This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നൈ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്നൈ

ഇന്ത്യയുടെ തെക്കുഭാഗത്തുള്ള തമിഴ്നാട് സംസ്ഥാനത്തിന്റെ ആസ്ഥാനനഗരം. പണ്ട് തമിഴില്‍ 'ചെന്നൈ' എന്നായിരുന്ന നഗരനാമധേയം ബ്രിട്ടീഷുകാരുടെ വരവോടെ 'മദ്രാസ്' എന്നായി മാറി. തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് പൂര്‍വനാമം വീണ്ടെടുത്തു. (1996). 'മദ്രാസ്' എന്ന പേരിലറിയപ്പെട്ടിരുന്ന സംസ്ഥാനഭാഗങ്ങളെല്ലാം ചെന്നൈ എന്ന് അറിയപ്പെടുന്നു. തെന്നിന്ത്യയിലെ ഏറ്റവും വലിയ നഗരമായ ചെന്നൈ വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ നഗരങ്ങളില്‍ നാലാംസ്ഥാനത്തു നില്ക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിന്റെ ചോളമണ്ഡല തീരത്തായി കല്‍ക്കത്തയ്ക്ക് 1360 കി.മീ, തെക്കുപടിഞ്ഞാറു മാറിയാണ് ഇതിന്റെ സ്ഥാനം. ഈ നഗരം പഴയ മദ്രാസ് സംസ്ഥാനത്തിന്റെയും തലസ്ഥാനമായിരുന്നു.

മറീന ബീച്ച്

ചെന്നൈ, ഇന്ത്യയിലെ മറ്റു മഹാനഗരങ്ങളെ അപേക്ഷിച്ച് വിസ്തൃതമാണ്. കടലോരത്തുള്ള വിശാലമായ 'മറീനാ' മൈതാനമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണകേന്ദ്രം. പ്രധാനപ്പെട്ട ആഫീസ് മന്ദിരങ്ങളും വാണിജ്യമന്ദിരങ്ങളും വാസഗേഹങ്ങളും ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. വാസ്തുശില്പഭംഗി നിറഞ്ഞവയാണ് പല കെട്ടിടങ്ങളും. ഇതിനടുത്തായുള്ള സെന്റ് ജോര്‍ജ് കോട്ടയ്ക്കു തെക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന മൌണ്ട് റോഡ് പ്രധാന വ്യാപാര-വാണിജ്യ കേന്ദ്രമാണ്. തീരത്തിനു സമാന്തരമായി തെക്കു-വടക്കു ദിശയില്‍ ബക്കിങ്ങാം കനാല്‍ സ്ഥിതിചെയ്യുന്നു. നഗരത്തിനു കുറുകേ മുറിച്ചു പോകുന്ന കൂവം, തെക്കതിരിലൂടെ പോകുന്ന അഡയാര്‍ എന്നിവയാണ് പ്രധാന നദികള്‍.

1639-നു ശേഷമാണ് ഈ നഗരം വികസിച്ചു തുടങ്ങിയത്. 'മദ്രാസ് പട്ടണം' എന്നറിയപ്പെട്ടിരുന്ന ഗ്രാമത്തില്‍ ഒരു കോട്ടയും വാണിജ്യകേന്ദ്രവും സ്ഥാപിക്കുവാനുള്ള അധികാരം ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനി നേടിയതോടെയാണ് വികസനത്തിന്റെ തുടക്കം. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച ഈ വാണിജ്യകേന്ദ്രത്തിനു ചുറ്റുമായി ക്രമാനുഗത വികാസം നേടിയ ഈ നഗരം ബ്രിട്ടീഷ് ഭരണകാലത്ത് സെന്റ് ജോര്‍ജ് കോട്ട എന്ന പേരിലും അറിയപ്പെട്ടിരുന്നു. അന്ന് കിഴക്കേ ഇന്ത്യയിലെ ഒരു പ്രധാന വാണിജ്യകേന്ദ്രമായിരുന്ന ഈ പ്രദേശം 1746 മുതല്‍ 49 വരെയും 1758-ലും ഫ്രഞ്ച് അധീനതയിലായി.

ബ്രിട്ടീഷുകാര്‍ നിര്‍മിച്ച സെന്റ് ജോര്‍ജ് കോട്ടയ്ക്കു വടക്കായി രൂപം കൊണ്ട ബ്ളാക്ക് ടൌണ്‍ എന്ന പ്രദേശം ഇന്ന് ജോര്‍ജ് ടൌണ്‍ എന്നറിയപ്പെടുന്നു. ഇപ്പോള്‍ ഇതു ചെന്നൈയിലെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ്.

അടിസ്ഥാനപരമായി ചെന്നൈ ഒരു വാണിജ്യ നഗരമാണ്. ഇവിടെ കൃത്രിമമായി നിര്‍മിച്ചിട്ടുള്ള ഹാര്‍ബര്‍ സമുദ്രവ്യാപാരം സുഗമമാക്കുന്നു. 19-ാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട ഈ തുറമുഖം വികസിപ്പിച്ചതും സൗകര്യങ്ങള്‍ കൂട്ടിയതും രണ്ടാം ലോകയുദ്ധത്തിനു ശേഷമാണ്. ഇന്ത്യയിലെ കയറ്റിറക്കുത്പന്നങ്ങളില്‍ ഒട്ടുമിക്കതിന്റെയും വ്യാപാരം ഈ തുറമുഖം വഴിയാണ് നടക്കുന്നത്. ചെന്നൈ തുറമുഖത്തിലെ പ്രധാന ഇറക്കുമതിയിനങ്ങള്‍ ഇരുമ്പ്, സ്റ്റീല്‍, യന്ത്രസാമഗ്രികള്‍, പെട്രോളിയം ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, വളങ്ങള്‍, ഗോതമ്പ്, പരുത്തി, ന്യൂസ്പ്രിന്റ് എന്നിവയാണ്; പരുത്തിയുത്പന്നങ്ങള്‍, ചന്ദനത്തൈലം, തുകല്‍, ആഭരണങ്ങള്‍, കാപ്പി, തേയില, കപ്പലണ്ടി എന്നിവ പ്രധാന കയറ്റുമതിവിഭവങ്ങളും. തുകല്‍-തുകലുത്പന്നങ്ങള്‍, പരുത്തിയുത്പന്നങ്ങള്‍ തുടങ്ങിയവ ഇവിടത്തെ പ്രാദേശിക കയറ്റുമതിയിനങ്ങളാകുന്നു.

പരുത്തിവസ്ത്രനിര്‍മാണം, ചായം പിടിപ്പിക്കല്‍, തുകല്‍ വ്യവസായം എന്നിവ ഈ നഗരത്തിന്റെ സവിശേഷതകളാണ്. വാഹനഭാഗങ്ങള്‍ സംയോജിപ്പിക്കല്‍; വൈദ്യുത-എന്‍ജിനീയറിങ്; എണ്ണ ശുദ്ധീകരണം; റെയിലുപകരണങ്ങളുടെ നിര്‍മാണം; ടയര്‍, സിമന്റ്, വളം എന്നിവയുടെ ഉത്പാദനം ഇവയെല്ലാം മറ്റു പ്രധാന വ്യവസായങ്ങളില്‍പ്പെടുന്നു.

ചെന്നൈയിലെ റോഡ്-റെയില്‍ ഗതാഗത മാര്‍ഗങ്ങള്‍ മെച്ചപ്പെട്ടതാണ്. ഒപ്പം കനാലുകളും ഗതാഗതയോഗ്യങ്ങളാകുന്നു. കനാലുകളാണ് ഉള്‍നാടന്‍ ഗതാഗതത്തിലെ പ്രധാന കണ്ണി. മീനമ്പക്കത്തിനടുത്തായി അന്തര്‍ദേശീയ വിമാനത്താവളം സ്ഥിതിചെയ്യുന്നു.

ജനങ്ങളില്‍ മുക്കാല്‍ പങ്കും മാതൃഭാഷയായ തമിഴാണ് സംസാരിക്കുന്നത്. ഫിലിം സ്റ്റുഡിയോകള്‍, തിയെറ്ററുകള്‍, പ്രസിദ്ധീകരണശാലകള്‍ എന്നിവയുടെ കേന്ദ്രമാണ് ചെന്നൈ. തെന്നിന്ത്യയിലെ പ്രശസ്ത സിനിമാനിര്‍മാണ കേന്ദ്രം കൂടിയാണിത്. ഇവിടത്തെ സര്‍ക്കാര്‍ മ്യൂസിയം തെന്നിന്ത്യയില്‍ എല്ലാ കാലഘട്ടത്തിലുമുണ്ടായിട്ടുള്ള ഉത്തമകലാസൃഷ്ടികളുടെ ശേഖരസ്ഥാപനമാണ്. മനോഹരമായ അമരാവതി സ്തൂപത്തിന്റെ ഭാഗങ്ങള്‍ ഇക്കൂട്ടത്തില്‍ പ്രധാനമാകുന്നു.

1857-ല്‍ സ്ഥാപിതമായ മദ്രാസ് സര്‍വകലാശാല, 59-ല്‍ ആരംഭിച്ച ഐ.ഐ.റ്റി., ദി സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. ലണ്ടന്‍ സര്‍വകലാശാലയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന കലാശാലയാണ് മദ്രാസ് സര്‍വകലാശാല. 1904-ല്‍ ഇതു നവീകരിച്ചു. ഈ സര്‍വകലാശാലയുടെ വിവിധ വകുപ്പുകളെ കൂടാതെ ഇതോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന 20 കോളജുകളും അംഗീകാരം നേടിയിട്ടുള്ള മറ്റ് 140-ലേറെ കോളജുകളും ഇതിന്റെ കീഴിലുണ്ട്. മദ്രാസ് ഐ.ഐ.റ്റി., ശാസ്ത്രീയ സംഗീതാഭ്യസനകേന്ദ്രമായ കര്‍ണാടക സംഗീത അക്കാദമി, നൃത്തവിദ്യാകേന്ദ്രമായ 'കലാക്ഷേത്രം' തുടങ്ങിയവ ഇവിടത്തെ വിദഗ്ധ പഠനകേന്ദ്രങ്ങളാണ്. രുക്മിണീദേവി സ്ഥാപിച്ച കലാക്ഷേത്ര പ്രവര്‍ത്തനമാരംഭിച്ചിട്ട് അര നൂറ്റാണ്ടോളമായി ചെന്നൈയിലെ തിരുവണ്‍മിയൂരിലുള്ള ഈ സ്ഥാപനം തെന്നിന്ത്യന്‍ ശാസ്ത്രീയനൃത്ത-സംഗീത കലകളെ പ്രോത്സാഹിപ്പിച്ചു പരിപോഷിപ്പിക്കുന്നതോടൊപ്പം വിവിധകലകള്‍ അഭ്യസിപ്പിക്കുകയും ചെയ്യുന്നു. ഇതു കൂടാതെ മെഡിക്കല്‍ കോളജുകളും മറ്റനേകം സംഗീത കലാകേന്ദ്രങ്ങളും ആര്‍ട്ട് ഗാലറിയുമെല്ലാം ഇവിടത്തെ പ്രധാന സ്ഥാപനങ്ങള്‍ തന്നെ.

ജനങ്ങളില്‍ ഭൂരിഭാഗവും ഹിന്ദുക്കളാണെങ്കിലും ക്രിസ്തുമതവുമായി ഈ നഗരത്തിന് അഭേദ്യബന്ധമുണ്ട്. വിശുദ്ധ തോമാശ്ളീഹ രക്തസാക്ഷിയായത് നഗരത്തിനു തെക്കു പടിഞ്ഞാറുള്ള സെന്റ് തോമസ് മൌണ്ടിലാണെന്നു കരുതപ്പെടുന്നു. 16-ാം ശതകത്തില്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച സെന്റ് തോമസ് കതീഡ്രലിനുള്ളില്‍ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തിരിക്കുന്നുവെന്നാണ് വിശ്വാസം. 1680-ല്‍ പ്രതിഷ്ഠിച്ച 'ചര്‍ച്ച് ഒഫ് മേരി' ഇന്ത്യയിലെ പഴയ ആങ്ഗ്ലിക്കന്‍ പള്ളികളില്‍ പ്രധാനപ്പെട്ട ഒന്നാണ്. മറീനാബീച്ചിനു തെക്കുഭാഗത്തായി അഡയാര്‍ നദിക്കരയില്‍ തിയോസഫിക്കല്‍ സൊസൈറ്റിയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നു. പ്രസിദ്ധമായ അര്‍ബുദ ഗവേഷണകേന്ദ്രവും ഇവിടെത്തന്നെ.

ഒരു പ്രധാന ഗതാഗത കേന്ദ്രമായ ചെന്നൈ ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനമാണ്. ഈ പട്ടണത്തിലുള്ള മീനമ്പക്കം വിമാനത്താവളം ഏറെ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തുന്ന ഒരു പ്രധാന വ്യോമകേന്ദ്രമാകുന്നു. ദ് സൗത്ത് ഇന്ത്യാ ഷിപ്പിങ് കോര്‍പ്പറേഷന്റെ ആസ്ഥാനം കൂടിയാണ് ഈ നഗരം.

നഗരത്തിലങ്ങോളമിങ്ങോളം ഹൈന്ദവ ക്ഷേത്രങ്ങള്‍ ധാരാളമുണ്ട്. ഇവിടെയുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനുകളും സൂവോളജിക്കല്‍ ഗാര്‍ഡനുകളും പ്രശസ്തങ്ങളാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ ഒരു വലിയ ഉദ്യാനത്തിനു നടുവിലായി സ്ഥിതിചെയ്യുന്നു. ദ്രാവിഡ പാരമ്പര്യ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന മഹാത്മാഗാന്ധി സ്മാരകം ഇതിനടുത്താണ്. ലൈറ്റ് ഹൗസ്, സെന്റ് മേരിസ് ചര്‍ച്ച്, മ്യൂസിയം, നാഷണല്‍ ആര്‍ട്ട് ഗാലറി, കണ്ണിമാറാ ലൈബ്രറി, കാഴ്ചബംഗ്ലാവ്, രാജാജി ഹാള്‍ എന്നിവ നഗരത്തിലെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങളാകുന്നു. നഗരമധ്യേയുള്ള മൗണ്ട് റോഡ്, പാരിസ് കോണര്‍ എന്നിവ പ്രധാന ഷോപ്പിങ് കേന്ദ്രങ്ങളാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%88" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍