This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂഷകാംഗങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂഷകാംഗങ്ങള്‍

സസ്യങ്ങളെ പരാദജീവിതത്തിനു സഹായിക്കുന്ന അവയവങ്ങള്‍. ചിലയിനം സസ്യങ്ങള്‍ക്കു മണ്ണില്‍ നിന്ന് ജലവും ലവണങ്ങളും അവശോഷണം ചെയ്യാന്‍ കഴിവില്ലാത്തതിനാല്‍ അവ മറ്റു സസ്യങ്ങളില്‍ നിന്നു ഭക്ഷണം സ്വീകരിക്കുന്നു. ചിലയിനം സസ്യങ്ങള്‍ ആതിഥേയ സസ്യങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന് ആഹാരനിര്‍മിതിക്കാവശ്യമായ അസംസ്കൃതപദാര്‍ഥങ്ങള്‍ മാത്രം ചൂഷണം ചെയ്യുന്നു. ഈ കേവല പദാര്‍ഥങ്ങളെ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ സ്വന്തം ഇലകളില്‍ വച്ചു സംയോജിപ്പിച്ച് ആഹാര നിര്‍മിതി നടത്തുന്നു. ഇത്തരം ഭാഗിക പരാദസസ്യങ്ങള്‍ക്കു ക്ലോറോഫില്ലും പച്ചനിറവും ഉണ്ടായിരിക്കും. എന്നാല്‍ പൂര്‍ണ പരാദസസ്യങ്ങള്‍ പാകം ചെയ്ത ആഹാരം ആതിഥേയ സസ്യത്തില്‍ നിന്നു കവര്‍ന്നെടുക്കുന്നു. ഇത്തരം ചെടികള്‍ക്കു പച്ചനിറമോ ആഹാര നിര്‍മിതിക്കാവശ്യമായ ഇലകളോ ഉണ്ടായിരിക്കില്ല. ആതിഥേയ സസ്യത്തിന്റെ കാണ്ഡത്തില്‍ നിന്നു ഭക്ഷണം ചൂഷണം ചെയ്യുന്നവ കാണ്ഡപരജീവികളും വേരില്‍നിന്നു ഭക്ഷണം ചൂഷണം ചെയ്യുന്നവ മൂലപരജീവികളും ആണ്. സ്ക്രോഫുലാരിയേസി സസ്യകുടുംബത്തില്‍പ്പെട്ട പെഡിക്കുലാരിസ് (Pedicularis), സ്ട്രൈഗ (Striga) എന്നിവ സമീപത്തുള്ള സസ്യങ്ങളില്‍ നിന്നു ജലവും ലവണങ്ങളും ആഗിരണം ചെയ്യുകയും ഇലകളുപയോഗിച്ചു ഭക്ഷണം പാകം ചെയ്യുകയും ചെയ്യുന്നു.

ഇലകളില്ലാത്ത ഭാഗിക കാണ്ഡ പരജീവിസസ്യമായ കസീത്ത(Cassytha)യില്‍ നീണ്ടതും മറ്റു ചെടികളില്‍ ചുറ്റി വളരുന്നതുമായ കാണ്ഡത്തിലാണു ഭക്ഷണം പാകം ചെയ്യപ്പെടുന്നത്. കാണ്ഡത്തിലെ ക്ലോറോഫില്‍ ഇതിനു സഹായകമാകുന്നു. കാണ്ഡത്തില്‍ നിന്നുള്ള ചെറിയ ചൂഷണമൂലങ്ങള്‍ ആതിഥേയ സസ്യത്തില്‍ നിന്നു ജലവും ലവണങ്ങളും ആഗിരണം ചെയ്യുന്നു.

പൂര്‍ണ കാണ്ഡ പരജീവിയായ ആര്‍സ്യൂത്തോബിയം (Arceuthobium) ആതിഥേയ സസ്യത്തിന്റെ കാണ്ഡത്തിനുള്ളില്‍ തന്നെയാണു വളരുന്നത്. ആതിഥേയ സസ്യങ്ങളില്‍ നിര്‍മിക്കപ്പെടുന്ന ഭക്ഷണം മുഴുവന്‍ ചൂഷണമൂലങ്ങള്‍ വലിച്ചെടുക്കുന്നു. ചൂഷണമൂലങ്ങള്‍ ആതിഥേയ സസ്യങ്ങളുടെ കാണ്ഡത്തിലെ ഫ്ളോയത്തില്‍ ആഴ്ന്നിറങ്ങി ഫ്ളോയകലകള്‍ തമ്മില്‍ അഭേദ്യമായ ബന്ധം സ്ഥാപിച്ചു പരാദത്തിന്റെ ജീവിതത്തിനാവശ്യമായ ആഹാരം തുടര്‍ച്ചയായി ലഭിക്കുന്നതിനുവേണ്ട സാഹചര്യം സൃഷ്ടിക്കുന്നു. അതിനാല്‍ ആതിഥേയ സസ്യത്തില്‍ പാകം ചെയ്തു ഫ്ളോയത്തില്‍ കൂടി വിവിധ സസ്യഭാഗങ്ങളിലേക്ക് അയയ്ക്കുന്ന ആഹാരത്തില്‍ നല്ലൊരു ഭാഗം ഫ്ളോയവുമായി ബന്ധത്തിലേര്‍പ്പെട്ടിരിക്കുന്ന ചൂഷണമൂലങ്ങള്‍ വഴി പരാദം വലിച്ചെടുക്കുന്നു.

പൂര്‍ണ കാണ്ഡ പരജീവിയായ കസ്ക്യൂട്ട മറ്റു സസ്യങ്ങളില്‍ ചുറ്റിവളരുന്നു. കനം കുറഞ്ഞ കമ്പിപോലെയുള്ള ഇതിന്റെ കാണ്ഡത്തില്‍ ഇലകളും ക്ലോറോഫില്ലും കാണപ്പെടുന്നില്ല. കാണ്ഡത്തില്‍ നിന്നു പുറപ്പെടുന്ന ചൂഷണമൂലങ്ങള്‍ ആതിഥേയ സസ്യത്തില്‍ നിന്നു ഭക്ഷണം വലിച്ചെടുക്കുന്നു. ഇതിന്റെ വിത്തുകള്‍ മണ്ണില്‍ വീണു മുളച്ചുവരുന്നു. ഏതെങ്കിലും ആതിഥേയ വൃക്ഷവുമായി ബന്ധം സ്ഥാപിക്കുന്നതോടെ മണ്ണുമായുള്ള ബന്ധം ഇല്ലാതാവുകയും ചെയ്യും.

ഇത്തിളുകള്‍ (loranthus) വൃക്ഷ കാണ്ഡത്തില്‍ നിന്നു ജലവും ലവണങ്ങളും നിര്‍ലോഭം അവശോഷണം ചെയ്ത് ആതിഥേയ വൃക്ഷത്തെ നശിപ്പിക്കാറുണ്ട്. ഇവ സ്വയം ആഹാരം നിര്‍മിക്കുന്നതിനാല്‍ ആതിഥേയ സസ്യകാണ്ഡത്തിന്റെ സൈലവുമായി മാത്രമേ ബന്ധമുണ്ടായിരിക്കൂ.

ലോകത്തിലെ ഏറ്റവും വലിയ പുഷ്പമായ റഫ്ളീസിയ ആര്‍നോല്‍ഡി (Raflesia arnoldi) ഒരു പൂര്‍ണമൂലപരജീവിയാണ്. ഇതിന്റെ നേര്‍ത്ത തന്തുപോലെയുള്ള ശരീരഭാഗം ആതിഥേയ സസ്യത്തിന്റെ വേരില്‍ ആയിരിക്കും. പുഷ്പകാലത്തു വേരുകള്‍ പൊട്ടിയാണു വളരെ വലിയ പൂമൊട്ടുകള്‍ പുറത്തേക്കു വരുന്നത്.

അജിനീഷ്യ (Agenetia), ഒറോബാങ്കിയ (Orobanchia), ബലനോഫൊറ (Balanophora) എന്നിവ സസ്യങ്ങളുടെ വേരുകളില്‍ വളരുന്ന പൂര്‍ണമൂലപരാദങ്ങളാണ്. ജീവിതത്തിന്റെ ആദ്യദശകളില്‍ ചന്ദനം പരാദമാണെങ്കിലും പിന്നീട് അനുകൂല സാഹചര്യത്തില്‍ സ്വതന്ത്രമായിരിക്കുമ്പോഴും പരജീവിയാകാറുണ്ട്. ഇവ ഭാഗിക മൂലപരാദങ്ങളാണ്. ആതിഥേയ സസ്യങ്ങളുടെ വേരുകളില്‍ നിന്നു ജലവും ലവണങ്ങളും അവശോഷണം ചെയ്തു സ്വയം ആഹാരം നിര്‍മിച്ചു ജീവിക്കുന്നു.

മോണോട്രോപ, നിയോട്ടിയ തുടങ്ങിയ സപുഷ്പികള്‍ മൃതജീവികളില്‍നിന്ന് ആഹാരം സ്വീകരിക്കുന്നവയാണ്. ഈ ചെടികളുടെ മൂലവ്യൂഹത്തില്‍ മൂലലോമങ്ങളുണ്ടാകാറില്ല. വേരിന്റെ അഗ്രം കുമിളിന്റെ കവകജാലം കൊണ്ട് ആവരണം ചെയ്തിരിക്കും. മൂലലോമങ്ങള്‍ക്കു പകരം ഈ കവകതന്തുക്കളാണ് ആഹാരം ആഗിരണം ചെയ്തു ചെടിക്കു നല്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍