This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കല്ല്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

ചെങ്കല്ല്

Laterite

ഈര്‍പ്പമുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങളിലും മിതോഷ്ണമേഖലാ പ്രദേശങ്ങളിലും ആഗ്നേയ ശിലകള്‍ക്ക് അപക്ഷയം സംഭവിച്ചുണ്ടാകുന്ന ഇരുമ്പിന്റെയും അലുമിനിയത്തിന്റെയും ഹൈഡ്രോക്സൈഡുകള്‍ അടങ്ങിയ അവശിഷ്ടം. ചെങ്കല്ലിന് സില്‍ക്രീറ്റിനോടും ബോക്സൈറ്റിനോടും സ്വഭാവൈക്യമുണ്ട്. അലുമിനിയത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ചെങ്കല്ലിന്റെ ഗ്രേഡ് കൂടുകയും ബോക്സൈറ്റ് ഉണ്ടാകുകയും ചെയ്യന്നു. ചെങ്കല്ല് രൂപം കൊള്ളുന്ന പ്രക്രിയയാണ് ലാറ്ററൈസേഷന്‍.

മലബാര്‍ പ്രദേശത്തുള്ള അങ്ങാടിപ്പുറത്താണ് ചെങ്കല്‍ നിക്ഷേപം ആദ്യമായി കണ്ടെത്തിയത്. ഫ്രാന്‍സിസ് ബുക്ക്നാന്‍ അങ്ങാടിപ്പുറത്തു കണ്ട അയോമയവും ചുവപ്പുനിറമുള്ളതുമായ ഈ അവശിഷ്ടശിലയ്ക്ക് 'ലാറ്ററൈറ്റ്' എന്നു പേരു നല്കി (1807). പുറംചട്ടയുടെ രൂപം ആസ്പദമാക്കി 'ചൊറിക്കല്ല്' (itch stone) എന്നൊരു പേരും ഇതിനുണ്ട്.

ചെങ്കല്ലിനെക്കുറിച്ച് ശ്രദ്ധേയമായ പഠനങ്ങള്‍ ഇന്ത്യയിലാണ് നടന്നിട്ടുള്ളത്. ഉപദ്വീപിലെ ഉയരമേറിയ പല പീഠഭൂമികളിലും ഏറ്റവും മീതെയായി ചെങ്കല്ല് കാണപ്പെടുന്നു. ഡെക്കാനില്‍ ലാവാ പ്രവാഹങ്ങള്‍ വ്യാപിച്ചുകിടക്കുന്ന പ്രദേശത്തിനു തെക്കും തെക്കുകിഴക്കുമുള്ള ഭാഗങ്ങളിലെ ശിലകളുടെ അയോമയ ബഹിരാവരണത്തിലും (mantle) ചെങ്കല്ല് ഉള്‍ക്കൊണ്ടിട്ടുണ്ട്. മുന്‍ പറഞ്ഞതില്‍ ഡെക്കാന്‍ ട്രാപ്പിലെ ശിലകള്‍ അപക്ഷയവിധേയമായതിന്റെ ഫലമാകാനാണ് കൂടുതല്‍ സാധ്യത. ചെങ്കല്‍-ശില (rock laterite), ഉന്നതതല ചെങ്കല്‍ (high level laterite), സ്വസ്ഥാന ചെങ്കല്‍ (in situ laterite) എന്നീ പല പേരുകളില്‍ അറിയപ്പെടുന്നതെല്ലാം തന്നെ പ്രാഥമിക ചെങ്കല്ല് (Primary laterite) ആണ്.

ഘടനയും രാസസംയോഗവും

കുമിളകള്‍ വേണ്ടുവോളമുള്ളതും (vesicular) ചെളിയോട് സാദൃശ്യമുള്ളതുമാണ് ചെങ്കല്ല്. ഘടനയില്‍ ഇരുമ്പ്, അലുമിനിയം എന്നിവയുടെ ജലീയ ഓക്സൈഡുകളുടെ മിശ്രിതമാണ്. കൂടാതെ മാങ്ഗനീസ്, ടൈറ്റാനിയം എന്നിവയുടെ ഓക്സൈഡുകളും പതിവായി ചേര്‍ന്നിട്ടുണ്ടാവും. ആദ്യം പറഞ്ഞ രണ്ട് ഓക്സൈഡുകളുടെയും അനുപാതം വ്യത്യസ്തമായിരിക്കുമെന്നതു മാത്രം. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ സാന്നിധ്യം പലപ്പോഴും മറ്റേതിനെ ഒഴിവാക്കുന്നു. തത്ഫലമായി ബോക്സൈറ്റ് ഒരറ്റത്തും ഫെറിക് ഹൈഡ്രോക്സൈഡുകളുടെ അവ്യക്ത മിശ്രിതങ്ങള്‍ മറ്റേ അറ്റത്തും എന്ന രീതിയില്‍ പലതരം ചെങ്കല്ലുകള്‍ രൂപമെടുക്കുന്നു. പൊതുവേ അലുമിനിയം ലാറ്ററൈറ്റില്‍ ഗിബ്സൈറ്റും ബെഹമൈറ്റും ഉള്ളതുകാരണം ഈയിനം ചെങ്കല്ല് ഒരു മുഖ്യ അലുമിനിയം അയിര് കൂടിയാണ്. ഫെറുജിനസ് ലാറ്ററൈറ്റില്‍ മിക്കവാറും ഹേമറ്റൈറ്റും ഗേഥൈറ്റും ആണുള്ളത്. ക്യൂബയിലും ന്യൂ കാലഡോണിയയിലും ഇരുമ്പിന്റെ അയിരിനുപുറമേ നിക്കലും ഇതില്‍ നിന്നു ലഭിക്കുന്നു. കളിമണ്‍ ഗ്രൂപ്പില്‍പ്പെട്ട കളിമണ്‍ ധാതുക്കള്‍ ജനിതക ബന്ധമുള്ളതുകൊണ്ട് ചെങ്കല്ലുമായി സംയോജിച്ചിരിക്കും. പൊതുവേ ഇരുമ്പിന്റെ ഓക്സൈഡ് മുന്നിട്ടുനില്ക്കുന്നതിനാല്‍ കലര്‍പ്പിന്റെ തോതനുസരിച്ച് ചെങ്കല്ലിന്റെ നിറത്തിലും വ്യത്യാസങ്ങള്‍ അനുഭവപ്പെടുന്നു. ഊവലിറ്റിക് സംഗ്രഥനങ്ങളിലും മറ്റുമുള്ള ഇരുമ്പിന്റെ കേന്ദ്രീകരണം അതിലെ മറ്റു പദാര്‍ഥങ്ങളെ നീക്കം ചെയ്യുന്നതിനാല്‍ ചെങ്കല്ലിന് ധവളീകരണം, നാനാവര്‍ണത്തിലുള്ള പുള്ളിക്കുത്തല്‍ എന്നിവ സംഭവിക്കുന്നു.

ചെങ്കല്ല് ചെത്തിമിനിക്കുന്നു

ചില ഭാഗങ്ങളില്‍ മാങ്ഗനീസ് ഓക്സൈഡ് ഇരുമ്പിനെ പ്രതിസ്ഥാപനം ചെയ്യുക പതിവാണ്. ധാര്‍വാര്‍ ശിലകളുടെ മീതെയുള്ള ചെങ്കല്ല് ഇതിനുദാഹരണമാണ്. കളിമണ്ണും ധാരാളം സിലിക്കാമിശ്രിതങ്ങളും കലര്‍ന്നതാണ് മലബാര്‍ ചെങ്കല്ല്. എന്നാല്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ കാണപ്പെടുന്നതും പ്രത്യക്ഷത്തില്‍ മലബാര്‍ ചെങ്കല്ലിനു തുല്യവുമായ ശില കളിമണ്ണു ചേരാത്തതാണ്. അതിലുള്ള സിലിക്ക കൊളോയ്ഡലും യാന്ത്രികമായി യോജിച്ചിരിക്കുന്നതുമാകുന്നു. നിലിവുള്ള രീതി അനുസരിച്ച് രണ്ടാമതു സൂചിപ്പിച്ച കളിമണ്‍രഹിതശിലയാണ് മാതൃകാ ചെങ്കല്ലായി കരുതപ്പെടുന്നത്. സാധാരണയായി ആവരണമായി കാണപ്പെടുന്ന ചെങ്കല്ലിനും (cape rock) അതിനു താഴെയുള്ള മാതൃശിലയ്ക്കുമിടയ്ക്ക് (parent rock) ലിതോമാര്‍ജ് എന്ന ഒരു പരിവര്‍ത്തന വസ്തു കാണാം. മാതൃശിലയില്‍ നിന്ന് ചെങ്കല്‍-ഉത്പന്നം വരെയുള്ള പരിവര്‍ത്തനങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നു.

പ്രായം

ഉന്നതതല ചെങ്കല്ലിന്റെ പ്രായം കൃത്യമായി നിര്‍ണയിക്കുക പ്രയാസമാണ്. ചിലയിടങ്ങളില്‍ പ്ലയോസീനോ (ഒരു കോടി മുതല്‍ 20 ലക്ഷം വര്‍ഷം മുമ്പ്) അതിനു മുമ്പോ, മറ്റു ചിലടത്ത് പ്ലീസ്റ്റസീനോ (20 ലക്ഷം വര്‍ഷം മുമ്പു തുടങ്ങി 10,000 വര്‍ഷം മുമ്പ് അവസാനിച്ച കാലഘട്ടം), അതിനുശേഷമോ ആകാം. ഒരുവേള ഇപ്പോഴും പരിവര്‍ത്തനങ്ങള്‍ തുടരുകയായിരിക്കാം. നിമ്നതല ചെങ്കല്ലിന്റെ പ്രായം ആധുനികമായിരിക്കാനേ (recent) ഇടയുള്ളൂ. ചരിത്രാതീത കാലത്തെ മനുഷ്യന്റെ പാലിയോലിത്തിക് ആയുധങ്ങളുടെ അവശിഷ്ടങ്ങള്‍ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. തെളിവുകള്‍ നോക്കിയാല്‍ ചെങ്കല്ലിന്റെ പ്രധാനപ്പെട്ട അനവധി വന്‍ പിണ്ഡങ്ങള്‍ ഈയേസീനിനും അതിനു മുമ്പും ഉണ്ടായിട്ടുണ്ട്.

രൂപീകരണം

വൈവിധ്യമേറിയ ആഗ്നേയ-കായാന്തരിത അവസാദശിലകളില്‍ നിന്നുമാണ് ചെങ്കല്ലുണ്ടാകുന്നത്. മാതൃശിലയുടെ സവിശേഷതകള്‍ ഉത്പാദിക്കപ്പെടുന്ന ചെങ്കല്ലിന്റെ ഘടനയെയും സ്വാധീനിക്കും. ശിലകളുടെ അപക്ഷയമാണ് ചെങ്കല്‍രൂപീകരണത്തിന്റെ തുടക്കം. ഈര്‍പ്പമുള്ള കാലാവസ്ഥയില്‍, അപക്ഷയപ്രക്രിയയുടെ ആദ്യഘട്ടത്തില്‍ മാതൃശിലയില്‍ നിന്നും സിലിക്ക, ആല്‍ക്കലികള്‍, ക്ഷാരീയമണ്ണ് എന്നിവ നീക്കം ചെയ്യപ്പെടുന്നു. തത്സമയം ഇരുമ്പിന്റെയും അലൂമിനിയത്തിന്റെയും ഓക്സൈഡുകള്‍ക്ക് സാന്ദ്രീകരണം സംഭവിച്ചു ചെങ്കല്ല് രൂപമെടുക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലാണ് ഈ പ്രക്രിയ സംഭവിക്കുന്നത്. എന്നാല്‍ സമശീതോഷ്ണമേഖലകളില്‍ അപക്ഷയത്തിന്റെ അന്തിമോത്പന്നം കളിമണ്‍ധാതുക്കളാണ്.

ക്രയോലിനീകരണത്തെ തുടര്‍ന്നുള്ള അതിസാന്ദ്രമായ സിലിക്ക നീക്കം ചെയ്യലാണ് ലാറ്ററൈസേഷനു വഴിതെളിക്കുന്നതെന്നാണ് മുമ്പു വിശ്വസിച്ചിരുന്നത്. ഉഷ്ണമേഖലയില്‍ ക്ഷാരസിലിക്കേറ്റുകളുടെ അപക്ഷയം കളിമണ്‍ഘട്ടത്തെ സ്പര്‍ശിക്കാതെ ഗിബ്സൈറ്റിന്റെ രൂപീകരണത്തിനു വഴിമാറുന്നു എന്ന വസ്തുത മുന്‍വിശ്വാസത്തെ അടിസ്ഥാനരഹിതമാക്കുന്നു.

ചെങ്കല്ലിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ചില അടിസ്ഥാന ഘടകങ്ങള്‍ ഉണ്ട്. ഉയര്‍ന്ന താപനില, സമൃദ്ധമായ മഴ എന്നീ പ്രകാരമുള്ള ഋതുനിഷ്ഠ; മഴവെള്ളം ഒലിച്ചുപോകത്തക്കവിധം നിമ്നോന്നതമായ ഭൂപ്രകൃതി മുതലായവ ഇതില്‍ ചിലതാണ്. ചുരുക്കത്തില്‍ ഉഷ്ണ-ഉപോഷ്ണമേഖലകളില്‍ മാത്രം രൂപംകൊള്ളുന്നതാണ് ചെങ്കല്ല്.

കളിമണ്ണിനെയും ഷേലിനെയും അപേക്ഷിച്ച് ചെങ്കല്ലു പൊടിഞ്ഞുണ്ടാകുന്ന മണ്ണിന് പ്രവേശ്യത കൂടുതലാണ്. അതുകൊണ്ട് മഴക്കാലത്തും ചെങ്കല്ല് ദ്രവീകരണത്തെ ചെറുത്തു നില്‍ക്കുന്നു. അലൂമിനിയമടങ്ങിയ ചെങ്കല്ല് ഭൗമജലസ്തരത്തിനു മീതെയും താഴോട്ടു ചെല്ലുന്തോറും പടിപടിയായി കളിമണ്ണായി രൂപാന്തരപ്പെട്ടും കാണപ്പെടുന്നു.

വിവിധയിനം ചെങ്കല്ലുകള്‍.

ഒരു പ്രത്യേക പെട്രോളജിക്കല്‍ സ്പീഷീസിന്റെ പദവി ചെങ്കല്ലിനു കൊടുക്കുക സാധ്യമല്ല. ഘടനയിലും രാസസംയോഗത്തിലും കണ്ടുവരുന്ന ഏറിയ വൈവിധ്യമാണിതിനു കാരണം. നാനാരൂപങ്ങളുടെ വര്‍ഗീകരണവും ദുഃസാധ്യമായിട്ടാണിരിക്കുന്നത്. എന്നാല്‍ പ്രായത്തിന്റെയും ഉത്പത്തിയുടെയും അടിസ്ഥാനത്തില്‍ ഉന്നതതല ചെങ്കല്ല്, നിമ്നതല ചെങ്കല്ല് എന്നു രണ്ടായി വിഭജിക്കാവുന്നതാണ്.

സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്ററില്‍ കുറയാത്ത ഉയരത്തില്‍ കാണപ്പെടുന്ന ചെങ്കല്ലുകളാണ് ഉന്നതതല ചെങ്കല്ല്. ഉഷ്ണമേഖലയിലും ചുറ്റിനുമായി കാണപ്പെടുന്ന ചെങ്കല്ല് ഈ വിഭാഗത്തില്‍പ്പെടുന്നു. ഇത്തരം ചെങ്കല്ലുകളുടെ തരികള്‍ സാന്ദ്ര ഏകാത്മകത്വമുള്ളതും ശിലയുടെ ഘടനയില്‍ ഐകരൂപ്യമുള്ളതുമാണ്. കേരളത്തിലുടനീളം സഹ്യാദ്രിയോടു ചേര്‍ന്ന് സമാന്തരമായി കിടക്കുന്ന കുന്നിന്‍മേടുകള്‍ ഉന്നതതല ചെങ്കല്‍ നിറഞ്ഞതാണ്.

ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറുമുള്ള തീരദേശതടങ്ങളില്‍ കാണപ്പെടുന്നതാണ് നിമ്നതല ചെങ്കല്ല്. മലബാര്‍ പ്രദേശത്ത് ഇതു പൊതുവേ വിരളമാണ്; ഉള്ളവതന്നെ വിട്ടുവിട്ടാണ് സ്ഥിതിചെയ്യുന്നതും. പൂര്‍വതീരത്ത് ഇതിനു വിരുദ്ധമായി എല്ലായിടത്തുമായി വ്യാപിച്ചു കിടക്കുന്നു. ഇവിടെ അടിത്തറ സാധാരണയായി തീരദേശ-നദീജന്യനിക്ഷേപത്താല്‍ മൂടപ്പെട്ടിരിക്കുന്നു.

നിമ്നതല ചെങ്കല്ലിന്റെ സാന്ദ്രത ഉന്നതതല ചെങ്കല്ലിന്റേതിനെ അപേക്ഷിച്ച് വളരെ കുറഞ്ഞിരിക്കും. ഉന്നതതല ചെങ്കല്ലിന്റെ യാന്ത്രിക വിഘടനത്തെ തുടര്‍ന്നുള്ള അപരദന പ്രവര്‍ത്തനങ്ങളാണ് നിമ്നതല ചെങ്കല്ലിന്റെ രൂപീകരണത്തിനു കാരണം. പടിഞ്ഞാറ് സമുദ്രതീരം വരെ കാണപ്പെടുന്ന പീഠഭൂമി നിമ്നതല ചെങ്കല്ലു നിറഞ്ഞതാണ്.

വിതരണം

ആഗോള പ്രാതിനിധ്യ സ്വഭാവമുള്ളതാണ് ചെങ്കല്ല്. ഉഷ്ണമേഖലയിലും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും (ജാവ, വിക്ടോറിയ, പടിഞ്ഞാറന്‍ ആസ്റ്റ്രേലിയ, തെക്കേ ആഫ്രിക്ക, സുഡാന്‍, സീറാ ലിയോണ്‍, കോങ്ഗോ, ബ്രസീല്‍ തുടങ്ങിയവ) ചെങ്കല്ലിന്റെ സമൃദ്ധനിക്ഷേപങ്ങള്‍ കാണപ്പെടുന്നു.

മധ്യഭാരതത്തിലും മധ്യപ്രദേശത്തും കുന്നുകളുടെയും പീഠഭൂമികളുടെയും മേല്‍മൂടിയാണ് ചെങ്കല്ല്. ഏറ്റവും നല്ല പ്രാതിനിധ്യസ്വഭാവമുള്ള ചെങ്കല്ല് ഡക്കാണിന്റെ പരിസരത്തുള്ള ബോംബെവിഭാഗത്തിലെ കുന്നുകളിലാണ്. പൊതുവേ എല്ലായിടത്തും ഉന്നത ലാവാ പ്രവാഹത്തിനും മീതെ സ്ഥാനം പിടിച്ച് 600-1500 മീറ്ററിനിടയ്ക്കുള്ള ഉയരത്തില്‍ ഇതു സ്ഥിതിചെയ്യുന്നു. ഈ ആവരണപാളികള്‍ക്ക് ഉദ്ദേശം 15-60 മീ. കട്ടി കാണും. വശങ്ങളിലേക്കുള്ള വ്യാപ്തി കുറഞ്ഞും കൂടിയുമിരിക്കും. വേര്‍പെട്ടു നില്ക്കുന്നതും വിവിധ വലുപ്പമുള്ളതുമായ അനേകം ദൃശ്യാംശങ്ങളിലൂടെ വടക്ക് ബിഹാറിലെ രാജമഹല്‍ കുന്നുകള്‍ മുതല്‍ തെക്ക് ഉപദ്വീപീയാതിര്‍ത്തി വരെ നെടുനീളത്തില്‍ ചെങ്കല്‍ നിക്ഷേപം വ്യാപിച്ചു കിടക്കുന്നു. നൈസ്, ഖോണ്ഡലൈറ്റ് എന്നിവയ്ക്കു മീതെ കനത്ത ആവരണ പാളികളായി ശ്രീലങ്കയിലും ഇത് തുടര്‍ന്നു കാണാം. പ്രായമോ ലിഥോളജിയോ പരിഗണിക്കപ്പെടാതെ ആര്‍ക്കേയന്‍ നൈസ്, ധാര്‍വാര്‍ ഷിസ്റ്റ്, ഗോണ്ട്വാന കളിമണ്ണ് എന്നിവയിലേതെങ്കിലുമൊന്നിന്റെ മീതെയാണ് ഇതിന്റെ കിടപ്പ്.

ഉപയോഗം

ഇരുമ്പ്, അലൂമിനിയം, മാങ്ഗനീസ് എന്നീ ലോഹ-അയിരുകളുടെ ഉറവയാണ് ചെങ്കല്ല്. ഇഷ്ടികയുടെ ആകൃതിയില്‍ അനായാസേന മുറിച്ചെടുക്കാവുന്നതിനാല്‍ ദക്ഷിണേന്ത്യയിലും മ്യാന്മറിലും മറ്റും ചെങ്കല്ല് കെട്ടിടനിര്‍മാണത്തിനുപയോഗിക്കുന്നു.

വിഘടനവും ദ്രവീകരണവുംമൂലം ചെങ്കല്ലില്‍ നിന്നു വിമുക്തമാകുന്ന മോണസൈറ്റ്, ഇല്‍മനൈറ്റ്, റൂട്ടൈല്‍, സിലിമനൈറ്റ്, സിര്‍ക്കണ്‍ മുതലായ ഘനധാതുക്കള്‍, നദികള്‍ വഴി സമുദ്രത്തില്‍ ചെന്നുചേരുന്നു. തിരമാലകളുടെയും മറ്റും പ്രവര്‍ത്തനംകൊണ്ട് ഇവ തീരത്തു വീണ്ടും അടിഞ്ഞുകയറി അമൂല്യ-പ്ളേസര്‍ നിക്ഷേപങ്ങളായി മാറുന്നു. ഇപ്രകാരം കേരളത്തില്‍ നീണ്ടകര, ചവറ മുതലായ സ്ഥലങ്ങളില്‍ കാണപ്പെടുന്ന നിക്ഷേപങ്ങള്‍ പ്രസിദ്ധമാണ്. വിലപ്പെട്ട പല ഘനധാതുക്കളുടെയും അക്ഷയ ഉറവിടമാണ് കേരളത്തിലെ ഉന്നതതല-നിമ്നതല ചെങ്കല്ലുകള്‍.

(പ്രൊഫ. കെ. കുഞ്ഞുണ്ണിമേനോന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍