This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്ങഴിക്കിഴങ്ങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്ങഴിക്കിഴങ്ങ്

സിഞ്ചിബറേസി (Zingiberaceae) സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു ഔഷധി. ചെങ്ങഴിനീര്‍ക്കിഴങ്ങ്, മലങ്കൂവ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം: കാംഫെറിയ റോട്ടുണ്ട. (Kaempferia rotunda) ഇന്ത്യയിലും ശ്രീലങ്ക, മലേഷ്യ, മ്യാന്മര്‍ എന്നിവിടങ്ങളിലും ധാരാളമായി വളരുന്നുണ്ട്.

ചെങ്ങഴിക്കിഴങ്ങ്

പ്രകന്ദം കിഴങ്ങുപോലുള്ളതും ഇഞ്ചിയുടെ രുചിയുള്ളതുമാണ്. പ്രകന്ദത്തില്‍ നിന്ന് 30 സെ.മീ. നീളവും 7-10 സെ.മീ. വീതിയുമുള്ള ഇലകളുണ്ടാകുന്നു. ഒരു സമയത്ത് ഒന്നോ രണ്ടോ ഇലകളേ കാണാറുള്ളൂ. ഇലയുടെ ഉപരിഭാഗത്ത് ഇളം പച്ച നിറത്തിലുള്ള പൊട്ടുകളുണ്ടായിരിക്കും; അടിഭാഗത്തിന് ഇളം ചുവപ്പു നിറമാണ്. പ്രകന്ദത്തില്‍ നിന്ന് 3-8 സെ.മീ. നീളമുള്ള സ്പൈക് (radical spike) ആയിട്ടാണ് പുഷ്പമഞ്ജരിയുണ്ടാകുന്നത്. വിരിഞ്ഞ ഒന്നോ രണ്ടോ പുഷ്പങ്ങളേ ഒരു സമയത്തു കാണാറുള്ളൂ. സുഗന്ധമുള്ള പുഷ്പങ്ങള്‍ക്കു വെളുപ്പു നിറമായിരിക്കും. ദളനാളിക്ക് 5-7.5 സെന്റിമീറ്ററോളം നീളം ഉണ്ടാവും. ബാഹ്യദളങ്ങള്‍ ദളനാളിയോളം നീളമുള്ളതാണ്. ദളങ്ങള്‍ പോലുള്ള വെളുത്ത വന്ധ്യകേസരങ്ങള്‍ കാണപ്പെടുന്നു. ഒരു കേസരം മാത്രമേയുള്ളൂ. കേസരപുടം രണ്ടായി പിളര്‍ന്നിരിക്കും.

ചെങ്ങഴിക്കിഴങ്ങിനു പല ഔഷധഗുണങ്ങളുമുണ്ട്. കിഴങ്ങ് അരച്ചു പുരട്ടുന്നതു ശരീരത്തിലെ നീര് കുറയാന്‍ സഹായിക്കും. കിഴങ്ങ് ഉണക്കിപ്പൊടിച്ചത് മുറിവുകള്‍ ഉണങ്ങാന്‍ ഉത്തമമാണ്. മുണ്ടിനീരിനും അര്‍ബുദരോഗങ്ങള്‍ക്കും പ്രകന്ദം അരച്ചു പുരട്ടാറുണ്ട്. ശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതു തടയാന്‍ ഇതിനു കഴിവുണ്ടെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍