This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കണ്ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്കണ്ണി

Redwattled Capwing

ചെങ്കണ്ണി

വയലുകളിലും പറമ്പിലും കുറ്റിക്കാടിലും കാണപ്പെടുന്ന ഒരു പക്ഷി. തിത്തിരിപ്പക്ഷിയെന്നും പേരുണ്ട്. ശാസ്ത്രനാമം: ലോബിവാനെല്‍ ഇന്‍ഡിക്കസ് (Lobivanell indicus). ചെറിയ പിടക്കോഴിയുടെ വലുപ്പമുള്ള ഈ പക്ഷി ഇണകളായോ ചെറിയ സംഘങ്ങളായോ ആണ് ഇര തേടാറുള്ളത്. ഇരുണ്ട തവിട്ടു നിറമുള്ള ഈ പക്ഷിക്ക് നീണ്ട കാലുകളാണുള്ളത്. പക്ഷിയുടെ പുറവും ചിറകുകളും നേരിയ സ്വര്‍ണനിറത്തിലുള്ളതാണ്. മുന്‍ കഴുത്ത്, മാറിടം എന്നീ ഭാഗങ്ങള്‍ക്കു കറുപ്പും ശേഷിച്ച അടിഭാഗത്തിനു വെള്ള നിറവുമാണ്. കഴുത്തിന്റെ മുകള്‍ ഭാഗത്തു വെള്ള വരയും കാണപ്പെടുന്നു. കൊക്കിനു മുകളിലായി ചുവന്ന ചെറിയ പൂവും ഉണ്ട്. കൊക്കിനും കണ്ണിനും ചുറ്റുമുള്ള ഭാഗങ്ങള്‍ക്കും ചുവപ്പു നിറമാണ്.

ചെങ്കണ്ണി കൂടുതലായും താവളമടിക്കുന്നതും ഇരതേടുന്നതും ജലാശയങ്ങള്‍ക്കു സമീപമാണ്. 'കുത്തിച്ചു..ടീ' 'കുത്തി-ച്ചൂ-ടീ' എന്നു നീട്ടി ശബ്ദമുണ്ടാക്കാറുണ്ട്. തറയില്‍ മാത്രം കഴിച്ചുകൂട്ടുന്ന പക്ഷിയാണിത്. മരക്കൊമ്പിലും മറ്റും പറന്നിരിക്കാറില്ല. പക്ഷേ, ഇവയ്ക്കു നന്നായി പറക്കാനുള്ള കഴിവുണ്ട്.

കൃമികള്‍, പുഴുക്കള്‍, ചെറുജീവികള്‍ എന്നിവയാണ് ചെങ്കണ്ണിയുടെ ആഹാരം. ഇരതേടി തറയിലൂടെ ഓടിനടക്കുകയാണ് പതിവ്. വെള്ളത്തില്‍ ഇറങ്ങിനിന്ന് ഇരതേടാന്‍ നീണ്ട കാലുകള്‍ സഹായമേകുന്നു.

ചെങ്കണ്ണി തറയിലാണ് കൂടുകെട്ടുന്നത്. തറയില്‍ മണലുള്ള പ്രദേശങ്ങളിലോ ചെറുചരലുകള്‍ക്കിടയിലോ സോസറിന്റെ ആകൃതിയിലുള്ള കുഴികള്‍ ഉണ്ടാക്കി കൂടായി ഉപയോഗിക്കുന്നു. ചെറിയ കല്ലുകള്‍ കൂട്ടിവച്ചും കൂടുണ്ടാക്കാറുണ്ട്. ഒരു പ്രജനന ഘട്ടത്തില്‍ നാലു മുട്ടകള്‍ വരെ ഇടും. കോഴിമുട്ടയെക്കാള്‍ അല്പം ചെറിയ മുട്ടകള്‍ക്കു ചരല്‍ക്കല്ലിന്റെ നിറമാണുള്ളത്. ഇതുമൂലം മുട്ട വേഗം തിരിച്ചറിയാനാവില്ല. ഒരുവശം അല്പം കൂര്‍ത്ത ആകൃതിയുള്ള മുട്ടയുടെ കൂര്‍ത്തഭാഗം അടിയിലാക്കി ഉറപ്പിച്ചുവച്ചാണ് അടയിരിക്കാറുള്ളത്. മുട്ടയ്ക്കു മുകളില്‍ കറുത്ത പുള്ളികളും വരകളും ഉണ്ട്. മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളുടെ ദേഹം രോമസദൃശമായ ചെറുതൂവലുകളാല്‍ പൊതിയപ്പെട്ടിരിക്കുന്നു. വിരിഞ്ഞിറങ്ങി അധികം വൈകാതെ കുഞ്ഞുങ്ങള്‍ക്ക് ഓടി നടന്ന് ഇരതേടാനുള്ള കഴിവുണ്ടായിരിക്കും. പരിസരവുമായി ഇണങ്ങിച്ചേര്‍ന്നുള്ള നിറം കുഞ്ഞുങ്ങളെ ശത്രുക്കളുടെ ആക്രമങ്ങളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍