This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂരല്‍ വ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂരല്‍ വ്യവസായം

ഒരു പരമ്പരാഗത കുടില്‍ വ്യവസായം. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്ക്കുന്ന ചില വിഭാഗങ്ങളുടെ ജീവനോപാധിയെന്ന നിലയില്‍ ചൂരല്‍ വ്യവസായത്തിനു ഏറെ പ്രാധാന്യമുണ്ട്. ചൂരലടിസ്ഥാനമാക്കിയുള്ള പലയിനം ചെറുകിട സംരംഭങ്ങള്‍ ഇന്ന് ഇന്ത്യയില്‍ നിലവിലുണ്ട്. പണ്ടൊക്കെ ചൂരല്‍ വില കുറഞ്ഞ ഒരു അസംസ്കൃത വസ്തുവായിരുന്നെങ്കിലും ഇന്ന് അത് വില കൂടിയതും ദുര്‍ലഭവുമായ ഒരു വസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. ചൂരലിന്റെ ഉപഭോഗം വളരെ വര്‍ധിച്ചതു കാരണം ഇന്ന് കേരളത്തില്‍ അത് ചില പ്രത്യേക പ്രദേശങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്. ചൂരലിന്റെ ലഭ്യതയും ചോദനവും തമ്മിലുള്ള വമ്പിച്ച വിടവ് കാരണം വര്‍ധിച്ച തോതില്‍ ചൂരല്‍ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.

ചെടികളില്‍നിന്നും മുറിച്ചെടുക്കുന്ന ചൂരല്‍ ഉപയോഗ യോഗ്യമായ വസ്തുക്കളായി മാറ്റിയെടുക്കുന്ന ജോലി പ്രധാനമായും നിര്‍വഹിക്കുന്നത് ചെറുകിട കുടില്‍ വ്യവസായശാലകളിലാണ്. ഇന്ത്യയിലൊട്ടാകെ രണ്ടു ലക്ഷത്തോളം തൊഴിലാളികള്‍ ഈ വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഇടത്തരം-വന്‍കിട യൂണിറ്റുകള്‍ എന്നു വിശേഷിപ്പിക്കാവുന്നവ കേന്ദ്രീകരിച്ചിരിക്കുന്നത് ബാംഗ്ളൂര്‍, മുംബൈ, കല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ്, ജലന്ധര്‍, ചെന്നൈ എന്നീ പട്ടണങ്ങളിലാണ്. കേരളം, കര്‍ണാടകം, തമിഴ്നാട് എന്നീ തെക്കന്‍ സംസ്ഥാനങ്ങള്‍, ഇന്ത്യയിലെ വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപസമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് അസംസ്കൃത വസ്തുവായ ചൂരല്‍ സമാഹരിക്കുന്നത്. ഫര്‍ണിച്ചര്‍, കരകൗശലവസ്തുക്കള്‍ എന്നിവ ഉത്പാദിപ്പിക്കുന്ന സ്വകാര്യ സംരംഭങ്ങളിലാണ് ചൂരല്‍ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്. കേരളത്തില്‍ നിലമ്പൂര്‍, വര്‍ക്കല എന്നീ കേന്ദ്രങ്ങളിലാണ് ചൂരല്‍ ഉത്പന്ന നിര്‍മാണവ്യവസായം വികാസം നേടിയിരിക്കുന്നത്. ചെറിയ തോതില്‍ കേരളത്തിന്റെ മറ്റു പല ഭാഗങ്ങളിലും ചൂരല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അസം തുടങ്ങിയ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നുമാണ് കേരളത്തിനാവശ്യമായ ചൂരലിന്റെ വലിയൊരുഭാഗം കൊണ്ടുവരുന്നത്. അതേ സമയം കേരളത്തിലെ അസംസ്കൃത ചൂരലിന്റെ ചെറിയൊരംശം തമിഴ്നാട്ടിലേക്കു കടത്തുന്നുമുണ്ട്.

ചൂരല്‍ ഉത്പന്നങ്ങളുടെ ഗുണമേന്മയില്ലായ്മയാണ് ഇന്ത്യന്‍ ചൂരല്‍ വ്യവസായം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ഇന്ത്യയെക്കാളേറെ ചൂരല്‍ ഉത്പാദിപ്പിക്കുന്ന തെക്കുകിഴക്കേഷ്യന്‍ രാജ്യങ്ങളിലെ ഉത്പന്നങ്ങളെ അപേക്ഷിച്ച് മേന്മക്കുറവുള്ള ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ പ്രിയം കുറവാണ്. ആധുനികമായ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നിര്‍മിക്കുകയാണെങ്കില്‍ നമ്മുടെ രാജ്യത്തെ ചൂരല്‍ ഉത്പന്നങ്ങള്‍ക്കും വിദേശവിപണിയില്‍ സ്ഥാനം നേടിയെടുക്കുവാന്‍ കഴിയും. ലളിതമായ സംസ്കരണ പ്രക്രിയയിലൂടെ ചൂരലുകള്‍ക്ക് ആകര്‍ഷകമായ ആനക്കൊമ്പിന്റെ(ഐവറി)നിറം നല്കാം. ഫര്‍ണിച്ചറിനും മറ്റു ചൂരലുത്പന്നങ്ങള്‍ക്കും 'ഐവറി നിറം' പകരാന്‍ കഴിവുള്ള സാങ്കേതിക വിദ്യ- 'ഓയില്‍ ക്യൂറിങ്'- പീച്ചിയിലെ കേരള വനം ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്തിട്ടുണ്ട്. തിളപ്പിച്ച മണ്ണെണ്ണയില്‍ ചൂരലിനെ സംസ്കരിച്ചെടുക്കുകയാണു രീതി.

ഒരേ വ്യാസമുള്ള ചൂരലുകള്‍ കൊണ്ട് നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മ വര്‍ധിക്കും. പൊതുവേ ചൂരലുകളെ അവയുടെ വ്യാസമനുസരിച്ച് 10 മി. മീറ്ററില്‍ കുറവ്, 10 മുതല്‍ 18 മി.മീ. വരെ, 18 മി. മീറ്ററില്‍ കൂടിയ വ്യാസമുള്ളവ എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. ഫര്‍ണിച്ചറിന്റെ ഒരു പ്രത്യേക ഭാഗത്തിന് ഒരേ വ്യാസത്തിലുള്ള ചൂരല്‍ ഉപയോഗിക്കുന്നതാണ് ആകര്‍ഷകം. ഇന്തോനേഷ്യ, മലേഷ്യ മുതലായ തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ ചൂരല്‍ വ്യാസം ഏകീകരിക്കുവാന്‍ പ്രത്യേക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു.

ചൂരല്‍ വ്യവസായം കേരളത്തില്‍. കേരള സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ സഹകരണ വികസന ഫെഡറേഷനാണ് കേരളത്തിലെ ചൂരല്‍ വ്യവസായ സഹകരണ സംഘങ്ങളുടെ അപ്പക്സ് സംഘടന. കുറഞ്ഞ പലിശ നിരക്കില്‍ ദീര്‍ഘകാല വായ്പകള്‍ അനുവദിക്കുക, അസംസ്കൃത സാധനങ്ങള്‍ ലഭ്യമാക്കുക മുതലായ പല സഹായങ്ങളും ഈ സംഘടന അംഗങ്ങള്‍ക്കു നല്കുന്നു. കേരള സംസ്ഥാന കരകൗശല വികസന കോര്‍പ്പറേഷനും കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും ചൂരല്‍ വ്യവസായ സംഘങ്ങള്‍ക്ക് ചില പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിച്ചു വരുന്നു.

തമിഴ്നാട്ടിലെ മധുര, ശ്രീരംഗം തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ലഭിക്കുന്ന ഓര്‍ഡറുകളുടെ അടിസ്ഥാനത്തില്‍ വര്‍ക്കലയിലെ ചൂരല്‍ പണിക്കാര്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ചൂരല്‍ കൊണ്ടുണ്ടാക്കിയ ഫര്‍ണിച്ചര്‍, കൂടകള്‍, തട്ടുകള്‍, പലയിനം പെട്ടികള്‍ എന്നിവയാണ് കൂടുതലും വിറ്റഴിയുന്നത്. വര്‍ക്കലയിലെ പരമ്പരാഗത ചൂരല്‍ തൊഴിലാളികള്‍ ചേര്‍ന്ന് 'വര്‍ക്കല ചൂരല്‍ വ്യവസായ (ഉത്പാദനവും വില്പനയും) ഹരിജന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി' എന്ന പേരില്‍ 1958 ജൂലായില്‍ ഒരു സഹകരണ സംഘം രൂപീകരിച്ചിരുന്നു. 1978 വരെ ഈ സംഘത്തിന് സംസ്ഥാന വനം വകുപ്പില്‍നിന്നും ആവശ്യമായ ചൂരല്‍ ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ചൂരല്‍ വന ഉത്പന്നങ്ങളില്‍ ഉള്‍പ്പെടുത്തുകയും അത് വാങ്ങാനുള്ള അര്‍ഹത ഗിരിജന്‍ സൊസൈറ്റികള്‍ നേടിയെടുക്കുകയും ചെയ്തു. ചൂരലിന്റെ ദൌര്‍ലഭ്യം കാരണം ഈ അസംസ്കൃത വസ്തു പലയിനം നിയന്ത്രണങ്ങള്‍ക്കും വിധേയമായി. കേരളത്തിനകത്ത് ചൂരല്‍ ദുര്‍ലഭമായിത്തീര്‍ന്നതിനാല്‍ സഹകരണ സംഘത്തിന് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്നു. ഇത് അസംസ്കൃത വസ്തുവിന്റെ വമ്പിച്ച വില വര്‍ധനയ്ക്കു കാരണമായി. പട്ടികജാതി-പട്ടികവര്‍ഗ വികസന ഫെഡറേഷന്റെ അനുമതിയോടുകൂടി ഗിരിജന്‍ സംഘങ്ങളില്‍ നിന്നും ചൂരല്‍ നല്കാനായുള്ള ഒരു കരാര്‍ 1988-89-ല്‍ നിലവില്‍ വന്നെങ്കിലും കേരളത്തില്‍ ഈ അസംസ്കൃത വസ്തുവിന്റെ ദൌര്‍ലഭ്യം കാരണം സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് അസമില്‍ നിന്നുള്ള ചൂരല്‍ വാങ്ങേണ്ടതായി വന്നു.

ആഭ്യന്തര-വിദേശ വിപണികളിലേക്ക് ഗുണമേന്മയുള്ള ചൂരല്‍ ഉത്പന്നങ്ങള്‍ എത്തിക്കാനും അസംസ്കൃത വസ്തുവിന്റെ മെച്ചപ്പെട്ട ഉപഭോഗം ഉറപ്പുവരുത്താനുമായി പരമ്പരാഗത തൊഴിലാളികള്‍ക്ക് അനുയോജ്യമായ പരിശീലനം നല്കുന്നുണ്ട്.

കേരളത്തില്‍ ചൂരല്‍ വ്യവസായം ഇന്ന് പൊതുവേ ഒരു പ്രതിസന്ധിഘട്ടത്തിലാണ്. ഇതിനു കാരണങ്ങള്‍ നിരവധിയുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ടവ അസംസ്കൃതവസ്തുവിന്റെ കഠിനമായ ദൌര്‍ലഭ്യവും വിപണന സൗകര്യങ്ങളുടെ കുറവുമാണ്. ഇത്തരം ഒരു വ്യവസായം അസംസ്കൃത വസ്തുവിന്റെ ഇറക്കുമതിയെ ആശ്രയിച്ചുമാത്രം നിലനില്ക്കുകയെന്നത് വിഷമമേറിയ കാര്യമാണ്. അതിനാല്‍ ചൂരലിന്റെ പ്രദാനം വര്‍ധിപ്പിക്കുന്നതിലേക്കായി സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചാണ് കേരളത്തില്‍ ഈ വ്യവസായത്തിന്റെ ഭാവി നിലകൊള്ളുന്നത്. ചൂരല്‍ വികസന പരിപാടികള്‍ നടപ്പിലാക്കുന്നതോടൊപ്പം ചൂരല്‍ ഇറക്കുമതിക്കും ഉത്പന്നങ്ങളുടെ വിപണനത്തിനും മേല്‍നോട്ടം വഹിക്കാന്‍ അധികാരമുള്ള ഒരു പ്രത്യേക ഏജന്‍സി സ്ഥാപിക്കുന്നത് ഈ വ്യവസായത്തിന്റെ നിലനില്പിനും പുരോഗതിക്കും സഹായകമാകും. അതുപോലെതന്നെ, ആഭ്യന്തര-വിദേശ വിപണികളിലേക്കു ഗുണമേന്മയുള്ള ചൂരല്‍ ഉത്പന്നങ്ങള്‍ എത്തിക്കുവാനും അസംസ്കൃത വസ്തുവിന്റെ മെച്ചപ്പെട്ട ഉപഭോഗം ഉറപ്പുവരുത്തുവാനുമായി പരമ്പരാഗത തൊഴിലാളികള്‍ക്ക് അനുയോജ്യമായ സാങ്കേതിക പരിശീലനം നല്കേണ്ടത് വ്യവസായ പുരോഗതിക്ക് ആവശ്യമാണ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍