This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂലിശ്ശേരി ഗജപഠനകേന്ദ്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂലിശ്ശേരി ഗജപഠനകേന്ദ്രം

തൃശൂരിലെ ചൂലിശ്ശേരി ആസ്ഥാനമായുള്ള ആനഗവേഷണകേന്ദ്രം. ആനകളെപ്പറ്റി പഠിക്കാനും ചികിത്സിക്കാനും പാപ്പാന്മാര്‍ക്കു പരിശീലനം നല്കാനുമാണ് ഈ പഠനഗവേഷണകേന്ദ്രം സ്ഥാപിക്കപ്പെട്ടത്.

പ്രസിദ്ധ ഭിഷഗ്വരനായ ടി. പ്രഭാകരന്റെ സ്മരണയ്ക്കായി സ്ഥാപിക്കപ്പെട്ടതാണ് ഈ കേന്ദ്രം. മദമിളകിയോടിയ ആനയെ മയക്കുവെടിവച്ച് തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ആനയുടെ കുത്തേറ്റാണ് ഇദ്ദേഹം മരിച്ചത്. ചൂലിശ്ശേരിയിലെ ചൂലൂര്‍ ശിവക്ഷേത്രത്തിനടുത്തുള്ള ഈ ഗവേഷണകേന്ദ്രത്തിന് ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഒഫ് ഇന്ത്യയുടെ അഫിലിയേഷന്‍ ലഭിച്ചിട്ടുണ്ട്. ഏഷ്യന്‍ ആനകളെയും ആഫ്രിക്കന്‍ ആനകളെയും ഇവിടെ പഠനവിധേയമാക്കുന്നു. ആനയുടെ ആന്തരിക-ബാഹ്യാവയവങ്ങള്‍ ശേഖരിച്ചു സൂക്ഷിച്ച് ഇവിടെ ഗവേഷണം നടത്തിവരുന്നു. ആനചികിത്സയും കൃത്രിമ ബീജസങ്കലനത്തിനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.

ഭാരതത്തിലും വിദേശരാജ്യങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുള്ള ആനകളെപ്പറ്റി പ്രതിപാദിക്കുന്ന പുസ്തകങ്ങളുടെ വിപുലമായ ശേഖരവും ഇവിടെയുണ്ട്. ആനയുടെ ആവിര്‍ഭാവം മുതല്‍ എല്ലാ കാര്യങ്ങളും സംക്ഷിപ്തമായി വിവരിക്കുന്ന സംസ്കൃതത്തിലെ പുരാതന ഗജശാസ്ത്രഗ്രന്ഥമായ ഹസ്ത്യായുര്‍വേദം (പാലകാപ്യമുനി രചിച്ചത്) കൂടാതെ ഗജശാസ്ത്രം (തമിഴ്, മറാഠി, സംസ്കൃതം ഭാഷകളില്‍), മാതംഗലീല (മലയാളം) തുടങ്ങിയ പല ശാസ്ത്രഗ്രന്ഥങ്ങളും ഇവിടത്തെ ഗ്രന്ഥശേഖരങ്ങളില്‍പ്പെടുന്നു.

മൂന്നുമാസക്കാലം പാപ്പാന്മാര്‍ക്കു പരിശീലനം കൊടുക്കുന്നതിനും ഈ ഗവേഷണ കേന്ദ്രത്തില്‍ സൗകര്യങ്ങളുണ്ട്. ഹസ്ളി, അങ്കുശം, കത്തി, മുള്‍ച്ചങ്ങല, ആനക്കുടുക്ക് തുടങ്ങി ആനയെ നിയന്ത്രിക്കുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ഈ കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍