This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്‍ യി (1901 - 72)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്‍ യി (1901 - 72)

Chen Yi

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവും വിദേശകാര്യമന്ത്രിയും (1958-72).

1901-ല്‍ സ്കെവാന്‍ പ്രവിശ്യയില്‍ ജനിച്ച ചെന്‍ ഫ്രാന്‍സിലാണ് വിദ്യാഭ്യാസം നിര്‍വഹിച്ചത്. ജോ എന്‍ ലിയുടെ സതീര്‍ഥ്യനായിരുന്ന ചെന്‍ വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹത്തോടൊപ്പം വാണപോവ മിലിട്ടറി അക്കാദമിയില്‍ അധ്യാപകനായി ചേര്‍ന്നു. ചെറുപ്പത്തിലെ ഈ അനുഭവങ്ങള്‍ ഇവര്‍ക്കിടയില്‍ ശാശ്വതവും ദീര്‍ഘവുമായ ഒരു സുദൃഢ സുഹൃദ്ബന്ധത്തിനു വഴിയൊരുക്കി. 1927-ലെ നാന്‍ചാങ് വിപ്ലവത്തില്‍ പങ്കെടുത്ത ചെന്‍ അതിന്റെ പരാജയത്തെത്തുടര്‍ന്ന് ജൂ ദേയുടെ പടയുടെ രാഷ്ട്രീയോപദേശകന്‍ ആയി. ലോങ് മാര്‍ച്ചിന്റെ സമയത്ത് (1934-35) കമ്യൂണിസ്റ്റ് ഒളിപ്പോര്‍ സൈന്യത്തിന്റെ കമാന്‍ഡറായിരുന്നു ഇദ്ദേഹം. ജപ്പാനുമായി യുദ്ധമാരംഭിക്കുന്നതുവരെ ചെന്‍ അതിസമര്‍ഥനായ ഒരു ഗറില്ലാ നേതാവായി തുടരുകയും ചെയ്തു. 1941-ല്‍ പുത്തന്‍ നാലാംപടയുടെ കമാന്‍ഡറായിത്തീര്‍ന്ന ചെന്‍ തന്നെയാണ് ആഭ്യന്തരയുദ്ധകാലത്ത് ഷാങ്ഹായിയുടെയും നാന്‍ജിങ്ങിന്റെയും പതനത്തിനിടയാക്കിയ യുദ്ധങ്ങള്‍ നയിച്ചതും.

1949-നുശേഷം ഷാങ്ഹായ്, പൂര്‍വചൈന എന്നിവിടങ്ങളിലെ പല ഉന്നത പദവികളും (ഷാങ്ഹായ് മേയപ്, ഷാങ്ഹായ് മിലിട്ടറി അഫയേഴ്സ് കമ്മിഷന്‍ മേധാവി തുടങ്ങിയവ) ചെന്‍ അലങ്കരിച്ചിരുന്നു. 1954-ല്‍ ബെയ്ജിങ്ങിലേക്ക് ആസ്ഥാനം മാറ്റിയ ചെന്‍ വിദേശകാര്യങ്ങളില്‍ നിമഗ്നനായി പ്രവര്‍ത്തനമാരംഭിച്ചു. 1954-ല്‍ തന്നെ ഉപപ്രധാനമന്ത്രിയാക്കപ്പെട്ട ചെന്‍ 58-ല്‍ വിദേശകാര്യമന്ത്രിയായി. ഈ കാലത്ത് ഇദ്ദേഹം ധാരാളം വിദേശസന്ദര്‍ശനങ്ങള്‍ നടത്തിയിരുന്നു. സാംസ്കാരിക വിപ്ലവത്തിന്റെ തുടക്കത്തില്‍ വിദേശകാര്യ മന്ത്രാലയം റെഡ് ഗാര്‍ഡുകളുടെ നിശിതമായ ആക്രമണത്തിനു വിധേയമായി. ചെന്‍ യി ആയിരുന്നു അവരുടെ മുഖ്യലക്ഷ്യം. ലിന്‍ ചിയോവോയെ എതിര്‍ത്ത ചെന്നിന് മിലിട്ടറി അഫയേഴ്സ് കമ്മിഷന്‍ പദവി നഷ്ടമായി. മാത്രവുമല്ല, 1967 ആഗസ്റ്റോടെ വിദേശമന്ത്രാലയം അക്ഷരാര്‍ഥത്തില്‍ത്തന്നെ ഇദ്ദേഹത്തില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. ഒക്ടോബറില്‍ ഈ അധികാരങ്ങള്‍ ചെന്നിന് തിരിച്ചു നല്കപ്പെട്ടെങ്കിലും ആ അനുഭവം ശാരീരികമായും മാനസികമായും ഇദ്ദേഹത്തിലേല്പിച്ച ആഘാതം കടുത്തതായിരുന്നു. 1971-ല്‍ മിലിട്ടറി അഫയേഴ്സ് കമ്മിഷനില്‍ പുനര്‍ നിയമനം ലഭിച്ചതിനു പിന്നാലെ 1972-ല്‍ ചെന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍