This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചെങ്കടല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചെങ്കടല്‍

Red Sea

ഇന്ത്യാ മഹാസമുദ്രത്തിന്റെ ശാഖയായ ഉള്‍ക്കടല്‍. വീതി കുറഞ്ഞ് നീളം കൂടിയ ചെങ്കടല്‍ ഏദന്‍ ഉള്‍ക്കടലിനു വടക്കു പടിഞ്ഞാറു നിന്ന് 1,930 കിലോമീറ്ററോളം നീളത്തില്‍ സ്ഥിതി ചെയ്യുന്നു. വീതി: 145-360 കി.മീ.; വിസ്തീര്‍ണം: 4,38,000 ച.കി.മീ.; പരമാവധി ആഴം: 2,300 മീറ്റര്‍. അറേബ്യന്‍ ഉപദ്വീപിനെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നു വേര്‍തിരിക്കുന്ന ഈ ജലാശയത്തിന് പൊതുവേ ആഴം കുറവാകുന്നു. ഇതിന്റെ തെക്കേയറ്റം വീതി കൂടിയതാണ് (370 കി.മീ. വരെ). വടക്കേയറ്റം രണ്ടായി പിരിഞ്ഞ് അക്വാബ എന്നും സൂയസ് എന്നും പേരുള്ള വീതി കുറഞ്ഞ രണ്ടു ചെറിയ ഉള്‍ക്കടലുകളായി മാറിയിരിക്കുന്നു. ഇവയ്ക്കു രണ്ടിനും ഇടയിലാണ് സിനായ് ഉപദ്വീപിന്റെ സ്ഥാനം. സൂയസ് ഉള്‍ക്കടല്‍ സൂയസ് കനാല്‍ വഴി മെഡിറ്ററേനിയന്‍ സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ചിത്രം:Pg 124 map.png

ഏദന്‍ ഉള്‍ക്കടലുമായി മാത്രമേ ചെങ്കടലിനു നേരിട്ടു ബന്ധമുള്ളൂ. ഇതിന്റെ തെക്കേയറ്റത്തായുള്ള ആഴവും വീതിയും കുറഞ്ഞ ബാബെല്‍-മാന്‍ഡേബ് കടലിടുക്കുവഴി ഈ ജലാശയം ഏദന്‍ ഉള്‍ക്കടലുമായും അതുവഴി ഇന്ത്യാ മഹാസമുദ്രവുമായും ബന്ധപ്പെട്ടിരിക്കുന്നു. ബാബെല്‍-മാന്‍ഡേബ് കടലിടുക്കു മുതല്‍ സൂയസ് ഉള്‍ക്കടലിന്റെ വടക്കേയറ്റം വരെ ചെങ്കടലിന്റെ നീളം 2,250 കിലോമീറ്ററാണ്. ബാബെല്‍-മാന്‍ഡേബ് കടലിടുക്കിന് വീതി 27 കി.മീ. മാത്രമാകുന്നു. എന്നാല്‍ ഈ ജലാശയത്തിന്റെ തെക്കുഭാഗത്തിന് 370 കി.മീ. വരെ വീതിയുണ്ട്. അതിരുകള്‍: കിഴക്ക്-സൗദി അറേബ്യ, യമന്‍; പടിഞ്ഞാറ്-എതിയോപിയ, സുഡാന്‍, ഈജിപ്ത്.

ചെങ്കടലിലെ ജലത്തിനു സാധാരണ കടുത്ത പച്ച കലര്‍ന്ന നീലനിറമാണ്. എന്നാല്‍ ചില സമയങ്ങളില്‍ ഇതിലെ ജലത്തില്‍ ട്രൈക്കോഡെസ്മിയം എറിത്രിയം എന്ന ഒരിനം ആല്‍ഗ ധാരാളമായുണ്ടാകും. ഇവ ചത്തൊടുങ്ങുമ്പോള്‍ കടല്‍വെള്ളത്തിന് തവിട്ടു കലര്‍ന്ന ചുവപ്പുനിറം വന്നുചേരുന്നു. ഈ നിറവ്യത്യാസമാണ് ചെങ്കടല്‍ എന്ന പേരിനു കാരണം. ആധുനിക അറേബ്യന്‍ ഭാഷയില്‍ ചെങ്കടല്‍ ബാഹ്ര്‍-അല്‍-അഹ്മര്‍ (Bahr-Al-Ahmar) എന്ന പേരിലാണ് അറിയപ്പെടുന്നത്.

ചെങ്കടലിലെ ജലത്തിന് ലവണാംശം കൂടുതലാണ് (40/1000). നദികള്‍ വഴിയും മറ്റും ശുദ്ധജലം വന്നെത്താത്തതാണ് ഇതിന്റെ പ്രധാന കാരണം. ഇതിലെ ബാഷ്പീകരണത്തോത് വളരെ കൂടുതലാണ് എന്നത് മറ്റൊരു കാരണമാകുന്നു. ഇക്കാരണങ്ങളാല്‍ ഏദന്‍ ഉള്‍ക്കടലില്‍നിന്ന് ജലം ചെങ്കടലിലേക്കാണ് പ്രവഹിക്കുന്നത്. കടലിന്റെ അടിത്തട്ടില്‍ ചില ഭാഗത്ത് ലവണാംശം വളരെ കൂടുതലാണ് (270/1000). ഏദന്‍ ഉള്‍ക്കടലില്‍ നിന്നൊഴുകിയെത്തുന്ന ലവണാംശം കുറഞ്ഞ ജലം (36/1000) പ്രാദേശികവാതങ്ങളുടെ പ്രവര്‍ത്തനഫലമായി വടക്കോട്ടൊഴുകുകയും ലവണാംശം കൂടിയ (40/1000) അതിസാന്ദ്രതയുള്ള സൂയസ് ഉള്‍ക്കടല്‍ജലം തെക്കോട്ടൊഴുകുകയും ചെയ്യുന്നു. ഇങ്ങനെ രണ്ടു പാളികളായി തിരിയുന്ന ചെങ്കടല്‍ജലത്തില്‍ സാന്ദ്രതയേറിയ സൂയസ് ജലം അടിവശത്തായിരിക്കും. ഇവയ്ക്കിടയിലുള്ള മേഖലയുടെ താപനില 22oC-ഉം ലവണത്വം 41/1000-ഉം ആണ്. ചെങ്കടല്‍ മേഖലയില്‍ നടത്തിയ പഠനങ്ങള്‍ ഈ ജലാശയത്തിലെ ജലം 20 വര്‍ഷത്തിലൊരിക്കല്‍ നവീകരിക്കപ്പെടുന്നുവെന്ന് തെളിയിച്ചിട്ടുണ്ട്.

ലോകത്തിലെ ചൂടു കൂടിയതും വരണ്ടതുമായ പ്രദേശങ്ങളിലൊന്നാണ് ചെങ്കടല്‍ പ്രദേശം. ശരാശരി ഉപരിതലോഷ്മാവ് വേനല്‍ക്കാലത്ത് 29oC-ഉം മഞ്ഞുകാലത്ത് 22oC-ഉം ആണ്. മഴ വളരെ കുറവാകുന്നു. ജലപ്രവാഹങ്ങളുടെ ഗതി കാറ്റിനാല്‍ നിയന്ത്രിതമാണ്. ചെങ്കടലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കാറ്റിന്റെ ദിശ വര്‍ഷം മുഴുവന്‍ വടക്കായും വടക്കുപടിഞ്ഞാറായും തെക്കന്‍ ഭാഗങ്ങളില്‍ വേനല്‍ക്കാലത്തുമാത്രം വടക്കുപടിഞ്ഞാറായും കാണുന്നു. ഒക്ടോബര്‍ മുതല്‍ മേയ് വരെയുള്ള കാലത്ത് തെക്കന്‍ ഭാഗങ്ങളില്‍ പ്രധാനമായും തെക്കുകിഴക്കന്‍ കാറ്റുകളാണ് വീശുന്നത്. വടക്കന്‍ ഭാഗങ്ങളില്‍ വീശുന്ന മുഖ്യയിനങ്ങള്‍ 'ഈജിപ്ഷന്‍ കാറ്റുകള്‍' എന്നറിയപ്പെടുന്ന പടിഞ്ഞാറന്‍ കാറ്റുകളാണ്. മഞ്ഞുകാലത്തു വീശുന്ന ഇവയോടൊപ്പം മഞ്ഞും മണല്‍ക്കാറ്റും സാധാരണമാണ്. വടക്ക് 14o-16o അക്ഷാംശങ്ങള്‍ക്കിടയില്‍ വീശുന്ന കാറ്റുകളുടെ ദിശയ്ക്ക് ഇടയ്ക്കിടെ വ്യതിയാനം സംഭവിക്കാറുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റുവരെയുള്ള കാലയളവില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റുകള്‍ തെക്കോട്ടും വ്യാപിക്കുന്നു. ചിലപ്പോള്‍ ഇവ ബാബെല്‍-മാന്‍ഡേബ് വരെയും എത്താറുണ്ട്. വടക്ക് 14o അക്ഷാംശത്തിനു തെക്കായി വരുന്ന ഭാഗങ്ങളില്‍ പൊതുവേ തെക്ക്, തെക്കു-കിഴക്കന്‍ കാറ്റുകള്‍ക്കാണു പ്രാമുഖ്യം. ഈ സമുദ്രത്തിലെ ആഴമുള്ള ചില ഭാഗങ്ങളില്‍ താപനില 40ീഇ വരെ ആകാറുണ്ട്. ഇങ്ങനെയുള്ള ഭാഗങ്ങളില്‍ വെള്ളത്തിലലിഞ്ഞുചേര്‍ന്നിരിക്കുന്ന ലവണങ്ങളുടെ തോതും കൂടുതലായിരിക്കും. പുരാതനകാലത്ത് ധാരാളം മഴ ലഭിച്ചിരുന്നിടമായിരുന്നു ചെങ്കടല്‍ പ്രദേശം എന്നതിന് ഏറെ തെളിവുകളുണ്ട്. എന്നാല്‍ ഇപ്പോള്‍ മഴ വളരെ ചെറിയ തോതില്‍ മാത്രമേ ലഭിക്കുന്നുള്ളൂ; താപനില താരതമ്യേന കൂടുതലും (25o-28oC). വേനല്‍ക്കാലത്ത് അന്തരീക്ഷ-ഈര്‍പ്പത്തിന്റെ തോത് വളരെ കൂടിയിരിക്കും. ഇതെല്ലാം ചേര്‍ന്നുള്ള പ്രതികൂല കാലാവസ്ഥമൂലം ജനജീവിതം ഇവിടെ ദുസ്സഹമായിത്തീര്‍ന്നിരിക്കുന്നു.

ആഫ്രിക്ക, വടക്കന്‍ ഏഷ്യ എന്നീ രണ്ടു ഭൂപാളികളെ തമ്മില്‍ വേര്‍തിരിക്കുന്ന ഭ്രംശതാഴ്വര(fault depression)യിലാണ് ചെങ്കടലിന്റെ സ്ഥാനം. ഈ താഴ്വര 'ഈസ്റ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി'യുടെ തുടര്‍ച്ചയാണ്. ഇത് ആഫ്രിക്ക മുതല്‍ ചാവുകടല്‍ വരെ വ്യാപിച്ചിരിക്കുന്നു. അതിവിസ്തൃതമായ ഭ്രംശതാഴ്വര ശൃംഖലയില്‍പ്പെടുന്ന ചെങ്കടല്‍ത്താഴ്വരയും ഇതിനു വടക്കായി കാണുന്ന ജോര്‍ദാന്‍-ചാവുകടല്‍ താഴ്വരയുമെല്ലാം തന്നെ 'ഗ്രേറ്റ് ആഫ്രിക്കന്‍ റിഫ്റ്റ് വാലി'യുടെ ഭാഗമാണ്. 'പ്ളേറ്റ് ടെക്റ്റോണിക' സിദ്ധാന്തമനുസരിച്ച് ഈ താഴ്വാരങ്ങളുടെ ദിശയില്‍ രണ്ടോ മൂന്നോ ഭൂപാളികള്‍ (crustal plates) സന്ധിച്ചു സ്ഥിതിചെയ്യുന്നുവെന്നാണ് വിശ്വാസം. തീരസമതലങ്ങളോടടുത്തായി ചെങ്കടലിനിരുവശത്തുമുള്ള കരഭാഗങ്ങള്‍ കടല്‍നിരപ്പില്‍ നിന്ന് 1,988 മീറ്ററിനും മുകളിലാണ്. ഉയരം കൂടിയ പ്രദേശങ്ങള്‍ പ്രധാനമായും തെക്കുഭാഗത്തു കാണപ്പെടുന്നു. ചെങ്കടലിന്റെ വടക്കുഭാഗത്തായുള്ള സൂയസ് ഉള്‍ക്കടലിന്റെ തീരപ്രദേശം ആഴം കുറഞ്ഞ് വീതി കൂടിയതാണ്. എന്നാല്‍ ആഴമേറിയ അക്വാബ ഉള്‍ക്കടലാകട്ടെ വീതി കുറഞ്ഞ തീരസമതലങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. വടക്ക് 25o-28o അക്ഷാംശത്തിനടുത്ത സൂയസ്-അക്വാബ ഉള്‍ക്കടലുകളുടെ തുടക്കം വരെയുള്ള ചെങ്കടലിന്റെ തീരപ്രദേശങ്ങള്‍ ഏറെക്കുറെ സമാന്തരമാണ്. ഇതിന് 176 കിലോമീറ്ററാണു വീതി. ഭൂപാളികളെക്കുറിച്ചുള്ള പഠനങ്ങള്‍ ഈ സമുദ്രത്തിന്റെ അടിത്തട്ട് വികസിച്ചുകൊണ്ടിരിക്കുകയാണെന്നും അറേബ്യന്‍ ഉപദ്വീപ് ആഫ്രിക്കയില്‍ നിന്ന് ക്രമേണ അകന്നുകൊണ്ടിരിക്കുകയാണെന്നും വെളിപ്പെടുത്തുന്നു. ഇതുകൊണ്ട് 'ഭ്രൂണാവസ്ഥയിലിരിക്കുന്ന സമുദ്ര'മെന്നാണ് ചെങ്കടലിനെ ഭൂമിശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

പൊതുവെ ആഴം കുറഞ്ഞ ചെങ്കടലിന്റെ സമാന്തരതീരങ്ങള്‍ക്ക് ഏതാണ്ടു മധ്യത്തായി വടക്കുപടിഞ്ഞാറ്-തെക്കു കിഴക്കന്‍ ദിശയിലുള്ള ഒരു സമുദ്രാന്തര താഴ്വരയുണ്ട്. ഇതിന് ചിലയിടങ്ങളില്‍ 2,100 മീറ്ററിലധികം ആഴം കാണാം. ചെങ്കടലിന്റെ തെക്കന്‍ ഭാഗങ്ങളില്‍ ഇതു ക്രമരഹിതമാണ്. ഈ സമുദ്രത്തിന്റെ വീതിയുള്ള വന്‍കരത്തിട്ടുകളില്‍ ധാരാളം ദ്വീപുകളും പവഴിപ്പുറ്റുകളുമുണ്ട്. കൂടാതെ നിര്‍ജീവങ്ങളും സജീവങ്ങളുമായ അനേകം അഗ്നിപര്‍വതങ്ങളും ഈ പ്രദേശത്തു കാണാം. ചെങ്കടല്‍ പ്രദേശത്തുള്ള പവിഴപ്പുറ്റുകള്‍ക്കിടയില്‍ വസിക്കുന്ന ജീവജാലങ്ങള്‍ നിരവധിയാണ്. കൂടുതല്‍ ദ്വീപസമൂഹങ്ങളും തെക്കന്‍ ഭാഗത്തായി കാണപ്പെടുന്നു. ഡാലാക് ദ്വീപസമൂഹം, ഫാറസാന്‍ ദ്വീപുകള്‍ എന്നിവ വലുപ്പമേറിയവയാണ്. ചെങ്കടലിലെ ഏറ്റവും ആഴമേറിയ ഭാഗത്തിന് 2,635 മീ. താഴ്ചയുണ്ട്.

ധാതുസമ്പന്നമാണ് ചെങ്കടല്‍ സമുദ്രതടം. ഇവിടെ മൂന്നുതരം ധാതുക്കള്‍ കാണുന്നു: പെട്രോളിയം നിക്ഷേപങ്ങള്‍, ബാഷ്പീകരണംമൂലം ഉണ്ടാവുന്ന നിക്ഷേപങ്ങള്‍ (ഉപ്പ്, ജിപ്സം, ഡോളമൈറ്റ്), പുതുതായി കണ്ടെത്തിയ ഘനലോഹനിക്ഷേപങ്ങള്‍. ഇതില്‍ ഘനലോഹനിക്ഷേപങ്ങള്‍ വടക്ക് 21o 15'-21o 30' അക്ഷാംശങ്ങള്‍ക്കിടയില്‍ വരുന്ന സമുദ്രാന്തര താഴ്വരകളുടെ അടിവാരത്തുള്ള ഊറലുകളിലായി (oozes) കാണുന്നു. എന്നാല്‍ 1721-1939 മീറ്ററിലേറെ ആഴമുള്ള ജലത്തില്‍ നിന്നു ധാതുക്കള്‍ വേര്‍തിരിച്ചെടുക്കുന്നത് അടുത്ത കാലം വരെ ബുദ്ധിമുട്ടായിരുന്നു. ഈ ലോഹ നിക്ഷേപങ്ങള്‍ ദ്രവാവസ്ഥയിലുള്ള ഊറലിന്റെ രൂപത്തിലായതിനാല്‍ ഇവയെ എണ്ണ ഖനനം ചെയ്യുന്നതുപോലെ സമുദ്രോപരിതലത്തിലേക്കു പമ്പു ചെയ്തെടുക്കേണ്ടിയിരിക്കുന്നു. ചെങ്കടലിനു ചുറ്റുമായുള്ള രാജ്യങ്ങളാണ് ഇവിടത്തെ പെട്രോള്‍, പ്രകൃതി വാതകം എന്നിവ ഖനനം ചെയ്യുന്നത്. വടക്കേയറ്റത്തുള്ള തീരപ്രദേശങ്ങളിലാണ് കൂടുതല്‍ പെട്രോളിയം ഉത്പാദിപ്പിക്കപ്പെടുന്നത്. 1970-കളില്‍ ചെങ്കടല്‍പ്രദേശത്തെ ധാതുഖനനത്തോത് വളരെ സാവധാനത്തിലായിരുന്നു. ഇപ്പോള്‍ അത് അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

ചെങ്കടലില്‍ ജലഗതാഗതം ദുര്‍ഗമമാണ്. തീരപ്രദേശത്തോടു ചേര്‍ന്നുള്ള കടലിന്റെ ആഴക്കുറവ്, അപകടകാരികളായ മണല്‍ക്കാറ്റുകളും പ്രാദേശിക വാതങ്ങളും, ക്രമരഹിതമായ ജലപ്രവാഹങ്ങള്‍ എന്നിവയാണ് ഈ പ്രദേശത്തെ ജലഗതാഗതത്തിനുള്ള പ്രധാന തടസ്സങ്ങള്‍. ഇങ്ങനെയാണെങ്കിലും ഇതിന്റെ പ്രത്യേക സ്ഥാനം നിമിത്തം പുരാതന മധ്യ കാലഘട്ടങ്ങളില്‍ ചെങ്കടല്‍ വാണിജ്യ പ്രാധാന്യമുള്ള മുഖ്യ ജലപാതകളിലൊന്നായിരുന്നു. എന്നാല്‍ 15-ാം ശതകത്തിന്റെ അവസാനത്തോടെ ഈ ജലപാതയുടെ പ്രാധാന്യം കുറഞ്ഞു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ ചുറ്റിയുള്ള നൂതന ജലപാതയുടെ കണ്ടുപിടിത്തമായിരുന്നു ഇതിനു കാരണം. 1869-ല്‍ സൂയസ് കനാല്‍ തുറന്നതോടെ ചെങ്കടലിന് ഗതാഗത പ്രാധാന്യം വീണ്ടുകിട്ടി. അന്ന് യൂറോപ്പ്, ഏഷ്യ എന്നീ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള വാണിജ്യ ഗതാഗതത്തിനായിരുന്നു കൂടുതല്‍ പ്രാമുഖ്യം. എന്നാല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ തീരങ്ങളില്‍ എണ്ണ ഖനനം തുടങ്ങിയതോടെ ചെങ്കടല്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്ക് എണ്ണ എത്തിക്കുവാനുള്ള പ്രധാന കണ്ണിയായി. ഓയില്‍ സൂപ്പര്‍ ടാങ്കറുകള്‍ക്ക് ചെങ്കടലിലൂടെ പോകാനുള്ള ബുദ്ധിമുട്ടു കാരണം ചെങ്കടലിന്റെ പ്രാധാന്യം വീണ്ടും കുറഞ്ഞു. പ്രധാന തുറമുഖങ്ങള്‍ അറേബ്യന്‍ തീരത്തുള്ള ജിദ്ദ തുറമുഖം (മക്ക), ആഫ്രിക്കന്‍ തീരത്തെ അക്വാബ ഉള്‍ക്കടലിലുള്ള ഐലറ്റ് (ഇസ്രയേല്‍), സൂയസ്, സുഡാന്‍, മാസോവ എന്നിവയാകുന്നു.

പുരാതനകാലം മുതല്ക്കുതന്നെ പ്രധാന നാവിക പാതയായിരുന്ന ചെങ്കടല്‍ നൂറ്റാണ്ടുകളോളം പ്രാദേശികമായി ഉപയോഗിക്കപ്പെട്ടിരുന്നു. അറേബ്യന്‍ പത്തേമാരികളാണ് അന്നു ഗതാഗതത്തിന് പ്രധാനമായും ഉപയോഗിക്കപ്പെട്ടിരുന്നത്. അക്കാലത്ത് ചെങ്കടലിന്റെ പേര് 'സൈനസ് അറബിക്സ്' എന്നായിരുന്നു. ഹീബ്രുവില്‍ ഇതിന് 'ഈറല്‍ സമുദ്രം' (Sea of Reeds) എന്നര്‍ഥം വരുന്ന 'യാംസൂഫ്' എന്നായിരുന്നു പേര്. ചെങ്കടലിന് ബൈബിളിലെ മോശയുടെ കഥകളുമായി ബന്ധമുണ്ട്. ഈജിപ്തിലെ ഫറോവമാരുടെ ആധിപത്യത്തില്‍നിന്ന് 'ഇസ്രയേല്‍ ജനത'യെ മോശ രക്ഷപ്പെടുത്തിയത് ചെങ്കടല്‍ കടത്തിയാണെന്നാണ് വിശ്വാസം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍