This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂളക്കാക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂളക്കാക്ക

ചൂളക്കാക്ക

Whistling Thrush

ചൂളക്കാക്ക

അരിപ്രാവിനോളം വലുപ്പം വരുന്ന ഒരിനം കറുത്ത കാട്ടുപക്ഷി. ശാസ്ത്രനാമം: മിയോഫോണിയസ് ഹോഴ്സ്ഫീല്‍ഡി (Myiophoneus horsfieldi). വനപ്രദേശങ്ങളില്‍ മാത്രം വാസമുറപ്പിച്ചിട്ടുള്ള ഇവയെ കാട്ടരുവികളുടെ സമീപത്താണ് ധാരാളമായി കാണാറുള്ളത്. വളരെ ഉച്ചത്തില്‍ ചൂളം വിളിപോലെ ശബ്ദമുണ്ടാക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ് ഇവയ്ക്കു ചൂളക്കാക്ക എന്ന പേരു ലഭിച്ചത്. രാവിലെയും വൈകുന്നേരവുമാണ് ഇവയുടെ ചൂളം വിളി തുടര്‍ച്ചയായി കേള്‍ക്കാറുള്ളത്. മാര്‍ച്ച് മുതല്‍ ജൂണ്‍-ജൂലായ് വരെ മാത്രമേ ഇവ തുടര്‍ച്ചയായി ശബ്ദം ഉണ്ടാക്കാറുള്ളൂ. ഈ കാലഘട്ടം ഇവയുടെ സന്താനോത്പാദനകാലം കൂടിയാണ്.

ചൂളക്കാക്കയുടെ ശരീരത്തിനു കറുപ്പുനിറമാണെങ്കിലും നെറ്റി, ചുമല്‍ എന്നീ ഭാഗങ്ങള്‍ക്കു തിളങ്ങുന്ന നീലനിറമാണ്. നെറ്റിത്തടത്തില്‍ ഇരുകണ്ണുകളെയും ബന്ധിപ്പിക്കുന്ന നീലപ്പട്ടയും ചുമലില്‍ നീലപ്പൊട്ടും കാണപ്പെടുന്നു.

ഞണ്ടുകള്‍, ഒച്ചുകള്‍, ചെറിയ വിരകള്‍ എന്നിവയാണ് ചൂളക്കാക്കയുടെ പ്രധാന ആഹാരം. ഇവ ധാരാളമായി ലഭിക്കുന്ന അരുവികളുടെയും മറ്റും കരയിലാണ് ഇവ കൂടുതല്‍ സമയവും കഴിഞ്ഞു കൂടാറുള്ളത്. മരച്ചില്ലകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന പുഴുക്കളെയും കൃമികളെയും കൊത്തിപ്പെറുക്കുന്ന സ്വഭാവവും ചൂളക്കാക്കയ്ക്കുണ്ട്.

മാര്‍ച്ച് ആരംഭത്തോടെ ഇവ കൂടുകെട്ടാനാരംഭിക്കുന്നു. അരുവികള്‍ക്കടുത്തുള്ള പാറയിടുക്കുകള്‍, കാപ്പിത്തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ പുല്ലും വേരുകളും ഉപയോഗിച്ചാണ് കൂടുകെട്ടാറുള്ളത്. കൂടിനു ബലം നല്കാനായി ചെളിമണ്ണും ഉപയോഗിക്കുന്നു.

ഒരു സമയം മൂന്നോ നാലോ മുട്ടകള്‍ ഇടും. മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന കുഞ്ഞുങ്ങള്‍ പറക്കമുറ്റുന്നതോടെ തള്ളപ്പക്ഷി വീണ്ടും മുട്ടയിടാന്‍ തയ്യാറായിരിക്കും. വര്‍ഷത്തില്‍ രണ്ടു പ്രജനന ഘട്ടങ്ങള്‍ ഇവയ്ക്കുണ്ടെന്നു കരുതപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍