This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെണ്ടമേളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെണ്ടമേളം

ചെണ്ട പ്രധാന വാദ്യമായുള്ള മേളം. പഞ്ചാരി, പാണ്ടി, ചമ്പ, ചെമ്പട, അടന്ത, ധ്രുവം, അഞ്ചടന്ത എന്നിവയാണ് പ്രധാന ചെണ്ടമേളങ്ങള്‍. ഉത്സവാഘോഷങ്ങളോടനുബന്ധിച്ചാണ് ഇവ അരങ്ങേറുക. ഓരോ മേളവും അവതരിപ്പിക്കുന്നതിന് നിശ്ചിത സമയങ്ങള്‍ വിധിച്ചിട്ടുണ്ട്. ഉത്സവം കൊടിയേറിയതിന്റെ അടുത്ത ദിവസം രാവിലത്തെ ശീവേലിക്കു ധ്രുവമേളമാണ് കൊട്ടേണ്ടത്. മൂന്നാം ദിവസം ഈ നേരത്ത് അടന്തയും നാലാം ദിവസം അഞ്ചടന്തയും അഞ്ചാം ദിവസം ചെമ്പടയും ആറാം ദിവസം ചമ്പയും ഏഴാം ദിവസം പഞ്ചാരിയുമാണ് വിധിച്ചിട്ടുള്ളത്. വൈകുന്നേരത്തെ വിളക്കിന്, അടുത്ത ദിവസം രാവിലെ കൊട്ടാനുള്ള മേളത്തിന്റെ ചില കാലങ്ങള്‍ മാത്രം കൊട്ടിയാല്‍ മതിയാകും. പാണ്ടിമേളം ക്ഷേത്രമതില്‍ക്കെട്ടിനകത്തു നടത്താറില്ല; പ്രാകാരത്തിനു വെളിയില്‍ നടക്കുന്ന ഘോഷയാത്രകള്‍ക്കും മറ്റുമാണ് അത് അവതരിപ്പിക്കുക. പഞ്ചാരിയും പാണ്ടിയുമൊഴികെയുള്ള മേളങ്ങള്‍ ഇപ്പോള്‍ പ്രചാരലുപ്തമായിക്കൊണ്ടിരിക്കുകയാണ്. അവ രണ്ടുമാണ് എക്കാലത്തെയും പ്രധാനപ്പെട്ട ചെണ്ടമേളങ്ങള്‍.

ചെണ്ടമേളം

ചെണ്ടമേളത്തിന്റെ ശബ്ദമാധുരിയും ഗാംഭീര്യവും ഒത്തിണങ്ങിയാണ് പഞ്ചാരിമേളം. പഞ്ചാരി കൊട്ടുമ്പോള്‍ വലതുകൈയില്‍ മാത്രമേ ചെണ്ടക്കോലെടുക്കുകയുള്ളൂ. ഇടതു കൈത്തലം കൂടെ കെട്ടാനുപയോഗിക്കും. ചെണ്ടയ്ക്കു പുറമേ ഇലത്താളം, കൊമ്പ്, കുഴല്‍ എന്നീ വാദ്യങ്ങളും ഇതിനുപയോഗിക്കുന്നു. വിസ്തരിച്ചുള്ള പഞ്ചാരിമേളത്തിന് നൂറോളം ചെണ്ടയും അമ്പതോളം ഇലത്താളവും ഇരുപതു വീതം കൊമ്പ്, കുഴല്‍ എന്നിവയും ആവശ്യമാണ്. അതില്‍ 15-17 ചെണ്ടകള്‍ മാത്രമാണ് ഇടന്തല കൊട്ടുന്നത്. ബാക്കിയുള്ളവ വലന്തല കൊണ്ടു താളം പിടിക്കാനാണ് ഉപയോഗിക്കുന്നത്.

അഞ്ചുകാലം കൊട്ടാന്‍ പാകത്തില്‍ ചിട്ടപ്പെടുത്തിയിട്ടുള്ള താണ് പഞ്ചാരിമേളം. ആദ്യത്തെ താളവട്ടം 96 മാത്രകള്‍ വച്ചു ചില ജതികള്‍ ആവര്‍ത്തിച്ചു മുഴക്കി ഒരു കലാശത്തില്‍ അവസാനിക്കും. തുടര്‍ന്ന് അതിനു താഴത്തെ കാലത്തില്‍ 48 മാത്രയില്‍ ജതികള്‍ ആവര്‍ത്തിക്കുന്നു. പിന്നീടുള്ള താളങ്ങള്‍ 24 മാത്രയിലും 12 മാത്രയിലും 6 മാത്രയിലുമാണ് ക്രമീകരിച്ചിട്ടുള്ളത്. ഒരുകാലത്തില്‍ നിന്ന് അടുത്തതിലേക്കു കടക്കും മുമ്പ് ആദ്യത്തേതു തന്നെ വേഗത കൂട്ടി കൊട്ടുന്ന പതിവുമുണ്ട്. 'പഞ്ചാരി തുടങ്ങിയാല്‍ പത്തുനാഴിക' എന്ന ചൊല്ല് ഈ മേളത്തിന്റെ പരപ്പും പ്രൌഢിയുമാണ് സൂചിപ്പിക്കുന്നത്.

നാലു കാലങ്ങളിലായി പ്രയോഗിക്കുന്ന ചെണ്ടമേളമാണ് പാണ്ടിമേളം. ഇതില്‍ 56 മാത്രയില്‍ ആരംഭിക്കുന്ന താളവട്ടം 28, 14, 7 എന്നീ ക്രമത്തിലേക്കെത്തിച്ചേരുകയാണ് ചെയ്യുന്നത്. പാണ്ടിമേളത്തിന്റെ കാലമിടുന്നത് പഞ്ചാരിയില്‍ നിന്നു വ്യത്യസ്തമായ രീതിയിലാണ്. അത് 'പാണ്ടികൂട്ടിപ്പെരുക്കുക', 'കൊലുമ്പുക' എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ജതികളുടെ കാര്യത്തിലും ഇതരമേളങ്ങളില്‍ നിന്ന് ഇതിനു വ്യത്യാസമുണ്ട്. ജതികള്‍ നാലുകാലത്തിലും ഒരു പോലെയല്ല എന്നതാണ് മുഖ്യപ്രത്യേകത.

പശ്ചാത്തല വാദ്യമായി ഉപയോഗിക്കുന്ന സന്ദര്‍ഭങ്ങളില്‍ മറ്റുവാദ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രൌഢമായ നാദപ്പൊലിമകള്‍ കാട്ടിത്തരുന്നു എന്നതാണ് ചെണ്ടമേളങ്ങളുടെ പ്രത്യേകത. അത് നമ്മുടെ വാദ്യസംസ്കാരത്തിന്റെയും താളബോധത്തിന്റെയും സങ്കീര്‍ണകാന്തി പ്രദര്‍ശിപ്പിക്കുന്നു. മധ്യകേരളത്തിലെ ഉത്സവപ്പറമ്പുകളിലാണ് ഇവയേറെയും അരങ്ങേറുന്നത്. മൂസാമന നമ്പൂതിരി, പല്ലാവൂര്‍ അപ്പുമാരാര്‍, പല്ലാവൂര്‍ മണിയന്‍ മാരാര്‍, കലാമണ്ഡലം കൃഷ്ണന്‍ കുട്ടിപ്പൊതുവാള്‍ മുതലായവര്‍ പ്രസിദ്ധരായ ചെണ്ടവിദ്വാന്മാരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍