This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂര്‍ണം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂര്‍ണം

ആയുര്‍വേദവിധിപ്രകാരം അരച്ചോ പൊടിച്ചോ ഉണ്ടാക്കുന്ന ഔഷധക്കൂട്ട്. നിര്‍ദേശിക്കപ്പെട്ടിട്ടുള്ള ഔഷധങ്ങള്‍ വൃത്തിയായി കഴുകി ഉണക്കി പൊടിച്ചാണ് പൂര്‍ണം തയ്യാറാക്കുന്നത്. തരിയുള്ള ചൂര്‍ണം മുതല്‍ സൂക്ഷ്മ ചൂര്‍ണം വരെ വിവിധോപയോഗത്തിനായി നിര്‍മിക്കുന്നു. പൊടിപ്പുയന്ത്രങ്ങളുടെ ആവിര്‍ഭാവത്തിനുമുമ്പ് കല്ലുരല്‍, മര ഉരല്‍, ഇരുമ്പുരല്‍ എന്നിവയില്‍ ഉണക്കിയ ഔഷധം ഇട്ട് ഉലക്ക കൊണ്ട് ഇടിച്ചുപൊടിച്ച് നേര്‍മയുള്ള ശീലകളിലൂടെയും അരിപ്പയിലൂടെയും അരിച്ചെടുക്കുകയാണു ചെയ്തിരുന്നത്. സാധാരണഗതിയില്‍ ചൂര്‍ണങ്ങള്‍ മൂന്നുമാസം വരെ കേടുകൂടാതെയിരിക്കും. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇപ്പോള്‍ കൂടുതല്‍ കാലം ചൂര്‍ണങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നു. ക്ഷാരങ്ങള്‍, ഉപ്പുകള്‍ എന്നിവ ചേര്‍ത്തു തയ്യാറാക്കുന്ന ചൂര്‍ണങ്ങള്‍ അന്തരീക്ഷത്തില്‍നിന്നും ഈര്‍പ്പം വലിച്ചെടുക്കുമെന്നതിനാല്‍ വായുകടക്കാത്ത കളിമണ്‍പാത്രങ്ങളിലാണു സൂക്ഷിക്കേണ്ടത്. പഞ്ചസാര, കല്ക്കണ്ടം, ശര്‍ക്കര, കരുപ്പെട്ടി ഇവ ചേര്‍ന്നവയും പ്രത്യേകം സംരക്ഷിക്കണം. രോഗിയുടെയും രോഗത്തിന്റെയും അവസ്ഥയനുസരിച്ചാണ് ചൂര്‍ണത്തിന്റെ മാത്ര നിശ്ചയിക്കേണ്ടത്. ചുമ, ശ്വാസംമുട്ടല്‍ എന്നിവയുള്ളപ്പോള്‍ ഔഷധചൂര്‍ണം കൂടെക്കൂടെ ഉപയോഗിക്കേണ്ടതുണ്ട്. ചില ചൂര്‍ണങ്ങള്‍ കഴിച്ചശേഷം വെള്ളമോ കഷായമോ അരിഷ്ടമോ അനുപാനമെന്ന നിലയില്‍ വിധിക്കാറുണ്ട്. അനുപാനം നിഷേധിച്ചിട്ടുള്ള ചൂര്‍ണങ്ങളുമുണ്ട്. പകല്‍ മാത്രമോ രാത്രി മാത്രമോ ചില പ്രത്യേക ഋതുക്കളിലോ മാത്രം ഉപയോഗിക്കാന്‍ വിധിക്കുന്ന ചൂര്‍ണങ്ങളുമുണ്ട്. അഷ്ടചൂര്‍ണം, വൈശ്വാനരചൂര്‍ണം, താലീസപത്രാദിചൂര്‍ണം, രാസ്നാദി ചൂര്‍ണം തുടങ്ങിയവ പ്രസിദ്ധങ്ങളാണ്.

(ഡോ. എന്‍.എസ്. നാരായണന്‍ നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D%E0%B4%A3%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍