെ പ്രസക്തി. തിരുവിതാംകൂര്‍ പൊലീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ചിന്നസ്വാമിപ്പിള്ളയുടെയും നാഗമ്മാളിന്റെയും പുത്രനായി 1891 സെപ്. 15-നു തിരുവനന്തപുരത്തു (ഇന്നത്തെ ഏജീസ് ഓഫീസ് സ്ഥിതിചെയ്യുന്ന സ്ഥലം) ജനിച്ചു. ഗാന്ധാരി അമ്മന്‍ കോവിലിനടുത്തുണ്ടായിരുന്ന തമിഴ് പ്രൈമറിസ്കുളിലും മഹാരാജാസ് ഹൈസ്കൂളിലും (ഇന്നത്തെ യൂണിവേഴ്സിറ്റി കോളജ്) പഠിച്ചു. ബാലഗംഗാധരതിലകന്റെ തീവ്രവാദി നേതൃത്വവും അദ്ദേഹത്തിന്റെ നാടുകടത്തലും ചെലുത്തിയ ആവേശത്തിന്റെ ഫലമായി കൗമാരപ്രായത്തില്‍ത്തന്നെ ചെമ്പകരാമന്‍ പിള്ള വിദ്യാര്‍ഥിജീവിതം അവസാനിപ്പിച്ച് സ്വദേശിപ്രസ്ഥാനത്തിലേക്കു തിരിഞ്ഞു. 1906-ല്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ തിരുവനന്തപുരത്ത് ആദ്യമായി വിദ്യാര്‍ഥി സമരം സംഘടിപ്പിച്ചത് ചെമ്പകരാമന്‍ പിള്ളയായിരുന്നു.

ഉഷ്ണമേഖലാ പ്രദേശങ്ങളിലെ ക്ഷുദ്രജീവികളെ സംബന്ധിച്ച ഗവേഷണാര്‍ഥം തിരുവനന്തപുരത്തെത്തിയ ജര്‍മന്‍ ജന്തുശാസ്ത്രജ്ഞനും ജര്‍മന്‍ വിദേശവകുപ്പുമായി ബന്ധമുണ്ടായിരുന്ന വ്യക്തിയുമായ വാള്‍ട്ടര്‍ സ്റ്റ്രിക്ലന്‍ഡുമായി സമ്പര്‍ക്കത്തിലാവാന്‍ ചെമ്പകരാമന്‍ പിള്ളയ്ക്ക് അവസരമുണ്ടായി. അദ്ദേഹം യൂറോപ്പിലേക്കു മടങ്ങിയപ്പോള്‍ ചെമ്പകരാമനെയും കൊണ്ടുപോയി. 1908 ഒക്ടോബറില്‍ ഇറ്റലിയിലെത്തിയ പിള്ള ബേര്‍ളിസ്റ്റ് സ്കൂള്‍ ഒഫ് ലാങ്ഗ്വേജസില്‍ ചേര്‍ന്നു. തുടര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡിലും ജര്‍മനിയിലും പോയി. ചെമ്പകരാമന്‍ പിള്ള ബര്‍ളിന്‍ സര്‍വകലാശാലയില്‍ നിന്നും ധനതത്ത്വശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ഡോക്ടറേറ്റു ബിരുദങ്ങള്‍ നേടി.

ചെമ്പകരാമന്‍ പിള്ള അധ്യക്ഷനായി സൂറിച്ചല്‍ രൂപീകരിച്ച ഇന്റര്‍നാഷണല്‍ പ്രോ ഇന്ത്യ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചുവന്ന പ്രോ ഇന്ത്യ എന്ന   പത്രത്തിലൂടെ ഇദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരശ്രമങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി യൂറോപ്പില്‍ പ്രവര്‍ത്തിക്കുകയായിരുന്നു ശ്യാംജീ കൃഷ്ണവര്‍മ സ്റ്റ്രിക്ലന്‍ഡിന്റെ സുഹൃത്തായിരുന്നു. യൂറോപ്പിലെ ഇന്ത്യന്‍ വിപ്ലവകാരികളുമായി ബന്ധപ്പെടുന്നതിന് ഈ സൗഹൃദം പിള്ളയ്ക്കു സഹായകമായി. ബ്രിട്ടന്റെ ബദല്‍ ശക്തിയായ ജര്‍മനിയുടെ സഹായത്തോടെ മാത്രമേ ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നേടാനാവൂ എന്നു ദൃഢമായി വിശ്വസിച്ച പിള്ള 1914-ല്‍ ബര്‍ളിനിലെത്തി ജര്‍മന്‍ വിദേശവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുകയും ഇന്ത്യന്‍ നാഷണല്‍ പാര്‍ട്ടി സംഘടിപ്പിക്കുകയും ചെയ്തു. ജര്‍മന്‍ പത്രങ്ങളില്‍ തുടര്‍ച്ചയായി എഴുതിയ ലേഖനങ്ങളിലൂടെ ജര്‍മന്‍ ജനസമൂഹത്തിലും ചക്രവര്‍ത്തി കൈസര്‍ വില്യം II-ന്റെ ഭരണവൃത്തത്തിലും സ്വാധീനം നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. വീരേന്ദ്രനാഥ ചട്ടോപാധ്യായ, ഉപേന്ദ്ര നാഥ ദത്ത, ലാലാ ഹര്‍ ദയാല്‍, താരകനാഥ് ദാസ്, മന്‍സൂര്‍, ബര്‍ക്കത്തുള്ളാഖാന്‍, എ.സി.എന്‍., നമ്പ്യാര്‍ തുടങ്ങിയ ഇന്ത്യന്‍ വിപ്ലവകാരികളുടെ സഹകരണത്തോടെ ഇദ്ദേഹം ബര്‍ളിനില്‍ ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് കമ്മിറ്റി (പില്ക്കാലത്ത് ഇതു 'ബര്‍ളിന്‍ കമ്മിറ്റി' എന്ന പേരില്‍ പ്രഖ്യാതമായി) സ്ഥാപിച്ചു. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മനി, തുര്‍ക്കി, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളുടെ സഹായത്തോടെ രാജാ മഹേന്ദ്രപ്രതാപ് പ്രസിഡന്റായും ബര്‍ക്കത്തുള്ളാഖാന്‍ പ്രധാനമന്ത്രിയായും 1915 ഡി. 1-നു കാബൂളില്‍ രൂപീകൃതമായ സ്വതന്ത്രഭാരതത്തിന്റെ താത്കാലിക സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്നു ഡോ. പിള്ള ജര്‍മനിയുടെ സഹായത്തോടെ സായുധസമരം നടത്തി ഇന്ത്യയെ സ്വതന്ത്രയാക്കുകയായിരുന്നു ഈ സര്‍ക്കാരിന്റെ ലക്ഷ്യം. ഈ സര്‍ക്കാരിന്റെ മാതൃകയിലാണ് നേതാജി സുഭാഷ്ചന്ദ്രബോസ് സിംഗപ്പൂരില്‍ ആസാദ് ഹിന്ദ് ഗവണ്‍മെന്റ് രൂപവത്കരിച്ചത്. ഇക്കാലത്ത് ദക്ഷിണാഫ്രിക്കയില്‍ ഭാരതീയര്‍ക്കുവേണ്ടി പോരാടിയിരുന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുമായും പിള്ള സമ്പര്‍ക്കത്തിലായിരുന്നു.

ജര്‍മനിയും തുര്‍ക്കിയും തടവുകാരാക്കിയ ഇന്ത്യന്‍ ഭടന്മാരെ ചേര്‍ത്ത് പിള്ളയുടെ ശ്രമഫലമായി രൂപീകരിക്കപ്പെട്ട ഇന്ത്യന്‍ നാഷണല്‍ വാളന്റിയേഴ്സ് (I.N.V) എന്ന സൈനികസംഘടനയില്‍ അമേരിക്കയില്‍ നിന്നെത്തിയ ഗദര്‍ പാര്‍ട്ടി അംഗങ്ങളും ജര്‍മനിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളും ചേര്‍ന്നു. ഗദര്‍ പാര്‍ട്ടിയുടെയും I.N.Vയുടെയും സമരഗാനങ്ങളില്‍ നിന്നെടുത്തതാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ഐ.എന്‍.എയിലൂടെ രാഷ്ട്രത്തിനു നല്‍കിയ 'ജയ്ഹിന്ദ്' എന്ന മുദ്രാവാക്യം.

ഒന്നാം ലോകയുദ്ധകാലത്ത് അത്ലാന്തിക്, പസിഫിക്, ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നിരവധി കപ്പലുകള്‍ മുക്കി സഖ്യകക്ഷികള്‍ക്കു പേടിസ്വപ്നമായിത്തീര്‍ന്ന 'എംഡെന്‍' എന്ന മുങ്ങിക്കപ്പലിന്റെ വൈസ് ക്യാപ്റ്റനായിരുന്നു പിള്ള. സഖ്യകക്ഷികള്‍ എംഡെന്‍ മുക്കിയപ്പോള്‍ പിള്ള രക്ഷപ്പെട്ട് ജര്‍മനിയിലെത്തി. ബര്‍ളിന്‍ കമ്മിറ്റിയുടെ പ്രേരണയാല്‍ ഗദര്‍ പാര്‍ട്ടിക്കാര്‍ മുഖേന ദക്ഷിണ പൂര്‍വേഷ്യയിലൂടെ ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് ആയുധവും പണവും എത്തിക്കാന്‍ ജര്‍മന്‍ ഗവണ്‍മെന്റ് ആസൂത്രണം ചെയ്ത പരിപാടി പരാജയപ്പെട്ടു. ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയും തുര്‍ക്കിയും പരാജയപ്പെടുകയും അഫ്ഗാന്‍ അമീര്‍ ബ്രിട്ടീഷ് പക്ഷപാതിയാവുകയും ചെയ്തതോടെ കാബൂളിലെ പ്രവാസി സര്‍ക്കാരും ബര്‍ളിന്‍ കമ്മിറ്റിയും ഐ.എന്‍.വി.യും നാമാവശേഷമായി.

യുദ്ധാനന്തരം വീരേന്ദ്രനാഥ് ചട്ടോപാധ്യായയും ബര്‍ളിന്‍ കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും സോവിയറ്റ് അനുകൂലികളായി മാറിയപ്പോള്‍ ജര്‍മന്‍ പക്ഷത്ത് ഉറച്ചു നിന്ന പിള്ള യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലെത്തി കൊളോണിയലിസത്തിനെതിരായി സമരങ്ങളിലേര്‍പ്പെട്ടിരുന്ന ജനനേതാക്കള്‍ക്കു സ്വാതന്ത്ര്യാവേശം പകര്‍ന്നു. ലാഹോര്‍, ബനാറസ്, മാന്‍ഡലേ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നടന്ന ഗൂഢാലോചനക്കേസുകളെ തുടര്‍ന്ന് സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന (1917) ഇന്തോ-ജര്‍മന്‍ ഗൂഢാലോചനക്കേസില്‍ പിടികിട്ടാപ്പുള്ളി എന്ന നിലയില്‍ ചെമ്പകരാമന്‍ പിള്ളയും പ്രതിയായിരുന്നു. ബ്രിട്ടീഷ് ഗവണ്‍മെന്റ് പിള്ളയുടെ തലയ്ക്ക് വന്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ ഗ്രന്ഥകാരനായ എഡ്വിന്‍ എമേഴ്സന്റെ സഹകരണത്തോടെ പിള്ള രൂപീകരിച്ച മറ്റൊരു സംഘടനയാണ് 'ലീഗ് ഒഫ് ഒപ്രസ്ഡ് നേഷന്‍സ്'. ഈ ലീഗ് വഴിയാണ് പിള്ള ദക്ഷിണാഫ്രിക്ക, കെനിയ, ഫിജി എന്നിവിടങ്ങളിലെ പീഡിതരായ ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്.

തുര്‍ക്കിയിലെ തലത്ത് പാഷയുടെ സഹകരണത്തോടെ പിള്ള ഓറിയന്റല്‍ ക്ലബ്ബ് എന്ന മറ്റൊരു സംഘടനയും സ്ഥാപിച്ചു. ലീഗ് ഒഫ് ഒപ്രസ്ഡ് നേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ വിരളി പൂണ്ട ബ്രിട്ടീഷ് പിള്ളയെ അപകടപ്പെടുത്താന്‍ ചാരന്മാരെയും നിയോഗിച്ചിരുന്നു. ആള്‍മാറാട്ടം നടത്തിയാണ് പിള്ള ജര്‍മനിക്കു പുറത്തുള്ള രാജ്യങ്ങളില്‍ സഞ്ചരിച്ചിരുന്നത്.

ഇന്ത്യയിലെ കരകൗശലവസ്തുക്കളുടെ പ്രദര്‍ശനം യൂറോപ്പില്‍ ആദ്യമായി സംഘടിപ്പിച്ച പിള്ള ഇന്തോ-ജര്‍മന്‍ വാണിജ്യബന്ധങ്ങള്‍ അഭിവൃദ്ധിപ്പെടുത്താന്‍ പരിശ്രമിച്ചു. ഇന്ത്യന്‍ വാണിജ്യ-വ്യവസായ മണ്ഡലങ്ങളുടെ ഫെഡറേഷന്‍ ജര്‍മനിയിലെ അവരുടെ പ്രതിനിധിയായി ഡോ. പിള്ളയെ നിയോഗിച്ചു.

ഒരു റഷ്യന്‍ വനിതയുടെ വളര്‍ത്തു പുത്രിയായ മണിപ്പൂര്‍കാരി ലക്ഷ്മീഭായിയെ പിള്ള 1930-ല്‍ ബര്‍ളിനില്‍ വച്ച് വിവാഹം കഴിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാക്കളില്‍ നേതാജി സുഭാഷ്ചന്ദ്രബോസ്, വിഠല്‍ഭായ് പട്ടേല്‍ എന്നിവരോടായിരുന്നു പിള്ളയ്ക്കു കൂടുതല്‍ അടുപ്പം. സ്വാതന്ത്ര്യസമരായുധമെന്നനിലയില്‍ ഗാന്ധിയന്‍ മാര്‍ഗം കാലഹരണപ്പെട്ടു എന്ന തോന്നലായിരുന്നു ഇവരുടെ മാനസികൈക്യത്തിനു കാരണമായത്. 1933-ല്‍ വിയന്നയില്‍ നേതാജി സുഭാഷ്ചന്ദ്രബോസും ചെമ്പകരാമന്‍ പിള്ളയും ഇന്ത്യന്‍ പ്രശ്നം ചര്‍ച്ചചെയ്തിരുന്നു. പിള്ളയും ബര്‍ളിന്‍ കമ്മിറ്റിയും സ്വീകരിച്ച നയങ്ങള്‍ തന്നെയാണ് രണ്ടാം ലോകയുദ്ധകാലത്ത് നേതാജിയും ആസാദ് ഹിന്ദ് ഗവണ്‍മെന്റും ഐ.എന്‍,എ.യും പിന്തുടര്‍ന്നതെന്ന വസ്തുത ശ്രദ്ധേയമാണ്.

ദേശാഭിമാനിയായ പിള്ളയ്ക്ക് നാസി നേതൃത്വവുമായി അഭിപ്രായഭിന്നതയും അകല്‍ച്ചയുമുണ്ടായി. ഇന്ത്യക്കാര്‍ സ്വാതന്ത്ര്യത്തിനര്‍ഹരല്ലെന്ന് ഹിറ്റ്ലര്‍ ആത്മകഥ(മൈന്‍ കാംഫ്)യില്‍ രേഖപ്പെടുത്തിയതു പിന്‍വലിക്കണമെന്ന് പിള്ള ആവര്‍ത്തിച്ചാവശ്യപ്പെട്ടതു നാസികളെ ചൊടിപ്പിച്ചു. തുടര്‍ന്ന് പിള്ള പീഡനങ്ങള്‍ക്കു വിധേയമാവുകയും 1934 മേയ് 26-ന് ബര്‍ളിനിലെ പ്രഷ്യന്‍ സ്റ്റേറ്റ് ഹോസ്പിറ്റലില്‍ അന്തരിക്കുകയും ചെയ്തു. നാസികള്‍ പിള്ളയ്ക്കു പാനീയത്തില്‍ വിഷം കലര്‍ത്തിക്കൊടുത്തുവെന്ന് ലക്ഷ്മീഭായിപ്പിള്ള രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ പതാക വഹിക്കുന്ന കപ്പലില്‍ ഇന്ത്യയിലേക്കു മടങ്ങണമെന്നതായിരുന്നു ചെമ്പകരാമന്‍പിള്ളയുടെ ജീവിതാഭിലാഷം. 1935-ല്‍ ലക്ഷ്മീഭായിപ്പിള്ള ഭര്‍ത്താവിന്റെ ചിതാഭസ്മവുമായി ബോംബെയിലെത്തി. ഇന്ത്യന്‍ നാവികസേനയുടെ കൊടിക്കപ്പലായ ഐ.എന്‍.എസ്. ഡല്‍ഹി ഈ ചിതാഭസ്മം 1966 സെപ്. 19-നു കേരളത്തില്‍ കൊണ്ടു വന്നു. കൊച്ചിയിലും തിരുവനന്തപുരത്തും പൊതുദര്‍ശനത്തിനു സമര്‍പ്പിച്ചശേഷം ഒ. 2-ന് കന്യാകുമാരിയിലെ സമുദ്രസംഗമത്തില്‍ ഭൗതികാവശിഷ്ടം നിമജ്ജനം ചെയ്തു.

(ഡോ. നന്ദിയോട് രാമചന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍