This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂര

Tuna

പേഴ്സിഫോമിസ് (Perciformes) മത്സ്യഗോത്രത്തിലെ തുന്നിഡേ (Thunnidae) കുടുംബത്തില്‍പ്പെട്ട സമുദ്രജലമത്സ്യം. ആഗോള വ്യാപകത്വമുള്ള ഒരു മത്സ്യയിനമാണിത്. അതിപുരാതനകാലം മുതല്ക്കേ ഗ്രീസിലും മറ്റും ചൂരമത്സ്യബന്ധനം വന്‍തോതില്‍ നടന്നിരുന്നെങ്കിലും ഈ നൂറ്റാണ്ടില്‍ മാത്രമാണ് ഈ മത്സ്യത്തിന്റെ സാമ്പത്തിക പ്രാധാന്യം ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യ, ജപ്പാന്‍, മാലി എന്നിവിടങ്ങളില്‍ വന്‍തോതില്‍ ചൂരയെ പിടിക്കുകയും ഭക്ഷ്യവിഭവങ്ങള്‍ക്കായി സംസ്കരിച്ചെടുക്കുകയും ചെയ്തു വരുന്നു.

ചൂര

ധാരാരേഖിത (stream lined) ഘടനയുള്ള ചൂരയുടെ ശരീരത്തിന്റെ മുന്‍ഭാഗത്ത് ശല്ക്കങ്ങള്‍ കൂടിച്ചേര്‍ന്ന് കട്ടിയുള്ള ഒരു ശരീരാവരണമായി രൂപപ്പെട്ടിരിക്കുന്നു. വാലിനു ചാപാകാരമാണുള്ളത്. പുഛ-വൃന്തം (caudal peduncle) ഇടുങ്ങിയതും നേര്‍ത്തതുമാണ്. ചൂരയുടെ മുതുകുവശത്തിന് നീലനിറമാണ്. ഇവിടെ നേരിയ വെള്ളപ്പാടുകളും കാണപ്പെടുന്നു. വയറും പാര്‍ശ്വഭാഗങ്ങളും വെള്ളിപോലെ തിളങ്ങും. ഈ ഭാഗത്ത് നാലു മുതല്‍ ആറു വരെ വരകളും കാണപ്പെടുന്നു. ഈയിനം ചൂരയ്ക്ക് ഒരു മീറ്ററോളം നീളം വരും. മണിക്കൂറില്‍ 80 കി.മീ. വരെ വേഗത്തില്‍ ഇവയ്ക്കു നീന്താന്‍ കഴിയുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.

ഇന്ത്യാസമുദ്രത്തില്‍ തന്നെ ചൂരവര്‍ഗത്തില്‍പ്പെട്ട 13 ഇനങ്ങളുണ്ട്. എങ്കിലും നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്നവ സാധാരണ ചൂര, മഞ്ഞവാലന്‍ ചൂര, കേതല്‍, കണമീന്‍ എന്നീ ചൂരയിനങ്ങളാണ്.

തുന്നസ് തൈനസ് (Thunnus thynnus) എന്ന് ശാസ്ത്രനാമമുള്ള നീലച്ചിറകുള്ള ചൂര വലുപ്പത്തിന്റെ കാര്യത്തില്‍ മറ്റു ചൂരയിനങ്ങളുടെ മുമ്പന്തിയിലാണ്. മൂന്നു മീറ്ററോളം നീളം വരുന്ന ഇവയ്ക്ക് 450 കി.ഗ്രാം വരെ തൂക്കം വയ്ക്കാറുണ്ട്. ആയിരങ്ങള്‍ വരുന്ന വ്യൂഹങ്ങളായിട്ടാണിവ സഞ്ചരിക്കാറുള്ളത്. മറ്റു മത്സ്യയിനങ്ങളെ ഇരയാക്കാറുള്ള ഈ ചൂരയിനത്തെ കൊലയാളി തിമിംഗലങ്ങള്‍ ഭക്ഷിക്കുന്നു.

തുന്നസ് അല്‍ബാക്കേഴ്സ് (T. albacares) എന്നു ശാസ്ത്രനാമമുള്ള മഞ്ഞവാലന്‍ ചൂര വലുപ്പത്തില്‍ നീലവാലനെക്കാള്‍ പിന്നിലാണെങ്കിലും ഭക്ഷ്യമത്സ്യമെന്ന നിലയില്‍ ശ്രദ്ധയര്‍ഹിക്കുന്നു. ഇതിന്റെ ഹനുവിലും താലുവിലും പല്ലുകളുണ്ട്. രണ്ടാം പൃഷ്ഠപത്രവും പായുപത്രവും നീളം കൂടിയതാണ്. മഞ്ഞവാലന്‍ ചൂരയുടെ ദേഹത്തിനു മൊത്തത്തില്‍ ചാരനിറവും മുതുകുഭാഗത്തിന് നീലയും കറുപ്പും കലര്‍ന്ന നിറവും; അടിഭാഗത്തിന് വെള്ള നിറവുമാണ്. പത്രങ്ങള്‍ക്ക് മഞ്ഞനിറമാണെങ്കിലും അവയുടെ അഗ്രഭാഗങ്ങള്‍ക്കു കറുപ്പുനിറമാണുള്ളത്. തെക്കേ അമേരിക്ക, മധ്യഅമേരിക്ക, ഇന്ത്യ എന്നിവിടങ്ങളിലെ തീരക്കടലുകളില്‍ ഇവ ധാരാളമായി കാണപ്പെടുന്നു. അമിത മത്സ്യബന്ധനം മൂലം ഇവ വംശനാശ ഭീഷണിയെ നേരിടുന്നുണ്ട്. യൂത്തൈനസ് പെലാമിസ് എന്നൊരിനം ചൂരയും മഞ്ഞവാലന്‍ ചൂരകളോടൊപ്പം ഈ സമുദ്രങ്ങളില്‍ ധാരാളമായുണ്ട്.

ശൈത്യകാലത്ത് മഞ്ഞവാലന്‍ ചൂരയോടൊപ്പം കേതല്‍ എന്ന മറ്റൊരിനം ചൂരയും നമ്മുടെ സമുദ്രത്തില്‍ കാണപ്പെടുന്നു. ഇവയുടെ വായ്ക്കുള്ളില്‍ മൂര്‍ച്ചയേറിയ പല്ലുകളുണ്ട്. ശരീരത്തിന്റെ ഇരുവശങ്ങളിലും എട്ട് ലഘുപത്രങ്ങള്‍ വീതം കാണപ്പെടുന്നു. കേതലിന്റെ മുതുകുവശത്തിനു ചാരനിറം കലര്‍ന്ന നീലനിറമാണ്. പാര്‍ശ്വങ്ങളില്‍ വീതികുറഞ്ഞ വെള്ളവരകളുമുണ്ട്. ഇവയ്ക്ക് 80 സെ.മീ. വരെ നീളമേ ഉണ്ടാവാറുള്ളൂ. ഇന്ത്യ മുതല്‍ ആസ്റ്റ്രേലിയ വരെയുള്ള സമുദ്രഭാഗങ്ങളില്‍ കേതല്‍ ധാരാളമായി കാണപ്പെടുന്നു.

പസിഫിക് സമുദ്രത്തില്‍ ഉഷ്ണകാലത്തു മാത്രം ധാരാളമായി കാണപ്പെടുന്ന മറ്റൊരു ചൂരയിനവും ഉണ്ട്. തുന്നസ് അലാലുംഗാ (T. alalunga) എന്നു ശാസ്ത്രനാമമുള്ള ഇവ തണുപ്പുകാലമാവുമ്പോഴേക്ക് ജാവാ-ജപ്പാന്‍ തീരങ്ങളില്‍ വ്യൂഹങ്ങളായി കാണപ്പെടുകയും ചെയ്യും. 30 കി.ഗ്രാം മാത്രം തൂക്കവും 1.2 മീറ്ററോളം നീളവും ഉള്ള ഈ മത്സ്യം ദേശാടനസ്വഭാവം പ്രകടിപ്പിക്കുന്നു.

ഇന്ത്യാസമുദ്രത്തില്‍ കണമീന്‍ എന്നു പേരുള്ള ഒരു ചൂരയിനം കൂടിയുണ്ട്. ഇതിന്റെ മുതുകുഭാഗത്തിന് കറുപ്പും നീലയും കലര്‍ന്ന നിറമാണ്. പാര്‍ശ്വരേഖയ്ക്കു മുകളിലായി തലയോടടുത്ത് അങ്ങിങ്ങായി ചില രേഖകളും കാണപ്പെടുന്നു. ഇവയ്ക്ക് ഒരു മീ. വരെ നീളവും 15 കി.ഗ്രാം തൂക്കവും ഉണ്ടാവാറുണ്ട്.

ചൂരയുടെ മാംസത്തിനു നല്ല ചുവപ്പു നിറമാണ്. ഇതുകൊണ്ടാവാം ചൂരമത്സ്യത്തിന് അധികം ജനപ്രീതി നേടാനാവാത്തത്. മാംസ്യത്തിന്റെ അളവില്‍ ചൂര മറ്റു മത്സ്യങ്ങളെക്കാള്‍ മുന്‍പന്തിയില്‍ തന്നെയാണ്. ഇതിന്റെ മാംസത്തില്‍ 24 ശ.മാ. വരെ മാംസ്യം അടങ്ങിയിട്ടുണ്ട്. ജീവകങ്ങളുടെ സാന്നിധ്യത്തിലും ചൂരമാംസം സമ്പന്നമാണ്. തയാമിന്‍, റൈബോഫ്ളേവിന്‍, നിയാസിന്‍ എന്നിവയോടൊപ്പം അയഡിനും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ചൂരയുടെ കരളെണ്ണ വിറ്റാമിന്‍-എയുടെ നല്ലൊരു ഉറവിടവുമാണ്.

മിനിക്കോയ് ദ്വീപുവാസികള്‍ ചൂരമത്സ്യത്തിന്റെ മാംസം ഉപയോഗിച്ച് മാസ് എന്നൊരു പ്രത്യേക ഉത്പന്നം ഉണ്ടാക്കാറുണ്ട്. അവരുടെ സമ്പദ്വ്യവസ്ഥയുടെ പ്രധാന ആധാരവും ഇതിന്റെ കയറ്റുമതിയാണ്. ചൂരമാംസം വെള്ളത്തിലിട്ടു തിളപ്പിച്ചശേഷം പുകയിലും വെയിലിലും ഉണക്കിയാണ് ഈ ഉത്പന്നം നിര്‍മിക്കുന്നത്.

ചെറിയ മത്സ്യങ്ങള്‍ കോര്‍ത്ത ചൂണ്ട ഉപയോഗിച്ചാണ് ചൂരയെ പിടിക്കാറുള്ളത്. മത്സ്യബന്ധന തോണികള്‍ക്കടുത്ത് ജീവനുള്ള ഇരകളെ വിതറി ചൂരക്കൂട്ടത്തെ ആകര്‍ഷിച്ചു പിടിക്കുന്ന പതിവുമുണ്ട്.

ഇന്ന് അന്താരാഷ്ട്ര സാമ്പത്തിക പ്രാധാന്യമുള്ള ഒരു മത്സ്യയിനമായി ചൂര മാറിയിട്ടുണ്ട്. ചൂരമത്സ്യബന്ധനത്തെയും വ്യവസായത്തെയും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്റര്‍ അമേരിക്കന്‍ ട്രോപ്പിക്കല്‍ ടൂണ കമ്മിഷന്‍' എന്നൊരു സംഘടന തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ചൂരമത്സ്യബന്ധനം ശാസ്ത്രീയമാക്കാനുള്ള പരിപാടികള്‍ ആവിഷ്കരിക്കാനും അതിനാവശ്യമായ സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കാനും കമ്മിഷന്‍ ശ്രദ്ധ വയ്ക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9A%E0%B5%82%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍