This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ചൂണ്ടിപ്പണയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ചൂണ്ടിപ്പണയം

വായ്പയുടെ ഉറപ്പിനുവേണ്ടി സ്ഥാവരവസ്തുവിലുള്ള അവകാശം ഉത്തമര്‍ണനു കൈമാറ്റം ചെയ്യുന്ന സമ്പ്രദായം. കടം വീടാതെ വരുമ്പോള്‍ കോടതിയുടെ അനുവാദത്തോടെ ഉത്തമര്‍ണന് ഏറ്റെടുക്കാനോ ലേലം ചെയ്തു വില്ക്കാനോ വേണ്ടി ഒരു സ്ഥാവര വസ്തു ചൂണ്ടിക്കാണിക്കുന്നു എന്ന അര്‍ഥത്തിലാണ് ചൂണ്ടിപ്പണയം എന്നു പ്രയോഗിക്കുന്നത്. ഇത് വെറും പണയം എന്നും അറിയപ്പെടുന്നു. ഈട് നല്കുന്ന സ്ഥാവരവസ്തു അധമര്‍ണന്റെ കൈവശം തന്നെ ഇരിക്കും. കരാറനുസരിച്ചുള്ള കാലാവധിക്കുള്ളില്‍ കടംവീട്ടാതെ വരുമ്പോള്‍, കോടതിയുടെ അനുമതിയോടെ വസ്തു വിറ്റ് മുതലും പലിശയും ഈടാക്കാം എന്നതാണ് ഈ സമ്പ്രദായത്തിന്റെ പ്രത്യേകത. കടത്തിന്റെ ഉറപ്പിനുവേണ്ടി പ്രത്യേക സ്ഥാവരവസ്തുക്കളൊന്നും ഈട് നല്കിയിട്ടില്ലെങ്കില്‍, അധമര്‍ണന്റെ പേരിലുള്ള ഏതെങ്കിലും സ്വത്ത് ജപ്തി ചെയ്യിപ്പിക്കാന്‍ ഉത്തമര്‍ണനു നിയമപരമായ അധികാരമുണ്ട്.

കൈവശപ്പണയം, ചൂണ്ടിപ്പണയം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ള പണയസമ്പ്രദായങ്ങള്‍. കൈവശപ്പണയം അഥവാ ഒറ്റി സമ്പ്രദായമനുസരിച്ച് സ്ഥാവരവസ്തുവിന്റെ അനുഭവാവകാശവും കൈവശാവകാശവും ഉത്തമര്‍ണനു ലഭിക്കുന്നു. ചൂണ്ടിപ്പണയമനുസരിച്ച് ഉത്തമര്‍ണനും അധമര്‍ണനും തമ്മിലുണ്ടാക്കുന്ന കരാര്‍ നിയമപ്രകാരമുള്ള മുദ്രപ്പത്രത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. എങ്കില്‍ മാത്രമേ കരാറിനു നിയമസാധുത ഉണ്ടായിരിക്കുകയുള്ളൂ. കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന അധമര്‍ണനെതിരെ ഉത്തമര്‍ണനു കോടതിയെ സമീപിക്കാവുന്നതും നഷ്ടപരിഹാരത്തിനു നിയമ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. വായ്പ വാങ്ങുന്ന ആള്‍ക്കെതിരായി പണയം വാങ്ങുന്ന ആള്‍ക്ക് രണ്ടുതരം അവകാശങ്ങളുണ്ട്: (1) അധമര്‍ണന്റെ മേല്‍ നേരിട്ടുള്ളത്. ഈ അവകാശമനുസരിച്ച് വായ്പത്തുകയ്ക്കുവേണ്ടി അധമര്‍ണനെതിരെ നേരിട്ടു നിയമവ്യവഹാരം നടത്താവുന്നതാണ്. (2) പണയപ്പെടുത്തിയ സ്ഥാവരവസ്തുവിന്മേലുള്ള അവകാശം. ഇതനുസരിച്ച്, ഉത്തമര്‍ണനു പണയവസ്തുവില്‍നിന്ന് താന്‍ നല്കിയ വായ്പ, മുതലും പലിശയും ചേര്‍ത്ത് ഈടാക്കാനുള്ള അവകാശം ലഭിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍