This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്നവീര കണവി (1928 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്നവീര കണവി (1928 - )

കന്നഡസാഹിത്യകാരന്‍. കവി, വിമര്‍ശകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കണവി 1928-ല്‍ കര്‍ണാടകത്തിലെ ധര്‍വാറില്‍ ജനിച്ചു. എം.എ. വരെയുള്ള വിദ്യാഭ്യാസം ധര്‍വാറില്‍ പൂര്‍ത്തിയാക്കി. വിദ്യാര്‍ഥിജീവിതകാലത്തു തന്നെ അറിയപ്പെടുന്ന കവിയായിരുന്നു ചെന്നവീര കണവി. കര്‍ണാടക യൂണിവേഴ്സിറ്റി പ്രസംരംഗയുടെ സെക്രട്ടറിയായിരുന്ന ഇദ്ദേഹം പിന്നീട് അവിടെത്തന്നെ ഡയറക്ടറായി നിയമിതനായി.

കാവ്യാക്ഷിയാണ് കണവിയുടെ പ്രഥമ കവിതാസമാഹാരം. ഭവജീവി ആത്മകഥാംശമുള്ള ശ്രദ്ധേയമായ ഒരു രചനയാണ്. അശരണരുടെ ജീവിതദുഃഖങ്ങളില്‍ സഹതാപം കാട്ടിയിരുന്ന കണവി പ്രകടമായി കമ്യൂണിസ്റ്റുകാരനല്ലെങ്കിലും ഇടതുപക്ഷ ചായ്വുള്ള എഴുത്തുകാരനാണ്. മധുചന്ദ്ര, ദീപധാര, മണ്ണിനമെരെവനിഗെ, നെലമുഗിലു, ചിരന്തനദദ മുതലായവ ഇദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങളാണ്. കവി എന്നതിനു പുറമേ, ഇരുത്തം വന്ന പണ്ഡിതനും ആണ് കണവി. സാഹിത്യചിന്തനകാവ്യാനുസന്ധാന, സമാഹിത് മുതലായ കൃതികള്‍ കന്നഡസാഹിത്യത്തിലെ തന്റെ പൂര്‍വികരുടെയും സമകാലികരുടെയും രചനകളെക്കുറിച്ചുള്ള വിമര്‍ശനപഠനങ്ങളാണ്. തിരഞ്ഞെടുത്ത കന്നഡ കവിതകള്‍ (മോഡേണ്‍ കന്നഡ പോയട്രി) കെ. രാഘവേന്ദ്രറാവുവുമൊന്നിച്ച് ഇദ്ദേഹം ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കണവിയുടെ ജീവധ്വനി എന്ന കൃതിക്ക് കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ് (1981) ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളെക്കുറിച്ചുള്ള വിലയിരുത്തലാണ് ഗൌരീഷ് കൈക്കിനിയുടെ ചെന്നവീര കണവിയവര കാവ്യാദൃശി എന്ന ഗ്രന്ഥം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍