This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെന്തമിഴ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെന്തമിഴ്

തമിഴിലെ സാഹിത്യഭാഷ. ഭാഷയുടെ വികാസ പരിണാമത്തിനിടെ സാഹിത്യശൈലി സാമാന്യവ്യവഹാരത്തില്‍ നിന്നു വേറിട്ട്, സ്വന്തം വ്യാകരണവും ശബ്ദസമുച്ചയവുമുള്ള ഒരു സാഹിത്യഭാഷയായി പരിണമിക്കുന്ന രീതി മിക്ക ഇന്ത്യന്‍ ഭാഷകളിലുമുണ്ട്. ഈ രീതിയില്‍ തമിഴ് ആവിര്‍ഭവിച്ച സാഹിത്യഭാഷയാണ് ചെന്തമിഴ്. തമിഴ് നാട്ടിലെ വ്യവഹാരഭാഷയെ പ്രാദേശികഭേദമനുസരിച്ച് പന്ത്രണ്ടായി വിഭജിക്കുകയും അവയ്ക്ക് കൊടുന്തമിഴ് എന്ന പേരിടുകയും ചെയ്ത തമിഴ് വൈയാകരണന്മാരാണ് ഇതിനെ ചെന്തമിഴ് എന്നു വിളിച്ചു തുടങ്ങിയത്. 'ഗ്രന്ഥത്തമിഴ്' എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. യൂറോപ്യന്മാര്‍ 'ഉദാത്തമായ തമിഴ്' (High Tamil) എന്നാണ് ഇതിനു പേരു നല്കിയിരിക്കുന്നത്.

ചൊവ്വാക്കിയ (ചൊവ്വിയ) ഭാഷ, ചെം (നല്ല തെറ്റില്ലാത്ത) തമിഴ്, ചെമ്മാക്കിയ (ശുദ്ധീകരിച്ച) തമിഴ് എന്നെല്ലാമാണ് ചെന്തമിഴിന് അര്‍ഥം കല്പിച്ചിട്ടുള്ളത്. കൊടുന്തമിഴിന് കോടിയ അഥവാ വളഞ്ഞ തമിഴ് എന്നര്‍ഥമുള്ളതിനാല്‍ ചെന്തമിഴ് നേരെയുള്ള (അവക്രമായ) ഭാഷയാണെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. മാനകീകരണം സംഭവിച്ച തമിഴ് ഭാഷയായാണ് ഇപ്പോള്‍ ഇതു വിവക്ഷിക്കപ്പെടുന്നത്. നിരവധി പ്രാദേശിക ഭേദങ്ങളോടു കൂടിയ നാടോടി ഭാഷയായ കൊടുന്തമിഴില്‍ നിന്നു വ്യത്യസ്തമായി വളരെ പണ്ടേ നിലനില്ക്കുന്ന ഒന്നാണിത്. സംസ്കൃതത്തിന് പുരാതന പ്രാകൃതങ്ങളോടുള്ള ബന്ധത്തിനു സമാന്തരമാണ്,കൊടുന്തമിഴും ചെന്തമിഴും തമ്മിലുള്ള ബന്ധം. നിരവധി അപൂര്‍വ രൂപങ്ങളും മണ്‍മറഞ്ഞ ശബ്ദങ്ങളും നിറഞ്ഞ ഈ ഭാഷ വായ്മൊഴി മാത്രമറിയാവുന്ന സാധാരണ ജനതയ്ക്ക് അപ്രാപ്യമാണ്.

ദ്രാവിഡഭാഷകളുടെ പ്രാചീനാവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന ഭാഷയായി ചെന്തമിഴിനെ കണക്കാക്കി വരുന്നു. ദ്രാവിഡ ഭാഷകളുടെ പ്രാചീന സ്വഭാവം പഠിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായം ചെയ്യുവാന്‍ കഴിയുക ചെന്തമിഴിനായിരിക്കും എന്ന് കാള്‍ഡ്വല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കൊടുന്തമിഴിന് ചെന്തമിഴില്‍ നിന്നുള്ള അന്തരം അതിലെ സാഹിത്യപ്രവര്‍ത്തനത്തിന്റെ അതിപ്രാചീനതയ്ക്കുള്ള തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംഘസാഹിത്യകൃതികളാണ് ചെന്തമിഴ് സാഹിത്യത്തിലെ മുഖ്യ ഈടുവയ്പ്പുകള്‍. ചെന്തമിഴ് സാഹിത്യത്തില്‍ ഇയല്‍ (കവിത), ഇചൈ (ഗാനം), നാടകം എന്നിവ മൂന്നും ഉള്‍പ്പെടുന്നതുകൊണ്ട് ഇത് മുത്തമിഴ് എന്നറിയപ്പെടുന്നു. മലയാളത്തിലെ പാട്ടുപ്രസ്ഥാനത്തിലുള്‍പ്പെട്ട കൃതികളില്‍ ചെന്തമിഴിന്റെ അതിപ്രസരം കാണാം. ലീലാതിലകം മൂന്നാം ശില്പത്തില്‍ ചെന്തമിഴിനെക്കുറിച്ചുള്ള ചില പരാമര്‍ശങ്ങളുണ്ട്.

മലയാളം ചെന്തമിഴിന്റെ ഉപശാഖയാണെന്നൊരു വാദമുണ്ട്. 'പലവക കൊടുന്തമിഴുകള്‍ ഉണ്ടായിരുന്നതില്‍ ഒന്നാണ് നമ്മുടെ മലയാളമായിത്തീര്‍ന്നത്'. എന്ന കേരളപാണിനിയുടെ അഭിപ്രായം പ്രസ്താവ്യമാണ്.

പ്രൌഢഗംഭീരമായ ദ്രാവിഡഭാഷ എന്ന നിലയിലേക്ക് തമിഴ് ഭാഷ വികാസം നേടിയത് ചെന്തമിഴിലൂടെയാണ്. സംഘകാല കവയിത്രിയായ ഔവയാര്‍ 'പാണ്ടിയനില്‍ നാടുടൈത്തു നല്ല തമിഴ്' എന്നു വിശേഷിപ്പിച്ചത് ഈ ഭാഷയെയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍